scorecardresearch

തിരക്കഥ വേണോ? ഹോം വർക്ക് വേണോ? എന്തും ചെയ്യും ഈ ചാറ്റ്ജിപിടി

പഠനസംബന്ധവും ജോലിസംബന്ധവുമായ നമ്മുടെ സംശയങ്ങൾക്ക് ഗൂഗിളിൽ ഉത്തരം തിരയാറുണ്ട്. ഇതിൽ എന്ത് മാറ്റമാണ് ചാറ്റ്ജിപിറ്റി കൊണ്ടുവന്നിരിക്കുന്നതെന്നറിയാം

chat gpt, open ai, google, chat bot, internet

‘അലക്സ… പ്ലേ ഥക് ഥക്’ അനൂപ് മേനോൻ നായകനായ പത്മ എന്ന ചിത്രത്തിൽ ശ്രുതി രജനീകാന്ത് അവതരിപ്പിച്ച കഥാപാത്രം നൃത്തം ചെയ്യാനായി ആമസോണിന്റെ അലക്സ എന്ന ഇന്റലിജൻസ് വെർച്വൽ അസിസ്റ്റന്റിനോട് പാട്ട് പ്ലേ ചെയ്യാനാവശ്യപ്പെടുന്ന രംഗമുണ്ട്. കൈകൊണ്ട് തൊടാതെ, നമ്മുടെ ശബ്ദം ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന ഇത്തരമൊരു ഉപകരണം ഏതാനും വർഷങ്ങൾക്കു മുമ്പ് സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.

ഇന്നിപ്പോൾ ഫാനും ലൈറ്റും നമുക്ക് കൈ ഉപയോഗിച്ച് സ്വിച്ച് ഓൺ ചെയ്യാതെ പ്രവർത്തിക്കാം, കാറിൽനിന്ന് ഇറങ്ങാതെ വീടിന്റെ ഗേറ്റ് തുറക്കാം, അതിനുമപ്പുറം ഡ്രൈവറില്ലാ കാറുകളും നിരത്തിലേക്ക് എത്തിക്കഴിഞ്ഞു. ഇത്തരത്തിൽ, നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും സാധാരണമായിക്കൊണ്ടിരിക്കുന്ന നാളുകളിലൂടെയാണു നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്.

നമ്മുടെ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം നൽകുന്നൊരു സംവിധാനം ഉണ്ടായിരുന്നെങ്കിലോ? അതിന് ഗൂഗിൾ ഉണ്ടല്ലോ എന്നാകും മറുപടി. പഠനസംബന്ധവും ജോലിസംബന്ധവുമായ നമ്മുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം കണ്ടെത്താൻ ഗൂഗില്‍ സെർച്ച് നടത്തുക പതിവാണല്ലോ? എന്നാൽ ഒരു കവിത എഴുതി തരാൻ പറഞ്ഞാൽ അല്ലെങ്കിൽ സ്കൂളിൽനിന്നു തന്ന ഹോംവർക്ക് ചെയ്തു തരാൻ പറഞ്ഞാൽ അത് ഗൂഗിളിന് സാധ്യമാകുമെന്നു തോന്നുന്നില്ല.

എന്നാൽ​ ഇതെല്ലാം സാധ്യമാകുന്നൊരു പുതിയ സംവിധാനമുണ്ട്. അതാണ് ചാറ്റ്ജിപിടി. ഹോംവർക്ക്, ഉപന്യാസം, കവിത, കോഡിങ് എന്നുവേണ്ട ഒട്ടുമിക്ക ആവശ്യങ്ങൾക്കും ഉത്തരം റെഡി. എന്താണ് ചാറ്റ്ജിപിടി? ഗൂഗിളും ഇവയും തമ്മിലുള്ള വ്യത്യാസമെന്തെന്നറിയാം.

Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer

എന്താണ് ചാറ്റ്ജിപിടി?

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഉപഭോക്താക്കളോട് ടെക്സ്റ്റ് രൂപത്തിൽ ആശയവിനിമയം നടത്താൻ കഴിയുന്ന ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി (ചാറ്റ് ജനറേറ്റിവ് പ്രീ ട്രെയിൻഡ് ട്രാൻസ്ഫോമർ). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കംപ്യൂട്ടർ പ്രോഗ്രാമുകളെയാണ് ചാറ്റ് ബോട്ട് എന്ന് പറയുന്നത്. 2022 നവംബർ 30നാണ് ചാറ്റ്ജിപിറ്റിയുടെ പ്രോട്ടോടൈപ് ലോഞ്ച് ചെയ്തത്. 2021 വരെ ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഡേറ്റയെ വിലയിരുത്തുകയാണ് ഈ ബോട്ട് ചെയ്യുന്നത്. ‘ഞാൻ നിങ്ങളെ സഹായിക്കട്ടെ’ എന്ന ചോദ്യവുമായി ചില ബാങ്ക് വെബ്സൈറ്റുകളിലും മറ്റും വരുന്ന പോപ്പ് അപ്പുകൾ ചാറ്റ് ബോട്ടിന് ഉദാഹരണമാണ്.

എഐ ഗവേഷണ കമ്പനിയായ ഓപ്പണ്‍എഐയാണ് ചാറ്റ്ജിപിടി പുറത്തിറക്കിയത്. കമ്പനിയുടെ ജിപിടി 3.5 സീരീസ് ഭാഷാ പഠന മോഡലുകളെ (എല്‍ എല്‍ എം) അടിസ്ഥാനമാക്കിയുള്ളതാണ് ചാറ്റ്ജിപിടി. ജനറേറ്റീവ് പ്രീ-ട്രെയിന്‍ഡ് ട്രാന്‍സ്ഫോര്‍മര്‍ 3യാണു ജിപിടി. ഇതൊരു കമ്പ്യൂട്ടര്‍ ഭാഷ മോഡലാണ്. ഇന്‍പുട്ടുകളെ അടിസ്ഥാനമാക്കി തീവ്രമായ പഠന സാങ്കേതികപദ്ധതികളിലൂടെ മനുഷ്യരുടേതു പോലെയുള്ള വാചകം നിര്‍മിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷാ മോഡലാണിത്.

എ ഐ ചാറ്റ്‌ബോട്ടിന് സ്വാഭാവിക ഭാഷ മനസിലാക്കാനും അവയിൽ പ്രതികരിക്കാനും കഴിയും. ഒരാഴ്ചയ്ക്കുള്ളില്‍ ഉപയോക്താക്കളുടെ എണ്ണം 10 ലക്ഷം കടന്നു. എ ഐയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ട് കണ്ട് മിക്ക ഉപയോക്താക്കളും അഭ്ദുതപ്പെട്ടു. പലരും ഇതിനെ ഗൂഗിളിനു പകരമായി കാണുകയും ചെയ്തു. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു നേരിട്ടു പരിഹാരം നല്‍കാന്‍ ചാറ്റ്‌ബോട്ടിനു സാധിക്കുമെന്നതാണു കാരണം.

”സംഭാഷണാത്മകമായ രീതിയില്‍ ഇടപെടുന്ന ചാറ്റ്ജിപിടി എന്ന മോഡല്‍ ഞങ്ങള്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഫോളാഅപ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും തെറ്റുകള്‍ സമ്മതിക്കാനും അനുചിതമായ അഭ്യര്‍ത്ഥനകള്‍ നിരസിക്കാനും ഡയലോഗ് ഫോര്‍മാറ്റ് ചാറ്റ്ജിപിടിയെ സാധ്യമാക്കുന്നു,” ചാറ്റ്ജിപിടിയെ ഓപ്പണ്‍ എഐ വിവരിച്ചതിങ്ങനെയാണ്.

ഓപ്പണ്‍എഐയുടെ ശ്രദ്ധേയമായ നിക്ഷേപകരില്‍ മൈക്രോസോഫ്റ്റ്, ഖോസ്ല വെഞ്ചേഴ്‌സ്, റീഡ് ഹോഫ്മാന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ഗ്രെഗ് ബ്രോക്ക്മാന്‍ കമ്പനിയുടെ ചെയര്‍മാനും പ്രസിഡന്റും സാം ആള്‍ട്ട്മാന്‍ സിഇഒയുമാണ്. ഇല്യ സറ്റ്സ്‌കേവറൊണ് ഓപ്പണ്‍ എഐയുടെ മുഖ്യ ശാസ്ത്രജ്ഞന്‍.

പ്രവർത്തനം എങ്ങനെ?

അടുത്തതായി സംഭവിക്കാന്‍ പോകുന്നത് അല്ലെങ്കില്‍ ചോദിക്കാന്‍ പോകുന്നത് എന്താണെന്ന് പ്രവചിക്കാന്‍ മോഡലിനെ പരിശീലിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരാള്‍ക്ക് ചാറ്റ്ജിപിടിയുമായി സാങ്കേതികമായി ഒരു ‘സംഭാഷണം’ നടത്താന്‍ കഴിയുന്നത്. ചാറ്റ്ജിപിടിയെക്കുറിച്ചുള്ള ഓപ്പണ്‍എഐയുടെ ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, ‘റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ് ഫ്രം ഹ്യുമന്‍ ഫീഡ്ബാക്ക് (ആര്‍ എല്‍ എച്ച് എഫ്) ഉപയോഗിച്ചും ചാറ്റ്‌ബോട്ടിനെ പരിശീലിപ്പിച്ചിട്ടുണ്ട്.

”സൂപ്പര്‍വൈസ് ചെയ്ത ഫൈന്‍-ട്യൂണിങ് ഉപയോഗിച്ച് ഞങ്ങള്‍ ഒരു പ്രാരംഭ മോഡല്‍ പരിശീലിപ്പിച്ചു. എഐ പരിശീലകര്‍ തന്നെ ഉപയോക്താവും എഐ അസിസ്റ്റന്റുമായി പ്രവര്‍ത്തിച്ച് സംഭാഷണങ്ങള്‍ നടത്തി. പരിശീലകര്‍ക്ക് അവരുടെ പ്രതികരണങ്ങള്‍ക്കു സഹായകരമാകാന്‍ മോഡല്‍ സജഷന്‍സിലേക്ക് പ്രവേശനവും നല്‍കി,” ഇതിന്റെ നിര്‍മാണത്തെക്കുറിച്ച് ബ്ലോഗില്‍ പറയുന്നു.

നിലവില്‍ ബീറ്റ വേര്‍ഷനാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ചാറ്റ്ജിപിറ്റി പരീക്ഷിക്കാന്‍ ഓപ്പണ്‍എഐ വെബ്‌സൈറ്റില്‍ പോയി സൈന്‍ അപ് ചെയ്യാം. എന്നാലും സേവനം ലഭ്യമാകാന്‍ ഓപ്പണ്‍എഐയില്‍ അക്കൗണ്ട് സൃഷ്ടിക്കണം. ചാറ്റ്‌ബോട്ട് ഇതിനകം ഒരു മില്യണ്‍ ഉപയോക്താക്കള്‍ കവിഞ്ഞതിനാല്‍ ബീറ്റ നിറഞ്ഞിരിക്കുന്നുവെന്ന സന്ദേശം നിങ്ങള്‍ക്കു ലഭിച്ചേക്കാം.

ഈ ചാറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഉയര്‍ന്ന ചെലവ് കാരണം ഭാവിയില്‍ പണമിടാക്കേണ്ടി വരുമെന്ന് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ സൂചന നല്‍കി. ഈ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഓപ്പണ്‍ എഐ മൈക്രോ സോഫ്റ്റ് അസ്യൂറിന്റെ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിക്കുന്നുണ്ട്.

‘അനുചിതമായ’ അഭ്യര്‍ത്ഥനകള്‍ നിരസിക്കാന്‍ ചാറ്റ്ജിപിടി പരിശീലനം നേടിയിട്ടുണ്ട്. ഒരുപക്ഷേ അവ ‘നിയമവിരുദ്ധമായ’ സ്വഭാവമുള്ളവയായിരിക്കാം. ചാറ്റ്ജിപിടിയ്ക്കു പരിമിതികളുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അതു തെറ്റായ വിവരങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്. 2021-നു ശേഷമുള്ള ലോകത്തെയും സംഭവങ്ങളെയും കുറിച്ചുള്ള ചാറ്റ്‌ബോട്ടിന്റെ അറിവ് പരിമിതമാണ്.

ഗൂഗിളും ചാറ്റ്ജിപിടിയും തമ്മിലുള്ള വ്യത്യാസമെന്ത്?

അടിസ്ഥനപരമായി ഗൂഗിള്‍ ഒരു സെര്‍ച്ച് എന്‍ജിനാണ്. ഇന്റര്‍നെറ്റില്‍ നമ്മള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍, പല സൈറ്റുകളില്‍നിന്നായി ആവശ്യക്കാരുടെ മുന്നിലെത്തിക്കും. നമ്മുടെ ചോദ്യങ്ങള്‍ക്കു ഗൂഗിള്‍ ഉത്തരം നല്‍കുന്നില്ല. മറ്റുള്ളവരുടെ ഉത്തരങ്ങള്‍ മുന്നിലെത്തിക്കുകയാണു ചെയ്യുന്നത്. അതില്‍നിന്നു നാം ആവശ്യമുള്ള ഉത്തരം തിരഞ്ഞെടുക്കണം. എന്നാല്‍ ചാറ്റ്ജിപിടി നമ്മുടെ ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരം നല്‍കുകയാണ്. നമ്മുടെ ചോദ്യത്തിന്റെ ഉത്തരം അറിയില്ലെങ്കില്‍ അറിയില്ല അഥവാ അണ്‍നോണ്‍ എന്ന മറുപടി തരുന്നു.

എന്തുകൊണ്ടാണ് ചാറ്റ്ജിപിടി ഇത്രയധികം ചര്‍ച്ചയായത്?

ചാറ്റ്ജിപിടി ഇത്രയധികം ചര്‍ച്ചകള്‍ സൃഷ്ടിച്ചതിനു കാരണം അത് നല്‍കുന്ന ഉത്തരങ്ങളാണ്. അടിസ്ഥാന ഇമെയിലുകള്‍, പാര്‍ട്ടി പ്ലാനിങ് ലിസ്റ്റുകള്‍, സിവികള്‍, കൂടാതെ കോളേജ് ഉപന്യാസങ്ങള്‍, ഗൃഹപാഠങ്ങള്‍ എന്നിവ് ചെയ്യാന്‍ ചാറ്റ്ജിപിടിയെകൊണ്ട് സാധിക്കും. കമ്പ്യൂട്ടര്‍ കോഡ് എഴുതാനും ഇത് ഉപയോഗിക്കാം. നാല് പേജുള്ള ഉപന്യാസങ്ങള്‍ എഴുതാനും ഗണിതസമവാക്യങ്ങള്‍ പരിഹരിക്കാനും കോഡിലെ പിശകുകള്‍ കണ്ടെത്താനും ചാറ്റ്‌ബോട്ട് എങ്ങനെ ഉപയോഗിക്കാമെന്നു ട്വിറ്ററില്‍ പങ്കുവച്ച ചില സ്‌ക്രീന്‍ഷോട്ടുകള്‍ കാണിക്കുന്നു.

എന്നാല്‍, എ ഐയുടെ പ്രതികരണങ്ങളില്‍ കുറവുകള്‍ വരാമെന്ന് ഓപ്പണ്‍എഐ സമ്മതിക്കുന്നു. ചാറ്റ്‌ബോട്ടിനു ചിലപ്പോള്‍ ‘ശരിയെന്നു തോന്നാവുന്ന എന്നാല്‍ തെറ്റായതോ അസംബന്ധമോ ആയ ഉത്തരങ്ങള്‍’ ചാറ്റ് ബോട്ട് നല്‍കാമെന്ന് അവര്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് ഒരു പ്രതികരണം ഡൗണ്‍വോട്ട് ചെയ്യുന്നതിനോ അനുകൂലിക്കുന്നതിനോ ഉള്ള ഓപ്ഷന്‍ ഉണ്ട്. ‘പരിശീലന ഡേറ്റയിലെ പ്രശ്‌നങള്‍ കാരണം ചാറ്റ്‌ബോട്ട് ചിലപ്പോള്‍ ചില ശൈലികള്‍ അമിതമായി ഉപയോഗിക്കാമെന്നും ഓപ്പണ്‍എഐ കുറിക്കുന്നു.

അപ്പോള്‍ എഴുത്തിന്റെ കാര്യത്തില്‍ ചാറ്റ്ജിപിടി മനുഷ്യരെ മാറ്റിസ്ഥാപിക്കുമോ?

വ്യാകരണപരമായി ശരിയായതും നന്നായി വായിക്കുന്നതുമായ ഉത്തരങ്ങള്‍ ചാറ്റ്‌ബോട്ട് നല്‍കുന്നുവെന്നു ചിലര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും അവ ഉപയോഗിക്കുന്ന സന്ദര്‍ഭത്തിലും അര്‍ഥത്തിലും കുറവുണ്ട്.

ചാറ്റ്ജിപിടിക്ക് ഫിക്ഷന്‍ എഴുതാന്‍ കഴിയുമോ?

കഴിയും, എന്നാല്‍ ഒരു മനുഷ്യന്‍ ചെയ്യുന്ന പോലെ ഇപ്പോള്‍ അതിന് സാധിക്കില്ല. എ ഐ വഴി എഴുത്ത് ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന കമ്പനി ഓപ്പണ്‍എഐ മാത്രമല്ല. ഫിക്ഷന്‍ റൈറ്റിങ്ങിനു സഹായിക്കാന്‍ ലാംഡിഎ ചാറ്റ്‌ബോട്ട് എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഗൂഗിള്‍ അടുത്തിടെ പ്രദര്‍ശിപ്പിച്ചിരുന്നു, എന്നാല്‍ ഇതിപ്പോള്‍ ഒരു സഹായി മാത്രമാണെന്നും മുഴുവന്‍ ചുമതലയും ഏറ്റെടുക്കാന്‍ കഴിയില്ലെന്നും ഗൂഗിള്‍ സമ്മതിച്ചു. എന്നിരുന്നാലും, ചാറ്റ്ജിപിടി വഴി മനുഷ്യര്‍ക്ക് ഒരു ചാറ്റ്ബോട്ടുമായി ഒരു ‘യഥാര്‍ത്ഥ’ സംഭാഷണം നടത്താനാകും.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What is openais chatgpt chatbot why it has become a viral sensation