scorecardresearch

സാമ്പത്തികം, ഊർജ്ജം, പ്രതിരോധം, പ്രവാസം; സൗദിയുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യയ്ക്ക് പ്രധാനമാകുന്നത് എങ്ങനെ?

സൗദിയിലെ 2.4 ദശലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിയർപ്പിന്റെ ഫലമാണ് ഇന്ന് കാണുന്ന സൗദി അറേബ്യ. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകവും അത് തന്നെ.

സൗദിയിലെ 2.4 ദശലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിയർപ്പിന്റെ ഫലമാണ് ഇന്ന് കാണുന്ന സൗദി അറേബ്യ. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകവും അത് തന്നെ.

author-image
Shubhajit Roy
അപ്‌ഡേറ്റ് ചെയ്‌തു
New Update
india-saudi relations, G20, Mohammed bin Salman, Joe Biden, Narendra Modi, Indian express explained, explained news, diplomacy, current affairs,

PM Narendra Modi and Saudi Arabia’s Crown Prince Mohammed bin Salman Al Saud at the first meeting of the India-Saudi Arabia Strategic Partnership Council, at Hyderabad House, New Delhi.

എം ബി എസ് ദി റൈസ് റ്റു പവർ ഓഫ് മുഹമ്മദ് ബിൻ സൽമാൻ എന്ന തന്റെ പുസ്തകത്തിൽ പത്രപ്രവർത്തകനായ ബെൻ ഹബ്ബാർഡ്, ലോകത്തിലേക്കും വച്ചേറ്റവും ഡൈനാമിക് ആയ ഒരു നേതാവായും എന്നാൽ അതേ സമയം ഏറെ സ്രൂട്ടിനൈസ് ചെയ്യപ്പെടുന്ന ഒരു നേതാവായും ആണ് സൗദി കിരീടാവകാശിയെ വിശേഷിപ്പിക്കുന്നത് . ഒരു ഗെയിം ചേഞ്ചർ എന്ന് പിന്തുണക്കുന്നവർ പ്രശംസിക്കുന്ന, ക്രൂരനായ ഒരു സ്വേച്ഛാധിപതി എന്ന് ശത്രുക്കൾ വിളിക്കുന്ന എം ബി എസ്.

Advertisment

ജി 20 നേതാക്കളുടെ ഉച്ചകോടിക്കായി ന്യൂഡൽഹിയിൽ എത്തിയ എം ബി എസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ചേർന്ന് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്ന, ഇന്ത്യയെ യൂറോപ്പുമായി (പശ്ചിമേഷ്യ വഴി) ബന്ധിപ്പിക്കുന്ന ബൃഹത്തായ ഇൻഫ്രാസ്ട്രക്ചർ പദ്ധതി പ്രഖ്യാപിച്ചു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയ്ക്ക് ഒരു മത്സരമാവും ഇത്.

ഉച്ചകോടിക്ക് കഴിഞ്ഞെങ്കിലും ഇന്ത്യയിലേക്ക് ഒരു സ്റ്റേറ്റ് വിസിറ്റ് നടത്താനായി എം ബി എസ് ഡൽഹിയിൽ തന്നെ തുടർന്നു. ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ യോഗത്തിൽ നരേന്ദ്ര മോദിയുമൊത്ത് സഹ അധ്യക്ഷത വഹിച്ചു.

നിലവിലെ ഹൈഡ്രോകാർബൺ ഊർജ പങ്കാളിത്തത്തെ, റിന്യൂവബിൾ-പെട്രോളിയം-സ്ട്രാറ്റജിക് റിസോർസ് എന്നിവ ചേർന്ന സമഗ്രമായ ഊർജ പങ്കാളിത്തമായി നവീകരിക്കുന്നതിനും, സൗദി നിക്ഷേപത്തിൽ 100 ​​ബില്യൺ ഡോളറിന്റെ സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനും ഉൾപ്പെടെ എട്ട് കരാറുകളിൽ യോഗത്തിൽ ഇരു കക്ഷികളും ഒപ്പു വച്ചു. കൂടാതെ പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തുന്നതിനുള്ള സാധ്യതകളും, സൗദി അറേബ്യയും അംഗങ്ങമായ ഗൾഫ് സഹകരണ കൗൺസിലും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ വേഗത്തിലാക്കുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു.

Advertisment

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര പങ്കാളികളിൽ ഒന്നായാണ് സൗദി അറേബ്യയെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്.

ദൃഢമാകുന്ന പഴയ ബന്ധങ്ങൾ

1947-ൽ ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്ങളുടെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള സൗഹൃദപരമായ ബന്ധങ്ങൾ ഇന്ത്യയും സൗദിയും തമ്മിൽ എന്നും ഉണ്ടായിരുന്നു എന്ന് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.

2006 ജനുവരിയിലെ അബ്ദുള്ള രാജാവിന്റെ ഇന്ത്യാ സന്ദർശനം ഈ ബന്ധത്തിൽ നിർണായകമായ ഒന്നായിരുന്നു. രാജാവിന്റെ സന്ദർശനം 'ഡൽഹി പ്രഖ്യാപനത്തിൽ' എത്തി, തുടർന്ന് 2010-ൽ നടന്ന റിയാദ് പ്രഖ്യാപനം ഉഭയകക്ഷി ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തി.

2016 ഏപ്രിലിൽ പ്രധാനമന്ത്രി മോദിയുടെ റിയാദ് സന്ദർശനം രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, പ്രതിരോധ മേഖലകളിലെ വർധിച്ച സഹകരണത്തിന്റെ സാദ്ധ്യതകൾ തുറന്നു. സൽമാൻ രാജാവ് പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ കിംഗ് അബ്ദുൽ അസീസ് സാഷ് സമ്മാനിച്ചു. സൗദി അറേബ്യ ഇന്ത്യയുമായുള്ള ബന്ധത്തിന് നൽകുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ് ഇത്.

2019 ഫെബ്രുവരിയിൽ കിരീടാവകാശി മുഹമ്മദ് രാജകുമാരന്റെ ഇന്ത്യാ സന്ദർശനം ഈ ബന്ധത്തിന്റെ ആക്കം കൂട്ടി. സൗദി അറേബ്യ ഇന്ത്യയിൽ ഏകദേശം 100 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിക്കുകയും, ആറ് ധാരണാപത്രങ്ങൾ/ കരാറുകൾ വിവിധ മേഖലകളിൽ ഒപ്പുവെക്കുകയും ചെയ്തു. പ്രധാനമന്ത്രി ആരംഭിച്ച ഇന്റർനാഷണൽ സോളാർ അലയൻസിൽ (ഐഎസ്എ) സൗദി അറേബ്യക്ക് ചേരാനുള്ള വഴിയൊരുക്കുന്ന കരാറും ഒപ്പുവച്ചു.

2019 ഒക്ടോബറിൽ മോദി വീണ്ടും റിയാദ് സന്ദർശിച്ചു. സന്ദർശന വേളയിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ (എസ്പിസി) കരാർ ഒപ്പു വക്കുകയും, ഇന്ത്യ-സൗദി ബന്ധം മുന്നോട്ട് നയിക്കാൻ ഒരു ഉന്നതതല കൗൺസിൽ രൂപീകരിക്കുകയും ചെയ്തു. രാഷ്ട്രീയം, സുരക്ഷ, സാമൂഹിക, സാംസ്കാരിക സഹകരണം, സമ്പദ്‌വ്യവസ്ഥ, നിക്ഷേപം എന്നിവയിൽ എല്ലാം എസ്പിസിക്ക് ഇപ്പോൾ പ്രത്യേക ഉപസമിതികളുണ്ട്. അന്നത്തെ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി 12 കരാറുകളിലാണ് ഒപ്പുവച്ചത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സൗദി അറേബ്യയുമായുള്ള തന്ത്രപരമായ ബന്ധത്തിന്റെ നാല് പ്രധാന ഘടകങ്ങളുണ്ട്: സാമ്പത്തിക ബന്ധങ്ങൾ, ഊർജ്ജ സഹകരണം, പ്രതിരോധ പങ്കാളിത്തം, സൗദിയിലെ ഇന്ത്യക്കാർ എന്നിങ്ങനെ.

സാമ്പത്തിക ബന്ധങ്ങൾ

സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ; ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. 2022-23 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 52.76 ബില്യൺ ഡോളറായിരുന്നു. 23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 4.53% സൗദി അറേബ്യയുമായുള്ള വ്യാപാരമാണ്.

എം ബി എസിന്റെ സന്ദർശന വേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു, 'ഇരുപക്ഷവും വളർന്നുവരുന്ന വ്യാപാര ബന്ധങ്ങളെ പ്രശംസിക്കുന്നു, ഉഭയകക്ഷി വ്യാപാരം 2022-23 ൽ 52 ബില്യൺ യുഎസ് ഡോളറിലധികം വർദ്ധിച്ചു, ഇത് 23 ശതമാനത്തിലധികം വളർച്ചയെ അടയാളപ്പെടുത്തുന്നതാണ്.'

2022 ജനുവരിയിലെ കണക്കനുസരിച്ച്, 2,783 ഇന്ത്യൻ കമ്പനികൾ സൗദിയിൽ സംയുക്ത സംരംഭങ്ങളായി/ 100% ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗദിയിൽ ഏകദേശം 2 ബില്യൺ ഡോളർ നിക്ഷേപമുണ്ട്. ഇന്ത്യൻ കമ്പനികളും കോർപ്പറേറ്റ് ഗ്രൂപ്പുകളായ എൽ ആൻഡ് ടി, ടാറ്റ, വിപ്രോ, ടി സി എസ്, ടി സി ഐ എൽ, ഷാപൂർജി പല്ലോൻജി എന്നിവർക്കും സൗദി അറേബ്യയിൽ ശക്തമായ സാന്നിധ്യമുണ്ട്.

ഇന്ത്യയിൽ സൗദിയുടെ നേരിട്ടുള്ള നിക്ഷേപം 3.15 ബില്യൺ ഡോളറാണ് (2022 മാർച്ച് വരെയുള്ള കണക്ക്). പ്രധാന നിക്ഷേപകരിൽ അരാംകോ, സാബിക്, സാമിൽ, ഇ-ഹോളിഡേയ്‌സ്, അൽ ബറ്റർജി ഗ്രൂപ്പ് എന്നിവ ഉൾപ്പെടുന്നു. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (PIF) ഡെൽഹിവെരി, ഫസ്റ്റ്‌ക്രൈ, ഗ്രോഫേഴ്‌സ്, ഒല, ഒയോ, പേടിഎം, പോളിസി ബസാർ തുടങ്ങിയ നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ സോഫ്റ്റ്ബാങ്ക് വിഷൻ ഫണ്ട് വഴി നിക്ഷേപം നടത്തിയിട്ടുണ്ട്.

2020 ജൂണിൽ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്‌ഫോമുകളിൽ PIF $1.49 ബില്യൺ (2.32% ഓഹരി) നിക്ഷേപം പ്രഖ്യാപിച്ചു, 2020 നവംബറിൽ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ $1.3 ബില്യൺ (2.04% ഓഹരി) നിക്ഷേപം. 2020 മെയ് മാസത്തിൽ സൗദി അഗ്രികൾച്ചറൽ-ലൈവ്‌സ്റ്റോക്ക് ഇൻവെസ്റ്റ്‌മെന്റ് കമ്പനി (സാലിക്) 17.23 മില്യൺ ഡോളറിന്റെ നിക്ഷേപത്തിൽ ദയാവത് ഫുഡ്‌സ് ലിമിറ്റഡിന്റെ 29.91% ഓഹരികൾ ഏറ്റെടുത്തു. 2021 ജൂലൈയിൽ, PIF ഇന്ത്യ ആസ്ഥാനമായുള്ള ഹെൽത്ത്‌ടെക് ഹെൽത്ത്‌ഫൈമിന്റെ $75 മില്യൺ സീരീസ് സി ഫണ്ടിംഗ് റൗണ്ടിൽ നിക്ഷേപിച്ചു.

സൗദി അരാംകോയും അബുദാബി നാഷണൽ ഓയിൽ കമ്പനിയും, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഭാരത് പെട്രോളിയം എന്നിവ ഉൾപ്പെടുന്ന ഒരു ഇന്ത്യൻ കൺസോർഷ്യവുമായി ചേർന്ന് നിർമ്മിക്കുന്ന മഹാരാഷ്ട്രയിലെ 44 ബില്യൺ ഡോളറിന്റെ വെസ്റ്റ് കോസ്റ്റ് റിഫൈനറി & പെട്രോകെമിക്കൽസ് പ്രോജക്ടാണ് നിർദ്ദിഷ്ട നിക്ഷേപങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്.

ഊർജ്ജ സഹകരണം

ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന പങ്കാളിയാണ് സൗദി അറേബ്യ. 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ്, പെട്രോളിയം ഉൽപ്പന്നങ്ങളുടെ സ്രോതസ്സായിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് 39.5 ദശലക്ഷം മെട്രിക് ടൺ (MMT) ക്രൂഡ് ഇറക്കുമതി ചെയ്തു, ഇത് ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 16.7% ആണ്.

23 സാമ്പത്തിക വർഷത്തിൽ സൗദി അറേബ്യയിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതി 7.85 MMT ആയിരുന്നു, മൊത്തം പെട്രോളിയം ഉൽപ്പന്ന ഇറക്കുമതിയുടെ 11.2%.

പ്രതിരോധ പങ്കാളിത്തം

സമീപ വർഷങ്ങളിൽ ഇന്ത്യ-സൗദി പ്രതിരോധ പങ്കാളിത്തം വലിയ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ 2020 ഡിസംബറിൽ സൗദി അറേബ്യയിൽ ഒരു സുപ്രധാന സന്ദർശനം നടത്തി.

ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വിപുലമായ നാവിക സഹകരണമുണ്ട് അൽ മൊഹെദ് അൽ ഹിന്ദി എന്ന ഉഭയകക്ഷി നാവിക അഭ്യാസത്തിന്റെ രണ്ട് പതിപ്പുകൾ ഇതിനോടകം നടന്നു. പ്രതിരോധ വ്യവസായ മേഖലയിലും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും ഇരുപക്ഷവും അടുത്ത് സഹകരിക്കുന്നു.

പ്രതിരോധ ബന്ധങ്ങളിൽ, ഇരു കക്ഷികളും അവരുടെ ആഴത്തിലുള്ള സഹകരണത്തെ അഭിനന്ദിക്കുകയും സംയുക്ത അഭ്യാസങ്ങൾ, പരിശീലനം, ഉന്നതതല സന്ദർശനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടരാൻ സമ്മതിച്ചതായും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

സൗദിയിലെ ഇന്ത്യക്കാർ

2.4 ദശലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹം സൗദി അറേബ്യയുടെ വികസനത്തിന് സംഭാവനകൾ നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ ഇതിനു വലിയ പ്രാധാന്യമാണ് ഉള്ളത്. സൗദിയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളെ മികച്ച രീതിയിൽ പരിപാലിക്കുന്നതിനും ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ജിദ്ദ വഴി ഒഴിപ്പിക്കുന്നതിനെ പിന്തുണച്ചതിനും ഇന്ത്യൻ ഹജ്ജ്, ഉംറ തീർഥാടകർക്ക് സൗകര്യമൊരുക്കിയതിനും സൗദിയോട് നന്ദിയുണ്ടെന്ന് സംയുക്ത പ്രസ്താവനയിൽ ഇന്ത്യ പറഞ്ഞു.

എം ബി എസിന്റെ പ്രാധാന്യം

പരമ്പരാഗതമായി രാജാവ് വഹിച്ചിരുന്ന പ്രധാനമന്ത്രി പദവിയിൽ എത്തിയതോടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തന്റെ അധികാരം ഉറപ്പിച്ചു. 2017 മുതൽ രോഗബാധിതനായ പിതാവിന്റെ പിൻഗാമിയായ, 38 വയസ്സുള്ള എം ബി എസ് ആണ് ഇപ്പോൾ യഥാർത്ഥത്തിൽ സൗദി അറേബ്യ ഭരിക്കുന്നത്.

തന്റെ വിഷൻ 2030 ലൂടെ, സൗദി അറേബ്യയുടെ reformer-in-chief ആയി എം ബി എസ് സ്വയം സ്ഥാനമുറപ്പിച്ചു. സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അവകാശം ലഭിച്ചതും, സിനിമാശാലകൾ തുറന്നതും, വിദേശ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതും, പോപ്പ് താരങ്ങളെയും സ്‌പോർട്‌സ് താരങ്ങളെയും സ്വീകരിക്കുന്നതും തുടങ്ങി, രാജ്യത്തിന്റെ തീവ്ര യാഥാസ്ഥിതിക സമൂഹത്തിൽ അദ്ദേഹം കാര്യമായ മാറ്റങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

വിമർശകരോട് നിഷ്കരുണം പെരുമാറുന്നതിലും എം ബി എസ് പ്രശസ്തനാണ്. 2018 ൽ വിമത പത്രപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊല്ലാൻ എം ബി എസ് ഉത്തരവിട്ടതായി യുഎസ് ഇന്റലിജൻസ് ആരോപിച്ചു, ഇത് സൗദി നിഷേധിച്ചു. 2017-ൽ റിയാദിലെ റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിൽ 200-ഓളം രാജകുമാരന്മാരെയും വ്യവസായികളെയും സൗദി അധികൃതർ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി തടഞ്ഞു വച്ചു.

എം ബി എസ് ചൈനയുമായി ഇടപഴകുന്നു, ഇറാനുമായും ഇസ്രയേലുമായും അനുരഞ്ജനത്തിലേക്ക് നീങ്ങുന്നു, കൂടാതെ ഇപ്പോൾ യുഎസ്, ഇന്ത്യ, യൂറോപ്പ് എന്നിവയുമായുള്ള സൗദി പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്യുന്നു. ന്യൂഡൽഹിയുമായി തന്ത്രപരമായി ഇടപഴകുമ്പോഴും റിയാദ് പാക്കിസ്ഥാനെ സാമ്പത്തികമായി സഹായിക്കുന്നു.

ഭീകരതയ്‌ക്കെതിരെയും അതിന് വേണ്ടി പ്രവർത്തിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിലും സുരക്ഷാ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇന്ത്യയും സൗദി അറേബ്യയും ഊന്നിപ്പറഞ്ഞു.

'ഭീകരവാദം അതിന്റെ എല്ലാ രൂപത്തിലും മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയായി തുടരുന്നുവെന്ന് ഇരുപക്ഷവും പറഞ്ഞു. ഒരു കാരണവശാലും ഒരു ഭീകരപ്രവർത്തനത്തെയും ന്യായീകരിക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ചു. തീവ്രവാദത്തെ ഏതെങ്കിലും പ്രത്യേക വർഗവുമായോ മതവുമായോ സംസ്‌കാരവുമായോ ബന്ധിപ്പിക്കാനുള്ള എല്ലാ ശ്രമവും അവർ നിരസിച്ചു. മറ്റ് രാജ്യങ്ങൾക്കെതിരായ ഭീകരവാദത്തിന്റെ ഉപയോഗം നിരസിക്കാനും അത് നിലനിൽക്കുന്നിടത്ത് തീവ്രവാദത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനും തീവ്രവാദ കുറ്റവാളികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടു വരാനും ഇരുപക്ഷവും എല്ലാവരോടും അഭ്യർത്ഥിച്ചു,' സംയുക്ത പ്രസ്താവനയിൽ പറയുന്നു.

'അഫ്ഗാനിസ്ഥാനിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കേണ്ടതിന്റെ പ്രാധാന്യവും അഫ്ഗാൻ ജനതയുടെ എല്ലാ സ്പെക്ട്രങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു ഇൻക്ലൂസിവ് സർക്കാർ രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യവും പ്രസ്താവനയിൽ ഊന്നിപ്പറയുന്നു, കൂടാതെ അഫ്ഗാനിസ്ഥാനെ തീവ്രവാദ, തീവ്രവാദ ഗ്രൂപ്പുകളുടെ ഒരു പ്ലാറ്റ്ഫോമോ സുരക്ഷിത താവളമോ ആയി ഉപയോഗിക്കാൻ അനുവദിക്കരുത്.'

'സൗദികൾക്ക് ശോഭനവും സമൃദ്ധവുമായ ഒരു ഭാവി നൽകാൻ എം ബി എസ് ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു, ഒപ്പം തന്റെ ശത്രുക്കളെ തകർക്കാൻ അചഞ്ചലമായ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. വ്യത്യസ്ത ഡോസുകളിൽ സംയോജിപ്പിച്ചാൽ, ആ ഗുണങ്ങൾ ഭാവിയിലേക്ക് നയിക്കും,' ഹബ്ബാർഡ് എഴുതി.

സൗദിയുടെ യുവ കിരീടാവകാശിയുമായി ഇടപഴകാനുള്ള അവസരങ്ങളൊന്നും ന്യൂഡൽഹി പാഴാക്കുന്നില്ല.

India Saudi Arabia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: