ന്യൂഡല്‍ഹി: കൃത്യമായ ചികിത്സയില്ല. ലക്ഷണങ്ങള്‍ക്കുള്ള മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കുന്നത്. ഉദാഹരണമായി പനി കുറയ്ക്കാന്‍ പാരസെറ്റാമോളും വേദന കുറയ്ക്കാനുള്ള മരുന്നുകളും നല്‍കും. രോഗിക്ക് വെള്ളം കിട്ടുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം.

ഈ വൈറസ് ബാധ മൂലമുള്ള മരണനിരക്ക് മൂന്ന് ശതമാനത്തിന് തൊട്ടു മുകളിലാണ്. രോഗിയുടെ ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനം വൈറസിനെതിരെ പോരാടുന്നതില്‍ വിജയിക്കും. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച ആദ്യ രോഗികളായ വുഹാനില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തിയ മൂന്ന് വിദ്യാര്‍ത്ഥികളില്‍ സംഭവിച്ചത് ഇതാണ്. ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയിലൂടെ അവരുടെ ആരോഗ്യം മെച്ചപ്പെടുകയും രോഗം ഭേദമാകുകയും വീട്ടില്‍ പോകുകയും ചെയ്തു.

പുതിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ എച്ച് ഐ വി മരുന്നുകള്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ഐസിഎംആറിന് അനുവാദം ലഭിച്ചിട്ടുണ്ട്. ഒരു രോഗത്തിനുള്ള ആദ്യ ഘട്ട മരുന്നുകള്‍ ഇല്ലാതെയോ ഫലിക്കാതെയോ വരുമ്പോള്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായേക്കാവുന്ന രണ്ടാം ഘട്ട മരുന്ന് നല്‍കാറുണ്ട്. ഈ രണ്ടാം ഘട്ട മരുന്നായിട്ടാണ് എച്ച് ഐ വി മരുന്ന് നല്‍കുന്നത്.

അടിയന്തരമായ മെഡിക്കല്‍ സാഹചര്യത്തില്‍ ലോപിനാവിറിന്റേയും റിതോനാവിറിന്റേയും മിശ്രിതം ഉപയോഗിക്കാന്‍ അനുവാദം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ മരുന്ന് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഗുരുതരമായ അവസ്ഥയിലേ ഈ മരുന്ന് ഉപയോഗിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവയ്ക്ക് പാര്‍ശ്വഫലങ്ങളില്ല. കയറ്റുമതിക്കുവേണ്ടിയാണ് ഈ മരുന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. പ്രധാനമായും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് ഈ മരുന്ന് കയറ്റുമതി ചെയ്യുന്നത്.

Read Also: കൊറോണയും പനിയും തമ്മിലുളള വ്യത്യാസം

ഈ സംയുക്തത്തിന്റെ ചില ചെറിയ പരീക്ഷണങ്ങള്‍ ചൈനയില്‍ നെഗറ്റീവായെന്ന് റിപ്പോര്‍ട്ട് ചെയ്തുവെന്ന് ഡബ്ല്യു എച്ച് ഒയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍ കഴിഞ്ഞയാഴ്ച ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook