/indian-express-malayalam/media/media_files/uploads/2023/08/Imran-Khan-1.jpg)
ഇമ്രാന്‍ ഖാന്‍
തോഷഖാന അഴിമതിക്കേസില്‍ കുറ്റവാളിയാണെന്ന് വിചാരണക്കോടതി കണ്ടെത്തിയതിന് പിന്നാലെ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇന്ന് ഉച്ചതിരിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു. ഇമ്രാന്‍ ഖാനെ അദ്ദേഹത്തിന്റെ ലാഹോറിലെ വസതിയില്‍ നിന്നായിരുന്നു പിടികൂടിയത്.
മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും ഒരു ലക്ഷം പാക്കിസ്ഥാനി രൂപ പിഴയുമാണ് കോടതി വിധിച്ചതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇമ്രാൻ ഖാൻ മനഃപൂർവ്വം (തോഷഖാന സമ്മാനങ്ങളുടെ) വ്യാജ വിവരങ്ങൾ പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചെന്നും അഴിമതി നടപടികളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി ഹുമയൂൺ ദിലാവർ വ്യക്തമാക്കി.
പാകിസ്ഥാൻ തിരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷൻ 174 പ്രകാരമാണ് മുൻ പ്രധാനമന്ത്രിയെ ശിക്ഷിച്ചത്. നവംബറിൽ നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള ഇമ്രാന്‍ ഖാന്റെ സാധ്യത ഏറക്കുറെ അവസാനിപ്പിക്കുന്നതാണ് കോടതി നടപടി.
കേസില്‍ പാകിസ്ഥാൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ഇമ്രാന്‍ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക് ഇൻസാഫ് (പിടിഐ) പ്രസ്താവനയിലൂടെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
എന്താണ് തോഷഖാന കേസ്
2022 ഓഗസ്റ്റിൽ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസിന്റെ (പിഎംഎൽ-എൻ) നേതൃത്വത്തിലുള്ള സഖ്യസർക്കാർ ഇമ്രാനെതിരെ കേസ് ഫയൽ ചെയ്തതോടെയാണ് തോഷഖാന വിവാദം ശ്രദ്ധ നേടുന്നത്. തോഷഖാനയിലെ സമ്മാനങ്ങളെക്കുറിച്ചും ചില സമ്മാനങ്ങൾ "നിയമവിരുദ്ധമായി" വിറ്റതിൽ നിന്നുള്ള വരുമാനത്തെക്കുറിച്ചും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
1974-ൽ സ്ഥാപിതമായ തോഷഖാന ക്യാബിനറ്റ് ഡിവിഷന്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു വകുപ്പാണ്. ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് വിലകൂടിയ വസ്തുക്കളും ഈ വകുപ്പാണ് സൂക്ഷിക്കുന്നത്. തോഷഖാന നിയമങ്ങൾ അനുസരിച്ച്, ഉദ്യോഗസ്ഥർക്ക് ലഭിച്ച സമ്മാനങ്ങളും മറ്റ് സാമഗ്രികളും കാബിനറ്റ് ഡിവിഷനിൽ റിപ്പോർട്ട് ചെയ്യേണ്ടത് നിർബന്ധമാണ്.
എന്നാല്‍ 2018-ൽ അധികാരത്തിലെത്തിയ ഇമ്രാൻ, അധികാരത്തിലിരുന്ന സമയത്ത് തനിക്ക് ലഭിച്ച നിരവധി സമ്മാനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിനെ എതിര്‍ക്കുകയും അങ്ങനെ ചെയ്യുന്നത് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്ന് വാദിക്കുകയും ചെയ്തു.
പിന്നീട് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മിഷന് (ഇസിപി) ഒരു കത്ത് എഴുതുകയും നാല് സമ്മാനങ്ങളെങ്കിലും വിറ്റതായി സമ്മതിക്കുകയും ചെയ്തു. സൗദി അറേബ്യൻ കിരീടാവകാശി സമ്മാനിച്ച ഗ്രാഫ് വാച്ച്, റോളക്സ് വാച്ചുകൾ, വിലകൂടിയ കഫ്ലിങ്കുകൾ, വിലപിടിപ്പുള്ള പേന, മോതിരം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കേസിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞത്
കേസ് ഫയല്‍ ചെയ്തതിന് രണ്ട് മാസത്തിന് ശേഷം സമ്മാനങ്ങള്‍ ഇമ്രാന്‍ ഖാന് ലഭിച്ചതിനാലും അദ്ദേഹം പണം അടച്ചതിനാലും വില്‍പ്പന നിയമവിരുദ്ധമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തി. എന്നാല്‍ ഇമ്രാന്‍ തെറ്റായ വാദങ്ങളും പ്രഖ്യാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് നടത്തിയതായും കമ്മിഷന്‍ വിലയിരുത്തി. പിന്നാലെ പൊതുപദവിയില്‍ തുടരുന്നതില്‍ നിന്ന് ഇമ്രാന്‍ ഖാനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. 2017 ലെ തിരഞ്ഞെടുപ്പ് നിയമത്തിലെ 137,167, 173 വകുപ്പുകൾക്കൊപ്പം പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 63 (1) (പി) പ്രകാരമായിരുന്നു ഇമ്രാന്‍ ഖാനെ അയോഗ്യനാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.