ലോകം കോവിഡ്-19 മഹാമാരിയുമായി പൊരുതുമ്പോള്‍ കൊറോണവൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ പുതിയ ആരോഗ്യ ഭീഷണി. മനുഷ്യരെ കടിക്കുന്ന ചെള്ളില്‍ നിന്നും പകര്‍ന്ന വൈറസ് അറുപതോളം പേരെ ബാധിക്കുകയും ഏഴ് പേര്‍ മരിക്കുകയും ചെയ്തുവെന്ന് രാജ്യത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ത്രോംബോസൈറ്റോപെനിയ സിന്‍ഡ്രോമോടു കൂടിയ കടുത്ത പനി (എസ് എഫ് ടി എസ്) ആണ് രാജ്യത്തിന് പുതിയ ഭീഷണി ഉയര്‍ത്തുന്നത്.

കിഴക്കന്‍ ചൈനയിലെ ജിയാന്‍ഗ്‌സു, അന്‍ഹുയി പ്രവിശ്യയിലുമാണ് ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പ്രാദേശ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ പറയുന്നു. 2020-ന്റെ തുടക്ക മാസങ്ങളില്‍ ജിയാന്‍ഗ്‌സുവില്‍ 37-ല്‍ അധികം പേര്‍ക്ക് എസ് എഫ് ടി എസ് ബാധിച്ചു. പിന്നീട് ഈ രോഗം അന്‍ഹുയിയിലും പ്രത്യക്ഷപ്പെട്ടു.

ചെള്ള് കടിക്കുന്നതിലൂടെയാണ് രോഗം മനുഷ്യരിലേക്ക് എത്തുന്നതെങ്കിലും വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വൈറോളജിസ്റ്റുകള്‍ തള്ളിക്കളയുന്നില്ല.

എന്താണ് എസ് എഫ് ടി എസ് വൈറസ്?

ബുനിയവൈറസ് കുടുംബത്തില്‍പ്പെട്ടതാണ് ത്രോംബോസൈറ്റോപിനിയ സിന്‍ഡ്രോമോടു കൂടിയ കടുത്ത പനി വൈറസ് (എസ് എഫ് ടി എസ് വി). ഇത് ചെള്ള് കടിക്കുന്നതിലൂടെയാണ് മനുഷ്യനെ ബാധിക്കുന്നത്. ഒരു ദശാബ്ദം മുമ്പ് ചൈനയിലാണ് ഗവേഷകര്‍ ഈ വൈറസിനെ കണ്ടെത്തുന്നത്. 2009-ല്‍ ഹുബെ, ഹനാന്‍ പ്രവിശ്യകളിലെ ഗ്രാമ പ്രദേശങ്ങളിലാണ് ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Read Also: കോവിഡ്-19 രോഗികളില്‍ മാനസിക പ്രശ്‌നങ്ങളും ഉണ്ടാകുന്നുവെന്ന് പഠനം

സമാനമായ ലക്ഷണങ്ങള്‍ കാണിച്ച ഒരു കൂട്ടം ആളുകളില്‍ നിന്നും ശേഖരിച്ച രക്ത സാമ്പിളുകളില്‍ നിന്നുമാണ് ഈ വൈറസിനെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്. അന്ന് കുറഞ്ഞത് 30 പേരെങ്കിലും ഈ വൈറസ് ബാധ മൂലം മരിച്ചുവെന്ന് നേച്ചറിലെ ഒരു റിപ്പോര്‍ട്ട് പറയുന്നു. നിലവിലെ മരണ നിരക്ക് 16-ഉം 30-ഉം ശതമാനത്തിന് ഇടയിലാണെന്ന് ചൈനയിലെ രോഗ നിയന്ത്രണ, നിര്‍വ്യാപന വിവര സംവിധാനം പറയുന്നു.

രോഗ വ്യാപന നിരക്കും ഉയര്‍ന്ന മരണ നിരക്കും കാരണം എസ് എഫ് ടി എസിനെ ലോകാരോഗ്യ സംഘടന ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കേണ്ട 10 രോഗങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വൈറസിന്റെ പ്രാഥമിക വാഹകര്‍ ഹീമഫൈസാലിസ് ലോങികോര്‍ണിസ് എന്ന ഏഷ്യന്‍ ചെള്ളാണെന്ന് വൈറോളജിസ്റ്റുകള്‍ വിശ്വസിക്കുന്നു. മാര്‍ച്ചിനും നവംബറിനും ഇടയിലാണ് രോഗവ്യാപനം നടക്കുന്നതെന്ന് കരുതുന്നു. ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ചെള്ളിനെ വഹിക്കുന്ന മൃഗങ്ങളുമായി സാധാരണ സമ്പര്‍ക്കത്തില്‍ വരുന്ന കര്‍ഷകര്‍, വേട്ടക്കാര്‍, ഓമന പക്ഷി-മൃഗാദികളുടെ ഉടമകള്‍ എന്നിവരിലാണ് ഈ രോഗം പിടിക്കപ്പെടാന്‍ സാധ്യത കൂടുതല്‍. ആട്, കന്നുകാലികള്‍, മാന്‍, ചെമ്മരിയാട് എന്നിവയില്‍ നിന്നാണ് മനുഷ്യരിലേക്ക് സാധാരണ വൈറസ് പകരുന്നതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. മൃഗങ്ങളില്‍ വൈറസ് ബാധ ഉണ്ടെങ്കിലും അവ പൊതുവേ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല.

എസ് എഫ് ടി എസ് വൈറസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?

രോഗം ബാധിച്ചു കഴിഞ്ഞ് ഏഴിനും 13-നും ദിവസങ്ങള്‍ക്കിടയിലാണ് വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവെന്ന് 2011-ല്‍ ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പനി, ക്ഷീണം, തണുപ്പ്, തലവേദന, ലിംഫാഡെണോപതി, വിശപ്പില്ലായ്മ, ഛര്‍ദിക്കാന്‍ തോന്നുക, പേശി വേദന, ഛര്‍ദി, വയറു വേദന, മോണയില്‍ രക്തം പൊടിയുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

കടുത്ത പനി, രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടേയും ശ്വേത രക്താണുക്കളുടേയും കുറവ് എന്നിവയാണ് ഈ രോഗത്തിന്റെ തുടക്കത്തിലെ ലക്ഷണങ്ങള്‍. ഗുരുതരമായ രോഗികളില്‍ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുക, രക്തസ്രാവം, കേന്ദ്ര നാഡീ വ്യൂഹത്തിലെ ലക്ഷണങ്ങള്‍ എന്നിവ കാണപ്പെടുന്നു.

ചൈനയ്ക്ക് പുറത്ത് എസ് എഫ് ടി എസ് രേഖപ്പെടുത്തിയിട്ടുണ്ടോ?

ജപ്പാനും ദക്ഷിണ കൊറിയയും അടക്കമുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് ഈ വൈറസ് പടര്‍ന്നിട്ടുണ്ട്. വൈറസിനെ ആദ്യമായി കണ്ടെത്തിയശേഷം രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

2013-ല്‍ ദക്ഷിണ കൊറിയയില്‍ 36 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2017-ല്‍ 270 ആയി കുത്തനെ ഉയര്‍ന്നു. അതേസമയം, ചൈനയില്‍ 2010-ല്‍ 71 കേസുകളും 2016-ല്‍ 2,600 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2016-ലും 2017-ലും ജപ്പാനില്‍ രോഗികളുടെ എണ്ണം 50 ശതമാനത്തോളം വര്‍ദ്ധിച്ചുവെന്ന് നേച്ചര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: റഷ്യന്‍ വാക്‌സിന്‍ ഉപയോഗിക്കില്ലെന്ന് ബ്രിട്ടന്‍; റഷ്യ ചട്ടം പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

ഈ മൂന്ന് രാജ്യങ്ങളിലും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു തുടങ്ങിയപ്പോള്‍ പൊതു ജനാരോഗ്യ വിഭാഗം പ്രദേശിക ഡോക്ടര്‍മാരേയും സാധാരണ ജനങ്ങളേയും ചെള്ള് കടിയുടെ അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരിച്ചു തുടങ്ങി. വൈറസിനെ കുറിച്ചും രോഗം വരാനുള്ള കാരണത്തെ കുറിച്ചും കൂടുതല്‍ ജനങ്ങള്‍ അവബോധരായതിനെ തുടര്‍ന്ന് മരണ നിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

എസ് എഫ് ടി എസിനുള്ള ചികിത്സ എന്താണ്?

ഈ രോഗത്തിനുള്ള മരുന്ന് ഇതുവരെ വിജയകരമായി വികസിപ്പിച്ചിട്ടില്ലെങ്കിലും ആന്റിവൈറല്‍ മരുന്നായ റിബാവൈറിന്‍ നല്‍കിയുള്ള ചികിത്സ ഫലപ്രദമാകുന്നുണ്ട്.

ജനങ്ങള്‍ ഷോര്‍ട്‌സ് ധരിച്ച് പുല്ലിലൂടെ നടക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചെള്ള് കടി ഒഴിവാക്കുന്നതിനാണ് ഇത്.

Read in English: What is the tick-borne virus spreading in China?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook