സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള ബോണ്ടിലുമാണ് ജഡ്ജി ശൈലേന്ദര്‍ മാലിക് നടിയ്ക്ക് ജാമ്യം അനുവദിച്ചത്.
എന്താണ് 200 കോടിയുടെ കള്ളപ്പണകേസ് ?
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രൊമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങില്‍നിന്ന് സുകേഷ് ചന്ദ്രശേഖര്‍ തട്ടിയെടുത്ത 200 കോടി രൂപയുടെ പങ്ക് ലഭിച്ചുവെന്ന കുറ്റമാണു നടി ജാക്വിലിനെതിരെ ചുമത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ താരത്തിന്റെ പേര് പ്രത്യക്ഷപ്പെട്ടതു മുതൽ ജാക്വിലിനെ ഇഡി പല തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. തന്റെ കക്ഷി അന്വേഷണവുമായി സഹകരിച്ചുവെന്നും നടി രാജ്യത്തുനിന്ന് കടന്നതായും സാക്ഷികളെ സ്വാധീനിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ ന്യായീകരിക്കാവുന്നതല്ലെന്നും ജാക്വിലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍, നവംബര്‍ 10ന് നടന്ന വാദത്തിനിടെ പറഞ്ഞിരുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം ഓഗസ്റ്റ് 31-ന് അംഗീകരിച്ച കോടതി ഫെർണാണ്ടസിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പലതവണ സമൻസ് അയച്ച ജാക്വിലിനെ അനുബന്ധ കുറ്റപത്രത്തിൽ ആദ്യമായാണ് പ്രതി ചേർത്തിരിക്കുന്നത്.
താരത്തിന്റെ പങ്ക്
ഏജൻസിയുടെ നേരത്തെയുള്ള കുറ്റപത്രത്തിലും അനുബന്ധ കുറ്റപത്രത്തിലും നടിയെ പ്രതിയായി പരാമർശിച്ചിരുന്നില്ല. സെലിബ്രിറ്റികളിൽ നിന്നും വ്യവസായികളിൽ നിന്നും കോടികൾ തട്ടിയെടുത്ത സുകേഷ് ചന്ദ്രശേഖറിൽ നിന്ന് വിലകൂടിയ സമ്മാനങ്ങൾ വാങ്ങിയെന്നാണ് താരത്തിനെതിരെയുള്ള ആരോപണം. ആഡംബര കാറുകൾ, ഗുച്ചി, ചാനൽ ബാഗുകൾ, ഗുച്ചി ജിം വസ്ത്രങ്ങൾ, ലൂയിസ് വിറ്റൺ ഷൂസ്, ആഭരണങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ തനിക്ക് ലഭിച്ചതായി താരം പറഞ്ഞു. സുകേഷ് ചന്ദ്രശേഖർ തനിക്കായി സ്വകാര്യ ജെറ്റ് യാത്രകളും ക്രമീകരിച്ചിട്ടുണ്ടെന്നും ഇവർ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു.
ഇ ഡിയുടെ ആദ്യ കുറ്റപത്രത്തിലും അനുബന്ധ കുറ്റപത്രത്തിലും ജാക്വിലിനെ പ്രതിയായി ചേര്‍ത്തിരുന്നില്ല. എന്നാല്‍ ജാക്വിലിന്റെയും സഹതാരം നോറ ഫത്തേഹിയുടെയും മൊഴികളുടെ വിശദാംശങ്ങള്‍ രേഖകളില്‍ പരാമര്‍ശിച്ചിരുന്നു.
കേസിൽ ചന്ദ്രശേഖർ, പങ്കാളിയായ ലീന മരിയ പോൾ, പിങ്കി ഇറാനി തുടങ്ങിയവർ ഉൾപ്പെടെ എട്ടു പേരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ജാക്വിലിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. സ്ഥിരം നിക്ഷേപം ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സുകേഷിന്റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞിട്ടും ജാക്വിലിൻ ഇയാളുമായുള്ള ബന്ധം തുടർന്നെന്നുമാണ് ഇഡി ആരോപിക്കുന്നത്.