ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം 20 ലക്ഷത്തിലധികം പേര്‍ യുക്രൈനില്‍ നിന്ന് അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്രയും വലിയ തോതില്‍ പലായനം നടക്കുന്നതും ഇതാദ്യമായാണ്.
പ്രസ്തുത സാഹചര്യം പരിഗണിച്ച് യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍ മാര്‍ച്ച് മൂന്നിന് (ഇയു) താത്കാലിക സംരക്ഷണ ഉത്തരവ് (ടിപിഡി) എന്നറിയപ്പെടുന്ന 2001 ജൂലൈ 20 ലെ യൂറോപ്യൻ യൂണിയൻ കൗൺസിൽ ഉത്തരവ് 2001/55/EC 2001 പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ തീരുമാനമെടുത്തു. യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് താത്കാലിക സംരക്ഷണ സംവിധാനം ഉറപ്പാക്കണമെന്ന നിലപാടിലേക്ക് യൂറോപ്യൻ ആഭ്യന്തര മന്ത്രിമാരുമെത്തി.
എന്താണ് താത്കാലിക സംരക്ഷണം
യൂറോപ്യന്‍ കമ്മിഷന്‍ പ്രകാരം ടിപിഡിക്ക് കീഴില്‍ വരുന്ന താത്കാലിക സംരക്ഷണം എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ പുറത്തുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന അഭയാര്‍ഥികള്‍ക്കും സ്വന്തം രാജ്യത്തേക്ക് തിരികെ മടങ്ങാന്‍ കഴിയാത്തവര്‍ക്കും താത്കാലികമായി സംരക്ഷണം നല്‍കുന്നതിനായുള്ള സംവിധാനമാണ്.
സ്ഥാപിതമായ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്
ഇത്തരം നടപടികളിലേക്ക് കടക്കാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമതായി അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും പരിപാലിക്കുന്നതിനും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ നയങ്ങള്‍ തമ്മിലുള്ള അസമത്വം ഇത് കുറയ്ക്കുന്നു. രണ്ടാമതായി ധാരാളം അഭയാർത്ഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങൾക്കിടയിൽ ഐക്യം വളര്‍ത്തിയെടുക്കുക എന്നതുമാണ്.
കൗണ്‍സില്‍ ഉത്തരവ് 2001/55/EC യുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ പറയുന്നത് അഭയാര്‍ത്ഥികള്‍ക്ക് താത്കാലിക സംരക്ഷണം നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ സ്ഥാപിക്കുക എന്നതാണ്. കൂടാതെ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് സംബന്ധിച്ചുണ്ടാകുന്ന അന്തരഫലങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങള്‍ തുല്യമായി വഹിക്കുക എന്ന ലക്ഷ്യവും കൗണ്‍സില്‍ ഉത്തരവിനുണ്ട്.
താത്കാലിക സംരക്ഷണം നിര്‍ദേശ പ്രകാരം ഇയു രാജ്യങ്ങള്‍ വഹിക്കുന്ന ബാധ്യതകള്‍
യൂറോപ്യന്‍ കമ്മിഷന്‍ അനുസരിച്ച് താത്കാലിക സംരക്ഷണം ലഭിക്കുന്നവര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
- താത്കാലിക സംരക്ഷണ പ്രകാരം അഭയാര്‍ത്ഥിക്ക് പരമാവധി ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ ഒരു രാജ്യത്ത് താമസിക്കാം.
- താത്കാലിക സംരക്ഷണത്തിനുള്ള വിവരങ്ങള്‍
- തൊഴില്‍
- താമസസൗകര്യം
- ഉപജീവനമാര്‍ഗത്തിനുള്ള സാഹചര്യം
- ചികിത്സ
- പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വിദ്യാഭ്യാസം
- അഭയാര്‍ത്ഥിയായി എത്തുന്നവര്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ മാതൃരാജ്യത്തേക്ക് തിരിച്ചുപോകാമെന്നും വ്യവസ്ഥകളില്‍ പറയുന്നു.
താത്കാലിക സംരക്ഷണ ഉത്തരവിന് പിന്നില്‍
സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് ശേഷം 1990 കളില്‍ യൂറോപ്പില്‍ വംശീയ കലഹവും യുദ്ധങ്ങളും ഉണ്ടായി. ക്രൊയേഷ്യയും സെര്‍ബിയയും ബോസ്നിയയില്‍ രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ നത്തി. നഗോർണോ-കരാബാക്ക് പ്രദേശത്തിന് വേണ്ടി അസര്‍ബൈജാനും അര്‍മേനിയയും ഏറ്റുമുട്ടി. ഇങ്ങനെ നീളുന്നു സംഘര്‍ഷങ്ങളുടെ പട്ടിക.
ഏറ്റുമുട്ടലുകളുടെ ഫലം കൂട്ടപ്പലായനമായിരുന്നു. അഭയാര്‍ത്ഥികളുടെ പ്രവാഹം നേരിടാന്‍ പ്രത്യേക നടപടികളിലേക്ക് കടക്കേണ്ടതിന്റെ ആവശ്യകത യൂറോപ്യന്‍ യൂണിയന്‍ മനസിലാക്കി. 2001 ലെ താത്കാലിക സംരക്ഷണ ഉത്തരവ് ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മാര്‍ഗമായി.
Also Read: എന്താണ് മാനുഷിക ഇടനാഴികൾ?