മിസൈലുകൾ തൊടുത്തുവിടാൻ ഉപയോഗിക്കുന്ന ഡ്രോണുകളുണ്ട്, അതുപോലെ മിസൈലുകളായ ഡ്രോണുകളുമുണ്ട്. റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ യുക്രൈനെ സഹായിക്കുന്നതിനായി അമേരിക്ക നൽകുന്ന ആയുധങ്ങളുടെ ഭാഗമാണ് കാമികാസെ അല്ലെങ്കിൽ ആത്മഹത്യാ ഡ്രോണുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ആളില്ലാ വിമാനങ്ങൾ.
റഷ്യൻ സൈന്യം പ്രധാന നഗരങ്ങൾ കീഴടക്കാൻ ആരംഭിച്ചപ്പോൾ കൂടുതൽ സഹായം തേടി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഒരു വികാരാധീതമായ പ്രസംഗം നടത്തിയിരുന്നു, ഇതേതുടർന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം യുക്രൈന് 800 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായം പ്രഖ്യാപിച്ചു, ഇതിൽ 800 സ്റ്റിംഗർ ആന്റി-എയർക്രാഫ്റ്റ് മിസൈലുകൾ, 9,000 ആന്റിടാങ്ക് ആയുധങ്ങളും, 100 ഡ്രോണുകളും മെഷീൻ ഗണ്ണുകളും ഗ്രനേഡ് ലോഞ്ചറുകളും ഉൾപ്പെടെയുള്ള ചെറിയ ആയുധങ്ങളുടെ ഒരു ശ്രേണിയും ഉണ്ടായിരുന്നു. പുതിയ സഹായം യുക്രൈനെ അത്ഭുതപൂർണമായി സഹായിക്കുമെന്നും ഡ്രോണുകൾ ഉൾപ്പെടെ തങ്ങളുടെ അത്യാധുനിക സംവിധാനങ്ങൾ യുക്രൈനിലേക്ക് അയയ്‌ക്കുന്നതിലൂടെ തങ്ങൾ പ്രതിബദ്ധത തെളിയിക്കുകയാണെന്നും ബൈഡൻ പറഞ്ഞിരുന്നു.
ഈ ഡ്രോണുകൾ എന്താണെന്നും ഇവ യുക്രൈനെ എങ്ങനെ സഹായിക്കുമെന്നും പരിശോധിക്കാം.
എന്താണ് കാമികാസെ ഡ്രോണുകൾ?
സ്വിച്ച്ബ്ലേഡ് ഡ്രോണുകൾ എന്നും ഇവയെ വിളിക്കപ്പെടുന്നു, ഇവ സ്ഫോടകവസ്തുക്കൾ നിറച്ച ചെറിയ ആളില്ലാ വിമാനങ്ങളാണ്, എതിരാളികളുടെ ടാങ്കിലേക്കോ സൈനികർക്കിടയിലേക്കോ നേരിട്ട് പറന്നെത്തി സ്വയം പൊട്ടിത്തെറിക്കാൻ ഇവയ്ക്ക് കഴിയും.

നിർമ്മാതാക്കളായ എയ്‌റോവിറോൺമെന്റ് പറയുന്നതനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇവ, മിക്ക യുഎസ് ഡ്രോണുകളേക്കാളും വിലകുറഞ്ഞതും രണ്ട് വലിപ്പങ്ങളിൽ ലഭിക്കുന്നതുമാണ്. സ്വിച്ച്ബ്ലേഡ് 300ന് ഏകദേശം അഞ്ച് പൗണ്ട് ഭാരമുണ്ട്, 15 മിനിറ്റ് നേരം പറക്കാൻ കഴിയും, ഒരു ബാഗിൽ കൊണ്ടുപോകാൻ സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്പന. സ്വിച്ച്ബ്ലേഡ് 600 എന്ന മറ്റൊന്നിന്ഏകദേശം 50 പൗണ്ട് ഭാരമുണ്ട് 40 മിനിറ്റ് വരെ പറക്കാനാവും, കവചിത വാഹനങ്ങളെ ലക്ഷ്യമിടാൻ കഴിയുന്ന “ലോയിറ്ററിംഗ് മിസൈൽ” എന്നാണ് ഇവ അറിയപ്പെടുന്നത്.
ഡ്രോണുകൾക്ക് പരമ്പരാഗത പ്രതിരോധ മാർഗങ്ങളെ മറികടന്ന് ആക്രമണം നടത്താനുള്ള കഴിവുണ്ട്. പണ്ട് പാകിസ്ഥാനിലെയും യെമനിലെയും തീവ്രവാദ മേഖലകൾ ആക്രമിക്കാൻ ഉപയോഗിച്ച പ്രിഡേറ്റർ, റീപ്പർ ഡ്രോണുകളിൽ നിന്ന് പെയ്തിറങ്ങുന്ന ഹെൽഫയർ മിസൈലുകളുടെ ചിത്രങ്ങൾ പലരും കണ്ടിട്ടുണ്ടാകും. എന്നാൽ, 150,000 ഡോളർ വിലവരുന്ന പ്രിഡേറ്ററുകൾക്ക് പകരമായി 6,000 ഡോളറിന് കാമികാസെ ഡ്രോണുകൾ ലഭ്യമായി തുടങ്ങിയതിനാൽ ഡ്രോൺ യുദ്ധം മാറി. ചെറിയ മാരകമായ ഇത്തരം ഡ്രോണുകൾ റഡാറിൽ കണ്ടുപിടിക്കാൻ പ്രയാസമാണ്, മാത്രമല്ല ഫെയ്‌സ് റെക്കഗനിഷൻ സംവിധാനം ഉപയോഗിച്ച് മനുഷ്യ ഇടപെടലില്ലാതെ തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തുന്ന വിധത്തിൽ ഇവയെ പ്രോഗ്രാം ചെയ്യാൻ കഴിയും.
സാങ്കേതിക സവിശേഷതകൾ
ചെറിയ വാർഹെഡ് ഉൾപ്പെടെ വെറും അഞ്ചര പൗണ്ട് ഭാരം വരുന്ന സ്വിച്ച്‌ബ്ലേഡിനെ ഒരു ബാഗിൽ കൊണ്ടുനടക്കാൻ കഴിയും. ഇവയ്ക്ക് ഏഴ് മൈൽ ദൂരത്തിൽ സഞ്ചരിക്കാനാകും. വിക്ഷേപിക്കുമ്പോൾ അവയുടെ ബ്ലേഡ് പോലുള്ള ചിറകുകൾ പുറത്തേക്കുവരുന്നതിനാലാണ് ഇവയെ സ്വിച്ച്ബ്ലേഡ് എന്ന് വിളിക്കുന്നത്.
എയ്‌റോവിറോൺ കമ്പനി നിർമ്മിച്ച ഈ ഡ്രോൺ 2010-ൽ താലിബാനെതിരെ ഉപയോഗിക്കാൻ രഹസ്യമായി അഫ്ഗാനിസ്ഥാനിലേക്ക് അയച്ച അന്ന് മുതൽ അമേരിക്കയുടെ കയ്യിൽ ഉണ്ടായിരുന്നു. പറക്കും ഷോട്ട്ഗൺ എന്നാണ് സൈനിക ഉദ്യോഗസ്ഥർ ഇതിനെ വിശേഷിപ്പിച്ചത്.
സ്‌ഫോടനത്തിന്റെ വ്യാപ്തി ക്രമീകരിക്കാൻ അനുവദിക്കുന്ന ഒരു സവിശേഷത സ്വിച്ച്ബ്ലേഡിനുണ്ട്. അതിനാൽ, ഇതിന് ഒരു വാഹനത്തിൽ യാത്ര ചെയ്യുന്ന ഡ്രൈവറെ മാത്രമായി കൊലപ്പെടുത്താൻ കഴിയും. ഏതെങ്കിലും ഘട്ടത്തിൽ സാധാരണ ജനങ്ങൾക്ക് അപകടമുണ്ടാകും എന്ന സാഹചര്യമുണ്ടാവുകയാണെങ്കിൽ ബ്ലാസ്റ്റിന് രണ്ട് സെക്കൻഡ് മുൻപ് വരെ ഡ്രോൺ തിരികെ വിളിക്കാൻ കഴിയുമെന്ന് എയ്‌റോവിറോൺമെന്റ് പറയുന്നു.

ബ്ലാസ്റ്റുകൾക്ക് സെക്കൻഡുകൾക്ക് മുമ്പ് വരെ ലക്ഷ്യം കാണിച്ചുകൊണ്ടിരിക്കുന്ന ക്യാമറകളും സ്വിച്ച്ബ്ലേഡിലുണ്ട്. ഡ്രോൺ മണിക്കൂറിൽ 63 മൈൽ വേഗതയിൽ സഞ്ചരിക്കുകയും അതേസമയം തന്നെ അതിന്റെ ലൈവ് വീഡിയോ പ്രവൃത്തിപ്പിക്കുന്ന ആൾക്ക് നൽകുമെന്നും എന്ന് കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു.
അമേരിക്കയ്ക്ക് മാത്രമാണോ ഇത്തരം ഡ്രോണുകൾ ഉള്ളത്?
അല്ല. ഈ വിഭാഗത്തിൽ വരുന്ന ഡ്രോണുകളുടെ ഏറ്റവും നൂതനമായ രൂപമാണ് കാമികാസെയെങ്കിലും, റഷ്യ, ചൈന, ഇസ്രായേൽ, ഇറാൻ, തുർക്കി എന്നിവയ്‌ക്കെല്ലാം ഇതുപോലത്തെ ഡ്രോണുകൾ ഉണ്ട്.
ഈ വർഷം ഇറാഖിലെ യുഎസ് താവളങ്ങളിൽ ഇറാന്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകൾ പത്ത് ആക്രമങ്ങളിൽ ചെറിയ ഡ്രോണുകൾ ഉപയോഗിച്ചതായി സൈന്യം പറയുന്നു. അസർബൈജാനിൽ കഴിഞ്ഞ വർഷം അർമേനിയൻ സൈന്യത്തിനെതിരെ തുർക്കി നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. കിടങ്ങുകളാൽ ചുറ്റപ്പെട്ട പീരങ്കികളിലും ടാങ്കുകളിലും സൈനികർക്കിടയിലേക്കും ഈ ഡ്രോണുകൾ പതിക്കുന്നത് അസർബൈജാൻ പുറത്തുവിട്ട വീഡിയോയിൽ കാണാം. യുക്രൈൻ അധിനിവേശത്തിനിടെ റഷ്യയും ഇത്തരം ചാവേർ ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ട്. 2019 ൽ സൗദിയിലെ എണ്ണ ശാലകൾ തകർക്കാൻ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
Also Read: യുക്രൈനില്‍നിന്നുള്ള കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാതെ അമേരിക്ക; എന്തുകൊണ്ട്?