scorecardresearch
Latest News

NEO Bank: ചർച്ചാവിഷയമായി നിയോ ബാങ്ക്; അറിയേണ്ടതെല്ലാം

NEO Bank: ഫെഡറൽ ബാങ്കിന്റെ പിന്തുണയുള്ള നിയോ ബാങ്കുകളാണ് ഫൈ മണിയും ജൂപ്പിറ്ററും

neo banking, banks, crypto currency, online payments, upi, upi transactions

Everything you should know about NEO Bank: കോവിഡിന്ശേഷം നാട്ടിൽ ഏറെ പ്രശസ്തമായ പേരാണ് നിയോ ബാങ്ക്. ശരിക്കും എന്താണ് ഈ നിയോ ബാങ്ക്? എന്ത് തരം സേവനമാണ് നൽകുന്നത്? മറ്റു ബാങ്കുകളും ഇവയുമായുള്ള വ്യത്യാസം എന്താണ് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആളുകൾക്ക് ചോദിക്കാനുള്ളത്.

നിയോ ബാങ്ക് ശരിക്കും ബാങ്ക് തന്നെയാണോ?

അതേ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനം വീടുകളില്‍ തുടരുകയും ഡിജിറ്റല്‍ ബാങ്കിങ്ങിലേയ്ക്ക് മാറി ചിന്തിക്കുകയും  ചെയ്തതോടെയാണ് നിയോ ബാങ്കിങ്ങ് നമ്മുടെ നാട്ടിലും പ്രചാരത്തിൽ വന്നത്. വീട്ടിൽ ഇരുന്ന് തന്നെ എല്ലാ ബാങ്ക് ഇടപാടുകളും സേവനങ്ങളും ഓൺലൈനായി ചെയ്യാൻ സാധിക്കും.

അക്കൗണ്ട് തുറക്കുക, പണമിടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ലഭ്യമാക്കുക, ഡെപ്പോസിറ്റ്,വായ്പകള്‍ തുടങ്ങിയ സേവനങ്ങള്‍ ഡിജിറ്റലായി നടത്താന്‍ സാധിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള മറ്റൊരു പേരാണ് നിയോ ബാങ്ക്. സേവിങ്സ് അക്കൗണ്ട്, മ്യൂച്ചല്‍ ഫണ്ട്, സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയ ഇടപാടുകള്‍ ബാങ്കിൽ പോകാതെ തന്നെ ചെയ്യാൻ നിയോ ബാങ്കിലൂടെ സാധിക്കുന്നു.

മറ്റു ബാങ്കുകളെ അപേക്ഷിച്ച് നിയോ ബാങ്കുകൾക്ക് തികച്ചും വ്യത്യസ്തമായ ഒരു ബിസിനസ് മാതൃകയുണ്ട്. പരമ്പരാഗത ബാങ്കുകളെ പോലെ നിയോ ബാങ്കും നിക്ഷേപങ്ങളിലും വായ്പങ്ങളിൽ നിന്നും ചെറിയ ലാഭം ഉണ്ടാക്കുന്നു. അവർ പൂർണമായും ഓൺലൈനായതിനാൽ ഉപഭോക്ത്യ ഫീസ് ഗണ്യമായി കുറച്ചിട്ടുണ്ട്.

ഇന്ത്യയിൽ എത്ര നിയോ ബാങ്കുകള്‍?

ഇന്ത്യയില്‍ മുപ്പതിലധികം നിയോ ബാങ്കുകള്‍ ഇപ്പോഴുണ്ട്. കൂടുതൽ നിയോ ബാങ്കുകള്‍ അനുമതികൊടുക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

നിയോ ബാങ്ക്  നിയന്ത്രിക്കുന്നത് ആർബിഐയാണോ?

ആര്‍ബിഐയുടെ നിയമങ്ങള്‍ക്ക് കീഴില്‍ വരുന്നവയല്ല നിയോ ബാങ്കുകള്‍. എന്നാല്‍ ആര്‍ബിഐയുടെ ലൈസന്‍സുള്ള മറ്റു ബാങ്കുകളുമായി ചേര്‍ന്നാണ് ഇവർ ഉപയോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നത്. ഒരു നിയോ ബാങ്കിന് പല ലൈസന്‍സ്ഡ് ബാങ്കുകളുമായി പങ്കാളിത്തം ഉണ്ടാക്കാം.

അതിലൂടെ ഫോറിന്‍ എക്സ്ചേഞ്ച് ട്രാന്‍സ്ഫര്‍ അടക്കമുള്ള പല തരം സേവനങ്ങൾ ഉപയോക്താക്കള്‍ക്കായി നല്‍കാനും നിയോ ബാങ്കുകള്‍ക്ക് സാധിക്കും. ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍ ലൈസന്‍സ്, വെല്‍ത്ത് മാനേജ്മെന്റ് സേവനങ്ങളും സാധ്യമാകും. ഫിസിക്കൽ ബ്രഞ്ചുകൾ ഇല്ലാത്തതിനാല്‍ നിയോ ബാങ്കുകളും സേവനങ്ങളും ആപ്ലിക്കേഷനുകളിലൂടെയാണ് ലഭ്യമാകുന്നത്.

കേരളത്തിലെ ആദ്യ നിയോ ബാങ്ക്

സംസ്ഥാനത്തെ ആദ്യ നിയോ ബാങ്ക് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്ഥാപനമായ ഏസ് വെയര്‍ ഫിന്‍ടെക് സർവീസസിന്റെ ഏസ് മണി നിയോ ബാങ്ക് (Ace Money Neo Bank) ആണ്. യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ഏസ് മണി നിയോ ബാങ്കിന്റെ പ്രവര്‍ത്തനം.

ലോകത്ത് എത്ര നിയോ ബാങ്ക് ?

ലോകത്താകമാനം 250 നിയോ ബാങ്കുകള്‍ ആണുള്ളത്. സാധാരണ ബാങ്കുകൾ പോലെ ശാഖകൾ ഇല്ലാത്തതിനാൽ നടത്തിപ്പ് ചെലവ് ഇല്ല. മറ്റു ബാങ്കുകളെക്കാൾ സർവീസ് ചാർജും കുറവാണ്. ലളിതമായ നടപടിക്രമങ്ങളിലൂടെ വളരെ വേഗത്തില്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നതാണ് നിയോ ബാങ്കുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നത്.

ആധാര്‍ വെച്ചുതന്നെ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിനുള്ളിൽ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. അതുവരെ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകളെ നടത്താം. 5 മിനിറ്റിൽ താഴെ സമയമെടുത്ത് കെവൈസി പൂര്‍ത്തിയാക്കിയാല്‍ സാധാരണ പോലെ ഇടപാടുകള്‍ നടത്താം.

ചില നിയോ ബാങ്കുകൾ

  • FREO ഫ്രീയോ

ഇന്ത്യയിലെ ആദ്യ ക്രെഡിറ്റ്- നിയോ ബാങ്കാണ് ഫ്രീയോ. ഫ്രീയോ സേവാണ് അതിന്റെ സേവിങ്സ് അക്കൗണ്ട് . മണിടാപ്പ് എന്ന പേരിൽ ക്രെഡിറ്റ് ലൈൻ, ഫ്രീയോ കാർഡ് എന്ന പേരിൽ ക്രെഡിറ്റ്, ഇഎംഐ കാർഡ്, പേ ലേറ്റർ സംവിധാനമുള്ള ഫ്രീയോ പേ തുടങ്ങിയ സേവനങ്ങൾ ഇവർ നൽകുന്നു. വിസ, ഇക്വിറ്റാസ്, എൻപിസിഐ, ആർബിഐ തുടങ്ങിയവയുമായി  ഫ്രീയോ ബന്ധപ്പെട്ടിരിക്കുന്നു. ഫ്രീയോ ഡിജിറ്റൽ അക്കൗണ്ട് ഉപയോഗിച്ച് 7% വരെ പലിശ നേടാം.

  • FI MONEY ഫൈ മണി

ഫെഡറൽ ബാങ്കിന്റെ പിന്തുണയുളള നിയോ ബാങ്കാണ് ഫൈ മണി. സീറോ ബാലൻസോടെ ഒന്നിലധികം സേവിങ്സ് അക്കൗണ്ട് തുടങ്ങാൻ സാധിക്കും. 5.1% വരെ പലിശ നൽകുന്നുണ്ട്. വിസ ഡെബിറ്റ് കാർഡും ലഭിക്കും.

  • JUPITER ജൂപ്പിറ്റർ

ഫെഡറൽ ബാങ്കിന്റെ പിന്തുണയുളള മറ്റൊരു നിയോ ബാങ്കാണ് ജൂപ്പിറ്റർ. ഇതിൽ അക്കൗണ്ട് തുറക്കുന്നത് വളരെ എളുപ്പമാണ്. അക്കൗണ്ട് സ്റ്റേറ്റ്മെന്റും ലഭ്യമാക്കാൻ കഴിയും. സീറോ ബാലൻസ് അക്കൗണ്ടാണ് ജൂപ്പിറ്റർ വാഗ്ദാനം ചെയ്യുന്നത്. ഡെബിറ്റ് കാർഡുകൾക്കും യുപിഐ ഇടപാടുകൾക്കും 1% റിവാർഡ് പേയ്മെന്റുകൾ നൽകുന്നുണ്ട്. 2.5% പലിശയും നൽകുന്നു.

  • INSTANT PAY ഇൻസ്റ്റന്റ്പേ

ഇന്ത്യയിലെ ഏറ്റവും വലിയ നിയോ ബാങ്കുകളിൽ ഒന്നാണ്. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി ഇൻസ്റ്റന്റ് പേയ്‌ക്ക് പങ്കാളിത്തമുണ്ട്.

നിയോ ബാങ്കിന്റെ നേട്ടങ്ങൾ

നിയോ ബാങ്കുകൾ പൂർണമായും ഡിജിറ്റലായതിനാൽ ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഉപയോക്തൃ-സൗഹൃദവും തടസ്സരഹിതവും

ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാധാരണ ബാങ്കിൽ ചെന്നാൽ 5-6 ഫോമുകളാണ് അദ്യം കിട്ടുക. അവയെല്ലാം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ എല്ലാം കോപ്പിയും നൽകിയാണ്  അക്കൗണ്ട് തുറക്കുന്നത്. കൂടാതെ ബാലൻസ് നിലനിർത്താനായി 500-1000 രൂപയും അക്കൗണ്ടിൽ സ്ഥിരമായി വേണം. എന്നാൽ നിയോ ബാങ്കിൽ അക്കൗണ്ട് തുറക്കാൻ എളുപ്പമാണ്. നിയോ ബാങ്കിന് ഫിസിക്കലായി ബ്രാഞ്ചുകൾ ഇല്ലാത്തതിനാൽ ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഉപയോഗിച്ച് അക്കൗണ്ടുകൾ തുറക്കാൻ കഴിയും. കെവൈസി നടപടിക്രമങ്ങൾ നടത്തി മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ട് സജീവമാക്കാം.

അന്താരാഷ്ട്ര പേയ്‌മെന്റുകൾ

മറ്റു ബാങ്കുകളിൽ നിന്നു ലോകമെമ്പാടും എവിടെയും ഉപയോഗിക്കാവുന്ന അല്ലെങ്കിൽ ആവശ്യമായ അന്താരാഷ്ട്ര ഇടപാടുകൾ നടത്താൻ കഴിയുന്ന ഒരു ഡെബിറ്റ് കാർഡ് നേടുന്നത് അത്ര എളുപ്പമല്ല. ഒരു നിയോ-ബാങ്കിൽ അക്കൗണ്ട് തുറക്കുമ്പോൾ ആ ബുദ്ധിമുട്ടുകളെല്ലാം മറക്കുക. നിലവിലെ വിനിമയ നിരക്കുകൾ ഉപയോഗിച്ച്, നിങ്ങളുടെ കാർഡ് ഉപയോഗിച്ച് വിദേശ യാത്രയ്ക്കിടെ നിങ്ങൾക്ക് ഇടപാടുകൾ നടത്താം.

അപ്ഡേറ്റ് കൃത്യം

നിയോ ബാങ്കുകൾ ഇടപാടുകൾ സുഗമമാക്കുന്നു. നിങ്ങളുടെ ഇടപാടുകളുടെ വിശദാംശങ്ങൾ അപ്പോൾതന്നെ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതിനാൽ നിങ്ങളുടെ അക്കൗണ്ട് ബാലൻസ് എന്താണെന്ന് നിങ്ങൾക്ക് എപ്പോഴും അറിയാൻ കഴിയും. നിങ്ങളുടെ പേയ്‌മെന്റുകളും ഇടപാടുകളും എല്ലാം ആപ്പിൽ പ്രദർശിപ്പിക്കും. നിയോ ആപ്പ് നിങ്ങളുടെ ചെലവുകളുടെ ഒരു അവലോകനം നൽകുകയും ചെയ്യും.

എന്തുകൊണ്ടാണ് നിയോ ബാങ്കുകൾ ക്രിപ്‌റ്റോ ഫ്രണ്ട്‌ലി സൊല്യൂഷനുകൾ ഉൾപ്പെടുത്തുന്നത്?

മികച്ച 10 നിയോ ബാങ്കുകളിൽ പകുതിയിലധികവും ഏതാനും വർഷങ്ങൾക്കുള്ളിൽ ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസി ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യും. രണ്ടാണ് കാരണങ്ങൾ. നിയോ ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസി നൽകാൻ ആഗ്രഹിക്കുന്നതിന്റെ ഒരു വലിയ കാരണം, ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളിലേക്ക് എത്രപേർ അവരുടെ അക്കൗണ്ടിൽ നിന്ന് പണം അയയ്‌ക്കുന്നുവെന്ന് അവർക്ക് അറിയാൻ കഴിയും എന്നതാണ്.

അവരുടെ പ്ലാറ്റ്‌ഫോമുകളിൽ നിലനിർത്താൻ ആഗ്രഹിക്കുന്ന ഫണ്ടുകളാണിത്. കൂടാതെ, ക്രിപ്‌റ്റോ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. നിയോ-ബാങ്കുകൾ ഈ സേവനങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ, ഉപഭോക്താക്കൾ പെട്ടെന്ന് തന്നെ ക്രിപ്‌റ്റോകറൻസി വാങ്ങാനും വിൽക്കാനും തുടങ്ങും.

നിയോ-ബാങ്കുകളും ചലഞ്ചർ ബാങ്കുകളും അവരുടെ ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ മൂന്ന് പ്രധാന കാര്യങ്ങൾ നിരീക്ഷിക്കുന്നു: ഇടപഴകൽ, പുതിയ വരുമാന സ്ട്രീമുകൾ, പുതിയ ഉപയോക്താക്കൾ. ക്രിപ്റ്റോ ഉപയോക്താക്കൾ മറ്റുള്ളവരെക്കാൾ കൂടുതൽ തവണ ആപ്പിൽ ലോഗിൻ ചെയ്യും.

ഒരു നിയോ-ബാങ്കിന്റെ ആപ്ലിക്കേഷനുമായി ഉപഭോക്താക്കൾ കൂടുതൽ ഉപയോഗിക്കുന്നതിനാൽ അവർക്ക് ക്രിപ്‌റ്റോ കറൻസി ഇതര ഉൽപ്പന്നങ്ങൾ വിൽക്കാൻ അധിക അവസരങ്ങൾ ലഭിക്കുന്നു. ക്രിപ്റ്റോ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് പുതിയ ഉപയോക്താക്കൾക്ക് ചേരുന്നത് സാധ്യമാക്കുന്നു എന്നതാണ് മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ കാരണം.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What is neo bank and how it is different from normal banks