യുക്രൈനും റഷ്യയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയുടെ ഭാഗമാകാനുള്ള യുക്രൈനിന്റെ താത്പര്യമാണ്. യുക്രൈന് നാറ്റോയുടെ ഭാഗമായാല്‍ റഷ്യയുടെ നിലില്‍പ്പിന് തന്നെ ഭീഷണിയായേക്കുമെന്നാണ് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ നിലപാട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഏറ്റുമുട്ടലിലേക്ക് കടക്കാന്‍ പുടിനെ പ്രേരിപ്പിച്ച ഘടകവും ഇത് തന്നെയായിരുന്നു.
കൂട്ടായ പ്രതിരോധം
നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്ഗനൈസേഷന് ( നാറ്റോ ) 1949 ലാണ് രൂപീകൃതമായത്. സോവിയറ്റ് യൂണിയനെതിരെ സുരക്ഷയുറപ്പിക്കുന്നതിനായ അമേരിക്ക, കാനഡയ്ക്കുമൊപ്പം നിരവധി പടിഞ്ഞാറന്‍ യുറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്നാണ് നാറ്റോ രൂപീകരിച്ചത്. പടിഞ്ഞാറന്‍ മേഖലയ്ക്ക് പുറത്തുള്ള അമേരിക്കയുടെ ആദ്യത്തെ സൈനിക സഖ്യമായിരുന്നു ഇത്. നിലവില്‍ 30 രാജ്യങ്ങളാണ് നാറ്റോയുടെ ഭാഗമായിട്ടുള്ളത്. ബെല്‍ജിയത്തിലെ ബ്രൂസെല്സിലാണ് നാറ്റോയുടെ ആസ്ഥാനം.
നാറ്റോയില്‍ ഉള്‍പ്പെട്ട ഏതെങ്കിലും രാജ്യങ്ങള്‍ക്ക് എന്തെങ്കിലും ആക്രമണം നേരിട്ടാല്‍ നാറ്റോ അംഗങ്ങള്‍ പരസ്പര പ്രതിരോധത്തിന് പ്രതിജ്ഞാബദ്ധരാണ്. കൂട്ടായ പ്രതിരോധമാണ് നാറ്റോയുടെ പ്രധാന ആശയം. അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാക്കുകയും സഖ്യത്തിനുള്ളിൽ ഐക്യദാർഢ്യത്തിന്റെ മനോഭാവം സ്ഥാപിക്കുകയും ചെയ്യുക എന്ന തത്വത്തിലാണ് സഖ്യം നിലനില്‍ക്കുന്നത്.
1946-49 ഗ്രീക്ക് ആഭ്യന്തരയുദ്ധത്തിൽ, ഗ്രീസിലെക്കുള്ള സോവിയറ്റ് പിന്തുണയുള്ള കമ്മ്യൂണിസ്റ്റ് അധിനിവേശത്തെ തടയാൻ അമേരിക്കയും ബ്രിട്ടണും പ്രവർത്തിച്ചു. 1947-48 കാലഘട്ടത്തില്‍ തുർക്കിയിലെയും ഗ്രീസിലെയും കമ്മ്യൂണിസ്റ്റ് പ്രക്ഷോഭങ്ങൾ തടയാൻ അമേരിക്ക പ്രതിജ്ഞാബദ്ധരായി. 1949 ല്‍ സോവിയറ്റ് യൂണിയന് പടിഞ്ഞാറന്‍ ബെര്‍ലിന്‍ ഉപരോധിച്ചു. ഇത് അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ് എന്നിവരെ യുദ്ധാനന്തര അധികാരപരിധി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കി.
ഈ സംഭവങ്ങളെല്ലാം സോവിയറ്റ് യൂണിയനെതിരെ ഒരു അമേരിക്കൻ-യൂറോപ്യൻ സഖ്യം അനിവാര്യമാണെന്ന നിഗമനത്തിലേക്ക് അമേരിക്കയെ നയിച്ചു. ഒരു കൂട്ടായ സുരക്ഷാ സഘ്യത്തിന്റെ ആവശ്യകത യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ബോധ്യപ്പെട്ടു. 1948 മാർച്ചിൽ യുകെ, ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്സ്, ലക്സംബർഗ് എന്നിവ ബ്രസൽസ് കൂട്ടായ പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവച്ചു.
ഏതാനും മാസങ്ങൾക്ക് ശേഷം അമേരിക്കന്‍ കോൺഗ്രസ് വണ്ടൻബർഗ് പ്രമേയം പാസാക്കി. ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടിക്കുള്ളിലും എന്നാൽ സെക്യൂരിറ്റി കൗൺസിലിനു പുറത്തും പ്രവർത്തിക്കുന്ന പരസ്പര പ്രതിരോധ ക്രമീകരണങ്ങളുടെ പിന്തുണയിലൂടെ സുരക്ഷ തേടാന്‍ പ്രസിഡന്റിനെ ഉപദേശിക്കുന്ന സുപ്രധാന നടപടിയായിരുന്നു അത്.
വാൻഡൻബർഗ് പ്രമേയം നാറ്റോയിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു. 1949 ഏപ്രിൽ നാലിന് വാഷിംഗ്ടണില്‍ വച്ചാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. അമേരിക്ക, ബ്രിട്ടണ്, കാനഡ, ഫ്രാൻസ്, ഡെൻമാർക്ക്, ബെൽജിയം, നോർവേ, പോർച്ചുഗൽ, നെതർലാൻഡ്സ്, ഇറ്റലി, ഐസ്ലാൻഡ്, ലക്സംബർഗ് എന്നീ രാജ്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉടമ്പടിയുടെ ഭാഗമായിരുന്നത്.
നാറ്റോയുടെ ഉത്ഭവവും യുക്തിയും
രണ്ടാം ലോകമഹായുദ്ധത്തോടെ തകര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ സമ്പദ്വ്യവസ്ഥയെ പുനര്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്റെ വിപുലീകരണം തടയാന്‍ സാമ്പത്തികമായും സായുധവുമായും ശക്തമായ യൂറോപ്പിന് കഴിയുമെന്ന് കരുതിയ അമേരിക്ക പുതിയ പദ്ധതി ആസൂത്രണം ചെയ്തു. വന്‍തോതില്‍ സാമ്പത്തിക സഹായം നല്കാന് തീരുമാനിച്ചു, ‘യൂറോപ്യൻ റിക്കവറി പ്രോഗ്രാം’.
പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ സ്റ്റേറ്റ് സെക്രട്ടറി ജോർജ്ജ് സി മാർഷലിന് ശേഷം മാർഷൽ പ്ലാൻ എന്നറിയപ്പെടുന്ന യൂറോപ്യൻ റിക്കവറി പ്രോഗ്രാം അമേരിക്കയും യൂറോപ്പും തമ്മിലുള്ള സഹകരണം എന്ന ആശയത്തെ പ്രോത്സാഹിപ്പിച്ചു. മാർഷൽ പദ്ധതിയിൽ പങ്കെടുക്കാൻ സോവിയറ്റ് യൂണിയൻ വിസമ്മതിക്കുകയും അമേരിക്കൻ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ നിന്ന് തങ്ങളുടെ സ്വാധീനത്തിലുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്തു.
നാറ്റോയുടെ വിപുലീകരണം
ഗ്രീസും തുർക്കിയും 1952 ലും, ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി (പശ്ചിമ ജർമ്മനി) 1955 ലും നാറ്റോയില്‍ ചേർന്നു. സ്പെയിന് 1982 ലും 1999ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് 10 വര്‍ഷത്തിന് ശേഷം മുൻ സോവിയറ്റ് ബ്ലോക്ക് രാജ്യങ്ങളായ ഹംഗറി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളും നാറ്റോയിലെത്തി.
ബൾഗേറിയ, എസ്റ്റോണിയ, ലത്വിയ, ലിതുവാനിയ, റൊമാനിയ, സ്ലോവാക്കിയ, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ 2004 ല്‍ നാറ്റോയുടെ ഭാഗമായി. അല്‍ബാനിയയും ക്രൊയേഷ്യയും 2009 ലും, മോണ്ടിനെഗ്രോ 2017 ലും, നോര്‍ത്ത് മാസിഡോണിയ 2020 ലും സഖ്യത്തിന്റെ ഭാഗമായി.
റഷ്യയുമായുള്ള പിരിമുറുക്കം
സോവിയറ്റ് യൂണിയനോടുള്ള ശത്രുതയാണ് നാറ്റോ നിലവിൽ വരാനുള്ള കാരണം. 1955 ൽ സോവിയറ്റ് യൂണിയൻ പോളണ്ട്, ചെക്കോസ്ലോവാക്യ, അൽബേനിയ, ബൾഗേറിയ, കിഴക്കൻ ജർമ്മനി, ഹംഗറി, റൊമാനിയ എന്നീ ഏഴ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുമായി വാർസോ ഉടമ്പടി എന്നറിയപ്പെടുന്ന സ്വന്തം കൂട്ടായ പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവച്ചു.
ശീതയുദ്ധത്തിന്റെ അവസാനത്തോടെ വാർസോ ഉടമ്പടി തകരുകയും 1991 ഫെബ്രുവരിയിൽ പിരിച്ചുവിട്ടതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. അതിൽ ഒപ്പുവച്ചിട്ടുള്ളവരിൽ സോവിയറ്റ് യൂണിയനും ചെക്കോസ്ലോവാക്യയും കിഴക്കൻ ജർമ്മനിയും നിലവിലില്ല. ശേഷിക്കുന്ന അഞ്ച് രാജ്യങ്ങളും നാറ്റോയുടെ ഭാഗമാണ്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷമുള്ള ചെറിയ കാലയളവ് മാറ്റി നിര്‍ത്തിയാല്‍ പുടിന്റെ കീഴിലുള്ള റഷ്യ പാശ്ചാത്യ രാജ്യങ്ങളെ സംശയത്തിന്റെ നിഴലിലാണ് കാണുന്നത്. ഇപ്പോൾ നാറ്റോയുടെ ഭാഗമായ മൂന്ന് ബാൾട്ടിക് രാജ്യങ്ങൾ റഷ്യയുമായി അതിർത്തി പങ്കിടുന്നു. ബെലാറസും യുക്രൈനും മാത്രമാണ് ഇപ്പോള്‍ നാറ്റോയുടെ പുറത്ത് നില്ക്കുന്ന അതിര്‍ത്തി രാജ്യങ്ങള്‍.
ക്രെംലിന്റെ വീക്ഷണത്തില്‍ നാറ്റോയ്ക്കും റഷ്യക്കും ഇടയില്‍ തെക്കും പടിഞ്ഞാറും അതിര്‍ത്തികളില്‍ നിഷ്പക്ഷ രാജ്യങ്ങളെ നിലനിര്‍ത്തുന്നത് സുരക്ഷയ്ക്ക് നിര്‍ണായകമാണ്. നാറ്റോയുടെ കീഴിലേക്ക് യുക്രൈനെത്തിയാല് റഷ്യയ്ക്ക് പല തിരിച്ചടികളും ഉണ്ടായേക്കാം. ബ്ലാക്ക് സീയിലൂടെയുള്ള പ്രവേശനം നിഷേധിക്കപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് 2014 ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തത്.
Also Read: ഹോവിറ്റ്സർ തോക്കുകൾ മുതൽ കാലിബർ ക്രൂയിസ് മിസൈലുകൾ വരെ; ഇവയാണ് റഷ്യ-യുക്രൈൻ യുദ്ധത്തിലെ ആയുധങ്ങൾ