മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്സിങ്, ആനന്ദ് ഗ്രോവര്‍ എന്നിവരുടെ വസതിയിലും ഓഫീസുകളിലും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) റെയ്ഡ് നടത്തുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയെത്തുടര്‍ന്ന് വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) ലംഘിച്ചുവെന്നാരോപിച്ച് മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്സിങ്ങും ആനന്ദ് ഗ്രോവറും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലോയേഴ്സ് കളക്ടീവ് എന്ന എന്‍ജിഒയ്ക്കെതിരെ ഈ വര്‍ഷം ജൂണില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഗ്രോവറിനെ പ്രതിയായി പരാമര്‍ശിക്കുന്ന, എംഎച്ച്എയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കേസില്‍ അസോസിയേഷന്റെ വിദേശ സംഭാവനകളിലെ പൊരുത്തക്കേടുകളാണ് ചൂണ്ടിക്കാട്ടുന്നത്. ”രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി” വിദേശ സംഭാവനകള്‍ ഉപയോഗിച്ചുവെന്നാരോപിച്ച് 2016 ല്‍ എംഎച്ച്എ എന്‍ജിഒയുടെ എഫ്സിആര്‍എ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

Read More: അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്‌ഡ്

ജൂണില്‍ വീണ്ടും മന്ത്രാലയം ലോയേഴ്സ് കളക്ടീവ് (എല്‍സി) എഫ്സിആര്‍എ അക്കൗണ്ട് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും എന്‍ജിഒയുടെ അക്കൗണ്ട് റദ്ദാക്കാത്തതെന്തെന്ന് ചോദിച്ച് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

ലോയേഴ്‌സ് വോയിസ് എന്ന മറ്റൊരു സംഘടന സമര്‍പ്പിച്ച ഹര്‍ജി അടിസ്ഥാനമാക്കി എഫ്സിആര്‍എ ലംഘിച്ചുവെന്ന് ആരോപിച്ച് എന്‍ജിഒയ്ക്ക് ഈ വര്‍ഷം മേയ് മാസത്തില്‍ സുപ്രീം കോടതി നോട്ടീസ് നല്‍കിയിരുന്നു.

കഴിഞ്ഞ യുപിഎ സര്‍ക്കാരിനു കീഴില്‍ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ആയിരുന്ന ഇന്ദിര ജയ്സിങ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരിക്കുമ്പോള്‍ വിദേശ ഫണ്ട് സ്വീകരിച്ച് എഫ്സിആര്‍എ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് എംഎച്ച്എ ഉത്തരവില്‍ പറയുന്നു.

‘ആനന്ദ് ഗ്രോവര്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ വ്യോമ ഗതാഗതം, ട്രസ്റ്റുകളുടെ പ്രാദേശിക യാത്രകള്‍, കരട് നിയമനിർമാണ യോഗങ്ങള്‍, ധര്‍ണകള്‍, എംപിമാരുടെ വക്കാലത്തുകള്‍ എന്നിവയ്ക്ക് വിദേശ സംഭാവനകള്‍ ചെലവഴിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്,’ എന്ന് എംഎച്ച്എയുടെ അന്വേഷണത്തില്‍ വെളിപ്പെടുത്തുന്നു. എച്ച്‌ഐവി / എയ്ഡ്‌സ് ബില്ലിന്റെ കരട് നിയമനിർമാണവുമായി ബന്ധപ്പെട്ടാണ് ഈ മീറ്റിങ്ങുകള്‍ നടത്തിയതെന്ന് എംഎച്ച്എ പറയുന്നു.

വിദേശ ഫണ്ടില്‍ നിന്നും 2009, 2011, 2014 വര്‍ഷങ്ങളില്‍ റാലികള്‍ / ധര്‍ണകള്‍, കരട് നിയമനിര്‍മ്മാണ യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ എംപിമാരുടേയും മാധ്യമങ്ങളുടേയും വക്കാലത്തിനായി 13 ലക്ഷം രൂപ ലോയേഴ്സ് കളക്ടീവ് ഉപയോഗിച്ചതായും എംഎച്ച്എ പറയുന്നു.

2008ല്‍ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ആരോഗ്യ റിപ്പോര്‍ട്ടറായി നിയമിച്ചതിനു ശേഷം അദ്ദേഹം നടത്തിയ യാത്രകള്‍ക്കും വിദേശ ഫണ്ട് ഉപയോഗിച്ചതായും ഇത് എഫ്‌സിആര്‍എയുടെ ലംഘനമായും എംഎച്ച്എ കണ്ടെത്തി. 2013 ല്‍ ന്യൂയോര്‍ക്കില്‍ ലോയേഴ്സ് കളക്റ്റിംഗ് സംഘടിപ്പിച്ച ഒരു ചാരിറ്റി ഡിന്നറില്‍ ഗ്രോവര്‍ പങ്കെടുത്ത കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇവയെല്ലാം എഫ്സിആര്‍എയുടെ ലംഘനമാണെന്ന് എംഎച്ച്എ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook