രാജ്യത്ത് ഡിജിറ്റൽ രൂപ (ഡിജിറ്റൽ റുപ്പി) അഥവാ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) 2022-23 സാമ്പത്തിക വർഷത്തിൽ പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആരാണ് സിബിഡിസി പുറത്തിറക്കുക?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സിബിഡിസി പുറത്തിറക്കുക. വരുന്ന സാമ്പത്തിക വർഷം മുതൽ ഇത് ആരംഭിക്കും. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെ പിന്തുണയുള്ള സിബിഡിസി രാജ്യത്ത് തുടങ്ങുന്നതിനുള്ള സർക്കാരിന്റെ പദ്ധതികളുടെ ഭാഗമാണിത്.
എന്താണ് സിബിഡിസി?
ഡിജിറ്റൽ രൂപത്തിൽ ഒരു കേന്ദ്ര ബാങ്ക് നൽകുന്ന നിയമപരമായ ടെൻഡർ കറൻസിയാണ് സിബിഡിസി. ഇത് പേപ്പറിൽ ഇറക്കുന്ന ഒരു കറൻസിക്ക് സമാനമാണ്. മറ്റേതെങ്കിലും സമാന കറൻസിയുമായി ഇത് പരസ്പരം മാറ്റാവുന്നതാണ്.
സിബിഡിസിയുടെ ആവശ്യകത എന്താണ്?
ഉപയോക്താക്കൾക്ക് ഡിജിറ്റലിന്റെ സൗകര്യത്തിനൊപ്പം സുരക്ഷയും പരമ്പരാഗത ബാങ്കിംഗ് സംവിധാനത്തിന്റെ നിയന്ത്രിതമായതും കരുതലോട് കൂടിയുള്ളതുമായ വിനിമയ മാർഗവും നൽകുക എന്നതാണ് ഡിജിറ്റൽ കറൻസിയുടെ ലക്ഷ്യമെന്ന് ഇൻവെസ്‌റ്റോപീഡിയ പറയുന്നു.
ബജറ്റ് പ്രഖ്യാപനം എന്താണ് അർത്ഥമാക്കുന്നത്?
ബജറ്റിലെ പ്രഖ്യാപനം ക്രിപ്‌റ്റോകറൻസികളിലും മറ്റ് വെർച്വൽ കറൻസികളിലുമുള്ള സർക്കാരിന്റെ ലക്ഷ്യങ്ങൾ പ്രകടിപ്പിക്കുന്നു. ബിറ്റ്‌കോയിൻ, ഈഥർ തുടങ്ങിയ സ്വകാര്യ ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, നികുതി വെട്ടിപ്പ് തുടങ്ങിയവ നടക്കുന്നുവെന്ന് ആർബിഐ അഭിപ്രായപ്പെട്ടിരുന്നു. അതിനൊപ്പം പലതവണ സ്വന്തം സിബിഡിസി പ്രഖ്യാപിക്കാൻ പദ്ധതിയിട്ടിരുന്നു.
ഇത് പൗരന്മാരെ സംബന്ധിച്ച് എന്ത് മാറ്റമുണ്ടാക്കും?
ഡിജിറ്റൽ രൂപ എങ്ങനെ ഇടപാട് നടത്താം എന്നതിനെക്കുറിച്ച് സാങ്കേതിക വിദഗ്ധരും മറ്റും നിർദ്ദേശിച്ച നിരവധി മാർഗങ്ങൾ ഉണ്ട്. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ഔപചാരിക പ്രഖ്യാപനത്തിൽ പൗരന്മാർക്ക് ഡിജിറ്റൽ രൂപ ഉപയോഗിച്ച് എങ്ങനെ ഇടപാട് നടത്താമെന്ന് വിശദമാക്കും. നിലവിലെ ഡിജിറ്റൽ പേയ്‌മെന്റ് അനുഭവത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും ഡിജിറ്റൽ രൂപ ഇടപാട്. കറൻസി നോട്ട് കൈമാറുന്നത് പോലെ അത് തൽക്ഷണം കൈമാറാൻ സാധിക്കും.
Also Read: 38 പേജിൽ നിന്ന് 900 പേജിലേക്ക്, ഇപ്പോൾ 413 പേജിലേക്ക്; സാമ്പത്തിക സർവേയുടെ ചരിത്രം