/indian-express-malayalam/media/media_files/uploads/2021/05/Coviself-1.jpg)
ന്യൂഡല്‍ഹി: കോവിഡ് ബാധയുണ്ടെന്ന് സംശയം ഉള്ളവർക്ക് സ്വയം പരിശോധിക്കാനുള്ള കിറ്റിന് ഐസിഎം ആർ അംഗീകാരം നൽകി. ലാബുകളിൽ പോയി പരിശോധിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, വീടുകളിൽ എത്തി പരിശോധന നടത്താനുള്ള ആളുകളുടെ അഭാവം എന്നിവ നികത്താൻ ഇത് സഹായിക്കും. എന്നിരുന്നാലും പരിശോധന ഫലം 100 ശതമാനം ശെരിയായിരിക്കണമെന്നില്ല.
മൈലാബ് കോവിഡ് 19 പരിശോധന കിറ്റുകൾ
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈലാബ് എന്ന കമ്പനിയാണ് പരിശോധന കിറ്റ് തയാറാക്കിയത്. റാപ്പിഡ് ആന്റിജൻ പരിശോധനയുടെ മാതൃകയാണ് പിന്തുടരുന്നത്. മൂക്കിൽ നിന്ന് സ്വാബ് ശേഖരിച്ചതിന് 15 മിനുട്ടുകൾക്ക് ശേഷം ഫലം അറിയാൻ സാധിക്കും. മിതമായ നിരക്കിൽ ഇന്ത്യക്കായി ലക്ഷക്കണക്കിന് കിറ്റുകൾ തയാറാക്കുമെന്നാണ് മൈലാബിന്റെ എംഡി ഡോ. ഹസ്മുഖ് റവൽ പറഞ്ഞിരിക്കുന്നത്. ഒരു കിറ്റിന് 250 രൂപയാണ് വില. നിലവിൽ ഒരു ആഴ്ച 70 ലക്ഷം കിറ്റുകൾ വരെ ഉത്പാദിപ്പിക്കാൻ കമ്പനിക്ക് കഴിയും. അടുത്ത ആഴ്ചകളിൽ ഇത് ഒരു കോടിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
''പല പാശ്ചാത്യ രാജ്യങ്ങളും പൗരന്മാർക്ക് സ്വയം പരിശോധിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ഇത് വ്യാപനം തടയാനുള്ള മികച്ച മാർഗമായാണ് കണക്കാക്കുന്നത്. ടെസ്റ്റിങ് കിറ്റ് മൈലാബിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചേര്‍ന്ന മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് ഉപയോക്താവ് പോസിറ്റീവ് ആയാല്‍ തുടര്‍ നടപടിക്രമങ്ങള്‍ അറിയുന്നതിന് സഹായിക്കും. ഫലം ഐസിഎംആറിന് നേരിട്ട് സമർപ്പിക്കാവുന്നതാണ്. രണ്ടാം താരംഗവും, ഇനി വരാൻ സാധ്യതയുള്ളതുമായി വ്യാപനം തടയുന്നതിൽ ഈ കണ്ടുപിടുത്തം നിർണായക പങ്ക് വഹിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. സുജിത് ജെയിൻ (ഡയറക്ടർ,'' മൈലാബ് ഡിസ്‌ക്കവെറി സൊല്യൂഷൻസ്) പറഞ്ഞു.
പരിശോധന കിറ്റ് ആർക്കൊക്കെ ഉപയോഗിക്കാം?
ഐസിഎംആറിന്റെ നിർദേശം അനുസരിച്ച് രോഗലക്ഷണങ്ങൾ ഉള്ളവർക്കും, കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർക്കും, വീടുകളിൽ വെച്ച് പരിശോധന നടത്തേണ്ട അവസ്ഥ ഉള്ളവർക്കുമാണ് ഉപയോഗിക്കാൻ അനുമതി. പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ വീണ്ടും ആർടിപിസിആർ പരിശോധനയുടെ ആവശ്യം ഇല്ല. മൊബൈൽ ആപ്പുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാൽ ഐസിഎംആറിന് നേരിട്ട് വിവരങ്ങൾ ലഭ്യമാകും. പൊതുസ്ഥലങ്ങളിൽ വെച്ച് പരിശോധന നടത്താൻ പാടില്ല.
Also Read: കോവിഡ് വാക്സിനേഷൻ; പുതിയ മാർഗനിർദേശങ്ങൾ അറിയാം
രോഗലക്ഷണം ഉണ്ടായിട്ടും പരിശോധനയിൽ നെഗറ്റീവ് ആവുകയാണെങ്കിൽ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാകണം. 250 രൂപയാണ് ചിലവ്. ആർടിപിസിആർ പരിശോധനയ്ക്ക് 500 മുതൽ 1500 വരെയും, റാപിഡ് ആന്റിജൻ പരിശോധനയ്ക്ക് 300 മുതൽ 900 വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ വില.
കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തേണ്ട വിധം
പ്രീ-ഫിൽഡ് എക്സ്ട്രാക്ഷൻ ട്യൂബ്, അണുവിമുക്തമായ നാസൽ സ്വാബ്, ഒരു ടെസ്റ്റിംഗ് കാർഡ്, ബയോ ഹാസാർഡ് ബാഗ് എന്നിവയാണ് കിറ്റിലുള്ളത്. പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തി കോവിസെൽഫ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുകയും വിവരങ്ങൾ നൽകുകയും ചെയ്യണം. കൈകൾ സാനിറ്റൈസ് ചെയ്യുകയും, കിറ്റ് വെക്കുന്ന പ്രതലം വൃത്തി ആക്കുകയും വേണം. സ്വാബ് രണ്ട് മുതൽ നാല് സെന്റി മീറ്റർ വരെ മൂക്കിനുള്ളിലേക്ക് കടത്തണം. ലഭിച്ച സ്വാബ് എക്സ്ട്രാക്ഷൻ ട്യൂബിനുള്ളിൽ ചുറ്റിച്ച് അതിലുള്ള ദ്രാവാകവുമായി കൂടിച്ചേരാൻ അനുവദിക്കണം. ട്യൂബ് മുറുക്കി അടക്കുക. എക്സ്ട്രാക്ഷൻ ട്യൂബിൽ നിന്ന് രണ്ട് തുള്ളി ടെസ്റ്റിംഗ് കാർഡിലേക്ക് ഒഴിക്കുക. ടെസ്റ്റിംഗ് കാർഡിൽ രണ്ട് വര തെളിയുകുയാണെങ്കിൽ പോസിറ്റീവ് ആയിരിക്കും. ഒന്ന് ആണെങ്കിൽ നെഗറ്റീവും.
ട്യൂബും, സ്വാബും ബയോ ഹസാർഡ് ബാഗിലാക്കി മലിന്യങ്ങളുടെ ഒപ്പം നിക്ഷേപിക്കുക.
എപ്പോഴാണ് പരിശോധന അസാധുവായി കണക്കാക്കേണ്ടത്.
20 മിനിറ്റിൽ കൂടുതൽ ഫലം ലഭിക്കാനായി എടുക്കുന്നതും, ടെസ്റ്റിങ് കാര്‍ഡിലെ സി മാർക്കിന് സമീപം ലൈൻ തെളിഞ്ഞില്ല എങ്കിലും പരിശോധന അസാധുവായി കണക്കാക്കാം.
പരിശോധനയുടെ പോരായ്മകൾ
ലക്ഷണങ്ങളില്ലാതെ കോവിഡ് ബാധിതനായ വ്യക്തി പരിശോധിക്കുമ്പോള്‍ നെഗറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കില്‍ ഇത് സുരക്ഷ ഉറപ്പ് വരുത്തുന്നില്ല എന്നാണ് അര്‍ത്ഥം. ആന്റിജന്‍ പരിശോധനയിലൂടെ വലിയൊരു വിഭാഗത്തിന് രോഗമുണ്ടോ എന്ന് പെട്ടെന്ന് അറിയാന്‍ സാധിക്കും. ഇതേ ഫലത്തിനായി പുതിയ കിറ്റിനെ ആശ്രയിക്കാന്‍ സാധിക്കില്ല. പരിശോധന ഫലങ്ങള്‍ തെറ്റായി വരാനുള്ള സാധ്യതയും കൂടുതലാണ്. കോവിഡ് പരിശോധനയ്ക്കായി ഏറ്റവും നല്ല മാര്‍ഗം ആര്‍ടിപിസിആര്‍ തന്നെയാണ്. രോഗലക്ഷണമുള്ളയാള്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍, ആര്‍ടിപിസിആറാണ് നിര്‍ദേശിക്കുന്നത്.
സ്വാബ് ശെരിയായ രീതിയില്‍ ശേഖരിക്കാന്‍ സാധിക്കാതെ വരുകയോ, മലിനീകരണപ്പെടുകയോ ചെയ്താല്‍ പരിശോധന വെറുതെയാകും. സ്വാബ് ശേഖരിക്കുന്നതിന് ശരിയായ പരിശീലനം വേണ്ടതുണ്ട് ഇത് സാധാരണക്കാര്‍ക്ക് ലഭിക്കാത്ത ഒന്നാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.