ഭൂതം, പ്രേതം, പിശാച്, ആത്മാവ്- ഈ സങ്കൽപ്പങ്ങളെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. മനുഷ്യരുടെ സങ്കൽപ്പത്തിന് അപ്പുറമുള്ള കാര്യങ്ങളെ കുറിച്ച് അറിയാനുള്ള താൽപ്പര്യവും കൗതുകവും മനുഷ്യസഹജമാണ്. അത്തരം സഹജവാസനകൾക്ക് പുതിയ ആകാശങ്ങൾ തുറന്നുകൊടുക്കുന്ന നിരവധി മിത്തുകളും നമുക്കുണ്ട്. മന്ത്രവാദം, താന്ത്രിക വിദ്യകൾ, നാഡീ ജ്യോതിഷം എന്നു തുടങ്ങി കൈരേഖാ ശാസ്ത്രവും ചീട്ടെടുക്കുന്ന തത്തയേയും വരെ വിശ്വസിക്കാൻ മടിയില്ലാത്ത നല്ലൊരു ശതമാനം ആളുകളുണ്ട് സമൂഹത്തിൽ. ഓജോ ബോർഡും (Ouija Board) അത്തരമൊരു ടൂളാണ്, ആത്മാക്കളോട് സംവദിക്കാനുള്ള ഒരു മാർഗം.
കൗതുകമുള്ളതെന്തും പരീക്ഷിച്ചുനോക്കാൻ, ഭാഗ്യമന്വേഷിക്കാനൊക്കെ ഏറെ താൽപ്പര്യമുള്ളവരാണ് മലയാളികൾ. അതുകൊണ്ടുതന്നെയാവാം, ഓജോ ബോർഡ് കേരളത്തിലെ യുവാക്കൾക്കിടയിൽ എക്കാലവും സ്വീകാര്യത നേടുന്നതും. ഇടയ്ക്കിടെ ഓജോ ബോർഡ് തരംഗം കേരളത്തിലെ യുവാക്കൾക്കിടയിൽ വ്യാപകമാവാറുണ്ട്. ‘അപരിചിതന്‍’ (2004) എന്ന മമ്മൂട്ടി ചിത്രം ഇറങ്ങിയ സമയത്തായിരുന്നു കേരളത്തിൽ ഓജോ ബോർഡിന് മുൻപെങ്ങുമില്ലാത്ത രീതിയിൽ വലിയ ജനപ്രീതിയുണ്ടായത്. കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ‘രോമാഞ്ചം’ എന്ന ചിത്രവും ഓജോ ബോർഡിനെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. ‘രോമാഞ്ചം’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ഓജോ ബോർഡ് വീണ്ടും ശ്രദ്ധ നേടുകയാണ്.
എന്താണ് ഓജോ ബോർഡ്? ഓജോ ബോർഡിലൂടെ ആത്മാക്കളുമായി സംവദിക്കാൻ സാധിക്കുമോ? ഓജോ ബോർഡ് കളിക്കുമ്പോൾ വ്യക്തികളിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്താണ്? ഓജോ ബോർഡിനു പിന്നിലെ യാഥാർത്ഥ്യങ്ങളെ കുറിച്ച് വിദഗ്ധർ സംസാരിക്കുന്നു.
ഓജോ ബോർഡിന്റെ ഉത്പത്തി
ഓജോ ബോർഡിന്റെ യഥാർത്ഥ ചരിത്രം ആ ഗെയിമിനോളം തന്നെ നിഗൂഢമാണ്. ഓജോ ചരിത്രകാരനായ റോബർട്ട് മർച്ച് 1992 മുതൽ ബോർഡിനു പിന്നിലുള്ള ഗവേഷണത്തിൽ മുഴുകിയ വ്യക്തിയാണ്.”അമേരിക്കൻ സംസ്കാരത്തിൽ ഭയവും അത്ഭുതവും ഒരുപോലെ ഉളവാക്കുന്ന ഒരു ഐതിഹാസികമായ കാര്യമാണിത്, എന്നാൽ ഇതെവിടെ നിന്നുമാണ് വന്നതെന്ന് ആർക്കും അറിയില്ല” എന്നാണ് റോബർട്ട് മർച്ച് പറയുന്നത്.
മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെടാൻ കഴിയുമെന്ന് യുഎസിലെ ഒരു വിഭാഗം വിശ്വസിച്ചിരുന്നു. മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരുമായി ആശയവിനിമയം നടത്താൻ കഴിയുമെന്ന വിശ്വാസത്തിൽ നിന്നാവും ഒരുപക്ഷേ ഓജോ ബോർഡിന്റെ ഉത്ഭവം. അമേരിക്കയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ്, ആഭ്യന്തരയുദ്ധ സമയത്ത്, സമൂഹത്തിൽ ഇത്തരം വിശ്വാസങ്ങൾക്ക് ആഴത്തിൽ വേരുകളുണ്ടായി. യുദ്ധത്തിന് പോയവരും ഒരിക്കലും വീട്ടിൽ തിരിച്ചെത്താത്തവരുമായ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്കിടയിലേക്ക് ഒരു മാജിക് ടൂൾ പോലെ ഓജോ എത്തി. “മരിച്ചവരുമായി ആശയവിനിമയം നടത്തുക എന്നത് സാധാരണമായിരുന്നു, അന്നത് വിചിത്രമായി ആരും കണ്ടില്ല. കാലങ്ങൾക്കിപ്പുറം നമ്മൾ, ‘നിങ്ങൾ എന്തിനാണ് നരകത്തിന്റെ കവാടം തുറന്നത്?’ എന്നു ചിന്തിക്കുന്നതിൽ കാര്യമില്ലല്ലോ,” റോബർട്ട് മർച്ച് പറയുന്നു.
1886 കാലഘട്ടത്തിൽ യു.എസ്. സംസ്ഥാനമായ ഓഹിയോയിലെ ക്യാമ്പുകളിൽ ആധുനിക ഓജോ ബോർഡിനോട് സാമ്യമുള്ള ടോക്കിങ് ബോർഡ് ഉപയോഗിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അക്കാലത്ത് ഓഹിയോയിലെ ആത്മീയവാദികളുടെ ക്യാമ്പുകളിൽ നടന്ന ഒരു പ്രതിഭാസത്തെക്കുറിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. അക്ഷരങ്ങളും അക്കങ്ങളും അവയെ ചൂണ്ടിക്കാണിക്കാൻ പ്ലാഞ്ചെറ്റ് പോലെയുള്ള ഉപകരണവുമുള്ള ഒരു ഓജോ ബോർഡ് ആയിരുന്നു അത്. ആ റിപ്പോർട്ട് പെട്ടെന്ന് ശ്രദ്ധ നേടി. നിഗൂഢതയുമായി ബന്ധമില്ലാത്ത നിർദോഷമായ ഗെയിമായി മാത്രം കണക്കാക്കപ്പെട്ട ഓജോ ബോർഡ് 1890 ജൂലൈ ഒന്നിനാണ് ബിസിനസുകാരനായ എലിജ ബോണ്ട് വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത്.

എന്നാൽ അതിലൊളിഞ്ഞിരിക്കുന്ന ബിസിനസ് സാധ്യത മനസ്സിലാക്കിയത് മേരിലാൻഡിലെ ബാൾട്ടിമോർ സ്വദേശിയായ ചാൾസ് കെന്നാർഡാണ്. 1890-ൽ, പുതിയ ടോക്കിങ് ബോർഡുകൾ നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി കെന്നാർഡ് നോവൽറ്റി കമ്പനി ആരംഭിച്ചു. നാലു നിക്ഷേപകരെ കൂടി ചാൾസ് കെന്നാർഡ് കൂടെക്കൂട്ടി. ഹാരി വെല്ലസ് റസ്ക്, വില്യം എച്ച്എ മൗപിൻ, കേണൽ വാഷിംഗ്ടൺ ബോവി, ജോൺ എഫ് ഗ്രീൻ എന്നിവരുൾപ്പെടെയുള്ള ആ നിക്ഷേപകരാരും തന്നെ വിശ്വാസികളായിരുന്നില്ല. എന്നാൽ അവരെല്ലാം നൂതനമായ ബിസിനസ് ആശയങ്ങളുള്ളവരായിരുന്നു, ഓജോയുടെ സാധ്യതകൾ അവർ തിരിച്ചറിഞ്ഞു. ഇത്തരമൊരു ഉൽപ്പന്നവുമായി എത്തുമ്പോൾ അവരുടെയുള്ളിലും ‘നരകത്തിന്റെ കവാടങ്ങൾ തുറക്കുക’ എന്ന ആശയം ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ, ഒരുവിഭാഗം അമേരിക്കക്കാരുടെ വിശ്വാസങ്ങളെ പണമാക്കി മാറ്റാനായിരുന്നു അവർ ശ്രമിച്ചത്.
1891 ഫെബ്രുവരിയിലാണ് ഓജോ ബോർഡിനെ കുറിച്ചുള്ള പത്രപരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. “ഓജോ, വണ്ടർഫുൾ ടോക്കിങ് ബോർഡ്- ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന മാന്ത്രിക ഉപകരണം എന്ന രീതിയിലുള്ള പരസ്യങ്ങൾ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. വിശ്വാസത്തെയും അവിശ്വാസത്തെയും ഒരുപോലെ മാർക്കറ്റ് ചെയ്യാനായി എന്നതുകൂടിയാണ് ഓജോ ബോർഡിന്റെ ഗുണം. വിശ്വാസികൾ ഓജോ ബോർഡിനെ ആത്മാവുമായി സംസാരിക്കാനുള്ള ഒരു ടൂളെന്ന രീതിയിൽ കണ്ടപ്പോൾ, ഇതിനകത്ത് എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ എന്നു തിരക്കാനായിരുന്നു അവിശ്വാസികൾ ഓജോ ബോർഡ് പരീക്ഷിച്ചത്.
1892 ആയപ്പോഴേക്കും കെന്നാർഡ് നോവൽറ്റി കമ്പനിക്ക് ബാൾട്ടിമോറിൽ തന്നെ രണ്ടു ഫാക്ടറികളായി. പിന്നാലെ, ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിലും രണ്ട് ഫാക്ടറികൾ വീതം ആരംഭിച്ചു. എന്നാൽ, കമ്പനിയുടെ ആഭ്യന്തരപ്രശ്നങ്ങൾ കാരണം 1893 ആയപ്പോഴേക്കും നോവൽറ്റി കമ്പനി തകർന്നു.
ഇന്ന് ലോകവ്യാപകമായി തന്നെ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ഓജോ ബോർഡ്. ഈ ബോർഡുമായി ബന്ധപ്പെട്ട അസാധാരണവും അമാനുഷികവുമായ വിശ്വാസങ്ങളെ ശാസ്ത്രഞ്ജർ കപടശാസ്ത്രം എന്ന് വിശേഷിപ്പിച്ച് തള്ളികളയുമ്പോഴും മനുഷ്യരുടെ അരക്ഷിതത്വം, അജ്ഞേയമായ ലോകത്തെ അറിയാനുള്ള ആഗ്രഹം, വിശ്വാസം തുടങ്ങിയ സഹജവാസനകൾ അവയെ വിശ്വസിപ്പിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

ഓജോ എന്ന പേരിനു പിന്നിൽ
സ്പിരിറ്റ് ബോർഡ്, ടോക്കിങ് ബോർഡ് എന്നൊക്കെ അറിയപ്പെടുന്ന ഓജോ ബോർഡിൽ (Ouija) ലാറ്റിൻ അക്ഷരമാലയിലെ അക്ഷരങ്ങൾ, അക്കങ്ങൾ 0–9, വാക്കുകൾ എന്നിവയൊക്കെയാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. ഫ്രഞ്ച്, ജർമ്മൻ പദങ്ങളിൽ നിന്നാണ് Ouija എന്ന വാക്ക് വന്നത് എന്നാണ് ഒരുവിഭാഗം ആളുകൾ വിശ്വസിക്കുന്നത്. എന്നാൽ അതു തെറ്റാണെന്നും ആദ്യമായി ബോർഡ് കണ്ടുപിടിച്ചയാൾ ഒരു പ്രേതത്തോട് പേരിടാൻ ആവശ്യപ്പെട്ടപ്പോൾ ബോർഡിൽ എഴുതിയ ഒരു വാക്കിൽ നിന്നാണ് ഈ പേര് എടുത്തത് എന്ന വാദവും പ്രചാരത്തിലുണ്ട്.
ഓജോ ബോർഡിന്റെ രീതികൾ
സമചതുര രൂപത്തിലുള്ള ബോർഡിൽ എ മുതൽ ഇസെഡ് വരെയുള്ള ഇംഗ്ലിഷ് അക്ഷരമാലകൾ കാണും. ഒപ്പം ഒന്നു മുതൽ പൂജ്യം വരെയുള്ള അക്കങ്ങളും. യെസ്, നോ എന്നു പ്രത്യേകം രൂപപ്പെടുത്തിയ കളങ്ങളും. നടുക്കുള്ള പോയന്റിൽ നാണയം വച്ച് ആത്മാവിനെ പതിയെ വിളിക്കുക എന്നതാണ് ഓജോ ബോർഡിന്റെ രീതി. ‘ഗുഡ് സ്പിരിറ്റ് പ്ലീസ് കം….’എന്ന അഭ്യർത്ഥനയെ തുടർന്ന് ആത്മാവ് എത്തുകയും നാണയം ഇളകിതുടങ്ങുകയും ചെയ്യുമെന്നാണ് അവകാശവാദം.
ക്രിസ്ത്യൻ മതവിഭാഗങ്ങൾ ഓജോ ബോർഡുകളുടെ ഉപയോഗത്തിനെതിരെ പലപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാത്താനുമായുള്ള കൂട്ട് എന്ന രീതിയിലാണ് ക്രൈസ്തവവിശ്വാസം ഇതിനെ നോക്കി കാണുന്നത്. മറ്റ് മതവിഭാഗങ്ങൾ അത് പിശാച് ബാധയിലേക്ക് നയിക്കുമെന്ന് വിശ്വസിക്കുന്നു.
സാഹിത്യത്തിലേക്ക് ചേക്കേറിയ ഓജോ
ഓജോ ബോർഡുകൾ, വിശ്വാസത്തിന് പിന്നാലെ സാഹിത്യലോകത്തും ശ്രദ്ധ നേടി തുടങ്ങി. അമേരിക്കൻ ആത്മീയവാദിയായ പേൾ കുറാൻ ഒന്നാം ലോകമഹായുദ്ധസമയത്ത് ഇതിനെ ഒരു ദൈവിക ഉപകരണമെന്ന രീതിയിൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഓജോ ബോർഡിന് പുതിയ മാനങ്ങൾ കൈവന്നു. പേഷ്യൻസ് വർത്ത് എന്ന പതിനേഴാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് വനിതയുടെ ആത്മാവ് നിർദ്ദേശിച്ച കവിതകളും കഥകളുമാണ് താൻ എഴുതുന്നത് എന്നായിരുന്നു പേൾ കുറാന്റെ അവകാശവാദം. തൊട്ടടുത്ത വർഷം കുറാന്റെ സുഹൃത്ത്, എമിലി ഗ്രാന്റ് ഹച്ചിംഗ്സ് ജാപ്പ് ഹെറോൺ എന്ന തന്റെ പുസ്തകം മാർക്ക് ട്വെയ്ൻ എന്നറിയപ്പെടുന്ന അന്തരിച്ച സാമുവൽ ക്ലെമെൻസ് ഓജോ ബോർഡ് വഴി തനിക്ക് പറഞ്ഞുതന്നതാണെന്ന് അവകാശപ്പെട്ടു രംഗത്തെത്തി. സമാനമായ അവകാശവാദങ്ങളുമായി പലരും രംഗത്തെത്തിയതോടെ ഓജോ ബോർഡ് വാർത്തകളിൽ നിറഞ്ഞുനിന്നു.
ഓജോ ബോർഡിനെ സിനിമയിലെടുത്തപ്പോൾ
അധികം വൈകാതെ ഓജോ ബോർഡ് പിശാചിന്റെ ഒരു ഉപകരണമെന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഹൊറർ സാഹിത്യ, ചലച്ചിത്ര മേഖലയിലുള്ളവരുടെ മുൻകൈയിൽ ഓജോ ബോർഡിനെ സിനിമയിലെടുത്തു. ആത്മാക്കളിലേക്കും ഭയത്തിലേക്കുമുള്ള വാതിലുകൾ തുറന്നിടുകയായിരുന്നു സിനിമകളിലൂടെ ഓജോ ബോർഡ്. നൂറുകണക്കിന് ചിത്രങ്ങളിൽ ഓജോ ബോർഡ് റഫറൻസുകൾ കടന്നുവന്നു.മലയാളത്തിലും ഓജോ ബോർഡ് കഥാപാത്രമായെത്തുന്ന ചിത്രങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ് ‘അപരിചിതൻ (2004),’ ‘അടി കപ്യാരെ കൂട്ടമണി (2015),’ ‘കൊന്തയും പൂണൂലും (2014)’ തുടങ്ങിയ സിനിമകൾ. ആ കൂട്ടത്തിലേക്കാണ് ഇപ്പോൾ ‘രോമാഞ്ച’വും എത്തിയിരിക്കുന്നത്.

യുവാക്കൾക്കിടയിൽ ഓജോ ബോർഡ് ഹരമായ കാലം
കേരളത്തിലും ഓജോ ബോർഡുകൾക്ക് വലിയ ജനപ്രീതി ലഭിച്ചൊരു കാലമുണ്ടായിരുന്നു. പ്രത്യേകിച്ചും ചെറുപ്പക്കാരെയാണ് ഓജോ ബോർഡ് ഭ്രമിപ്പിച്ചത്. 2005 മുതൽ 2008 വരെ നീളുന്ന കാലഘട്ടത്തിൽ കേരളത്തിലെ പല ഹോസ്റ്റൽ മുറികളിലും യുവാക്കൾ മെഴുകുതിരി കത്തിച്ചുവച്ച് ആത്മാക്കളോട് സംസാരിക്കാനായി കാത്തിരുന്നു. ‘അപരിചിതൻ’ പോലുള്ള ചിത്രങ്ങൾ ഇറങ്ങിയതിനു ശേഷമായിരുന്നു അത്. പലരുടെയും ഓജോ ബോർഡ് പരീക്ഷണങ്ങൾ ദയനീയമായി പരാജയപ്പെട്ടപ്പോൾ ചിലർക്കൊക്കെ വിചിത്രമായ അനുഭവങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്, അത്തരം അനുഭവങ്ങളുമായി പലരും പേടിച്ച് പനി പിടിച്ച് മാനസികവിദഗ്ധർക്കു മുൻപിലെത്തി ചേർന്നതായും.
ഓജോ ബോർഡിനു പിന്നിലെ യാഥാർത്ഥ്യമെന്ത്?
വെറുമൊരു കുട്ടിക്കളിയായി ഓജോ ബോർഡിനെ കാണരുത് എന്നാണ് മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്. ഓജോ ബോർഡ് മനുഷ്യരുടെ യുക്തിയേയും മനോനിലയേയും കുഴപ്പത്തിലാക്കുന്ന ഒരു അപകടം പിടിച്ച കളി മാത്രമാണെന്നാണ് മനശാസ്ത്രവിദഗ്ധരിൽ നല്ലൊരു വിഭാഗം പറയുന്നത്. അനേകം പേരിൽ മാനസിക വിഭ്രാന്തിക്കും ഓജോ ഗെയിം കാരണമായി മാറിയിട്ടുണ്ട്. അതേസമയം, ചില വിചിത്രമായ കേസുകളിൽ ഇത്തരത്തിൽ ആത്മാവിന്റെ സാന്നിധ്യം കണ്ടിട്ടുണ്ടെന്നാണ് പാരസൈക്കോളജിസ്റ്റായ ഡോ. വി.ജോർജ് മാത്യു അവകാശപ്പെടുന്നത്.
“ചിലർക്കു മാത്രമേ ഓജോ ബോർഡ് കളിക്കുമ്പോൾ മൂവ്മെന്റ് കിട്ടൂ. അങ്ങനെ കിട്ടുന്നതിന് ഓട്ടോമാറ്റിക് മൂവ്മെന്റ് എന്നു പറയും. അവരു പോലും അറിയാതെ കൈ മൂവ് ചെയ്യും. ഓജോ ബോർഡ് കളിക്കുമ്പോൾ ചിലർ അവർക്ക് അറിയാവുന്ന മരിച്ചുപോയ ആളുകളെ വിളിക്കാറുണ്ട്. ആത്മാവ് പറയുന്ന സൂചനകൾ ചേർത്തുവച്ച് ഒരു മെസേജിൽ എത്തിച്ചേരുകയാണ് ചെയ്യുന്നത്. പല രീതിയിൽ ഇതിനെ വ്യാഖ്യാനിക്കാം. ചിലപ്പോൾ കൈവയ്ക്കുന്ന ആളുടെ സങ്കൽപ്പമാവാമിത്. എന്നാൽ, അയാൾക്ക് അറിഞ്ഞുകൂടാത്ത വിവരങ്ങൾ കൃത്യമായിട്ട് കിട്ടിയാൽ മറ്റൊരാളുടെ മെമ്മറി ആക്സസ് ചെയ്യുന്നതാവാം. യഥാർത്ഥത്തിൽ മരിച്ചയാൾ വന്നതു തന്നെയാണോ എന്നു തീരുമാനിക്കുക എളുപ്പമല്ല. വന്ന ആത്മാവ് കൃത്യമായി അയാളുടെ പേരും സ്ഥലവും വ്യക്തമായി കമ്മ്യൂണിക്കേറ്റ് ചെയ്യുകയും ഇങ്ങനെയൊരാൾ ഉണ്ടായിരുന്നെന്ന് തെളിയിക്കപ്പെടുകയും ചെയ്ത ജനുവിനായ കേസുകളും ഉണ്ടായിട്ടുണ്ട്.”
“ഇത്തരത്തിലുള്ള സ്പിരിച്വൽ കമ്മ്യൂണിക്കേഷൻ ഞാൻ ആർക്കും അഡ്വൈസ് ചെയ്യാറോ പ്രോത്സാഹിപ്പിക്കാറോയില്ല. അതു കൂടുതൽ കുഴപ്പങ്ങളിലേക്കേ പോവൂ. ഓജോ ബോർഡ് കളിച്ചിട്ട് പനി പിടിച്ചുപോയ, വിഭ്രാന്തിയിലെത്തിയ ആളുകളൊക്കെയുണ്ട്. മനുഷ്യർക്കുള്ളിലെ ഭീതിയാണ് പലപ്പോഴും അവരുടെ മാനസികനിലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. ആ സമയത്ത് ഒരു കാറ്റടിച്ചാൽ പോലും ആളുകൾ പേടിക്കും, ആത്മാവാണ് എന്നു കരുതും,” ഡോ. വി ജോർജ് മാത്യു കൂട്ടിച്ചേർക്കുന്നു.
ഓജോ ബോർഡിനെ കുറിച്ച് കൃത്യമായി പഠിക്കാതെ കളിക്കുന്നത് ആപത്തു വരുത്തിവയ്ക്കുമെന്നും മനഃശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നു. അറിവില്ലാതെ ചെയ്യുമ്പോൾ ഉണ്ടാകുന്ന പേടി ഉപബോധമനസ്സിനെ ബാധിക്കുകയും പലവിധ മാനസിക വിഭ്രാന്തികളിലേക്ക് നയിക്കുകയും ചെയ്യുമെന്നും അവർ മുന്നറിയിപ്പു തരുന്നു. ഓജോ ബോർഡ് കളിക്കുമ്പോൾ ചിലർക്ക് പ്ലാഞ്ചെട്ട് അനങ്ങുന്നതിനായി തോന്നുന്നത് അവരുടെ മനസ്സിന്റെ വിഭ്രാന്തി മൂലമാണ്. പലപ്പോഴും മെഴുകുതിരി വെട്ടത്തിലാണ് ഈ കളി അരങ്ങേറുന്നത്. ആ അന്തരീക്ഷവും ആളുകളുടെ മാനസിക നിലയെ സ്വാധീനിക്കും. ഹോമം, കൂടോത്രം, മന്ത്രവാദം എന്നിവയ്ക്ക് സമാനമായൊരു അന്തരീക്ഷമാണ് ഇവിടെയും രൂപപ്പെടുക. എത്ര ധൈര്യമുള്ള ആളാണെങ്കിലും നേരിയൊരു ഉൾഭയം തോന്നിയാൽ മതി, പിന്നെ ചുറ്റുമുള്ളതെല്ലാം പേടിപ്പിച്ചു തുടങ്ങും. ഇരുട്ട്, ഓജോ ബോർഡിന്റെ സാന്നിധ്യം, ചെറുപ്പം മുതൽ കേട്ടുകേട്ട് മനസ്സിൽ പതിഞ്ഞുപോയ ഭൂതപ്രേത കഥകൾ- ഇവയെല്ലാം കൂടിച്ചേരുമ്പോൾ ഒട്ടുമിക്ക മനുഷ്യർക്കും അവരുടെ മനസ്സിനുമേലുള്ള നിയന്ത്രണം അവരറിയാതെ കൈവിട്ടു പോകും.
മിക്ക കേസിലും അബോധത്തിൽ ആ വ്യക്തികൾ തന്നെയാണ് ഓജോ ബോർഡിലെ പ്ലാഞ്ചെട്ട് ചലിപ്പിക്കുന്നത്. ഒരാൾ അബോധാവസ്ഥയിലാവുമ്പോൾ അനിയന്ത്രിതമായി സംഭവിക്കുന്ന ശാരീരിക ചലനമാണിത്. ഇതിനെയാണ് ഐഡിയോ മോട്ടോർ ഇഫക്റ്റ് എന്നു പറയുന്നത്. മനസ്സിൽ വികലമായ ചിന്തകൾ കടന്നുകൂടുന്നതോടെ തലച്ചോറ് ആ വ്യക്തിയെ കബളിപ്പിക്കാൻ തുടങ്ങുന്നു. പലപ്പോഴും ഇത്തരം അവസ്ഥകൾ ആത്മഹത്യ, മാനസിക രോഗങ്ങൾ, വിഷാദ രോഗങ്ങൾ എന്നിവയിലേക്ക് നയിക്കാറുണ്ടെന്നും മനഃശാസ്ത്ര വിദഗ്ധർ പറയുന്നു.