/indian-express-malayalam/media/media_files/uploads/2020/01/bhupesh-baghel.jpg)
2008ലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിയമത്തിനെത്തിനെതിരേ ഛത്തീസ്‌ഗഡ് സര്‍ക്കാര്‍ സുപ്രീം കോടതി സമീപിച്ചിരിക്കുകയാണ്. നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ പരമോന്നത കോടതിയില്‍ സിവില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
എന്‍ഐഎ നിയമത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണു ഛത്തീസ്‌ഗഡ്. സംസ്ഥാനങ്ങളുടെ പൊലീസിങ് കാര്യങ്ങളില്‍ ഇടപെടാന്‍ എന്‍ഐഎക്ക് അധികാരമില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ 131-ാം അനുച്ഛേദത്തിനു കീഴില്‍ വരുന്ന കേന്ദ്രനിയമത്തിനെതിരെ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിക്കുന്ന ഈ ആഴ്ചയിലെ രണ്ടാം സംഭവമാണിത്. പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ കേരളം ഹര്‍ജി സമര്‍പ്പിച്ചതാണ് ആദ്യ സംഭവം.
2008 സെപ്റ്റംബര്‍ 11ലെ മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് യുപിഎ സര്‍ക്കാരാണു എന്‍ഐഎ രൂപീകരിക്കുന്നതു സംബന്ധിച്ച നിയമം കൊണ്ടുവന്നത്. അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരമാണു 2008ലെ എന്‍ഐഎ നിയമം സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വളരെ ചെറിയ എതിര്‍പ്പോടെ ബില്‍ പാസാകുകയായിരുന്നു.
എന്താണു 2008ലെ എന്‍ഐഎ നിയമം?
അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) മാതൃകയില്‍ രാജ്യത്തെ ഏക ഫെഡറല്‍ അന്വേഷണ ഏജന്‍സി രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതായിരുന്നു നിയമം. നിയമം എന്‍ഐഎയെ സിബിഐയേക്കാള്‍ ശക്തമാക്കുന്നു.
രാജ്യത്തെവിടെയും നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്വമേധയാ കേസെടുക്കാന്‍ എന്‍ഐഎക്ക് അധികാരം നല്‍കുന്നതാണു 2008ലെ നിയമം. ഇക്കാര്യത്തില്‍ സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സംസ്ഥാനങ്ങളില്‍ പ്രവേശിച്ച് അന്വേഷണം നടത്താനും അറസ്റ്റ് ചെയ്യാനും നിയമം എന്‍ഐഎയ്ക്ക് അധികാരം നല്‍കുന്നു.
ഭരണഘടനയെ അങ്ങേയറ്റം ബാധിക്കുന്നതും പാര്‍ലമെന്റിന്റെ നിയമനിര്‍മാണശേഷിക്ക് അപ്പുറത്തുള്ളതെന്നുമാണു ഛത്തീസ്‌ഗഡ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. സംസ്ഥാന പൊലീസിന്റെ പ്രവര്‍ത്തനമായ അന്വേഷണത്തിന് പുതിയ ഏജന്‍സി രൂപീകരിക്കാന്‍ കേന്ദ്രത്തെ അനുവദിക്കുന്നതാണു 2008ലെ നിയമമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഭരണഘടനയുടെ ഏഴാം പട്ടികയിലെ സ്‌റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണു പൊലീസ്. എന്നാല്‍ 2008ലെ നിയമം പൊലീസിനെ ഉപയോഗിച്ച് അന്വേഷണം നടത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെ കവര്‍ന്നെടുക്കുന്നതാണെന്നു ഹര്‍ജി ആരോപിക്കുന്നു. ഇതു വിവേചനപരവും അനിയന്ത്രിതവുമായ അധികാരങ്ങള്‍ കേന്ദ്രത്തിനു നല്‍കുന്നു. ഭരണഘടന പ്രകാരം വിഭാവനം ചെയ്ത സംസ്ഥാനത്തിന്റെ പരമാധികാരം എന്ന ആശയത്തിനു വിരുദ്ധമായ എന്‍ഐഎ നിയമമെന്നും ഹര്‍ജിയില്‍ പറയുന്നു.
एनआईए कानून संविधान के तहत राज्य को दिए गए अधिकारों का हनन करता है। इसीलिए हमने इसे चुनौती देने का निर्णय लिया। https://t.co/h1l474xtzh
— Bhupesh Baghel (@bhupeshbaghel) January 15, 2020
2019 ലെ എന്‍ഐഎ ഭേദഗതി നിയമം
അന്വേഷണസംഘത്തിന് അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും കഴിയുന്ന കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി എന്‍ഐഎ നിയമം 2019 ല്‍ ഭേദഗതി ചെയ്തു. മനുഷ്യക്കടത്ത്, വ്യാജ കറന്‍സി, നിരോധിത ആയുധങ്ങളുടെ നിര്‍മാണവും വില്‍പ്പനയും, സൈബര്‍-ഭീകരവാദം, 1908 ലെ സ്‌ഫോടകവസ്തു ലഹരിവസ്തു നിയമപ്രകാരം കുറ്റകൃത്യങ്ങള്‍ എന്നിവ ഏജന്‍സിക്ക് ഇപ്പോള്‍ അന്വേഷിക്കാന്‍ കഴിയും.
എന്‍ഐഎ വിചാരണയ്ക്കായി പ്രത്യേക കോടതികളായി സെഷന്‍സ് കോടതികളെ നിയോഗിക്കാനും ഈ ഭേദഗതി കേന്ദ്ര സര്‍ക്കാരിനെ പ്രാപ്തമാക്കുന്നു.
2019 ല്‍ പാസാക്കിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ ഭേദഗതി (യുഎപിഎ) നിയമം റെയ്ഡുകള്‍ നടത്താനും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വസ്തുക്കള്‍ പിടിച്ചെടുക്കാനും എന്‍ഐഎ ഉദ്യോഗസ്ഥനെ അനുവദിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന് എന്‍ഐഎ ഡയറക്ടര്‍ ജനറലിന്റെ അനുമതി മാത്രമേ ആവശ്യമുള്ളൂ.
''അന്വേഷണത്തിനുള്ള സംസ്ഥാനത്തിന്റെ അധികാരത്തെ എന്‍ഐഎ നിയമം കവര്‍ന്നെടുക്കുകയാണ്. രാഷ്ട്രീയ താല്‍പ്പര്യമുള്ള കേസുകള്‍ എന്‍ഐഎ തിരഞ്ഞെടുക്കുന്നതാണു സുപ്രീം കോടതിയിൽ കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്,'' പുതിയ നീക്കത്തെക്കുറിച്ച് ഛത്തീസ്‌ഗഡ് അഡ്വക്കേറ്റ് ജനറല്‍ സതീഷ് വര്‍മ കഴിഞ്ഞദിവസം പറഞ്ഞതിങ്ങനെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.