scorecardresearch
Latest News

എന്തുകൊണ്ടാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഇഷ്ടകേന്ദ്രമായി യുക്രൈൻ മാറുന്നത്?

യുക്രൈൻ സർക്കാരിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വരുന്നത് ഇന്ത്യയിൽ നിന്നാണ്

എന്തുകൊണ്ടാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഇഷ്ടകേന്ദ്രമായി യുക്രൈൻ മാറുന്നത്?

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യുക്രൈനിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ അസാധാരണമായ വർധനവാണ് രേഖപ്പെടുത്തിരിക്കുന്നത്. യുക്രൈൻ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഒരു പ്രധാന ആകർഷണമായി മാറുകയും ചെയ്തു. യുക്രൈൻ സർക്കാരിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വരുന്നത് ഇന്ത്യയിൽ നിന്നാണ്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിൽ ഒന്നായി യുക്രൈൻ മാറി.

2021 ജൂണിൽ വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ വച്ച കണക്കുകൾ പ്രകാരം, റഷ്യയിലും (16,500), ഫ്രാൻസിലും (10,000) ഉള്ളതിനേക്കാൾ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ (18,000) യുക്രൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്നിട്ടുണ്ടായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ, ജർമ്മനിയിൽ (20,801) മാത്രമാണ് യുക്രൈനിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളുള്ളത്. യുനെസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റയും ഈ കണക്കുകൾ കാണിക്കുന്നുണ്ട്.

യുക്രൈൻ സ്റ്റേറ്റ് സെന്റർ ഫോർ ഇന്റർനാഷണൽ എഡ്യൂക്കേഷന്റെ കണക്കനുസരിച്ച്, 2019-ൽ 80,470 വിദേശ വിദ്യാർത്ഥികൾ യുക്രൈനിൽ ഉന്നത വിദ്യാഭ്യാസം നേടാനെത്തി. 2011ൽ 53,664 വിദേശ വിദ്യാർത്ഥികളാണ് യുക്രൈനിൽ ഉണ്ടായിരുന്നത്. 2019 ൽ ഉള്ള 23 ശതമാനത്തിലധികം വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നുള്ളവരാണ്, മൊറോക്കോയിൽ നിന്ന് 10.2%, അസർബൈജാനിൽ നിന്ന് 6.8%, തുർക്ക്മെനിസ്ഥാനിൽ നിന്ന് 6.6%, നൈജീരിയയിൽ നിന്ന് 5.4% എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകൾ.

കഴിഞ്ഞ നവംബറിൽ ഗവേഷകരായ അനറ്റോലി ഒലെക്‌സിയെങ്കോയും ഇലിസവെറ്റ ഷ്ചെപെറ്റൈൽനിക്കോവയും നടത്തിയ പഠനത്തിൽ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം അമേരിക്കയുടേതിന് തുല്യമാണെന്ന് കണ്ടെത്തിയിരുന്നു.

ഏത്‌ കോഴ്സിനാണ് അവർ പ്രവേശനം നേടുന്നത്?

കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് മെഡിസിൻ ആണ്. 2019-ൽ യുക്രൈനിൽ പഠിക്കാനെത്തിയ 80,470 വിദേശ പൗരന്മാരിൽ 32.3 ശതമാനം പേരും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടാൻ എത്തിയവരാണെന്ന് ഡാറ്റ കാണിക്കുന്നു. രണ്ടാം സ്ഥാനത്ത് മെഡിക്കൽ പരിശീലനവും (7.7%), മൂന്നാമത് ദന്തചികിത്സയ്ക്ക് വരുന്നവരുമാണെന്ന് (6.3%) കണക്കുകൾ പറയുന്നു.

ഇപ്പോഴുള്ള വിദ്യാർത്ഥികൾ എന്ത് പഠിക്കാൻ എത്തിയവരാണെന്ന വിവരങ്ങളൊന്നുമില്ലെങ്കിലും, ഇവരിൽ ഭൂരിഭാഗവും 45 മെഡിക്കൽ കോളേജുകളുള്ള യുക്രൈനിൽ എംബിബിഎസ് പഠിക്കുന്നവരാണെന്ന് നടന്നുകൊണ്ടിരിക്കുന്ന ഒഴിപ്പിക്കൽ ഉദ്യമം കാണിക്കുന്നത്. യുക്രൈനിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയവരുടെ എണ്ണം വർധിക്കുന്നതും ഇതിന്റെ സൂചനയാണ്. ഇന്ത്യയിൽ മെഡിക്കൽ പ്രാക്ടീസ് നടത്തുന്നതിനുള്ള പരീക്ഷ 2015ൽ 1,587 ആയിരുന്നെങ്കിൽ 2020ൽ ഇത് 4,258 ആയും വർധിച്ചിട്ടുണ്ട്.

എന്താണ് ഗുണമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്?

ഉക്രെയ്നിലെ സർവ്വകലാശാലകൾ “നവ-സോവിയറ്റ്, നവ-ലിബറൽ മത്സരങ്ങൾ”ക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മറ്റൊരു പേപ്പറിൽ ഒലെക്സിയെങ്കോ എഴുതിയിട്ടുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 1991 ൽ സോവിയറ്റ് യൂണിയനിൽ നിന്ന് യുക്രൈൻ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള കാലഘട്ടം രണ്ട് വ്യത്യസ്ത ആശയങ്ങളുടെ ഏറ്റുമുട്ടലിനെയാണ് അടയാളപ്പെടുത്തിയിട്ടുള്ളത്, സർവകലാശാലകളും അതിൽ നിന്ന് മുക്തരായിട്ടില്ല, ഇത് അക്കാദമിക് ഗവേഷണങ്ങളെയും സ്തംഭനാവസ്ഥയിലേക്ക് നയിക്കുന്നുണ്ട്.

“യുക്രൈൻ സർവ്വകലാശാലകളിലെ വർദ്ധിച്ചുവരുന്ന മന്ദത അവിടെ നിന്ന് വിദ്യാർത്ഥികൾ പുറത്തേക്ക് പോകുന്നതിന് കാരണമായി,” ഒലെക്‌സിയെങ്കോ ‘ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും കേന്ദ്ര-പരിധിയിലെ പ്രശ്‌നങ്ങളും: ഉക്രേനിയൻ സർവ്വകലാശാലകൾ നിയോ-സോവിയറ്റിനും നിയോ-ലിബറൽ മത്സരങ്ങൾക്കും ഇടയിൽ (2016)’ എന്ന ഒരു അധ്യായത്തിൽ എഴുതി.

യുനെസ്‌കോയും സിഡോസും സമാഹരിച്ച കണക്കുകൾ പ്രകാരം, വിദേശത്തേക്ക് ബിരുദം നേടാൻ പോകുന്ന യുക്രൈനികളുടെ എണ്ണം 2007-ൽ 25,432 ആയിരുന്നത് 2017-18-ൽ 83,000 ആയി ഉയർന്നു. 2021 വരെ, ക്യൂഎസ് റാങ്കിംഗിലെ ആദ്യ 500-ൽ ഉള്ള ഏക യുക്രൈൻ സർവ്വകലാശാലയായിരുന്നു ഹാർകീവിലെ വി എൻ കരാസിൻ നാഷണൽ യൂണിവേഴ്സിറ്റി. 2022-ൽ ഇവർ പട്ടികയിൽ നിന്ന് പുറത്തായി.

എന്നാൽ എന്താണ് വിദ്യാർത്ഥികളെ യുക്രൈനിലേക്ക് ആകർഷിക്കുന്നത്?

ഗവേഷകയായ മൈറോസ്‌ലാവ ഹ്ലാഡ്‌ചെങ്കോയുടെ അഭിപ്രായത്തിൽ, കുറഞ്ഞ ചിലവും താരതമ്യേന എളുപ്പമുള്ള പ്രവേശന പ്രക്രിയയുമാണ് യുക്രൈൻ പോലുള്ള രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിൽ യൂറോപ്യൻ രാജ്യങ്ങൾ തമ്മിലുള്ള ബിരുദങ്ങളുടെ പരസ്പര അംഗീകാരവും സഹകരണവും പ്രോത്സാഹിപ്പിക്കുന്ന 2005ലെ ബൊലോഗ്ന പ്രക്രിയയുടെ ഭാഗമായി നിൽക്കുന്നതിനാൽ യൂറോപ്യൻ മേഖലകളിൽ വലിയ അവസരങ്ങൾ ലഭിക്കാനും ഇതിലൂടെ സാധിക്കും എന്നതും ഒരു കാരണമാണ്.

യു.എസിൽ 70,000 ഡോളറും കാനഡയിൽ 23,000-90,000 ഡോളറും യുകെയിൽ 20,000-40,000 പൗണ്ടും നൽകേണ്ടിവരുന്നിടത് യുക്രൈനിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രതിവർഷം നൽകേണ്ടിവരിക ഏകദേശം 5,000 ഡോളർ മാത്രമാണെന്ന് ഒലെക്‌സിയെങ്കോയും ഷെപെറ്റൈൽനിക്കോവയും പറയുന്നു. ജർമ്മനി, പോളണ്ട് എന്നിവിടങ്ങളിലേക്കാൾ ജീവിതച്ചിലവുംയുക്രൈനിൽ കുറവാണ്.

ഉക്രേനിയൻ സർവകലാശാലകൾ വിദേശ വിദ്യാർത്ഥികൾക്കായി സജീവമായി തിരയാറുണ്ടോ?

ഇന്ത്യയുടെ കാര്യത്തിൽ, ഇന്ത്യ ആസ്ഥാനമായുള്ള കൺസൾട്ടൻസി സ്ഥാപനങ്ങളുമായി കരാർ ഒപ്പിടുന്നതിലൂടെ യുക്രൈനിലെ മെഡിക്കൽ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. കാലക്രമേണ, അത്തരം സ്ഥാപനങ്ങളുടെ എണ്ണം പെരുകിയിട്ടുണ്ട്. ഇവരുമായുള്ള കരാർ പ്രകാരം, കോഴ്‌സുകളും ഭാവി സാധ്യതകളും ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും പരസ്യപ്പെടുത്തുന്നുണ്ട്. ചില സർവ്വകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനെ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഒലെക്സിയെങ്കോയും ഷെപെറ്റൈൽനിക്കോവയും അവരുടെ പ്രബന്ധത്തിൽ എഴുതിയിട്ടുണ്ട്. ഇതും ധാരാളം വരുമാനം നൽകുന്ന മേഖലയാണ്; ഇവാനോ-ഫ്രാങ്കിവ്‌സ്‌ക് മെഡിക്കൽ യൂണിവേഴ്‌സിറ്റി 2019-20ൽ പകുതിയിലധികം വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചുവെന്നും ഇത് യൂണിവേഴ്സിറ്റിയുടെ വരുമാനം 40 ശതമാനം വർധിക്കാൻ കാരണമായെന്നും പഠനം പറയുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What makes ukraine a study destination for indians and others