scorecardresearch

അമൃത്പാലിനും കൂട്ടാളികൾക്കുമെതിരെ എൻഎസ്എ: എന്താണ് ദേശീയ സുരക്ഷാ നിയമം?

പതിവ് അറസ്റ്റ് കേസുകളിൽനിന്ന് എൻഎസ്എയുടെ വ്യവസ്ഥകൾ വ്യത്യാസപ്പെട്ടിരിക്കുന്നതെങ്ങനെ? എന്തുകൊണ്ടാണ് ഇത് പലപ്പോഴും വിമർശിക്കപ്പെടുന്നത്?

NSA, amritpal singh, waris de punjab, habeas corpus, explained, act, provisions, criticisms, advisory board, supreme court
ഫൊട്ടൊ: എഎൻഐ

വാരിസ് പഞ്ചാബ് ദേ തലവനായ അമൃത്പാൽ സിങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതായി പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ വിനോദ് ഗായ്. അമൃത്പാൽ സിങ്ങിനെ ഹാജരാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് വാരിസ് പഞ്ചാബ് ദേയുടെ നിയമോപദേഷ്ടാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറൽ ഇക്കാര്യം അറിയിച്ചത്.

“അമൃത്പാൽ സിങ് ഒളിവിലാണ്. അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുക്കാൻ റെയ്ഡുകൾ നടത്തിയെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. അമൃത്‌സർ ജില്ലാ മജിസ്‌ട്രേറ്റ് 1980 ലെ ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പ് 3(2) പ്രകാരം അമൃത്‌പാൽ സിങ്ങിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുക്കാനുള്ള ഉത്തരവ് നൽകിയെങ്കിലും ഒളിവിൽ പോയിരിക്കുന്നതിനാൽ അത് നടപ്പിലാക്കാനായിട്ടില്ല,” ജലന്ധർ കമ്മീഷണർ കുൽദീപ് ചാഹൽ പറഞ്ഞു.

അമൃത്പാൽ സിങ്ങിന്റെ സഹായികളായ ഗുർമീത് സിങ് ബുക്കൻവാല, ബസന്ത് സിങ്, ഭഗവന്ത് സിങ് എന്ന പർദ്ദൻ മന്ത്രി ബജെകെ, ദൽജിത് സിങ് കൽസി എന്നിവരെ ഈ നിയമപ്രകാരം അറസ്റ്റ് ചെയ്തു. അവർ നിലവിൽ അസമിലെ ദിബ്രുഗഡിലെ ജയിലിലാണ്.

എന്താണ് ദേശീയ സുരക്ഷാ നിയമം?

പാർലമെന്റ് 1980ൽ പാസാക്കിയ ദേശീയ സുരക്ഷാ നിയമത്തിൽ, അതിനുശേഷം നിരവധി തവണ ഭേദഗതി വരുത്തിയിട്ടുണ്ട്. കുറ്റം ചുമത്താതെയും വിചാരണ കൂടാതെയും ഒരു വൃക്തിയെ തടങ്കലിൽ വയ്ക്കാൻ എൻഎസ്എ ഭരണകൂടത്തിന് അധികാരം നൽകുന്നു.

ഒരു വ്യക്തി ‘രാജ്യ സുരക്ഷ’ അല്ലെങ്കിൽ ‘സമൂഹത്തിലെ സമാധാനം പരിപാലിക്കുക’ എന്നിവയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നത് തടയാൻ വ്യക്തിയെ ഈ നിയമപ്രകാരം കസ്റ്റഡിയിലെടുക്കുന്നു. ഡിവിഷണൽ കമ്മീഷണറോ ജില്ലാ മജിസ്‌ട്രേറ്റോ (ഡിഎം) പാസാക്കിയ ഭരണപരമായ ഉത്തരവിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. പ്രത്യേക ആരോപണങ്ങളുടെ അടിസ്ഥാനത്തിലോ നിയമലംഘനത്തിന്റെ പേരിലോ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസിന്റെ ഉത്തരവല്ല.

ഒരാൾ പൊലീസ് കസ്റ്റഡിയിലാണെങ്കിൽപോലും, ജില്ലാ മജിസ്‌ട്രേറ്റിന് അവർക്കെതിരെ എൻഎസ്‌എ ചുമത്താം. ഒരു വ്യക്തിക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും അവരെ എൻഎസ്എ പ്രകാരം തടങ്കലിൽ വയ്ക്കാം. കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ടെങ്കിൽ, അതേ വ്യക്തിയെ എൻഎസ്എ പ്രകാരം തടങ്കലിൽ വയ്ക്കാം. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുള്ള ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശത്തെ ഈ നിയമം റദ്ദാക്കുന്നു. ഈ നിയമപ്രകാരം തടവിലാക്കപ്പെട്ട വ്യക്തിക്ക് ക്രിമിനൽ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാനും അവകാശമില്ല.

തടങ്കലിൽ വയ്ക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?

ഇന്ത്യയുടെ പ്രതിരോധത്തിനോ വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിനോ സുരക്ഷയ്‌ക്കോ എതിരെ ഒരു വ്യക്തി പ്രവർത്തിക്കുന്നത് തടയാൻ എൻഎസ്എ ചുമത്താം. സമൂഹത്തിന് അടിസ്ഥാനപരമായ സേവനം, വിതരണം എന്നിവയുടെ പരിപാലനത്തിന് തടസം സൃഷ്ടിക്കുന്ന നിലയിൽ ഒരു വ്യക്തി മുൻവിധിയോടെ പ്രവർത്തിക്കുന്നത് തടയാനും ഈ നിയമം പ്രയോഗിക്കാവുന്നതാണ്.

ഒരു വ്യക്തിയെ പരമാവധി 12 മാസത്തേക്ക് കുറ്റം ചുമത്താതെ തടങ്കലിൽ വയ്ക്കാം. പ്രത്യേക സാഹചര്യങ്ങളിൽ തടങ്കലിൽ വച്ചിരിക്കുന്ന വ്യക്തിയെ 10 മുതൽ 12 ദിവസം വരെ അവർക്കെതിരായ കുറ്റങ്ങൾ പറയാതെ തന്നെ തടവിൽ പാർപ്പിക്കാം.

ആക്ട് പ്രകാരം എന്ത് പരിരക്ഷയാണ് ലഭ്യമാകുന്നത്?

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 22 പ്രകാരം ചില കേസുകളിൽ അറസ്റ്റിനും തടങ്കലിനും അതിനെതിരായ സംരക്ഷണത്തിനുള്ള അവകാശവും കരുതൽ തടങ്കലിൽ വെക്കാനും അനുവദിക്കുന്നു. എന്നാൽ, ആർട്ടിക്കിൾ 22(3) പ്രകാരം അറസ്റ്റ് ചെയ്ത വ്യക്തിക്ക് ലഭിക്കുന്ന അവകാശങ്ങൾ കരുതൽ തടങ്കലിൽ വയ്ക്കുന്ന സാഹചര്യത്തിൽ ബാധകമാകില്ല.

ആർട്ടിക്കിൾ 22(5) പ്രകാരം എൻഎസ്എ ചുമത്തപ്പെടുന്നവർക്ക് നിർണായകമായ ഒരു നടപടിക്രമ സംരക്ഷണം അനുവദിച്ചിട്ടുണ്ട്. മൂന്ന് അംഗങ്ങൾ അടങ്ങുന്ന ഒരു സ്വതന്ത്ര ഉപദേശക സമിതിക്ക് മുമ്പാകെ തങ്ങളുടെ ഭാഗം ബോധിപ്പിക്കാനുള്ള അവകാശം ഇത് പ്രകാരം തടവിലാക്കപ്പെട്ട എല്ലാ വ്യക്തികൾക്കും ഉണ്ട്. ഹൈക്കോടതി ജഡ്ജിയോ ജഡ്ജി ആയിരുന്നതോ ആയ വ്യക്തിയായിരിക്കും ബോർഡിന്റെ അധ്യക്ഷൻ. അലഹബാദ് ഹൈക്കോടതിയുടെ മുമ്പാകെയുള്ള ഇത്തരം 120 കേസുകളിലും, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ, ഈ തടങ്കൽ നടപടി ക്രമങ്ങളെ ബോർഡ് ശരിവച്ചതായി 2021-ൽ ദി ഇന്ത്യൻ എക്സ്‌പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുന്ന ജില്ലാ മജിസ്ട്രേറ്റിന് നിയമ പരിരക്ഷ ലഭിക്കുന്നാണ്. ഉത്തരവുകൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥനെതിരെ പ്രോസിക്യൂഷനോ നിയമനടപടിയോ സാധ്യമല്ല. അതിനാൽ, എൻഎസ്എ പ്രകാരം ആളുകളെ കസ്റ്റഡിയിലെടുക്കാനുള്ള ഭരണകൂടത്തിന്റെ അധികാരത്തിനെതിരെ ഭരണഘടന പ്രകാരം ലഭ്യമായ പ്രതിവിധിയാണ് ഹേബിയസ് കോർപ്പസ് ഹർജി. അമൃത്പാൽ സിങ്ങിന്റെ കേസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ വാരിസ് പഞ്ചാബ് ദേയുടെ നിയമോപദേഷ്ടാവ് ഇമാൻ സിങ് ഖാരയാണ് ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്.

സുപ്രീം കോടതി എന്താണ് പറയുന്നത്?

“അപകടസാധ്യതയുള്ള ഈ അധികാരത്തിന്റെ ദുരുപയോഗം തടയുന്നതിനും , നടപടിക്രമ സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി പാലിക്കുന്നതിനും കരുതൽ തടങ്കൽ നിയമം കർശനമായി വ്യാഖ്യാനിക്കേണ്ടതുണ്ട്, ” എന്ന് നേരത്തെയുള്ള കേസുകളിൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

എന്താണ് എൻഎസ്എക്കെതിരെയുള്ള വിമർശനം?

ഭരണഘടനയുടെ ആർട്ടിക്കിൾ 22, സിആർപിസി പ്രകാരമുള്ള വിവിധ വ്യവസ്ഥകൾ എന്നിവ ഈ നിയമം ലംഘിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ നേരത്തെ പറഞ്ഞിരുന്നതായി ചണ്ഡീഗഡിലെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകനായ നിതിൻ കൗശൽ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അതായത്, അറസ്റ്റിലായ വ്യക്തിക്ക് അതിന്റെ കാരണത്തെക്കുറിച്ചും നിയമജ്ഞനെ സമീപിക്കാനുള്ള അവന്റെ അവകാശത്തെക്കുറിച്ചും അറിയിക്കണം.

കൂടാതെ സിആർപിസി പ്രകാരം, അറസ്റ്റിലായ വ്യക്തിയെ 24 മണിക്കൂറിനുള്ളിൽ അടുത്തുള്ള മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം, എന്നാൽ എൻഎസ്എയിൽ ഇതിന്റെ ആവശ്യമില്ല. രാഷ്ട്രീയ എതിരാളികളെയോ സർക്കാരിനെ വിമർശിക്കുന്നവരെയോ നിശബ്ദരാക്കാൻ അധികാരികൾ ഇത് പലപ്പോഴും ദുരുപയോഗം ചെയ്യുന്നുവെന്ന് ചില മനുഷ്യാവകാശ ഗ്രൂപ്പുകൾ പറയുന്നു. നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ നിയമം പിൻവലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ ഇതിന് എതിരഭിപ്രായവുമുണ്ട്. രാജ്യത്തിന്റെ വിശാല താൽപ്പര്യം സംരക്ഷിക്കുന്നതിനാൽ ഇതിനെ നിഷ്ഠൂര നിയമമായി വ്യാഖ്യാനിക്കാനാവില്ലെന്നും അതിനാൽ അത് തുടരാൻ സാധ്യതയുണ്ടെന്നും കൗശൽ പറയുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What is the national security act and why it is applied against amritpal