ഐഐടി ധാർവാഡ് ഉൾപ്പെടെ 16,000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച (മാർച്ച് 12) ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയും ഉദ്ഘാടനം ചെയ്തു. കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ പദ്ധതികളുടെ തറക്കല്ലിടൽ നടന്നത്. പദ്ധതികളും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുമറിയാം.
എന്താണ് ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ പദ്ധതി?
NH-275-ലെ 119 കിലോമീറ്ററുള്ള ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ പദ്ധതി ആറു മുതൽ പത്ത് വരെ ലെയിനുകളുള്ള ഹൈവേയാണ്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് 8,480 കോടി രൂപ ചെലവിൽ പദ്ധതി ഒരുക്കിയത്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാ സമയം മൂന്ന് മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറയ്ക്കാനും ലക്ഷ്യമിട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് (എൻഎച്ച്എഐ) ദിലീപ് ബിൽഡ്‌കോണിന് പദ്ധതി നൽകിയത്.
പദ്ധതിയ്ക്ക് രണ്ട് ഘട്ടങ്ങളാണുള്ളത്. ബെംഗളൂരുവിനും നിദാഘട്ടയ്ക്കുമിടയിൽ 58 കിലോമീറ്റർ നീളമുള്ള ഒന്നാം ഘട്ടവും നിദാഘട്ടയ്ക്കും മൈസൂരിനുമിടയിൽ 61 കിലോമീറ്റർ നീളമുള്ള രണ്ടാം ഘട്ടവും. 19 വലിയ പാലങ്ങളും 44 ചെറിയ പാലങ്ങളും നാല് റെയിൽവേ മേൽപ്പാലങ്ങളും (ആർഒബി) വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുമായി 50 അടിപ്പാതകളും ഇതിലുണ്ട്.
കൂടാതെ, ബിഡദി (7 കി.മീ), രാമനഗര-ചന്നപട്ടണ (22 കി.മീ), മദ്ദൂർ (3.5 കി.മീ. എലിവേറ്റഡ് ഹൈവേ ഉൾപ്പെടെ 7 കി.മീ), മാണ്ഡ്യ (10 കി.മീ), ശ്രീരംഗപട്ടണം (7 കി.മീ) എന്നിവയ്ക്ക് ചുറ്റുമുള്ള ബൈപാസുകൾ രൂപപ്പെടുന്ന ഗ്രീൻഫീൽഡ് വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2019 മേയിൽ ആരംഭിച്ച പദ്ധതി രണ്ടു വർഷത്തിനുളളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എൻഎച്ച്എഐ നിശ്ചയിച്ച ടോൾ നിരക്കുകൾ എന്തൊക്കെയാണ്?
ഫെബ്രുവരിയിൽ, NHAI വ്യത്യസ്ത തരം വാഹനങ്ങൾക്കായി ഒരു താൽക്കാലിക ടോൾ ചാർട്ട് പുറത്തിറക്കി. കാറുകൾ പോലുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് 135 രൂപയും അതേ ദിവസം തിരികെയെത്തിയാൽ 205 രൂപയും നൽകണം. രണ്ടാമത്തെ റീച്ച് തുറന്നാൽ, കാറുകൾ / ജീപ്പുകൾ / വാനുകൾ എന്നിവയുടെ ടോൾ ഫീസ് 250 രൂപയായി ഉയർന്നേക്കാം. എന്നിരുന്നാലും, ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിലെ ടോൾ പിരിവ് മാർച്ച് 14 വരെ മാറ്റിവയ്ക്കാൻ എൻഎച്ച്എഐ തീരുമാനിച്ചിരുന്നു. ചില ഭാഗങ്ങളിൽ സർവീസ് റോഡ് പൂർത്തിയാക്കേണ്ടതുണ്ടെന്നും അത്തരമൊരു സാഹചര്യത്തിൽ ടോൾ പിരിവ് പൊതുജനങ്ങളുടെ രോഷത്തിന് ഇടയാക്കുമെന്ന് പ്രതീക്ഷിച്ചതിനെ തുടർന്നായിരുന്നു ഇത്.
നിലവിൽ, എക്‌സ്‌പ്രസ്‌വേയിൽ ഇരുചക്രവാഹനങ്ങൾ അനുവദനീയമാണ്. എന്നാൽ വാഹനമോടിക്കുന്നവരിൽനിന്നു ടോൾ ഈടാക്കി തുടങ്ങിയാൽ, പ്രധാന വാഹനപാതയിൽ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും നിരോധിക്കും. ബൈക്കുകളും ഓട്ടോറിക്ഷകളും കുറച്ചുകാലത്തേക്ക് അനുവദിക്കുമെങ്കിലും എക്‌സ്പ്രസ് വേയിലേക്ക് പ്രവേശനം നൽകാനാവില്ലെന്ന് മൈസൂരു-കുടക് ബിജെപി എംപി പ്രതാപ് സിംഹ പറഞ്ഞിരുന്നു. സർവീസ് റോഡ് ഒരുക്കുന്ന മുറയ്ക്ക് അതിലൂടെ ഓടാൻ അനുവദിക്കും. യാത്രക്കാർ അത് മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എക്സ്പ്രസ് വേയുടെ പേരിടുന്നതിൽ അനിശ്ചിതത്വം എന്തുകൊണ്ട്?
ബിജെപി നേതാക്കൾ വ്യത്യസ്ത പേരുകൾ നിർദേശിക്കുന്നതിനാൽ എക്‌സ്പ്രസ് വേയ്ക്ക് പേരിടുന്നത് തർക്കവിഷയമായി മാറി. കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് കാവേരി നദി ഒഴുകുന്നത് എന്നതിനാൽ, കാവരി എക്‌സ്‌പ്രസ് വേ എന്ന് പേര് നൽകണമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയോട് പ്രതാപ് സിംഹ ആവശ്യപ്പെട്ടപ്പോൾ, മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണ, മൈസൂരിലെ പണ്ടത്തെ രാജാവായിരുന്ന നാൽവാടി കൃഷ്ണരാജ വാഡിയാർ എന്ന പേരിടണമെന്ന് പറഞ്ഞു.
ജലസേചനം, വ്യവസായവൽക്കരണം, നഗരാസൂത്രണം എന്നീ നയങ്ങൾ കൊണ്ടുവന്ന് പ്രദേശത്തെ വികസിപ്പിക്കാൻ സഹായിച്ച മൈസൂരിലെ മുൻ ഭരണാധികാരിക്കുള്ള തികഞ്ഞ ആദരവായിരിക്കും ഈ പേരിടുന്നതെന്ന് കൃഷ്ണ വാദിച്ചു. പേരിടലുമായി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല, നിലവിൽ ഇത് ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ എന്നാണ് അറിയപ്പെടുന്നത്.
പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ എന്തൊക്കെയാണ്?
ഉയർന്ന ടോൾ നിരക്ക് മുതൽ അപൂർണ്ണമായ സർവീസ് റോഡുകളും വെള്ളപ്പൊക്കത്തെത്തുടർന്ന് രാമനഗരയിലെ എക്സ്പ്രസ് വേയുടെ ചില ഭാഗങ്ങളും വെള്ളത്തിനടിലായതും ബെംഗളൂരൂ- മൈസൂർ എക്സ്പ്രസ് വേയെ നിരവധി വിവാദങ്ങൾക്ക് കാരണമാക്കിയിരുന്നു. സർവീസ് റോഡ് പണി പൂർത്തിയാകാത്തതിനും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഉയർന്ന ടോൾ നിരക്ക് എന്നിവ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെയും എൻഎച്ച്എഐയെയും കടന്നാക്രമിച്ച കർണാടക കോൺഗ്രസ് ഫെബ്രുവരിയിൽ ശേഷഗിരിഹള്ളി ടോൾ ഗേറ്റിന് സമീപം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഗ്രാമപഞ്ചായത്തിലേക്കുള്ള ക്രോസ്ഓവറായും ക്ഷേത്രദർശനത്തിനും പലരും ഈ റോഡ് ഉപയോഗിക്കുന്നുന്നതിനാൽ മഞ്ചനായകനഹള്ളി പഞ്ചായത്തിൽ സ്‌കൈവാക്ക് നിർമിക്കുമെന്ന് പ്രോജക്ട് ഡയറക്ടർ ബി.ടി.ശ്രീധര ഉറപ്പുനൽകിയെങ്കിലും അതിന്റെ നിർമ്മാണം മുടങ്ങികിടക്കുന്നതായും പരാതിയുണ്ട്.
സർവീസ് റോഡുകളുടെയും ബൈപാസിന്റെ ചില ജോലികൾ പൂർത്തിയാകാത്തതിനാൽ, പ്രതിപക്ഷ പാർട്ടികളും യാത്രക്കാരും ഉയർന്ന ടോൾ നിരക്കിനെയും വിമർശിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയ്ക്ക് സമീപം അണ്ടർപാസ് വേണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ കർഷകരും ഗ്രാമീണരും ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ രണ്ട് മണിക്കൂറിലധികം തടഞ്ഞു . അടിപ്പാത നിർമാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സമരം തുടരുമെന്ന് പറഞ്ഞ സമരക്കാർ ഹൈവേയിൽ കാളവണ്ടികൾ നിരത്തിയിരുന്നു. അടിപ്പാതയുടെ നിർദേശം പരിഗണനയിലുണ്ടെന്നും പദ്ധതി അംഗീകരിച്ചാൽ നിർമാണം ആരംഭിക്കുമെന്നും എൻഎച്ച്എഐ അധികൃതർ സമരക്കാരെ അറിയിച്ചിരുന്നു. കൂടാതെ, കാലവർഷക്കെടുതിയിൽ വെള്ളപ്പൊക്കം ഉണ്ടാകുകയും രാമനഗരയ്ക്ക് സമീപമുള്ള അണ്ടർപാസ് ഏതാണ്ട് മുങ്ങുകയും ചെയ്തതിനെത്തുടർന്ന് എക്‌സ്‌പ്രസ്‌വേ ജോലിയുടെ ഗുണനിലവാരത്തെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ആശങ്ക ഉന്നയിച്ചിരിക്കുകയാണ്.
എക്സ്പ്രസ് വേയുടെ നിലവിലെ അവസ്ഥ എന്താണ്?
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ബെംഗളൂരു-നിദാഘട്ട സ്ട്രെച്ചിനുമിടയിലുള്ള സർവീസ് റോഡിന്റെ ചില പ്രവൃത്തികൾ ഇപ്പോഴും തീർന്നിട്ടില്ല. എന്നിരുന്നാലും, ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ ശ്രീരംഗപട്ടണം ബൈപാസ് (7 കിലോമീറ്റർ ), മാണ്ഡ്യ ബൈപാസ് (10 കിലോമീറ്റർ ), ബിഡദിയെ മറികടക്കുന്ന 7 കിലോമീറ്റർ ഭാഗം, രാമനഗര, ചന്നപട്ടണ എന്നിവയെ മറികടക്കുന്ന 22 കിലോമീറ്റർ ഭാഗം, മധൂർ ബൈപാസ് ചെയ്യുന്ന ഏഴു കിലോമീറ്റർ ഭാഗം എന്നിങ്ങനെ അഞ്ച് ബൈപാസുകൾ അധികൃതർ ഇതിനകം തുറന്നിട്ടുണ്ട്.