റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ 2018 ലെ ആത്മഹത്യാ പ്രേരണാ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അലിബാഗിലെ ആര്‍ക്കിടെക്റ്റ് അന്വേ നായിക്കിന്റെയും അമ്മയുടെയും മാതാവിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. അര്ണബിനൊപ്പം ഫിറോസ് ഷെയ്ഖ്, നിതേഷ് സര്‍ദ എന്നീ മറ്റു രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്താണ് കേസ്?
മുംബൈ കേന്ദ്രമായുള്ള ആര്‍ക്കിടെക്ചറല്‍-ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനമായ കോണ്‍കോഡ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയരക്ടറായിരുന്നു അന്വേ നായിക്കി(53)നെയും അമ്മ കുമുദ് നായിക്കിനെയും 2018 മേയിലാണ് അലിബാഗിലെ ഫാം ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ അന്‍വേയുടെ മാതാവ് കുമുദിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിച്ചത് അവര്‍ ആത്മഹത്യ ചെയ്തതതല്ലെന്നും കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടതാണെന്നുമാണ്.
അന്വേ ജീവനൊടുക്കുന്നതിനു മുന്‍പ് മാതാവിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അക്സിഡെന്റല് ഡെത്ത് റിപ്പോര്‍ട്ടും കൊലപാതകക്കേസും റജിസ്റ്റർ ചെയ്തു. കുമുദിന്റെ മൃതദേഹം താഴത്തെ നിലയിലെ സോഫയില്‍ കണ്ടെത്തിയത്. അന്വേയെ ബംഗ്ലാവിന്റെ ഒന്നാം നിലയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
എന്തിനാണ് അര്‍ണബിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്?
റിപ്പബ്ലിക് ടിവി ഉടമ അര്‍ണബ് ഗോസ്വാമി, ഐകാസ്റ്റ് എക്സ്/ സ്കീമീഡിയ ഉടമ ഫിറോസ് ഷെയ്ഖ്, സ്മാര്‍ട്ട് വര്‍ക്സ് ഉടമ നിതേഷ് സര്‍ദ എന്നിവര്‍ കുടിശിക നല്‍കാത്തതിനെത്തുടര്‍ന്ന് അന്വേ നായിക്കും അമ്മയും ജീവനൊടുക്കുകയാണെന്ന് ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു. റിപ്പബ്ലിക്ക് 83 ലക്ഷം രൂപയും എകാസ്റ്റ് എക്സ്/സ്കീമീഡിയ നാലു കോടിയും സ്മാര്‍ട്ട് വര്‍ക്സ് 55 ലക്ഷവും നല്‍കാനുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്.
അന്വേ വന്‍ സാമ്പത്തിക ബാധ്യതയിലായിരുന്നുവെന്നും കരാറുകാര്‍ക്ക് പണം നൽകാൻ പാടുപെട്ടതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി ഒരു പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. നല്‍കാനുള്ള പണം കിട്ടാത്തതിനെത്തുടര്‍ന്ന് ഒരു കരാറുകാരന് ഭീഷണിപ്പെടുത്തിയതായി നായിക് പരാതിപ്പെട്ടിരുന്നതായും റായ്ഗഡ് പൊലീസ് കണ്ടെത്തി. എന്നാല്‍ തനിക്കെതിരായ ആരോപണം നിഷേധിച്ച അര്‍ണബ് ഗോസ്വാമി അന്വേയ്ക്ക് മുഴുവന്‍ പണവും നല്‍കിയെന്നാണ് പറഞ്ഞത്.
കേസ് അന്വേഷണത്തിന് എന്ത് സംഭവിച്ചു?
കേസ് നടപടികള്‍ 2019 ഏപ്രിലില്‍ റായ്ഗഡ് പൊലീസ് അവസാനിപ്പിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ പരമാര്‍ശിക്കുന്ന, ഗോസ്വാമി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്തിയില്ലെന്ന് പറഞ്ഞാണ് പൊലീസ് കേസ് അവസാനിപ്പിച്ചത്.
എന്നാല്‍, കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വെയുടെ മകള്‍ അദ്ന്യ നായിക് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ സമീപിച്ചിരുന്നു. ”സംരംഭകനായ തന്റെ അച്ഛനെയും മുത്തശ്ശിയെയും 2018 മേയില്‍ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഇടയാക്കിയ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് കുടിശ്ശിക നല്കാത്തതിനെുറിച്ച് അലിബാഗ് പൊലീസ് അന്വേഷിച്ചിട്ടില്ലെന്ന് അദ്ന്യ നായിക് എന്നോട് പരാതിപ്പെട്ടിരുന്നു. കേസില്‍ സിഐഡിയുടെ പുനരന്വേഷണത്തിന് ഉത്തരവിട്ടു,” ദേശ് മേയില്‍ ട്വീറ്റ് ചെയ്തു.
തന്റെ പിതാവിന് ഗോസ്വാമി 83 ലക്ഷം രൂപയുടെ കുടിശ്ശിക നല്‍കിയില്ലെന്നും അതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമുള്ള വശം പൊലീസ് അന്വേഷിച്ചില്ലെന്നും അദന്യ ആരോപിച്ചിരുന്നു. കേസ് ഈ വര്‍ഷം മേയില്‍ ആഭ്യന്തര വകുപ്പ് കേസ് സിഐഡിക്കു കൈമാറിയെങ്കിലും റായ്ഗഡ് പൊലീസാണ് അര്‍ണബിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയത്. കേസ് അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ട് നൽകിയ അതേ കോടതിയില്‍നിന്ന് പുനരന്വേഷണത്തിന് റായ്ഗഡ് പൊലീസിന് അനുമതി ലഭിച്ചതായി അര്‍ണാബിന്റെ വസതിക്കുപുറത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഗോസ്വാമിക്കെതിരെ തങ്ങള്‍ക്കു കേസില്ലെന്നു സിഐഡി അധികൃതര്‍ പറഞ്ഞു.
കേസില്‍ ഇനി എന്ത് സംഭവിക്കും?
അര്‍ണബിനെ ചോദ്യം ചെയ്യുന്ന മഹാരാഷ്ട്ര പൊലീസ് അന്വേയ്ക്കു ബാക്കി നല്‍കാനുണ്ടായിരുന്ന പണം കൊടുത്തുവെന്ന അവകാശവാദത്തിന് തെളിവ് നല്കാന് ആവശ്യപ്പെടും. അന്വേഷണത്തെ ആശ്രയിച്ച് കേസ് അവസാനിപ്പിക്കാനോ കുറ്റപത്രം നല്‍കാനോ പൊലീസ് തീരുമാനിക്കും.
ഇതിനു മുംബൈ പൊലീസ് അന്വേഷിക്കുന്ന കേസുമായി ബന്ധമുണ്ടോ?
അര്‍ണബിനെതിരെ മുംബൈ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളുമായി ഇപ്പോഴത്തെ കേസിനു ബന്ധമില്ല. അര്‍ണബിനെ കസ്റ്റഡിയിലെടുക്കാന്‍ റായ്ഗഡില്‍നിന്ന് എത്തിയ പൊലീസ് സംഘത്തെ സഹായിക്കാന്‍ മുംബൈ പൊലീസ് സംഘം ഇന്നു രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തുകയായിരുന്നു.
അര്‍ണബ് മുംബൈയില്‍ എന്ത് കേസുകളാണ് നേരിടുന്നത്?
ടിആര്‍പി കുംഭകോണത്തില്‍ റിപ്പബ്ലിക്ക് ചാനലിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ടിആര്‍പി കൂട്ടുന്നതിനായി റിപ്പബ്ലിക്കും മറ്റ് അഞ്ച് ചാനലുകളും പണം നല്‍കിയെന്നാണ് ആരോപണം. ഇക്കാര്യം റിപ്പബ്ലിക് നിഷേധിച്ചിരുന്നു. കമ്മിഷണര്‍ പരം ബിര്‍ സിങ്ങിന്റെ നടപടിയില്‍ മുംബൈ പൊലീസിലെ നിരവധി ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി ചാനലിന്റെ ഒരു ഷോയില്‍ പറഞ്ഞതിനെത്തുടര്‍ന്ന് ഗോസ്വാമിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതിനൊപ്പം, ബാന്ദ്ര റെയില്‍വേ സ്റ്റേഷനു പുറത്തെ കുടിയേറ്റക്കാരുടെ ഒത്തുചേരല്‍, പാല്‍ഘറില്‍ സംന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നത് എന്നീ വിഷയങ്ങളിലും അര്‍ണബിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ രണ്ട് എഫ്ഐആറിലും ഗോസ്വാമിക്കെതിരെ നടപടി ആരംഭിക്കുകയും നല്ല പെരുമാറ്റം സംബന്ധിച്ച് ബോണ്ടില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ എഫ്ഐആറുകള്ക്കെതിരെ ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കാനൊയിരുന്നു സുപ്രീം കോടതി നിര്‍ദേശം.
നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങില്‍, അവകാശ ലംഘനത്തിന് മഹാരാഷ്ട്ര നിയമസഭ അര്‍ണബിനു കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഇതിനെ ചോദ്യം ചെയ്തും അര്‍ണബ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.