scorecardresearch
Latest News

എന്താണ് ഇപിഎഫ്ഒ വാഗ്ദാനം ചെയ്യുന്ന ഉയർന്ന പെൻഷൻ ഓപ്ഷൻ?

ഇപിഎഫ്ഒ വരിക്കാർക്ക് ഇപ്പോൾ ഉയർന്ന പെൻഷൻ ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇപിഎഫ്ഒയ്ക്കും ഇപിഎസിലെ അംഗങ്ങൾക്കും ഇതിന്റെ പ്രയോജനം എങ്ങനെയെന്നറിയാം

pension epfo, epfo higher pension, higher pension for employees, EPFO, EPS, employees pension scheme, eps pension latest news, apply pension online

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തങ്ങളുടെ പഴയ അംഗങ്ങളിലെ ഒരു വിഭാഗത്തിന് എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ, ഉയർന്ന പെൻഷൻ ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. 2014ലെ എംപ്ലോയീസ് പെൻഷൻ (ഭേദഗതി) സ്കീം, ശരിവച്ച 2022 നവംബർ നാലിലെ വിധിയിൽ സുപ്രീം കോടതി, ജീവനക്കാർക്ക് അനുവദിച്ച നാലു മാസത്തെ കാലാവധി അവസാനിക്കുന്നതിനു 12 ദിവസം മുൻപ് തിങ്കളാഴ്ചയാണ് ഇപിഎഫ്ഒയുടെ നിർദേശങ്ങൾ വന്നത്.

നിലവിലുള്ള പെൻഷൻ ഘടന എന്താണ്?

1952 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആൻഡ് മിസലേനിയസ് പ്രൊവിഷൻസ് ആക്ടിൽ പെൻഷൻ സ്കീമിനു വ്യവസ്ഥയുണ്ടായിരുന്നില്ല. ഇപിഎഫ്ഒയുടെ ഇപിഎസ് 1995ലാണു നിലവിൽ വന്നത്. പിഎഫ് കോർപ്പസിലെ (നിഷേപകർ ഒരു പ്രത്യേക സ്കീമിൽ നിഷേപിക്കുന്ന മുഴുവൻ തുക) തൊഴിലുടമകളുടെ വിഹിതത്തിന്റെ 8.33 ശതമാനം നിക്ഷേപം അടങ്ങുന്നതാണു പെൻഷൻ ഫണ്ട്.

ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, റീടെയിനിങ് അലവൻസ് എന്നിവയുടെ 12 ശതമാനം വീതം ജീവനക്കാരും തൊഴിലുടമകളും ഇപിഎഫിലേക്കു നൽകുന്നു. ജീവനക്കാരുടെ മുഴുവൻ വിഹിതവും ഇപിഎഫിലേക്കു പോകുന്നു. തൊഴിലുടമയുടെ 12 ശതമാനം വിഹിതത്തിൽനിന്നു 3.67 ശതമാനം ഇപിഎഫിലേക്കും 8.33 ശതമാനം ഇപിഎസിലേക്കും വിഭജിച്ചിരിക്കുന്നു.

ഓരോ ജീവനക്കാർക്കും പെൻഷനുവേണ്ടി സർക്കാർ 1.16 ശതമാനം വിഹിതം നൽകുന്നു. പെൻഷൻ പദ്ധതിയിലേക്കു ജീവനക്കാർ വിഹിതം നൽകുന്നില്ല. ഇപിഎസ് നിലവിൽ വന്ന കാലത്ത് പെൻഷൻ ലഭിക്കാവുന്ന പരമാവധി ശമ്പളം പ്രതിമാസം 5000 രൂപയായിരുന്നു. ഇത് പിന്നീട് 6,500 രൂപയായും 2014 സെപ്റ്റംബർ 1 മുതൽ 15,000 രൂപയായും ഉയർത്തി. നിലവിൽ പെൻഷൻ വിഹിതം 15,000 രൂപയുടെ 8.33 ശതമാനമാണ്. അതായത് 1,250 രൂപ. ജീവനക്കാരനും തൊഴിലുടമയും പെൻഷൻ അർഹിക്കുന്ന ശമ്പളത്തേക്കാൾ യഥാർത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിഹിതം നൽകാൻ തീരുമാനിച്ചാൽ ഇതിൽ മാറ്റം വരും.

ഇപിഎസ് പ്രകാരം ആർക്കൊക്കെ പെൻഷൻ ലഭിക്കും ?

കുറഞ്ഞതു 10 വർഷമെങ്കിലും സേവനമനുഷ്ഠിക്കുകയും 58 വയസ്സിൽ വിരമിക്കുകയും ചെയ്ത ജീവനക്കാർക്ക് ഇപിഎസ് പെൻഷൻ നൽകുന്നു. അംഗം 50 വയസിനും 57 വയസിനും ഇടയിൽ ജോലി വിട്ടാൽ അവർക്കു നേരത്തെയുള്ള (കുറഞ്ഞ തുക) പെൻഷനാണു ലഭിക്കുക.

ഈ ഫോർമുല അനുസരിച്ചാണ് പ്രതിമാസ പെൻഷൻ കണക്കാക്കുന്നത്:

പ്രതിമാസ പെൻഷൻ = പെൻഷൻ അർഹിക്കുന്ന ശമ്പളം x പെൻഷൻ അർഹിക്കുന്ന സേവനം / 70. 2014 സെപ്തംബർ ഒന്നു വരെയുള്ള പെൻഷൻ സേവനത്തിനു പരമാവധി പ്രതിമാസ പെൻഷൻ ശമ്പളമായ 6,500 രൂപയുമായി ബന്ധിപ്പിച്ചിട്ടുള്ള ആനുപാതിക അടിസ്ഥാനത്തിലാണിത്. അതിനുശേഷം പെൻഷൻ അർഹിക്കുന്ന ശമ്പളം 15,000 രൂപയായി.

ഭേദഗതിക്കു മുൻപുള്ള സ്കീമിനു കീഴിൽ, പെൻഷൻ ഫണ്ടിലെ അംഗത്വത്തിൽനിന്നു പുറത്തുകടക്കുന്നതിനു മുൻപുള്ള 12 മാസങ്ങളിൽ ലഭിക്കുന്ന ശമ്പളത്തിന്റെ ശരാശരിയിലൂടെയാണ് പെൻഷന് അർഹമായ ശമ്പളം കണക്കാക്കുന്നത്. 2014 ലെ ഭേദഗതികൾ ഇതു ശരാശരി 60 മാസമായി ഉയർത്തി.

ഇപിഎസിലെ 2014ലെ ഭേദഗതികൾ എന്തായിരുന്നു?

2014 ഓഗസ്റ്റ് 22 ലെ ഭേദഗതികൾ, പെൻഷൻ ലഭിക്കാവുന്ന ശമ്പള പരിധി 6,500 രൂപയിൽനിന്നു 15,000 രൂപയായി ഉയർത്തി. അംഗങ്ങൾക്ക് അവരുടെ തൊഴിലുടമകൾക്കൊപ്പം അവരുടെ യഥാർത്ഥ ശമ്പളത്തിന്റെ (അത് പരിധി കവിഞ്ഞാൽ) 8.33 ശതമാനം വിഹിതം ഇപിഎസിലേക്കു നൽകാൻ കഴിയും. റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണറുടെ വിവേചനാധികാരത്തിൽ ആറ് മാസത്തേക്ക് കൂടി നീട്ടാവുന്ന, ഭേദഗതി വരുത്തിയ സ്കീം തിരഞ്ഞെടുക്കാൻ 2014 സെപ്തംബർ ഒന്നിന് എല്ലാ ഇപിഎസ് അംഗങ്ങൾക്കും ആറു മാസത്തെ സമയം നൽകി.

യഥാർത്ഥ ശമ്പളവുമായി ബന്ധിപ്പിച്ച് പെൻഷൻ തിരഞ്ഞെടുക്കുന്ന അംഗങ്ങൾ വേതന പരിധി കവിയുന്ന സാഹചര്യത്തിൽ അവരുടെ ശമ്പളത്തിന്റെ 1.16 ശതമാനം അധികമായി പെൻഷൻ ഫണ്ടിലേക്ക് വിഹിതം നൽകേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ അല്ലെങ്കിൽ നീട്ടിയ കാലയളവിനുള്ളിൽ ഓപ്ഷൻ ഉപയോഗിക്കാത്തവർ പെൻഷൻ ലഭിക്കാവുന്ന ശമ്പള പരിധിക്കു മുകളിലുള്ള വിഹിതം തിരഞ്ഞെടുത്തിട്ടില്ലെന്നു കണക്കാക്കി പെൻഷൻ ഫണ്ടിലേക്ക് ഇതിനകം നൽകിയ അധിക വിഹിതം, പലിശയുൾപ്പെടെ അംഗത്തിന്റെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലേക്ക് തിരികെ നൽകും.

2022 നവംബറിലെ വിധിയിൽ സുപ്രീം കോടതി പറഞ്ഞതെന്ത്?

ഭേദഗതികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒഴിവാക്കിയതും ഒഴിവാക്കാത്തതുമായ സ്ഥാപനങ്ങളിലെ ജീവനക്കാർ 54 റിട്ട് ഹർജികൾ സമർപ്പിച്ചു. ഉയർന്ന പെൻഷൻ അർഹമായ ശമ്പളവുമായി ബന്ധിപ്പിച്ചിട്ടുള്ള ഭേദഗതി വരുത്തിയ പെൻഷൻ പദ്ധതി തിരഞ്ഞെടുക്കുന്നതിനുള്ള സമയ പരിധിയെക്കുറിച്ചുള്ള വിവരങ്ങളുടെയും അവബോധത്തിന്റെയും അഭാവമാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.

അന്നത്തെ ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാംശു ധൂലിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് 2014-ലെ ഭേദഗതി ശരിവയ്ക്കുകയും പുതിയ പദ്ധതി തിരഞ്ഞെടുക്കാനുള്ള സമയം നാല് മാസത്തേക്കു നീട്ടുകയും ചെയ്തു. അംഗങ്ങൾ 1.16 ശതമാനം വിഹിതം നൽകണമെന്ന ഭേദഗതിയുടെ നിർദേശം കോടതി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.

ഫെബ്രുവരി 20ലെ സർക്കുലറിൽ ഇപിഎഫ്ഒ എന്താണ് പറഞ്ഞിരിക്കുന്നത്?

ഇപിഎഫ്ഒ അതിന്റെ ഫീൽഡ് ഓഫീസർമാരോട് താഴെപ്പറയുന്നവർക്ക് ഉയർന്ന വിഹിതത്തിനുള്ള ഓപ്ഷൻ അനുവദിക്കാൻ നിർദ്ദേശിച്ചു:

  • 5,000 അല്ലെങ്കിൽ 6,500 രൂപയുടെ വേതന പരിധിയിൽനിന്നു കൂടുതലായി ശമ്പളത്തിൽനിന്നുള്ള വിഹിതം നൽകിയ ജീവനക്കാരും തൊഴിലുടമകളും
  • എംപ്ലോയീസ് പെൻഷൻ സ്കീമിൽ (ഇപിഎസ് 95) അംഗങ്ങളായിരിക്കുമ്പോൾ (തൊഴിലുടമയും ജീവനക്കാരനും) സംയുക്ത ഓപ്ഷൻ പ്രയോഗിക്കാത്തവർ
  • 2014 സെപ്‌റ്റംബർ 1ന് മുൻപ് അംഗങ്ങളായിരുന്നവരും ആ തീയതിയിലോ അതിനുശേഷമോ അംഗമായി തുടരുന്നവരും

നിക്ഷേപിക്കുന്ന രീതി, പെൻഷൻ കണക്കുന്ന രീതി തുടങ്ങിയവയുടെ വിശദാംശങ്ങൾ തുടർന്നുള്ള സർക്കുലറുകളിൽ നൽകുമെന്ന് ഇപിഎഫ്ഒ അറിയിച്ചു. തൊഴിലുടമയ്ക്കും ജീവനക്കാർക്കും ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ സൗകര്യം ഉടൻ ലഭ്യമാക്കുമെന്നും പറയുന്നു.

ഉയർന്ന വേതനത്തിൽ ഇതിനകം വിഹിതം നൽകിയിരുന്നെങ്കിലും ഔപചാരികമായി ഓപ്ഷൻ ഉപയോഗിക്കാത്ത ജീവനക്കാർ ഇപിഎഫ്ഒ റീജിയണൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. പ്രൊവിഡന്റ് ഫണ്ടിൽനിന്നു പെൻഷൻ ഫണ്ടിലേക്ക് അഡ്ജസ്റ്റ്‌മെന്റ് ആവശ്യമായ തുക, ഫണ്ടിലേക്ക് റീ-ഡെപ്പോസിറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ, ജോയിന്റ് ഓപ്ഷൻ ഫോമിൽ ജീവനക്കാരൻ സമ്മതം നൽകണമെന്നും സർക്കുലറിൽ പറയുന്നു.

ഒഴിവാക്കപ്പെട്ട പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റിൽനിന്ന് ഇപിഎഫ്ഒയുടെ പെൻഷൻ ഫണ്ടിലേക്കു ഫണ്ട് കൈമാറ്റം ചെയ്യുകയാണെങ്കിൽ, ട്രസ്റ്റിയുടെ നിയമപരമായ സാധുതയുള്ള ഉറപ്പ് (രേഖാമൂലം) സമർപ്പിക്കും. “ഒഴിവാക്കപ്പെടാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരുടെ, തൊഴിലുടമയുടെ ആവശ്യമായ സംഭാവനയുടെ വിഹിതം റീഫണ്ട് ചെയ്താൽ, യഥാർത്ഥ റീഫണ്ട് തീയതി വരെ, 1952 ലെ ഇപിഎഫ് സ്കീമിലെ ഖണ്ഡിക 60 പ്രകാരം പ്രഖ്യാപിച്ച നിരക്കിൽ പലിശ സഹിതം നിക്ഷേപിക്കും,” അതിൽ പറയുന്നു.

ഇപിഎഫ്ഒയ്ക്കും ഇപിഎസിലെ അംഗങ്ങൾക്കും ഇത് അർഥമാക്കുന്നതെങ്ങനെ?

  • ഇപിഎഫ്ഒയെ സംബന്ധിച്ചിടത്തോളം, 15,000 രൂപ എന്ന പരിധിയേക്കാൾ യഥാർത്ഥ അടിസ്ഥാന ശമ്പളവുമായി ബന്ധിപ്പിക്കുമ്പോൾ കുത്തനെ ഉയർന്ന പെൻഷൻ പേഔട്ടുകളുടെ ഒരു സ്ട്രീം ഇതിലൂടെ ലഭിക്കും. പെൻഷൻ പദ്ധതിയിൽ നിർവചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉൾപ്പെടുന്നില്ല. എന്നാൽ നിർവചിച്ച സംഭാവനകൾ ഉൾപ്പെടുന്നു, ഇത് ഭാവിയിൽ ഇ പി എഫ് ഒയുടെ സാമ്പത്തികസ്ഥിതിയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് വിദഗ്ധർ പറഞ്ഞു.

ഉദാഹരണത്തിന്, ഒരു ജീവനക്കാരൻ 10 വർഷം ജോലി ചെയ്യുകയും പെൻഷൻ വിഹിതം നൽകുകയും ചെയ്യുന്നെങ്കിൽ 58-ാം വയസ്സിൽ പെന്‍ഷനായശേഷം, മരണം വരെ അതിന്റെ ആനുകൂല്യം ലഭിക്കും. 10 വർഷം വിഹിതം നൽകിയ കാലയളവിനേക്കാൾ വളരെ കൂടുതലായിരിക്കുമിത്. ആശ്രിതരായ കുടുംബാംഗങ്ങൾക്ക് പെൻഷൻ നൽകുന്നതിനുള്ള വ്യവസ്ഥയിൽ അംഗത്തിന്റെ മരണത്തിനപ്പുറവും ഇത് ലഭിക്കാം.

  • അംഗങ്ങൾക്കും തൊഴിലുടമകൾക്കും, ഇത് പ്രധാനമായും റിട്ടയർമെന്റിനു ശേഷമുള്ള ഉയർന്ന വാര്‍ഷിക വേതനത്തെ സൂചിപ്പിക്കുന്നു. 2014 സെപ്തംബർ വരെ ഉയർന്ന പെൻഷനുള്ള തിരഞ്ഞെടുപ്പിൽ പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പെൻഷൻ ഫണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നത് ഉൾപ്പെടുന്നു. ഈ പ്രക്രിയയുടെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്.

ഉയർന്ന പണപ്പെരുപ്പത്തിന്റെ സമയത്തും യഥാർത്ഥ ശമ്പളം പെൻഷന് അർഹമായ ശമ്പള പരിധിയായ 15,000 രൂപയ്ക്ക് അപ്പുറത്തേക്ക് ഉയർന്നിരിക്കുന്ന സാഹചര്യത്തിലും ഇതു വിരമിക്കലിനുശേഷം തൊഴിലാളികൾക്ക് മികച്ച സാമൂഹിക സുരക്ഷാ പരിരക്ഷ നൽകും. ഇപിഎഫ്ഒ അംഗങ്ങളിൽ ഒരു ചെറിയ ശതമാനം മാത്രമേ യഥാർത്ഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള വിഹിതം നേരത്തെ നൽകിയിരുന്നുള്ളൂ. കൂടുതൽ ജീവനക്കാർ ഉയർന്ന പെൻഷൻ പദ്ധതി തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What is the higher pension option of epfo