scorecardresearch

ദേശീയപാതകളിലെ ലെയിൻ നിയമം: വാഹനമോടിക്കേണ്ടത് എങ്ങനെ?

നാലുവരി, ആറുവരി ദേശീയപാതകളിൽ ഡ്രൈവിങ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എന്താണ് ഈ നിയമങ്ങൾ?

നാലുവരി, ആറുവരി ദേശീയപാതകളിൽ ഡ്രൈവിങ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എന്താണ് ഈ നിയമങ്ങൾ?

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
national highway, track rules,car, bus, truck

വാഹനമോടിക്കുന്ന ഭൂരിപക്ഷം പേരും ഒരുതവണയെങ്കിലും ദേശീയപാതയിലൂടെയോ സംസ്ഥാനപാതയിലൂടെയോ വാഹനമോടിച്ചിട്ടുണ്ടാകും. അല്ലെങ്കിൽ ഏതെങ്കിലും വാഹനത്തിൽ ഈ പാതകളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകും.

Advertisment

നാല് വരി, ആറ് വരി പാതയിലൂടെ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ ചില നിയമങ്ങൾ ഉണ്ട്. എന്നാൽ, നമ്മളിൽ പലരും നിയമങ്ങൾ പാലിക്കാതെയാണ് വാഹനം ഓടിക്കുന്നത്. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞയാണ് വാഹനാപകടങ്ങൾക്ക് കാരണമാകുന്നത്.

ഇത്തരം നിയമലംഘനങ്ങളിൽ പ്രധാനം ലെയിൻ നിയമങ്ങൾ പാലിക്കാത്തതാണ്. സംസ്ഥാനത്തെ നാലുവരി, ആറുവരി ദേശീയപാതകളിൽ ഡ്രൈവിങ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എന്താണ് ഈ നിയമങ്ങൾ? എങ്ങനെയാണ് ദേശീയ പാതകളിലൂടെ വാഹനമോടിക്കേണ്ടത്.

ലെയിനിലെ വേഗപരിധി എത്ര?

വാഹനങ്ങളുടെ വേഗപരിധി (മണിക്കൂറിൽ), മോട്ടർ വാഹന വകുപ്പിന്റെ സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇരുചക്ര വാഹനങ്ങൾ

Advertisment

നാല് വരി പാതയിൽ 70 കി.മി, രണ്ടു വരി പാതയിൽ 60 കി.മി, സംസ്ഥാന പാതയിലും മറ്റു റോഡുകളിലും 50 കി.മി.

കാറുകൾ

ബാരിക്കേഡുകൾ ഉള്ള നാല് വരി പാതയിൽ 90 കി.മി, രണ്ടു വരി പാതയിൽ 85 കി.മി, സംസ്ഥാന പാതയിൽ 80 കി.മി, മറ്റു റോഡുകളിൽ 70 കി.മി.

ബസുകൾ

നാല് വരി പാതയിൽ 70 കി.മി, രണ്ടു വരി പാതയിൽ 65 കി.മി, മറ്റു റോഡുകളിലും 60 കി.മി.

ഹെവി വെഹിക്കിൾ

ദേശീയ പാതയിൽ 65 കി.മി, മറ്റു റോഡുകളിൽ 60 കി.മി, നഗരപരിധിയിൽ 40 കി.മി.

നിയമങ്ങൾ എന്തൊക്കെ?

ചരക്ക് വാഹനങ്ങൾ, സർവീസ് നടത്തുന്ന ബസുകൾ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ തുടങ്ങിയ വാഹനങ്ങൾ വേഗപരിധി കുറഞ്ഞവയാണ്. ഇവ പാതയുടെ ഇടത് ലെയിനിലൂടെ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. ഒരു വാഹനത്തിനെ ഓവർടേക്ക് ചെയ്യാൻ മാത്രമേ വലത് ലെയിനിലേക്ക് കയറാൻ സാധിക്കൂ. ഓവർടേക്ക് ചെയ്തു കഴിഞ്ഞാൽ വീണ്ടും ഇടത് ലെയിനിൽ തന്നെയാണ് ഈ വാഹനം സഞ്ചരിക്കേണ്ടത്.

വലത് ട്രാക്ക് ആർക്ക് വേണ്ടി?

വേഗപരിധി കൂടിയ കാർ, ജീപ്പ്, വാൻ തുടങ്ങിയവയ്ക്കാണ് വലത് ലെയിൻ. വേഗത കുറച്ചാണ് ഈ വാഹനങ്ങളുടെ യാത്രയെങ്കിൽ അവരും ഇടത് ലെയിനിലേക്ക് മാറി യാത്ര ചെയ്യണം. ദേശീയപാതകളിൽ ഡ്രൈവർമാർ ഇക്കാര്യങ്ങൾ നിർബന്ധമായും പാലിക്കണമെന്നും അധികൃതർ പറയുന്നു.

ആറുവരി പാതയിൽ നിയമം എങ്ങനെ?

പാതയിലെ മൂന്നാമത്തെ ലെയിൻ സ്പീഡ് ലെയിൻ എന്നാണ് അറിയപ്പെടുന്നത്. ഓവർടേക്കിങ്ങിനും അതിവേഗതയിൽ സഞ്ചരിക്കുന്നവർക്കുമാണ് ഈ ലെയിൻ. വലിയ വാഹനങ്ങൾ സ്പീഡ് ലെയിനിലൂടെ യാത്ര ചെയ്യുന്നതാണ് പല അപകടങ്ങൾക്കും കാരണമാകുന്നത്. വേഗത കുറച്ചുപോകാൻ ആഗ്രഹിക്കുന്ന വാഹനങ്ങൾ ഇടത് വശത്ത് കൂടെ യാത്ര ചെയ്യേണ്ടതാണ്.

നാലുവരി പാതയിൽ നിയമം എങ്ങനെ?

നാലുവരി പാതയിലും നിയമം ഇതുതന്നെയാണ്. ഇടതുവശം കാരിയേജ് ലെയിനും രണ്ടാമത്തത് സ്പീഡ് ലെയിനുമാണെന്നതാണ് ഈ പാതകളിലെ മാറ്റം. എന്നാൽ പലപ്പോഴും ട്രക്കുകൾ പോലുള്ള ഹെവി വാഹനങ്ങൾ സ്പീഡ് ലെയിനിലൂടെ സഞ്ചരിക്കുന്നതാണ് ഹൈവേകളിൽ പതിവ്. ഇത് പല അപകടങ്ങൾക്കും കാരണമാകുന്നു.

സംസ്ഥാനത്തെ നാലുവരി, ആറുവരി ദേശീയപാതകളില്‍ ലെയിൻ നിയമം കർശനമാക്കാനൊരുങ്ങുകയാണ് ഇപ്പോൾ സർക്കാർ. ഡ്രൈവർമാരെ ബോധവൽക്കരിച്ച് നിയമം നടപ്പിലാക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്.

നിയമം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി ഡ്രൈവര്‍മാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്തുതുടങ്ങി. തുടര്‍ന്നും നിയമം തെറ്റിച്ചാല്‍ നടപടിയെടുക്കും. ഇതോടൊപ്പം റോഡില്‍ സുരക്ഷാക്രമീകരണങ്ങളൊരുക്കുന്നതിനായി മോട്ടോര്‍ വാഹനവകുപ്പും പൊലീസും ദേശീയപാത അതോറിറ്റിയും ചേര്‍ന്ന് ദേശീയപാതകളിൽ പരിശോധനകളും ആരംഭിച്ചു കഴിഞ്ഞു.

നാലു വരി, ആറു വരി പാതകളിലെ ലെയിൻ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് കേരള പൊലീസും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. 'ദിസ് ഈസ് റാംഗ് ' എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിന്റെ തലക്കെട്ട്.

Road Accident Roads National Highway Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: