ഇന്ത്യയിൽ കോവിഡ് അതിന്റെ അവസാനത്തിലേക്ക് കടക്കുകയാണ്. രാജ്യത്തെ പ്രതിദിന കേസുകൾ 2020 മേയിൽ ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞു. എന്നാൽ ചൈനയിലും യൂറോപ്പിലും ഉൾപ്പെടെ പല രാജ്യങ്ങളിലും കേസുകളുടെ എണ്ണം വീണ്ടും ഉയരുകയാണ്.
അതെ, പലരാജ്യങ്ങളിലും കോവിഡ് വീണ്ടും കുതിച്ചുയരുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. പ്രത്യേകിച്ച് ചൈനയിൽ, കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ആദ്യം മുതൽ ഹോങ്കോങ്ങിലുണ്ടായ പുതിയ തരംഗത്തിന് പിന്നാലെയാണ് ചൈനയിലെ പുതിയ കുതിച്ചുചാട്ടം.
പുതിയ വ്യാപനം
2019 ഡിസംബറിൽ കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയാണ് മഹാമാരിയെ ആദ്യം നിയന്ത്രണത്തിലാക്കിയ ആദ്യ രാജ്യം. രാജ്യത്തുനിന്ന് പുറത്തുവന്ന ഡേറ്റ അപ്രകാരമായിരുന്നു. 2020 ഏപ്രിലിൽ 85,000 കേസുകൾ റിപ്പോർട്ട് ചെയ്തശേഷം ചൈനയിൽ പുതിയ കേസുകൾ കുറയുന്നതാണ് കണ്ടത്. 140 കോടി ജനങ്ങളുള്ള രാജ്യത്ത്, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പ്രതിദിന കണക്കുകൾ പലപ്പോഴും രണ്ടക്കത്തിൽ ആയിരുന്നു.
എന്നാൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കാര്യങ്ങൾ അടിമുടി മാറിയിരിക്കുകയാണ്. ‘അവർ വേൾഡ് ഇൻ ഡേറ്റ’ എന്ന വെബ്സൈറ്റിലെ കണക്കുകൾ അനുസരിച്ച് ഫെബ്രുവരി 18 മുതൽ പ്രതിദിന കേസുകളുടെ എണ്ണം സ്ഥിരമായി മൂന്നക്കത്തിലാണ്, ഇപ്പോൾ അത് ആയിരവും കടന്നിരിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ, ചൈനയിൽ പ്രതിദിനം ശരാശരി 700 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ കോവിഡ് മരണങ്ങളിൽ കാര്യമായ വർധനവുണ്ടായിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി മരണസംഖ്യ പൂജ്യത്തിൽ തുടരുകയാണ്.
എന്നാൽ ഹോങ്കോങ്ങിലെ സ്ഥിതി അതല്ല. ഹോങ്കോങ്ങിൽ പുതിയ കേസുകളുടെ വൻ തരംഗമാണ് കാണുന്നത്. കൂടാതെ മരണങ്ങളും വർധിക്കുന്നു. ഈ മാസം മാത്രം ഹോങ്കോങ്ങിൽ 3,500-ലധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബർ വരെ ഒറ്റ അക്ക മരണസംഖ്യ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, ആശുപത്രികളിൽ ഇപ്പോൾ തിരക്കാണ്, രോഗികൾക്കു കിടക്കകളോ ഐസിയു ബെഡുകളോ ലഭിക്കാത്ത അവസ്ഥ.
ഇവിടങ്ങളെ കൂടാതെ മധ്യ, പടിഞ്ഞാറൻ യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും വലിയ അളവിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജർമനി പോലെ, ചിലയിടങ്ങളിൽ പ്രതിദിനം ലക്ഷക്കണക്കിനു കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്കയിൽ പോലും പ്രതിദിനം ശരാശരി 25,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ വകഭേദങ്ങളില്ല
നേരത്തേയുണ്ടായ രോഗവ്യാപനം പോലെ, പുതിയ വകഭേദം മൂലമുള്ളതല്ല നിലവിലെ രോഗവ്യാപനം. ഇതുവരെ പുതിയതൊന്നും കണ്ടെത്തിയിട്ടില്ല. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മിക്ക രാജ്യങ്ങളിലും, ഒമിക്രോണണ് വ്യാപിക്കുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഹോങ്കോങ്ങിലും ചൈനയിലും ഒമിക്രോൺ തരംഗം ഏതാനും മാസങ്ങൾ വൈകിയാണ് ആരംഭിച്ചത്. യൂറോപ്പിലും അമേരിക്കയിലും ഒമിക്രോൺ തരംഗം ഇന്ത്യയിലേതിനേക്കാൾ നീണ്ടുനിൽക്കുന്നുണ്ട്, പതിയെയാണ് കേസുകൾ കുറയുന്നത്.
മറ്റു രാജ്യങ്ങളിൽനിന്ന് ചൈനയെയും ഹോങ്കോങിനെയും വ്യത്യസ്തമാകുന്ന ഘടകം, ഈ രണ്ട് രാജ്യങ്ങളിലും ഇപ്പോൾ ഉണ്ടായതു പോലുള്ള ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടില്ലെന്നാണ്. മറുവശത്ത്, മറ്റ് മിക്ക രാജ്യങ്ങളിലും ഒന്നിലധികം തരംഗങ്ങൾ ഉണ്ടായിരുന്നു. ഹോങ്കോങ്ങിന്റെയും ചൈനയുടെയും പ്രതിരോധത്തെ ഒമിക്രോൺ ഭേദിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ല.
നിയന്ത്രണങ്ങളിലെ ഇളവുകൾ
അമേരിക്കയിലും യൂറോപ്പിലും കോവിഡ് കേസുകൾ കുറയാതെ തുടരുന്നതിന്റെ കാരണങ്ങൾ അവിടത്തെ ഇളവുകൾ മറ്റുമാണെന്ന് കരുതാം. ഈ രാജ്യങ്ങളിലെല്ലാം ജനജീവിതം കോവിഡിന് മുൻപുള്ളത് പോലെ ഏറെക്കുറെ സാധാരണ നിലയിലായിട്ടുണ്ട്. ഇന്ത്യയിലെ സ്ഥിതിയും വളരെ വ്യത്യസ്തമല്ല. ഇവിടെ, മൂന്നാമത്തെ തരംഗം കുറഞ്ഞത് വളരെ വേഗത്തിലായിരുന്നു.
രോഗവ്യാപനം കൂടുന്നതിനുള്ള മറ്റൊരു കാരണം വാക്സിനുകളുടെ ഫലപ്രാപ്തി കുറയുന്നതാണെന്ന് കണക്കാക്കാം. യൂറോപ്പും അമേരിക്കയുമെല്ലാം ഇന്ത്യയേക്കാൾ വളരെ നേരത്തെ തന്നെ വാക്സിനേഷൻ ആരംഭിച്ചിരുന്നു, മാത്രമല്ല ബൂസ്റ്റർ ഡോസുകകൾ നൽകുന്നത് ആദ്യ ഡോസ് നൽകിയ പോലെ എല്ലാവർക്കും നൽകിയിരുന്നില്ല. ചൈനയുടെയും ഹോങ്കോങ്ങിന്റെയും കാര്യത്തിലും ഇത് ശരിയായിരിക്കാം. 2020 ജൂണിൽ തന്നെ വാക്സിനേഷൻ നൽകാൻ ചൈന ആരംഭിച്ചിരുന്നു. എന്നാൽ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്ന ആളുകളുടെ എണ്ണം ഇപ്പോൾ വളരെ കുറവാണ്.
Also Read: ഹിജാബ് വിവാദത്തിലെ ഹൈക്കോടതി വിധി; നാല് ചോദ്യങ്ങളും സർക്കാർ വാദം ശരിവച്ചതിനുള്ള കാരണങ്ങളും