നെഹ്റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ച് കേന്ദ്രം. സിആര്‍പിഎഫ് z-പ്ലസ് സുരക്ഷയായിരിക്കും ഇനി നെഹ്റു കുടുംബത്തിന് ലഭിക്കുക. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കുള്ള സുരക്ഷയാണ് മാറ്റാന്‍ തീരുമാനിച്ചത്.

നിലിവിലെ സാഹചര്യത്തില്‍ നെഹ്റു കുടുംബം സുരക്ഷാ ഭീഷണി നേരിടുന്നില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ അവലോകന യോ്ഗത്തിന്റെ വിലയിരുത്തല്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷ എടുത്തുമാറ്റി മാസങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ നടപടി. മന്‍മോഹനെതിരെ ആക്രമണമുണ്ടാകാനുള്ള സാധ്യത കുറവാണെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

എങ്ങനെയാണ് സുരക്ഷാതലങ്ങള്‍ നിശ്ചയിക്കുന്നത്?

ഐബി, റോ തുടങ്ങിയ എല്ലാ ഇന്റലിജന്‍സ് ഏജന്‍സികളും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്തിമ തീരുമാനമെടുക്കുന്നത്.

ഏതൊക്കെ തരം സുരക്ഷകളാണുള്ളത് ?

ആറ് തരത്തിലുള്ള സുരക്ഷകളാണ് നിലവിലുള്ളത്. X,Y,Y പ്ലസ്, Z, Z-പ്ലസ്, എസ്.പി.ജി. ഇതില്‍ എസ്.പി.ജി പ്രധാനമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും മാത്രം നല്‍കുന്ന സുരക്ഷയാണ്. മറ്റുള്ളവ കേന്ദ്രത്തിന് അവരുടെ തീരുമാനമനുസരിച്ച് ഭീഷണി നേരിടുന്ന ആര്‍ക്കും നല്‍കാവുന്നതാണ്.

X വിഭാഗത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മാത്രമാണുണ്ടാവുക. Y യില്‍ രണ്ട് പേരുണ്ടാകും. Y-പ്ലസില്‍ രണ്ട് ഉദ്യോഗസ്ഥര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ സുരക്ഷയ്ക്കും ഒരാള്‍ തമാസ സ്ഥലത്തുമുണ്ടാകും. Z ല്‍ ആറ് ഗണ്‍മാന്മാര്‍ ഒപ്പവും രണ്ടുപേര്‍ താമസസ്ഥലത്തുമുണ്ടാകും. Z-പ്ലസില്‍ പത്ത് പേര്‍ ഒപ്പവും രണ്ടുപേര്‍ താമസസ്ഥലത്തുമുണ്ടാകും. ഇവയെ തന്നെ വീണ്ടും പല തരത്തിലായി തിരിച്ചിട്ടുണ്ട്.

ആരാണ് എസ്.പി.ജി? ആരെയാണ് അവര്‍ സംരക്ഷിക്കുന്നത്?

?രാജ്യത്തിന്റെ പ്രധാനമന്ത്രിയേയും മുന്‍ പ്രധാനമന്ത്രിയേയും അവരുടെ കുടുംബാംഗങ്ങളേയും സംരക്ഷിക്കാനായാണ് എസ്.പി.ജി രൂപീകരിച്ചിരിക്കുന്നത്. നിലവില്‍ 3000 പേരാണ് സേനയിലുള്ളത്. നെഹ്‌റു കുടുംബത്തിന് എസ്.പി.ജി സുരക്ഷ നഷ്ടമായാല്‍ പിന്നെ പ്രധാനമന്ത്രി മാത്രമാകും ഈ സുരക്ഷയുള്ളവര്‍.

1985 ലാണ് എസ്.പി.ജി രൂപീകരിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നാണ് എസ്.പി.ജി രൂപീകരിച്ചത്. 1989-ല്‍ വി.പി.സിങ് അധികാരത്തിലെത്തിയപ്പോള്‍ രാജീവ് ഗാന്ധിയുടെ സുരക്ഷ എടുത്തുമാറ്റിയിരുന്നു. എന്നാല്‍ 1991 ല്‍ രാജീവ് കൊല്ലപ്പെട്ടതോടെ എസ്.പി.ജി നിയമം ഭേദഗതി വരുത്തി മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും ചുരുങ്ങിയത് 10 വര്‍ഷത്തേക്കെങ്കിലും സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്.

2003 ല്‍ നിയമം വീണ്ടും ഭേദഗതി ചെയ്തിരുന്നു. ഭീഷണിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരാണ് കാലാവധി തീരുമാനിക്കുക. വാജ്‌പേയിയുടെ കാലത്ത് മുന്‍ പ്രധാമന്ത്രിമാരായ എച്ച്.ഡി.ദേവഗൗഡ, ഐ.കെ.ഗുജ്‌റാള്‍, പി.വി.നരസിംഹ റാവു എന്നിവരുടെ സുരക്ഷ പിന്‍വലിച്ചിരുന്നു. വാജ്‌പേയ്ക്ക് മരണം വരെ സുരക്ഷയുണ്ടായിരുന്നു. നിലവിലെ നിയമം പ്രകാരം പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് സുരക്ഷ വേണ്ടെന്ന് വയ്ക്കാനും സാധിക്കും. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പെണ്‍മക്കള്‍ എസ്.പി.ജി സുരക്ഷ വേണ്ടെന്ന് വച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook