Explained: മോട്ടോര്‍ വാഹന ഭേദഗതി ബില്‍, 2019 ജൂലൈ 15നാണ് ലോക്‌സഭ പാസാക്കിയത്. നിലവിലുള്ള 1988 ലെ മോട്ടോര്‍ വെഹിക്കിള്‍സ് നിയമത്തില്‍ സര്‍ക്കാര്‍ നിർദേശിച്ച ഭേദഗതികള്‍ പ്രധാനമായും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.
പ്രഥമമായും ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന കേസുകളില്‍ നഷ്ടപരിഹാര തുക വർധിപ്പിക്കാന്‍ ബില്‍ നിർദേശിക്കുന്നു. പ്രത്യേകിച്ചു മരണം സംഭവിക്കുകയാണെങ്കില്‍. അത്തരം കേസുകളില്‍ 25,000 രൂപയില്‍ നിന്നും രണ്ട് ലക്ഷമാക്കി തുക ഉയര്‍ത്തും. ഗുരുതരമായ പരുക്കുകള്‍ സംഭവിക്കുന്ന കേസുകളില്‍ 12,500ല്‍ നിന്നും നഷ്ടപരിഹാര തുക 50000മായി ഉയര്‍ത്തും. വാഹനാപകടത്തില്‍ പെട്ട ദരിദ്രരായ ആളുകള്‍ക്ക് ആദ്യ 60 മിനിറ്റിനുള്ളില്‍ തന്നെ മെച്ചപ്പെട്ട ചികിത്സ നല്‍കുവാനുള്ള പദ്ധതി വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ എല്ലാ റോഡ് ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍, കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്സിഡന്റ് ഫണ്ട് വഴിയാണ് സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ധനസഹായം ലഭ്യമാക്കുന്നത്. പരുക്കേറ്റവരുടെ ചികിത്സയ്ക്കായി ഈ ഫണ്ട് ലഭ്യമാകും.
ഒരു അപകടസ്ഥലത്ത് ഇരയ്ക്ക് അടിയന്തര വൈദ്യസഹായം അല്ലെങ്കില്‍ വൈദ്യേതര സഹായം നല്‍കുന്ന വ്യക്തിയെന്ന നിലയിലും ഒരു നല്ല സമരിയക്കാരനെ ബില്‍ നിര്‍വചിക്കുന്നു. എന്നിരുന്നാലും, അങ്ങനെ ഒരാളായി പരിഗണിക്കാന്‍, അത്തരം സഹായം നല്ല വിശ്വാസത്തോടെ, സ്വമേധയാ, പ്രതിഫലം പ്രതീക്ഷിക്കാതെ നല്‍കിയിരിക്കണം. ഈ നിബന്ധനകള്‍ പാലിക്കുകയാണെങ്കില്‍, തങ്ങളുടെ അവഗണനയോ അശ്രദ്ധയോ കാരണം എന്തെങ്കിലും വീഴ്ച സംഭവിച്ചതു മൂലം അപകടത്തിൽപെട്ടയാള്‍ക്ക് പരുക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്യുന്നതിന് സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ക്ക് അത്തരമൊരു വ്യക്തി ബാധ്യസ്ഥനല്ല.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റോഡ് സുരക്ഷ, ട്രാഫിക് മാനേജ്മെന്റ് എന്നിവയുടെ എല്ലാ വശങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ ഉപദേശക സമിതി എന്ന നിലയില്‍ ദേശീയ റോഡ് സുരക്ഷാ ബോര്‍ഡും ബില്‍ നിർദേശിക്കുന്നു.
മോട്ടോര്‍ വാഹനങ്ങള്‍ക്ക് എന്തെങ്കിലും തകരാറോ മറ്റ് റോഡ് ഉപയോക്താക്കള്‍ക്കോ പരിസ്ഥിതിക്കോ ഹാനികരമായ എന്തെങ്കിലുമോ കണ്ടെത്തിയാല്‍ വിപണിയില്‍ നിന്നും വാഹനം പിന്‍വലിക്കാന്‍ ഉത്തരവിടാന്‍ ഈ ബില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രാപ്തരാക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ നിര്‍മ്മാതാക്കള്‍ വാഹനം മാറ്റി നല്‍കുകയോ ഉപഭോക്താവിന് പൂർണ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യേണ്ടി വരും.
റോഡ് സുരക്ഷയ്ക്കപ്പുറം, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തില്‍ വാഹനമോടിക്കല്‍ പോലുള്ള നിരവധി കുറ്റങ്ങള്‍ക്കുള്ള പിഴയും ബില്‍ വർധിപ്പിക്കുന്നു.
ദേശീയ ഗതാഗത നയം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യവും ബിൽ വ്യക്തമാക്കുന്നു.
Read in English