അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനുപിന്നാലെ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ജില്ലാ കോടതി 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പ്രകാരം രണ്ടു വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.
പരാതിക്കാരനായ ബി ജെ പി എം എൽ എ പൂർണേഷ് മോദിക്ക് വ്യക്തിപരമായ നഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതിയിൽ വാദിച്ചു. വാസ്തവത്തിൽ, ‘മോദി’ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക സമുദായം രാജ്യത്ത് ഇല്ല.
2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഒളിവിൽ പോയിരിക്കുന്ന വ്യവസായികളായ നീരവ് മോദിയെയും ലളിത് മോദിയെയും പരാമർശിച്ച രാഹുൽ ഗാന്ധി, “എന്തുകൊണ്ടാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് വന്നത്?” എന്ന ചോദ്യം ഉന്നയിച്ചിരുന്നു. തൊട്ടടുത്ത ദിവസം, മോദി എന്ന പേരുള്ള (സർനെയിം) എല്ലാവരെയും രാഹുൽ ഗാന്ധി അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പൂർണേഷ് മോദി സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ വ്യക്തിപരമായി പരാതി നൽകി.
“ഇന്ത്യയിലുടനീളം മോദി എന്ന പേരുള്ള ഏതൊരു വ്യക്തിയും മോദി സമാജ്-മോധ്വാനിക് സമുദായത്തിൽ പെട്ടുന്നയാളാണ്. ഗുജറാത്തിലാണ് ഇവരെ കൂടുതലായി കാണപ്പെടുന്നത്. ഗുജറാത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളിലും മോദി എന്ന പേര് ഉപയോഗിക്കുന്നവർ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോദി എന്ന സർനെയിമിനെ അപമാനിച്ച കുറ്റാരോപിതൻ രാഷ്ട്രീയ സ്വാർഥതയ്ക്കായി മോദി എന്ന പേരുള്ള 13 കോടി ആളുകളെ കള്ളന്മാർ എന്ന വിളിച്ച് അപമാനിച്ചിരിക്കുന്നു,”പൂർണേഷ് മോദി പറഞ്ഞു.
‘മോദി’ എന്ന പേരിൽ തിരിച്ചറിയാവുന്നതും നിർണ്ണായകവുമായ ഒരു സമൂഹമില്ലെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ കിരിത് പൻവാല കോടതിയിൽ വാദിച്ചു. “മോധ്വാനിക് സമുദായത്തെ ‘മോദി’സമൂഹം എന്ന് വിശേഷിപ്പിക്കുന്നത് പൂർണേഷ് മോദിയാണ്. [യഥാർത്ഥത്തിൽ] ‘മോദി’ സമൂഹത്തിനെക്കുറിച്ച് യാതൊരു തെളിവുമില്ല. ‘മോദി’ സമുദായത്തിൽ 13 കോടി ജനങ്ങളുണ്ടെങ്കിൽ, അവർ തിരിച്ചറിയാവുന്നതും നിർണ്ണായകവുമായ ഒരു സമൂഹമല്ലേ? ”പൻവാല ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു .
“ഒരു വാചകത്തെ മാത്രം അപകീർത്തികരമായി കാണരുത്. രാഹുൽ ഒരു സമുദായത്തെയും അപമാനിച്ചിട്ടില്ല. മോദി എന്ന സർനെയിം മോധ്‌വാനിക് സമുദായത്തിന് മാത്രമല്ല, മറ്റ് ജാതികളിൽ നിന്നുള്ളവർക്കുമുണ്ട്. ശരിയായ ഐഡന്റിറ്റി സ്ഥാപിക്കുകയാണെങ്കിൽ, [മാത്രം] ഈ കേസ് നിലനിൽക്കുകയുള്ളൂ. ഇവിടെ, ഐഡന്റിറ്റി സ്ഥാപിക്കപ്പെടുന്നില്ല, ”പൻവാല പറഞ്ഞു.
ഗുജറാത്തിൽ മോദി എന്ന സർനെയിം ഉള്ളവർ ആരൊക്കെയാണ്?
പലരും മോദി എന്ന പേര് ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ഏതെങ്കിലും പ്രത്യേക സമുദായത്തെയോ ജാതിയെയോ സൂചിപ്പിക്കുന്നില്ല. ഗുജറാത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും പാഴ്സികളും മോദി എന്ന സർനെയിം ഉപയോഗിക്കുന്നുണ്ട്. വൈഷ്ണവർ (ബനിയകൾ), ഖർവാസ് (പോർബന്തറിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ), ലോഹനാസ് (വ്യാപാരികളുടെ സമൂഹം) എന്നിവരിൽ മോദി സർനെയിം ഉള്ള ആളുകളുണ്ട്.
രാഹുൽ ഗാന്ധിയുടെ കേസിലെ പരാതിക്കാരനായ പൂർണേഷ് മോദി, സൂറത്തിലെ മോധ്വാനിക് സമുദായത്തിൽ പെട്ടയാളാണ്. നേരത്തെ പൂർണേഷ് മോദിയുടെ അഭിഭാഷകനായിരുന്ന ഹസ്മുഖ് ലാൽവാല, രാഹുലിന്റെ അഭിഭാഷകൻ കിരിത് പൻവാല എന്നിവരും ഈ സമുദായത്തിൽ ഉൾപ്പെടുന്നു മെഹ്‌സാന ജില്ലയിലെ മൊദേര സൂര്യക്ഷേത്രത്തിനടുത്തുള്ള മോധേശ്വരി മാതായെയാണ് മോധ്വാനിക് വംശത്തിലെ അംഗങ്ങൾ ആരാധിക്കുന്നത്. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മോധേശ്വരി ക്ഷേത്രം സന്ദർശിച്ചിരുന്നു. ഗുജറാത്തിൽ 10 ലക്ഷത്തോളം മോധ്വാനികൾ ഉണ്ടെന്നാണ് ലാൽവാല പറയുന്നത്. പ്രധാനമായും വടക്കും തെക്കും ഗുജറാത്തിലാണെങ്കിലും സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും അവരുടെ സാന്നിധ്യമുണ്ട്.
എല്ലാ മോദിമാരും മറ്റു പിന്നോക്ക വിഭാഗത്തിൽ (ഒബിസി) ഉള്ളവരാണോ?
അല്ല. വാസ്തവത്തിൽ, ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണത്തിനായുള്ള ഒബിസികളുടെ കേന്ദ്ര പട്ടികയിൽ “മോദി” എന്ന പേരിൽ ഒരു സമുദായമോ ജാതിയോ ഇല്ല. “ഗഞ്ചി (മുസ്ലിം), തേലി, മോധ് ഗഞ്ചി, തെലി-സാഹു, തെലി-റാത്തോഡ്, തെലി-റാത്തോർ,” ഗുജറാത്തിൽ നിന്നുള്ള ഒബിസിയുടെ 104 കമ്മ്യൂണിറ്റികളുടെ സെൻട്രൽ ലിസ്റ്റിലെ എൻട്രി നമ്പർ 23ൽ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്. ഈ കമ്മ്യൂണിറ്റികളെല്ലാം പരമ്പരാഗതമായി ഭക്ഷ്യ എണ്ണകളുടെ വേർതിരിച്ചെടുക്കലും വ്യാപാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.
കിഴക്കൻ ഉത്തർപ്രദേശിൽ താമസിക്കുന്ന ഈ കമ്മ്യൂണിറ്റികളിലെ അംഗങ്ങൾ സാധാരണയായി ഗുപ്ത, മോദി എന്നിങ്ങനെയുള്ള സർനെയിം ഉപയോഗിക്കാറുണ്ട്. ഒബിസികളുടെ കേന്ദ്ര പട്ടികയിൽ ലിസ്റ്റുചെയ്തിരിക്കുന്ന ബിഹാറിൽ നിന്നുള്ള 136 കമ്മ്യൂണിറ്റികളിൽ, ഒരു ‘തെലി’ (ബീഹാറിലെ ഒബിസികളുടെ കേന്ദ്ര പട്ടികയിൽ എൻട്രി നമ്പർ 53) ഉണ്ടെങ്കിലും ‘മോദി’ ഇല്ല. ബിഹാറിലെ പ്രമുഖനായ ബിജെപി നേതാവ് സുശീൽ കുമാർ മോദി രാഹുലിനെതിരെ മറ്റൊരു അപകീർത്തിക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. സെൻട്രൽ ഒബിസി ലിസ്റ്റിൽ രാജസ്ഥാനിലെ 68 കമ്മ്യൂണിറ്റികളുടെ പട്ടികയിൽ, 51-ാമത്തെ എൻട്രിയായി ‘തെലി’ ഉണ്ട്, എന്നാൽ ‘മോദി’ എന്ന് പട്ടികപ്പെടുത്തിയ ഒരു കമ്മ്യൂണിറ്റിയും ഇല്ല.
ഗുജറാത്തിലെ ഈ സമുദായങ്ങളെ കേന്ദ്ര ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് എപ്പോൾ?
1993ൽ ‘മണ്ഡൽ’ സംവരണം നടപ്പിലാക്കിയതിന് ശേഷം, ഒബിസികളുടെ ആദ്യ കേന്ദ്ര പട്ടിക വിജ്ഞാപനം ചെയ്തപ്പോൾ മുതൽ ഇവയിൽ ചിലത് കേന്ദ്ര പട്ടികയിൽ ഉണ്ടായിരുന്നു. 1999 ഒക്‌ടോബർ 27ന് മുസ്‌ലിം ഗഞ്ചി സമുദായത്തെ ഒബിസികളുടെ കേന്ദ്ര പട്ടികയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സമാനമായ ചില സമുദായങ്ങൾക്കൊപ്പം ചേർത്തു. തുടർന്ന്, 2000 ഏപ്രിൽ 4 ലെ വിജ്ഞാപനത്തിലൂടെ, ഗുജറാത്തിൽ നിന്നുള്ള മറ്റു സമുദായങ്ങളായ “തെലി”, “മോധ് ഗഞ്ചി”, “തെലി സാഹു”, “തെലി റാത്തോഡ്”, “തെലി റാത്തോർ” എന്നിവ ഒബിസികളുടെ കേന്ദ്ര പട്ടികയിൽ ചേർത്തു.
അങ്ങനെ, നരേന്ദ്രമോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് ഏകദേശം 18 മാസം മുൻപാണ് (2001 ഒക്ടോബർ 7 ന്) അദ്ദേഹം ഉൾപ്പെടുന്ന സമുദായമായ ഗഞ്ചി ഒബിസികളുടെ കേന്ദ്ര പട്ടികയിൽ ഉൾപ്പെടുത്തിയത്.
മോദി എന്ന പേരുള്ള ആളുകൾ (ഗുജറാത്ത് ഒഴികെ) എവിടെയാണുള്ളത്?
യുപിയിലും ബീഹാറിലും മോദി എന്ന പേരുള്ളവർ ഉണ്ട്. ഹരിയാനയിലെ ഹിസാറിലെ അഗ്രോഹയിൽ പെട്ടവരെന്ന് പറയപ്പെടുന്ന അഗർവാളുകളിൽ നിന്നുള്ള മാർവാടികളും ഈ പേര് വ്യാപകമായി ഉപയോഗിക്കുന്നു. അഗർവാളുകൾ ഹരിയാനയിലെ മഹേന്ദ്രഗഡ്, രാജസ്ഥാനിലെ ജുൻജുനു, സിക്കാർ തുടങ്ങിയ ജില്ലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. മുൻ ഐപിഎൽ കമ്മിഷണർ ലളിത് മോദിയുടെ മുത്തച്ഛൻ, റായ് ബഹദൂർ ഗുജർ മൽ മോദി, മഹേന്ദ്രഗഡിൽ നിന്ന് മീററ്റിന് സമീപം സ്ഥിരതാമസമാക്കിയിരുന്നു. പിന്നീട് ഈ നഗരം മോദിനഗർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ഒളിവിൽപോയ വജ്രവ്യാപാരി നീരവ് മോദി ഗുജറാത്തിലെ ജാംനഗർ സ്വദേശിയാണ്. പരമ്പരാഗതമായി വജ്രവ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന സമുദായത്തിലെ അംഗവുമാണ് അദ്ദേഹം. ടാറ്റ സ്റ്റീലിന്റെ മുൻ ചെയർമാനായിരുന്ന റുസ്സി മോദിയും നാടക- സിനിമാ അഭിനേതാവും ഫിലിം മേക്കറുമായ സൊഹ്‌റാബ് മോദിയും ബോംബെയിൽ( മുംബൈ ) നിന്നുള്ള പാഴ്‌സികളായിരുന്നു.