തനിക്ക് ഓട്ടോ ഇമ്യൂൺ അസുഖമായ വിറ്റിലിഗോ ആണെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹൻദാസ്. രണ്ടു തവണ കാൻസറിനെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ച വ്യക്തിയാണ് മംമ്ത. അപാരമായ മനക്കരുത്തോടെ കാൻസറിനോട് പൊരുതിയും കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വരുതിയിലാക്കുകയായിരുന്നു മംമ്ത. എന്നാൽ പരീക്ഷണങ്ങൾ അവസാനിക്കുന്നില്ലെന്നും പുതിയൊരു അസുഖവുമായുള്ള പോരാട്ടത്തിലാണ് താനെന്നുമുള്ള മംമ്തയുടെ തുറന്നു പറച്ചിൽ, താരത്തെ സ്നേഹിക്കുന്നവരെയെല്ലാം വേദനിപ്പിക്കുന്ന ഒന്നാണ്.
എന്താണ് വിറ്റിലിഗോ?
വിറ്റിലിഗോ എന്ന ഇംഗ്ലീഷ് പേര് സുപരിചിതമല്ലെങ്കിലും വെള്ളപ്പാണ്ട് എന്ന് കേൾക്കാത്തവർ വിരളമായിരിക്കും. ത്വക്കിൻറെ ചില ഭാഗങ്ങളിൽ നിറം നഷ്ടമാകുന്ന അവസ്ഥയാണിത്. കാലക്രമേണ ചർമ്മത്തിലെ ഈ നിറവ്യത്യാസം കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങും. ഈ അവസ്ഥ ശരീരത്തിന്റെ ഏത് ഭാഗത്തെ ചർമ്മത്തെയും ബാധിക്കും.
സാധാരണയായി, മുടിയുടെയും ചർമ്മത്തിന്റെയും നിറം നിർണ്ണയിക്കുന്നത് മെലാനിൻ ആണ്. മെലാനിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുകയോ പ്രവർത്തനം നിർത്തുകയോ ചെയ്യുമ്പോഴാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് സംഭവിക്കുന്നത്. വിറ്റിലിഗോ എല്ലാതരം ചർമ്മപ്രകൃതമുള്ളവരെയും ബാധിക്കാം. എന്നാൽ തവിട്ട് നിറത്തിലോ ഇരുണ്ട ചർമ്മമോ ഉള്ളവരിൽ ഇത് കൂടുതൽ ശ്രദ്ധയിൽപ്പെട്ടേക്കാം. ജീവന് ഭീഷണി ഉയർത്തുന്നതോ പകരുന്നതോ ആയ രോഗമല്ല ഇത്. എന്നിരുന്നാലും ആളുകളിൽ മാനസികമായ സമ്മർദ്ദമുണ്ടാക്കാൻ ഈ അസുഖം കാരണമാവാറുണ്ട്.
“മെലനോസൈറ്റുകൾ (പിഗ്മെന്റുകൾ ഉണ്ടാക്കുന്ന ചർമ്മകോശങ്ങൾ) ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്, അതോടെ ചർമ്മം മിൽക്കി വൈറ്റ് നിറത്തിലേക്ക് മാറി തുടങ്ങും,” ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും ഫിസിഷ്യനുമായ ഡോ ദിലീപ് ഗുഡെ പറയുന്നു.
ഓട്ടോ ഇമ്മ്യൂൺ, ഓക്സിഡേറ്റിവ് സ്ട്രെസ്സ്, ന്യൂറൽ, വൈറൽ ബാധ എന്നിവ കൊണ്ടെല്ലാം വെള്ളപ്പാണ്ട് ഉണ്ടാകാം എന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ജനിതക കാരണങ്ങളാലും ഈ രോഗം വരാം. ലോകത്തിലെ 0.5 ശതമാനം മുതൽ 2 ശതമാനം വരെ ആളുകളിൽ ഈ രോഗം കാണുന്നു എന്നാണ് കണക്ക്.
ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെലനോസൈറ്റുകളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു ഓട്ടോ ഇമ്യൂൺ അസുഖമാണ് വിറ്റിലിഗോ. “വിറ്റിലിഗോ ഉണ്ടാക്കുന്നതിൽ ജനിതകവും കുടുംബ ചരിത്രവും ശക്തമായ പങ്ക് വഹിക്കുന്നു. സൂര്യതാപം, വൈകാരികമായ വൈഷമ്യം, അല്ലെങ്കിൽ ചില രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് തുടങ്ങിയ ബാഹ്യ ഘടകങ്ങൾ വിറ്റിലിഗോയ്ക്ക് പ്രേരകമാവുകയോ കൂടുതൽ വഷളാക്കുകയോ ചെയ്യും, ” വിദഗ്ദർ പറയുന്നു.
രോഗലക്ഷണങ്ങൾ
ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന ചുവന്ന നിറമാണ് പലപ്പോഴും വെള്ളപ്പാണ്ടിൻറെ ആദ്യ ലക്ഷണം. ആദ്യം ചെറുതായി കാണപ്പെടുന്ന ഇവ പിന്നീട് വലുതായി രൂപം മാറുന്നു. തൊലി പൊളിഞ്ഞു പോകുമ്പോൾ മുഖത്തും കൈകളിലും അവ കൂടുതലായി കാണും.
“ചർമ്മത്തിന്റെ പിഗ്മെന്റ് നഷ്ടപ്പെടുന്ന ഭാഗങ്ങളിലെ മുടി പോലും വെളുത്തതായി മാറും. മാത്രമല്ല, തലയോട്ടി, പുരികം, കൺപീലികൾ, താടി, ശരീര രോമങ്ങൾ എന്നിങ്ങനെ ശരീരത്തിന്റെ ഏത് ഭാഗത്തും ഇത് സംഭവിക്കാം. വായയുടെയോ മൂക്കിന്റെയോ ഉള്ളിലെ കഫ ചർമ്മത്തിന് പോലും വിറ്റിലിഗോ ബാധിക്കാം,” ഡോ ദിലീപ് ഗുഡെ പറയുന്നു.
പ്രതിരോധവും ചികിത്സയും
വിറ്റിലിഗോ പൂർണ്ണമായും ചികിത്സിച്ചു മാറ്റാനാവില്ല. “പിഗ്മെന്റ് പുനഃസ്ഥാപിക്കുക, കൂടുതൽ ചർമ്മത്തെ ബാധിക്കുന്നതിൽ നിന്ന് തടയുക എന്നിവയാണ് ചികിത്സയുടെ ലക്ഷ്യങ്ങൾ. സൂര്യപ്രകാശം പരിമിതപ്പെടുത്തുന്നത് ഡിപിഗ്മെന്റേഷനും കേടുപാടുകളും തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്,” വിറ്റിലിഗോയുടെ നിലവിലെ ചികിത്സാരീതികളെ കുറിച്ച് ഡോ. ദിലീപ് ഗുഡെ.
നാരോ-ബാൻഡ് അൾട്രാവയലറ്റ് ബി (യുവിബി) ഉപയോഗിച്ചുള്ള ഫോട്ടോതെറാപ്പി, സജീവമായ വിറ്റിലിഗോയുടെ പുരോഗതി തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കോർട്ടികോസ്റ്റീറോയിഡുകൾ അല്ലെങ്കിൽ കാൽസിനൂറിൻ ഇൻഹിബിറ്ററുകൾ ഉപയോഗിക്കുമ്പോൾ ഇത് കൂടുതൽ ഫലപ്രദമായിരിക്കും.
സോറാലെനും ലൈറ്റ് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സയും ഫലപ്രദമാണ്. ചെടിയിൽ നിന്നും ഉത്ഭവിച്ച സോറലെൻ എന്ന പദാർത്ഥത്തെ ലൈറ്റ് തെറാപ്പിയുമായി (ഫോട്ടോകെമോതെറാപ്പി) സംയോജിപ്പിക്കുമ്പോൾ ഇത് പാച്ചുകളിലേക്ക് നിറം തിരികെ നൽകുന്നതിന് സഹായിക്കും.
ശേഷിക്കുന്ന നിറം നീക്കം ചെയ്യുന്നതാണ് (ഡിപിഗ്മെന്റേഷൻ) മറ്റൊരു മാർഗം. നിങ്ങളുടെ വിറ്റിലിഗോ വ്യാപകമാവുകയും മറ്റ് ചികിത്സകൾ ഫലവത്താകാതിരിക്കുകയും ചെയ്താൽ ഈ തെറാപ്പി ഒരു ഓപ്ഷനായിരിക്കാം. ചർമ്മത്തിന്റെ ബാധിക്കാത്ത ഭാഗങ്ങളിൽ ഒരു ഡിപിഗ്മെന്റിംഗ് ഏജന്റ് പ്രയോഗിക്കുന്നു. ഇത് ക്രമേണ ചർമ്മത്തെ തെളിച്ചമുള്ളതാക്കുന്നു. ഈ ചികിത്സ ദിവസത്തിൽ ഒന്നോ രണ്ടോ എന്ന രീതിയിൽ ഒമ്പത് മാസമോ അതിൽ കൂടുതലോ ചെയ്യേണ്ടി വരും.
ലൈറ്റ് തെറാപ്പിയും മരുന്നുകളും പ്രവർത്തിച്ചില്ലെങ്കിൽ, വിറ്റിലിഗോ ഉള്ള ചില ആളുകളിൽ ശസ്ത്രക്രിയയും നടത്താറുണ്ട്.
നിറം പുനഃസ്ഥാപിച്ചുകൊണ്ട് ചർമ്മത്തിന്റെ നിറം തുല്യമാക്കാൻ താഴെപ്പറയുന്ന ചില സാങ്കേതിക വിദ്യകളും സ്വീകരിക്കാറുണ്ട്.
സ്കിൻ ഗ്രാഫ്റ്റിംഗ്
ഈ പ്രക്രിയയിൽ, ആരോഗ്യമുള്ളതും പിഗ്മെന്റുള്ളതുമായ ചർമ്മത്തിന്റെ വളരെ ചെറിയ ഭാഗങ്ങൾ പിഗ്മെന്റ് നഷ്ടപ്പെട്ട പ്രദേശങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
ബ്ലിസ്റ്റർ ഗ്രാഫ്റ്റിംഗ്
ഈ പ്രക്രിയയിൽ, നിങ്ങളുടെ ഡോക്ടർ നിങ്ങളുടെ പിഗ്മെന്റഡ് ചർമ്മത്തിൽ കുമിളകൾ സൃഷ്ടിക്കുന്നു, സാധാരണയായി സക്ഷൻ ഉപയോഗിച്ച്, കുമിളകളുടെ മുകൾഭാഗം നിറം മാറിയ ചർമ്മത്തിലേക്ക് പറിച്ചുനടും.
സെല്ലുലാർ സസ്പെൻഷൻ ട്രാൻസ്പ്ലാൻറ്. ഈ പ്രക്രിയയിൽ, പിഗ്മെന്റഡ് ചർമ്മത്തിൽ നിന്ന് ചില ടിഷ്യുകൾ എടുത്ത് കോശങ്ങൾ ഒരു ലായനിയിലേക്ക് മാറ്റുകയും തുടർന്ന് തയ്യാറാക്കിയ ബാധിത പ്രദേശത്തേക്ക് പറിച്ചുനടുകയും ചെയ്യുന്നു.
നിറം ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ (മെലനോസൈറ്റുകൾ) ഉത്തേജിപ്പിക്കുന്നതിനുള്ള അഫാമെലനോടൈഡ് എന്നറിയപ്പെടുന്ന ഒരു മരുന്നും ചികിത്സയിൽ ഉപയോഗിക്കുന്നുണ്ട്. ഇത് ചർമ്മത്തിനടിയിൽ നിന്നും മെലനോസൈറ്റുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.