ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ നാല് ക്വാഡ് രാജ്യങ്ങളുടെയും നാവികസേനകൾ പങ്കെടുക്കുന്ന മലബാർ അഭ്യാസം കിഴക്കൻ ചൈനാ കടലിന് സമീപമുള്ള യോകോസുക ദ്വീപ് കേന്ദ്രീകരിച്ച് ആരംഭിച്ചിരിക്കുകയാണ്.
ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ് (ജെഎംഎസ്ഡിഎഫ്) ആതിഥേയത്വം വഹിക്കുന്ന 10 ദിവസത്തെ അഭ്യാസത്തിനായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകളായ ഐഎൻഎസ് ശിവാലിക്കും ഐഎൻഎസ് കമോർട്ടയും വിന്യസിച്ചതായി അധികൃതർ അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ നേവി ഈസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ റിയർ അഡ്മിറൽ സഞ്ജയ് ഭല്ല, ജാപ്പനീസ് നേവിയുടെ കമാൻഡർ ഇൻ ചീഫ് സെൽഫ് ഡിഫൻസ് ഫ്ലീറ്റ് വൈസ് അഡ്മിറൽ യുവാസ ഹിഡെകി, യുഎസ് നാവികസേനയുടെ ഏഴാമത്തെ കമാൻഡർ വൈസ് അഡ്മിറൽ കാൾ തോമസ്, ഓസ്‌ട്രേലിയൻ ഫ്ലീറ്റ് കമാൻഡർ റിയർ അഡ്മിറൽ ജോനാഥൻ എർലി എന്നിവർ പങ്കെടുത്തു.
ആരംഭം മുതൽ തന്നെ മലബാർ അഭ്യാസത്തെ ചൈന സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ഈ വാർഷിക അഭ്യാസങ്ങൾ ഇൻഡോ-പസഫിക് മേഖലയിലുള്ള തങ്ങളുടെ സ്വാധീനം ചെറുക്കാനുള്ള ശ്രമമായിയാണ് ബീജിങ് കാണുന്നത്. അഭ്യാസത്തിൽ നാല് നാവിക സേനകളുടെയും നിരവധി മുൻനിര യുദ്ധകപ്പലുകൾ ചേർന്ന് സങ്കീർണമായ അഭ്യാസങ്ങൾ അവതരിപ്പിക്കും. ഉഭയകക്ഷി അഭ്യാസമായി ആരംഭിച്ചത് ഇപ്പോൾ ക്വാഡ് സേനയുടെ സൈനിക പരസ്പര പ്രവർത്തനത്തിന്റെ അടിസ്ഥ ശിലകളിലെന്നാണ്.
എന്താണ് മലബാർ നാവിക അഭ്യാസം ?
1992ലാണ് ഇന്ത്യ, യുഎസ് നാവികസേനകൾ ചേർന്ന് മലബാർ നാവിക അഭ്യാസം എന്ന പേരിൽ സംയുക്ത നാവിക പരിശീലനം ആരംഭിച്ചത്. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി അഭ്യാസമായാണ് അത് ആരംഭിച്ചത്. അഭ്യാസത്തിന്റെ രണ്ട് പതിപ്പുകൾ കൂടി 1995ലും 1996ലും നടത്തി.അതിനുശേഷം ഇന്ത്യയുടെ ആണവ പരീക്ഷണങ്ങളെത്തുടർന്ന് 2002 വരെ ഇടവേളയുണ്ടായി. 2002 മുതൽ എല്ലാ വർഷവും നാവികാഭ്യാസം നടത്തി വരുന്നു. ജപ്പാനും ഓസ്ട്രേലിയയും 2007ലാണ് ആദ്യമായി പങ്കെടുത്തത്. 2014 മുതൽ ഇന്ത്യ, യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങൾ എല്ലാ വർഷവും അഭ്യാസത്തിൽ പങ്കെടുത്തു.

സംയുക്ത നാവിക അഭ്യാസമായി മാറിയത് എങ്ങനെ?
2015ൽ ജപ്പാൻ സ്ഥിരാംഗമായി നാവിക അഭ്യാസത്തിൽ ചേരുകയും മലബാർ ത്രിരാഷ്ട്ര അഭ്യാസമായി മാറുകയും ചെയ്തു. എന്നാൽ 2020 സുപ്രധാന വർഷമായിരുന്നു. ഒരു പതിറ്റാണ്ടിനിപ്പുറം ആദ്യമായി ഈ അഭ്യാസത്തിൽ നാല് ക്വാഡ് അംഗങ്ങളും പങ്കെടുത്തു.
2007-ൽ രണ്ട് മലബാർ അഭ്യാസങ്ങളുണ്ടായിരുന്നു. പടിഞ്ഞാറൻ പസഫിക്കിലെ ജപ്പാനിലെ ഒകിനാവ ദ്വീപിലായിരുന്നു ആദ്യത്തേത്. ഇന്ത്യൻ തീരങ്ങളിൽനിന്ന് മാറിയുള്ള ആദ്യത്തെ അഭ്യാസമായിരുന്നു ഇത്. ഇന്ത്യ, ജപ്പാൻ, അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ പങ്കെടുത്ത രണ്ടാമത്തെ മലബാർ അഭ്യാസം 2007 സെപ്റ്റംബറിൽ വിശാഖപട്ടണത്താണ് നടന്നത്. അടുത്ത വർഷം, ഓസ്‌ട്രേലിയയിൽ സർക്കാർ മാറി. ഇതോടെ ഓസ്‌ട്രേലിയ അഭ്യാസത്തിൽ പങ്കെടുക്കുന്നത് നിർത്തി.
എന്തുകൊണ്ടാണ് ഓസ്‌ട്രേലിയ മടങ്ങിയെത്തിയത്,
അതിന്റെ പങ്കാളിത്തത്തിന്റെ പ്രധാന്യമെന്ത് ?
പ്രധാന കാരണം ചൈനയാണ്. ഇന്തോ-പസഫിക് മേഖലയിലെ നാല് ശക്തമായ നാവികസേനകളുടെ ഒരു ഗ്രൂപ്പായി, ക്വാഡിന്റെ ആഗോളതലത്തിലെ സൈനിക ശക്തി ചൈനയെ പ്രകോപിപ്പിച്ചു. നേരത്തെ, ഇന്ത്യ മലബാർ സഖ്യം വിപുലീകരിക്കാത്തതും 2007 ന് ശേഷം ഓസ്‌ട്രേലിയ പിന്മാറിയതും ചൈനയെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്ന് കരുതിയാണ്. എന്നാൽ പങ്കെടുക്കുന്ന നാല് രാജ്യങ്ങളുമായും ചൈനയുടെ ബന്ധം അസ്വസ്ഥമായതോടെ മലബാർ ശക്തമായ സന്ദേശം നൽകി.
അഭ്യാസത്തിന്റെ പ്രധാന്യമെന്ത്?
യുദ്ധ സിമുലേഷനുകളും പോരാട്ട തന്ത്രങ്ങളും ഉൾപ്പെടുന്ന ഒരു ബഹുമുഖ നാവിക പരിശീലനമാണ് മലബാർ നാവികാഭ്യാസം. ഡ്യൂവൽ കാരിയർ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ നേവിയുടെ വിക്രമാദിത്യ കാരിയർ ബാറ്റിൽ ഗ്രൂപ്പിനെയും യുഎസ് നേവിയുടെ നിമിറ്റ്സ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെയും കേന്ദ്രീകരിച്ചുള്ളതാണ് സംയുക്ത പ്രവർത്തനങ്ങൾ.
2020ൽ രണ്ട് ഘട്ടങ്ങളായാണ് അഭ്യാസം നടത്തിയത്. ആദ്യത്തേത് ബംഗാൾ ഉൾക്കടലിൽ വിശാഖപട്ടണം തീരത്ത്, തുടർന്ന് നവംബറിൽ അറബിക്കടലിൽ. 2019ൽ ജപ്പാൻ തീരത്തും 2018ൽ ഫിലിപ്പൈൻ കടലിലും അഭ്യാസം നടത്തിയിരുന്നു.
രണ്ട് കാരിയറുകളും മറ്റ് കപ്പലുകൾ, അന്തർവാഹിനികൾ, പങ്കെടുക്കുന്ന നാവികസേന വിമാനങ്ങൾ എന്നിവയ്‌ക്കൊപ്പം നാവിക പ്രവർത്തനങ്ങൾ നടത്തി. ക്രേസ്-ഡെക്ക് ഫ്ലയിങ്ങ് ഓപ്പറേഷനുകളും വിക്രമാദിത്യയിൽനിന്നുള്ള മിഗ് 29 കെ യുദ്ധവിമാനങ്ങളും എഫ്-18ന്റെ നൂതന വ്യോമ പ്രതിരോധ അഭ്യാസങ്ങളും നിമിറ്റ്സിൽനിന്നുള്ള ജെറ്റുകളും ഇ2സി ഹൌക്കി എയർബോൺ എർളി വാർണിങ്ങ്( എഇഡബ്ല്യു) അഭ്യാസങ്ങളും ഇതിൽ ഉൾപ്പെട്ടു.
നൂതന ഉപരിതല, അന്തർവാഹിനി വിരുദ്ധ എക്സർസെസുകൾ, സീമാൻഷിപ്പ് പരിണാമങ്ങൾ, ആയുധ വെടിവയ്പു കൾ എന്നിവയും നടത്തി. ഇത് നാല് രാജ്യങ്ങളും തമ്മിലുള്ള സമന്വയവും ഏകോപനവും പരസ്പര പ്രവർത്തനക്ഷമതയും പ്രകടമാക്കി.
കോവിഡ് കാലത്ത് എങ്ങനെയായിരുന്നു അഭ്യാസം?
കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് “കടലിൽ സമ്പർക്കം പുലർത്താത്ത” രീതിയിലാണ് 2020ൽ അഭ്യാസം ആസൂത്രണം ചെയ്തത്. 2021ലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള അഭ്യാസമാണ് നടത്തിയത്.
ഇന്ത്യ ഈ രാജ്യങ്ങളുമായി മറ്റെന്തെങ്കിലും നാവിക അഭ്യാസങ്ങൾ നടത്തുന്നുണ്ടോ?
ഈ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നിരവധി തരത്തിലുള്ള ഉഭയകക്ഷി, ബഹുമുഖ സൈനികാഭ്യാസങ്ങളുണ്ട്. 2020ൽ ഇന്ത്യൻ നാവികസേന ജപ്പാൻ, ഓസ്‌ട്രേലിയ, യുഎസ് എന്നിവയുടെ നാവികസേനകളുമായി നിരവധി പാസേജ് എക്സർസൈസുകൾ നടത്തി. നാവികസേനകൾ തമ്മിലുള്ള പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള അടിസ്ഥാനമാണിത്. പരസ്പരം തുറമുഖങ്ങൾ സന്ദർശിക്കുമ്പോഴോ കടലിൽ കൂടിക്കാഴ്ച നടത്തുമ്പോഴോ സൗഹൃദപരമായ വിദേശ നാവികസേനയുടെ യൂണിറ്റുകൾ ഉപയോഗിച്ച് ഇത്തരം അഭ്യാസങ്ങൾ “പതിവായി” നടത്താറുണ്ടെന്ന് നാവികസേന പറഞ്ഞു.