കോവിഡ് കാലത്ത് ഭവന, വിദ്യാഭ്യാസം, വാഹന, വ്യക്തിഗത വായ്പകള്‍ മുടങ്ങിയവർക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ നേതൃത്വത്തിലുള്ള ബാങ്കുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അംഗീകരിച്ച വായ്പ പുനഃക്രമീകരണ നയപ്രകാരമുള്ള പദ്ധതി അനുസരിച്ച് വായ്പകൾക്കു രണ്ടു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ് എസ്ബിഐ. ഈ കാലയളവില്‍ ഇഎംഐ അടയ്‌ക്കേണ്ടതില്ല. എന്നാല്‍ പലിശ ഈടാക്കും. 0.35 ശതമാനം വാര്‍ഷിക അധിക പലിശയും ഉണ്ടാകും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ റീട്ടെയില്‍ വായ്പക്കാര്‍ക്കായി വായ്പ പുനക്രമീകരണ പദ്ധതി പ്രഖ്യാപിക്കുന്ന ആദ്യ ബാങ്കാണ് എസ്ബിഐ. സമാനമായ പദ്ധതികള്‍ മറ്റു പൊതുമേഖലാ ബാങ്കുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിച്ചേക്കും.

വായ്പാ പുനഃക്രമീകരണം: ലഭിക്കുന്ന ആശ്വാസങ്ങള്‍ എന്തൊക്കെ?

ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി വായ്പകള്‍ക്കു പരമാവധി 24 മാസം വരെ മൊറട്ടോറിയം, തവണകളുടെ പുനഃക്രമീകരണം, മൊറട്ടോറിയത്തിനു തുല്യമായ കാലയളവിലേക്കു വായ്പാ കാലാവധി നീട്ടല്‍ എന്നിവയാണു പുതിയ പദ്ധതിക്കു കീഴില്‍ ലഭിക്കുന്ന ഇളവുകളെന്ന് എസ്ബിഐ പറയുന്നു. വായ്പാ പുനഃക്രമീകരണ നയപ്രകാരം അനുവദിക്കുന്ന മൊറട്ടോറിയം നേരത്തെ ബാങ്ക് അനുവദിച്ച മൊറട്ടോറിയത്തിനു പുറമേ ആയിരിക്കും. മൊറട്ടോറിയം കാലയളവില്‍ മിച്ചം പണുള്ളവര്‍ക്ക് ഇഎംഐ അടയ്ക്കാം. ഇത് പലിശത്തുക കുറയ്ക്കാന്‍ സഹായിക്കും. പദ്ധതി പ്രകാരം അധിക വായ്പാ സൗകര്യങ്ങള്‍ ലഭിക്കില്ല.

പുനഃക്രമീകരണത്തിനുശേഷം ഇഎംഐയില്‍ മാറ്റമുണ്ടാകുമോ?

വായ്പ കാലാവധി മൊറട്ടോറിയം വരെ നീട്ടുകയും അതിനുശേഷം നല്‍കേണ്ട ഇഎംഐ വീണ്ടും കണക്കാക്കി ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്യും.

വായ്പാ നിരക്കില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ?

വായ്പയുടെ ശേഷിക്കുന്ന കാലാവധിക്കായി നിലവിലെ നിരക്കിനേക്കാള്‍ 0.35 ശതമാനം അധിക പലിശ നല്‍കേണ്ടിവരുമെന്ന് എസ്ബിഐ പറയുന്നു. ബാങ്കിന് ആവശ്യമായി വരുന്ന അധിക നടപടികളുടെ ഭാഗികച്ചെലവ് നികത്തുന്നതിനാണിത്.

വായ്പാ പുനഃക്രമീകരണത്തിന് അര്‍ഹത ആര്‍ക്കൊക്കെ?

വായ്പയെടുത്തയാളെ കോവിഡ് സാഹചര്യം ബാധിച്ചിട്ടുണ്ടോയെന്നതാണ് പ്രധാന മാനദണ്ഡമെന്ന് എസ്ബിഐ മാനേജിങ് ഡയരക്ടര്‍ (റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിങ്) സിഎസ് സെട്ടി പറഞ്ഞു.

ഇനിപ്പറയുന്ന നിബന്ധനകളിലേതെങ്കിലും ബാധകമായാല്‍ ഒരു റീട്ടെയില്‍ വായ്പക്കാരനെ കോവിഡ് -19 സാഹചര്യം ബാധിച്ചതായി പരിഗണിക്കും:

  • 2020 ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓഗസ്റ്റില്‍ ശമ്പളമോ വരുമാനമോ കുറഞ്ഞു
  • ലോക്ക് ഡൗണ്‍ കാലയളവില്‍ ശമ്പളം കുറയ്ക്കുകയോ താല്‍ക്കാലികമായി തടഞ്ഞുവയ്ക്കുകയോ ചെയ്യുക, ജോലി നഷ്ടപ്പെടുകയോ ബിസിനസ് അവസാനിപ്പിക്കുകയോ ചെയ്യുക.
  • ലോക്ക് ഡൗണ്‍ണിലെ അടച്ചുപൂട്ടല്‍ അല്ലെങ്കില്‍ യൂണിറ്റുകളുടെയോ കടകളുടെയോ വ്യാപാര സ്ഥാപനങ്ങളുടെയോ പ്രവര്‍ത്തനം കുറഞ്ഞത് ബാധിച്ച സ്വയംതൊഴിലുകാര്‍, പ്രൊഫഷണലുകള്‍, ബിസിനസുകാര്‍.

പദ്ധതി പ്രകാരമുള്ള ആശ്വാസത്തിനായി അപേക്ഷിക്കുന്ന തീയതിയില്‍, റീട്ടെയില്‍ വായ്പ ‘സ്റ്റാന്‍ഡേര്‍ഡ് അക്കൗണ്ട്’ ആയവര്‍ക്കു മാത്രമാണു പുനക്രമീകരണത്തിനു യോഗ്യതയുണ്ടാവുക. വായ്പ അടയ്ക്കുന്നതില്‍ 2020 മാര്‍ച്ച് ഒന്നു വരെ 30 ദിവസത്തില്‍ കൂടുതല്‍ വൈകല്‍ പാടില്ല. വായ്പാ പുഃനക്രീമരണം സംബന്ധിച്ച യോഗ്യത www.sbi.co.in എന്ന പോര്‍ട്ടലില്‍നിന്ന് അറിയാന്‍ കഴിയും.

പദ്ധതിക്കു കീഴില്‍ വരുന്ന വായ്പകള്‍ ഏതൊക്കെ?

ഭവന-അനുബന്ധ വായ്പകള്‍, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ (വാണിജ്യ ഉപയോഗത്തിനുള്ള വായ്പകള്‍ ഒഴികെയുള്ളവ), വ്യക്തിഗത വായ്പകള്‍ എന്നീ റീട്ടെയില്‍ വായ്പകള്‍ പുനക്രമീകരിക്കാന്‍ അവസരമുണ്ട്.

വായ്പാ കാലാവധി നീട്ടാവുന്ന പരമാവധി പ്രായം എത്ര?

ഇത് വായ്പ ഏതാണെന്നതിനെ ആശ്രയിച്ചാണെന്ന് എസ്ബിഐ വ്യക്തമാക്കുന്നു. ഭവനവായ്പയുടെ കാര്യത്തിലാണെങ്കില്‍ കാലാവധി പരമാവധി 24 മാസം വരെ (പരമാവധി മൊറട്ടോറിയം കാലയളവ്) അല്ലെങ്കില്‍ പ്രാഥമിക വായ്പക്കാരന് 77 വയസ് തികയുന്നത് ഏതാണോ ആദ്യം പൂര്‍ത്തിയാവുന്നത് അതുവരെ. പുതിയ പദ്ധതി പ്രകാരം പരമാവധി 24 മാസം വരെയാണു വായ്പാ കാലാവധി നീട്ടാനാവുക.

ആവശ്യമായ രേഖകള്‍ എന്തൊക്കെ?

പദ്ധതിക്കു കീഴില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 24 ആണ്. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളുടെ പകര്‍പ്പ് ബന്ധപ്പെട്ട ബാങ്ക് ശാഖയില്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ രേഖകളുടെ പകര്‍പ്പ് അപ്‌ലോഡ് ചെയ്യണം.

  • ഫെബ്രുവരിയിലെയും ഏറ്റവും അവസാനത്തെ അല്ലെങ്കില്‍ നിലവിലെ ശമ്പള സ്ലിപ്പുകള്‍.
  • ആവശ്യമുള്ള മൊറട്ടോറിയം കാലാവധി (പരമാവധി 24 മാസം) അവസാനിച്ചയുടന്‍ കണക്കാക്കുന്ന ശമ്പളം/വരുമാനം വ്യക്തമാക്കുന്ന സത്യവാങ്മൂലം
  • ജോലി നഷ്ടപ്പെട്ട സാഹചര്യത്തില്‍ ജോലിയില്‍നിന്ന് വിടുതല്‍ ചെയ്തുകൊണ്ടുള്ള കത്ത്
  • ജീവനക്കാരുടെ കാര്യത്തില്‍ ശമ്പളം ക്രെഡിറ്റ് ചെയ്യുന്ന അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റ്
  • ബിസിനസുകാര്‍, സ്വയം തൊഴിലുകാര്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ കാര്യത്തില്‍ ഫെബ്രുവരി മുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു 15 ദിവസം വരെയുള്ള ഓപ്പറേറ്റിങ് അക്കൗണ്ടിന്റെ സ്‌റ്റേറ്റ്‌മെന്റ്, കോവിഡ് -19 തങ്ങളുടെ ബിസിനസിനെ ദോഷകരമായി ബാധിച്ചുവെന്ന വ്യക്തമാക്കുന്ന സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകളുടെയും ബിസിനസുകാരുടെയും സത്യവാങ്മൂലം.

ഒന്നിലധികം വായ്പകള്‍ പുഃനക്രമീകരിക്കാന്‍ കഴിയുമോ?

ഒന്നില്‍ കൂടുതല്‍ വായ്പാ അക്കൗണ്ടുകളുള്ളവര്‍ക്കു പദ്ധതി പ്രകാരം ആശ്വാസത്തിന് അപേക്ഷിക്കാമെന്ന് എസ്ബിഐ പറയുന്നു. വായ്പാ അക്കൗണ്ടുകളിലൊന്ന് മാര്‍ച്ച് ഒന്നു വരെ 30 ദിവസത്തില്‍ കൂടുതല്‍ ക്രമരഹിതമാണെങ്കിലും നിലവാരമുള്ളതും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ മറ്റു വായ്പ അക്കൗണ്ടുകള്‍ക്കു പുഃനക്രമീകരണത്തിന് അര്‍ഹതയുണ്ട്.

അതേസമയം, ഒരു പുതിയ വായ്പയ്ക്കുള്ള ഉപഭോക്താവിന്റെ യോഗ്യത, ബന്ധപ്പെട്ട വായ്പാ പദ്ധതിക്കായി ബാങ്ക് അതാതു സമയങ്ങളില്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കും.

Read in IE: Explained: What is SBI’s new loan recast scheme for your home, auto, education loan?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook