2021ല്‍ സെന്‍സസ് നടത്താനും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പരിഷ്‌കരിക്കാനുമുള്ള നിര്‍ദേശത്തിന് ഇന്നു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. എന്‍പിആര്‍ പുതുക്കാനായി 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ അസം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സെന്‍സസ് നടക്കും. സെന്‍സസിനു 8,754 കോടി രൂപയും എന്‍പിആര്‍ പരിഷ്‌കരിക്കാന്‍ 3,941 കോടി രൂപയും ചെലവഴിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായാണു വിവരം.

എന്താണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍)?

രാജ്യത്തെ സ്ഥിരതാമസക്കാരുടെ പട്ടികയാണു ദേശീയ ജനസംഖ്യാ രജിസ്റ്റര്‍. ഇന്ത്യയിലെ ഓരോ സ്ഥിരതാമസക്കാരനും എന്‍പിആറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതു നിര്‍ബന്ധമാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശ പൗരന്മാര്‍ക്കും ഇതു ബാധകമാണ്. രാജ്യത്തെ മുഴുവന്‍ സ്ഥിരതാമസക്കാരുടെയും സമഗ്ര വ്യക്തിവിവരശേഖരം സൃഷ്ടിക്കുകയെന്നതാണു ജനസംഖ്യാ പട്ടികയുടെ ലക്ഷ്യം. 2010-ലാണു രാജ്യത്തെ ആദ്യ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കിയത്. 2015-ല്‍ വീടുവീടാന്തരം സര്‍വേ നടത്തി ഈ വിവരങ്ങള്‍ പരിഷ്‌കരിച്ചു. 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് എന്‍പിആറിന്റെ അടുത്ത പുതുക്കല്‍. 1955-ലെ പൗരത്വ നിയമം, 2003 പൗരത്വ ചട്ടങ്ങള്‍, എന്നിവ പ്രകാരം പ്രാദേശിക (ഗ്രാമം / ഉപനഗരം), ഉപജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ ഇതു തയാറാക്കുന്നു.

Read Also: കുലുങ്ങാതെ കേന്ദ്രം; ദേശീയ ജനസംഖ്യാ പട്ടിക പുതുക്കാന്‍ 8,500 കോടി അനുവദിച്ചു

സ്ഥിരതാമസക്കാരന്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്ത്?

2003-ലെ പൗരത്വ ചട്ടങ്ങള്‍ പ്രകാരം, ആറു മാസമോ അതില്‍ കൂടുതലോ ഒരു പ്രദേശത്ത് താമസിച്ച വ്യക്തിയോ അല്ലെങ്കില്‍ ആറു മാസമോ അതില്‍ കൂടുതലോ ആ പ്രദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയോ ആണ് സ്ഥിരതാമസക്കാരന്‍.

എന്താണു സെന്‍സസ്?

രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പാണു സെന്‍സസ്. 10 വര്‍ഷം കൂടുമ്പോഴാണു സെന്‍സസ് നടത്തുന്നത്. രാജ്യത്തെ പതിനാറാമത്തെ സെന്‍സസാണു 2021ലേത്. 1872ലായിരുന്നു ആദ്യ സെന്‍സസ്. സ്വാതന്ത്ര്യത്തിനുശേഷമുള്ള എട്ടാമത്തെ സെന്‍സസാണിത്. മൊബൈല്‍ ആപ്പ് ഉപയോഗിച്ചുള്ള ആദ്യ സെന്‍സസാണ് 2021ല്‍ നടക്കാനിരിക്കുന്നത്. ആപ്പ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കു സ്വന്തമായി വിവരം നല്‍കാം.

എന്തൊക്കെ വിശദാംശങ്ങളാണ് എന്‍പിആറിന് വേണ്ടത്?

മാതാപിതാക്കളുടെ ജനന തീയതി, സ്ഥലം, അവസാന താമസസ്ഥലം, പാന്‍, ആധാര്‍ (നിര്‍ബന്ധമല്ല) നമ്പര്‍, വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന 21 പോയിന്റുകളുടെ വിശദാംശങ്ങള്‍ ആവശ്യമാണ്. 15 രേഖകളില്‍ നിന്നാണ് അവസാനമായി പരിഷ്‌ക്കരിച്ച 2010 ദേശീയ ജനസംഖ്യാ പട്ടികയിലേക്ക് വിവരങ്ങള്‍ ശേഖരിച്ചത്. അതില്‍ ‘മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും അവസാന താമസസ്ഥലവും ഉള്‍പ്പെടുത്തിയിരുന്നില്ല.

എന്‍പിആറും എന്‍ആര്‍സിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ദേശീയ പൗരത്വ പട്ടികയില്‍നിന്നു വ്യത്യസ്തമാണ്. പൗരത്വ പട്ടിക വിദേശ പൗരന്മാരെ ഒഴിവാക്കുന്നു.

2003 ഡിസംബര്‍ 10-നു വിജ്ഞാപനം ചെയ്ത പൗരത്വ ചട്ടങ്ങള്‍ പ്രകാരം ജനസംഖ്യാ രജിസ്റ്റര്‍ ഒരു ഗ്രാമത്തിലോ ഗ്രാമപ്രദേശങ്ങളിലോ പട്ടണത്തിലോ വാര്‍ഡിലോ അതിര്‍ത്തി നിര്‍ണയിച്ച പ്രദേശങ്ങളിലോ സ്ഥിരമായി താമസിക്കുന്ന വ്യക്തികളുടെ വിശദാംശങ്ങള്‍ അടങ്ങിയ പട്ടികയാണ്. അതേസമയം ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രജിസ്റ്ററാണ് ദേശീയ പൗരത്വ പട്ടിക.

ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ രജിസ്റ്ററില്‍ ഓരോ പൗരന്റെയും മാതാപിതാക്കളുടെ പേര്, ലിംഗം, ജന്മദിനം, ജനനസ്ഥലം, വിലാസങ്ങള്‍, വിവാഹം സംബന്ധിച്ച വിവരം, ഭാര്യയുടെ/ഭര്‍ത്താവിന്റെ പേര്, തിരിച്ചറിയല്‍ അടയാളം, പൗരത്വം രേഖപ്പെടുത്തിയ തീയതി, രജിസ്‌ട്രേഷന്‍ സീരിയല്‍ നമ്പര്‍, ദേശീയ ഐഡന്റിറ്റി നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്നു.

എന്‍പിആറും എന്‍ആര്‍സിയും തമ്മിലുള്ള ബന്ധം?

2003 ഡിസംബര്‍ 10-ന് വിജ്ഞാപനം ചെയ്ത പൗരത്വ ചട്ടങ്ങള്‍ അനുസരിച്ച് പ്രാദേശിക രജിസ്ട്രാറുടെ അധികാരപരിധിയിലുള്ള മുഴുവന്‍ വ്യക്തികളുടെയും വിവരങ്ങള്‍ ശേഖരിക്കാനുള്ള തിയതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാം. ജനസംഖ്യാ രജിസ്റ്ററിന്റെ കൃത്യമായ പരിശോധനയ്ക്കു ശേഷമുള്ള വ്യക്തികളുടെ വിവരങ്ങള്‍ പൗരന്മാരുടെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook