scorecardresearch
Latest News

ശ്രദ്ധ കൊലക്കേസിൽ പ്രതിയ്ക്ക് നാർക്കോ അനാലിസിസ്; എന്താണ് മെഡിക്കൽ പരിശോധന?

കോട്ടയം പയസ് ടെൻത് കോൺവന്റ് ഹോസ്റ്റലിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ, പ്രതികളെ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു

ശ്രദ്ധ കൊലക്കേസിൽ പ്രതിയ്ക്ക് നാർക്കോ അനാലിസിസ്; എന്താണ് മെഡിക്കൽ പരിശോധന?

ലിവ് ഇൻ പങ്കാളിയായ ശ്രദ്ധാ വാൽക്കറിനെ കൊലപ്പെടുത്തിയ കേസിൽ അഫ്താബ് പൂനാവാലയെ നാർക്കോ അനാലിസിസിന് വിധേയമാക്കാൻ ഒരുങ്ങി ഡൽഹി പോലീസ്. ഡൽഹി സാകേതിലെ കോടതിയാണ് അനുമതി നൽകിയത്. 28കാരനായ പ്രതി മേയ് മാസത്തിലാണ് കൊല നടത്തിയത്.

കൊലയ്ക്ക് ശേഷം, വാൽക്കറുടെ മൃതദേഹം പല കഷ്ണങ്ങളാക്കി വെട്ടിമുറിച്ച പ്രതി ഡൽഹിയിലെ ഒരു വനപ്രദേശത്താണ് ഇവ ഉപേക്ഷിച്ചത്. പരിശോധനയ്ക്ക് അനുമതി തേടി പോലീസ് കോടതിയെ സമീപിച്ചതിന് ശേഷം, ടെസ്റ്റിന്റെ അനന്തരഫലങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്ന് പൂനാവാല ജഡ്ജിയോട് സമ്മതിച്ചു.

എന്താണ് നാർക്കോ ടെസ്റ്റ്?

നാർക്കോ അല്ലെങ്കിൽ നാർക്കോ അനാലിസിസ് ടെസ്റ്റിൽ, സോഡിയം പെന്റോതാൽ എന്ന മരുന്ന് കുറ്റാരോപിതന്റെ ശരീരത്തിൽ കുത്തിവയ്ക്കുന്നു. മരുന്നിന്റെ പ്രവർത്തനത്തിൽ അവർ ഹിപ്നോട്ടിക് അല്ലെങ്കിൽ മയക്കമുള്ള അവസ്ഥയിൽ എത്തുന്നു. അതോടെ ഉത്തരങ്ങൾ ഭാവനയിലൂടെ പറയുന്ന അവസ്ഥ അവസാനിക്കും.

ഈ അവസ്ഥയിൽ കുറ്റാരോപിതന് കള്ളം പറയാൻ സാധിക്കില്ല. അതിലൂടെ സത്യമായ വിവരങ്ങൾ മനസ്സിലാക്കാം എന്ന പ്രതീക്ഷിക്കുന്നു. സോഡിയം പെന്റോതാൽ അല്ലെങ്കിൽ സോഡിയം തയോപെന്റൽ എന്നത് വളരെ പെട്ടെന്ന് പ്രവർത്തിക്കുന്ന അനസ്തെറ്റിക് ആണ്. ശസ്ത്രക്രിയയ്ക്കിടെ രോഗികളെ മയക്കുന്നതിനാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്.

ഇതിന്റെ പ്രവർത്തനം കുറച്ചു സമയത്തേക്ക് മാത്രമാണ് പ്രവർത്തിക്കുക. കേന്ദ്ര നാഡീവ്യൂഹത്തിൽ ഡിപ്രസന്റുകളായി പ്രവർത്തിക്കുന്ന ഇത് ബാർബിറ്റ്യൂറേറ്റ് വിഭാഗത്തിൽ പെട്ടതാണ്. ഈ ഡ്രഗ് നുണ പറയുന്നത് ദുർബലപ്പെടുത്തുന്നുന്നതിനാൽ ഇതിനെ “ട്രൂത്ത് സെറം” എന്ന് വിളിക്കാറുണ്ട്. ഇത് രണ്ടാം ലോകമഹായുദ്ധസമയത്ത് ഇന്റലിജൻസ് പ്രവർത്തകർ ഉപയോഗിച്ചതായി പറയപ്പെടുന്നു.

ഇത് പോളിഗ്രാഫ് ടെസ്റ്റിന് തുല്യമാണോ?

അല്ല. ഒരു പോളിഗ്രാഫ് ടെസ്റ്റിൽ ഒരു വ്യക്തി കള്ളം പറയുന്നത് അവരുടെ ശാരീരിക പ്രതികരണങ്ങളിൽ വ്യത്യാസം ഉണ്ടാകും. അതിലൂടെയാണ് കണ്ടെത്തൽ നടക്കുന്നത്. പോളിഗ്രാഫ് പരിശോധനയിൽ ശരീരത്തിൽ മരുന്ന് കുത്തിവയ്ക്കുന്നത് ഉൾപ്പെടുന്നില്ല. പകരം കാർഡിയോ-കഫ്സ് അല്ലെങ്കിൽ സെൻസിറ്റീവ് ഇലക്ട്രോഡുകൾ പോലുള്ള ഉപകരണങ്ങൾ സംശയിക്കപ്പെടുന്ന വ്യക്തിയിൽ ഘടിപ്പിക്കും.

ചോദ്യം ചോദിക്കുന്ന വേളയിൽ രക്തസമ്മർദ്ദം, പൾസ് നിരക്ക്, ശ്വസനം, വിയർപ്പ് ഗ്രന്ഥികളുടെ പ്രവർത്തനത്തിലെ മാറ്റം, രക്തപ്രവാഹം തുടങ്ങിയവയിലെ വ്യത്യാസങ്ങൾ മാർക്ക് ചെയ്യുന്നു. ഓരോ പ്രതികരണത്തിനും ഒരു സംഖ്യാ മൂല്യം നൽകിയിട്ടുണ്ട്. വ്യക്തി പറയുന്നത് സത്യമാണോ കള്ളമാണോ എന്ന അങ്ങനെ അറിയാൻ കഴിയുന്നു.

ടെസ്റ്റ് ആദ്യം നടന്നത് എന്ന്?

19-ആം നൂറ്റാണ്ടിൽ ഇറ്റാലിയൻ ക്രിമിനോളജിസ്റ്റ് സെസേർ ലോംബ്രോസോ ഇത്തരമൊരു പരീക്ഷണം നടത്തിയതായി പറയപ്പെടുന്നു. ചോദ്യം ചെയ്യലിൽ കുറ്റവാളികളായ പ്രതികളുടെ രക്തസമ്മർദ്ദത്തിലെ മാറ്റങ്ങൾ അളക്കാൻ ഒരു യന്ത്രം ഉപയോഗിക്കുകയാണിയാൾ ചെയ്തത്.

സമാനമായ ഉപകരണങ്ങൾ പിന്നീട് 1914-ൽ അമേരിക്കൻ സൈക്കോളജിസ്റ്റ് വില്യം മാർസ്ട്രോണും 1921-ൽ കാലിഫോർണിയ പോലീസ് ഓഫീസർ ജോൺ ലാർസണും സൃഷ്ടിച്ചു.

ഇത്തരം പരിശോധനകൾ എന്തിനാണ് നടത്തുന്നത് ?

അന്വേഷണ ഏജൻസികൾ ഈ പരിശോധനകൾ ഒരു ബദൽ സംവിധാനമായിട്ടാണ് കാണുന്നത്. സംശയിക്കപ്പെടുന്നവരിൽ നിന്നു സത്യങ്ങൾ അറിയാൻ ഇത്തരം മെഡിക്കൽ പരിശോധനകൾ സഹായിക്കുന്നു. ഈ രീതിയ്ക്ക് 100% വിജയം ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇവ മെഡിക്കൽ മേഖലയിലും ഒരു തർക്കവിഷമായി തുടരുന്നുണ്ട്.

കുറ്റാരോപിതരെ ഇത്തരത്തിൽ പരീക്ഷിക്കുന്നതിന് നിയന്ത്രണങ്ങളില്ലേ?

തീർച്ചയായും ഉണ്ട്. ‘സെൽവി ആൻഡ് അതേഴ്സ് വേഴ്സസ് സ്റ്റേറ്റ് ഓഫ് കർണാടക & അൻആർ’ (2010) എന്ന കേസിൽ അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, ജസ്റ്റിസുമാരായ ആർ വി രവീന്ദ്രൻ, ജെ എം പഞ്ചാൽ എന്നിവരടങ്ങുന്ന ബെഞ്ച് കുറ്റാരോപിതന്റെ സമ്മതത്തോടെയല്ലാതെ നുണ പരിശോധന നടത്തരുതെന്ന് വിധിച്ചു.

പരിശോധനയ്ക്ക് സമ്മതിക്കുന്നവർക്ക് അഭിഭാഷകന്റെ സഹായം ലഭ്യമാക്കണം. കൂടാതെ പരിശോധനയുടെ ശാരീരികവും വൈകാരികവും നിയമപരവുമായ പ്രത്യാഘാതങ്ങൾ പോലീസും അഭിഭാഷകനും അവർക്ക് വിശദീകരിച്ച് നൽകണമെന്നും ബെഞ്ച് പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ 2000-ൽ പ്രസിദ്ധീകരിച്ച ‘ഒരു കുറ്റാരോപിതനെ സംബന്ധിച്ച പോളിഗ്രാഫ് പരിശോധന നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ’ കർശനമായി പാലിക്കണമെന്നും കുറ്റോരോപിതന്റെ സമ്മതം ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തണമെന്നും കോടതി പറഞ്ഞു.

ഈ പരിശോധനകളുടെ ഫലങ്ങൾ “കൺഫെഷൻ” ആയി കണക്കാക്കാമോ?

ഇല്ല. മരുന്ന് കുത്തിവച്ച അവസ്ഥയിൽ അവരോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവർക്ക് കൃത്യമായി മറുപടി കൊടുക്കാൻ സാധിക്കില്ല. എന്നാലും ഇത്തരത്തിൽ എടുത്ത പരിശോധനയുടെ സഹായത്തോടെ പിന്നീട് കണ്ടെത്തുന്നവ തെളിവുകളായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.

അതിനാൽ, പൂനാവാലയെപ്പോലുള്ള കുറ്റാരോപിതൻ പരിശോധനയ്ക്കിടെ ഒരു ഭൗതിക(physical) തെളിവിന്റെ സ്ഥാനം (പലപ്പോഴും കൊലപാതക ആയുധം പോലെയുള്ളത്) വെളിപ്പെടുത്തുകയും പിന്നീട് പോലീസ് ആ പ്രത്യേക തെളിവ് കണ്ടെത്തുകയും ചെയ്താൽ, അതിൽ പ്രതിയുടെ മൊഴി തെളിവായി പരിഗണിക്കില്ല. എന്നാൽ ഭൗതിക തെളിവുകൾ അതേപടി പരിഗണിക്കും.

ഭരണഘടനയുടെ ആർട്ടിക്കിൾ 20(3) പ്രകാരമുള്ള മനുഷ്യാവകാശങ്ങൾ, ന്യായമായ വിചാരണയ്ക്കുള്ള അവകാശം എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ബെഞ്ച് പരിഗണിച്ചു.

“ഒരു വ്യക്തിയുടെ മാനസിക പ്രക്രിയകളിലേക്ക് ബലപ്രയോഗത്തിലൂടെ കടന്നുകയറുന്നത് മനുഷ്യന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അപമാനമാണെന്ന് നാം തിരിച്ചറിയണം.​ അത് പലപ്പോഴും ഗുരുതരവും ദീർഘകാലം നിലനിൽക്കുന്നതുമായ പ്രത്യാഘാതങ്ങളുണ്ടാകും,”

മൂന്നാം മുറയ്ക്ക് പ്രകരം അത്തരം ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷയിൽ, അത് വൃത്തത്തിലുള്ള ന്യായവാദമാണന്നും ഒരു രീതിയെ അതേപോലെയുള്ള മറ്റൊരു രീതികൊണ്ട് മാറ്റുക എന്ന അനുചിതമായ പെരുമാറ്റമായി കോടതി നിരീക്ഷിച്ചു.

അഭയകേസിലെ നാർക്കോ അനാലിസിസ്

കോട്ടയം പയസ് ടെൻത് കോൺവന്റ് ഹോസ്റ്റലിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ഡിസംബർ 23-നായിരുന്നു അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്.

28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. ഇവരെ നാർക്കോ അനാലിസിസിന് വിധേയമാക്കിയിരുന്നു.

ഏത് സമീപകാല ക്രിമിനൽ അന്വേഷണങ്ങളിലാണ് ഈ പരിശോധനകൾ ഉപയോഗിക്കാൻ ശ്രമിച്ചത്?

  • 2019 ജൂലൈയിൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ യുവതി സഞ്ചരിച്ച വാഹനത്തിൽ ഇടിച്ച ട്രക്കിന്റെ ഡ്രൈവർക്കും സഹായിയ്ക്കും ഈ പരിശോധനകൾ നൽകാൻ സിബിഐ ശ്രമിച്ചിരുന്നു.
  • 2012ൽ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ഇന്ദ്രാണി മുഖർജി 2017 മെയ് മാസത്തിൽ നുണപരിശോധനയ്ക്ക് വിധേയയാകാൻ സന്നദ്ധത അറിയിച്ചിരുന്നു. അവർക്കെതിരെ മതിയായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞ് സിബിഐ വിസമ്മതിച്ചു.
  • 2008ൽ നോയിഡയിൽ മകൾ ആരുഷിയെ കൊലപ്പെടുത്തുകയും അതിനു ഹേംരാജിനെ സഹായിച്ചതിനും പ്രതികളായ ഡോ.രാജേഷ് തൽവാറിനും ഡോ.നൂപുർ തൽവാറിനും പോളിഗ്രാഫ് പരിശോധന നടത്തി. ഇവരുടെ കംപൗണ്ടറായ കൃഷ്ണയുടെ നാർക്കോ ടെസ്റ്റിന്റെ വീഡിയോ മാധ്യമങ്ങൾക്ക് ചോർന്നിരുന്നു.
  • 2019 ഓഗസ്റ്റിൽ, ഒളിവിലുള്ള ജ്വല്ലറിക്കാരായ നീരവ് മോദിയും മെഹുൽ ചോക്‌സിയും ഉൾപ്പെട്ട 7,000 കോടി രൂപയുടെ തട്ടിപ്പ് കേസിൽ കസ്റ്റഡിയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) മുൻ സ്റ്റാഫിൽ പോളിഗ്രാഫ്, നാർക്കോ അനാലിസിസ് ടെസ്റ്റുകൾ നടത്താൻ സിബിഐ അനുമതി തേടിയെങ്കിലും മാനേജർ ഗോകുൽനാഥ് ഷെട്ടി സമ്മതം നിഷേധിച്ചു.
  • 2020 ഒക്ടോബറിൽ, ഹത്രാസിൽ ഠാക്കൂർ ജാതിയിൽപ്പെട്ട നാല് പുരുഷന്മാർ 19 കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പോളിഗ്രാഫ്, നാർക്കോ ടെസ്റ്റുകൾ നടത്താൻ യുപി സർക്കാർ ശ്രമിച്ചു. ഇരയുടെ കുടുംബം ഇതിന് വിസമ്മതിച്ചു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What is narco test which is to held in sradha murder case720800