ദിവസവും എത്രയെത്ര കടകളിൽ പോകുന്നു, സാധനങ്ങൾ വാങ്ങുന്നു, ഹോട്ടലിൽ കയറി ആഹാരം കഴിക്കുന്നു, എന്നിട്ട് കിട്ടുന്ന ബില്ലുകൾ എല്ലാം എന്താണ് ചെയ്യുക? രണ്ടു ദിവസം പേഴ്സിലും പോക്കറ്റിലും കിടക്കും, മൂന്നാം ദിവസം ബില്ലുകൾ മാഞ്ഞു തുടങ്ങുമ്പോൾ കളയും. ബില്ലുകൾ അങ്ങനെ കളയാൻ വരട്ടെ.
സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും ആഹാരം കഴിക്കാൻ പോകുമ്പോഴും മറ്റും ഇനി ബില്ലുകൾ ചോദിച്ച് വാങ്ങണം. എത്ര ചെറിയ തുകയാണെങ്കിലും ബില്ല് കൈവശം വയ്ക്കണം, അങ്ങനെയാണ് ഭാഗ്യം വരുന്നതെങ്കിലോ? ബില്ലിൽനിന്ന് എങ്ങനെ ഭാഗ്യം വരും എന്ന ചോദിക്കുന്നവരോട് പറയാനുള്ളത് ലക്കി ബില്ലിനെപ്പറ്റിയാണ്. പേര് പോലെത്തന്നെ ലക്കിയാണ് സംഭവം.
എന്താണ് ലക്കി ബിൽ? എന്താണ് ലക്കി ബിൽ ആപ് ?
സംസ്ഥാനത്തെ ചരക്ക് നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി, ഉപഭോക്താക്കൾ ബിൽ ചോദിച്ച് വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനാണ് ധനവകുപ്പ് ലക്കി ബിൽ പദ്ധതി ആരംഭിച്ചത്. സാധനങ്ങൾ വാങ്ങുമ്പോൾ പൊതുജനം നൽകുന്ന നികുതി സർക്കാരിലേക്ക് എത്തുന്നു എന്ന് ജനങ്ങൾക്ക് ഉറപ്പാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഈ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ചതാണ് ലക്കി ബിൽ ആപ്. ആഗസ്റ്റ് 16നാണ് ലക്കി ബിൽ മൊബൈൽ ആപ് ഔദ്യോഗികമായി നിലവിൽ വന്നത്.
സാധനങ്ങള്‍ വാങ്ങിയതിന്റെയോ, ആഹാരം കഴിച്ചതിന്റെയോ തുടങ്ങി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഏതു ബില്ലും ഇതിൽ അപ്‌ലോഡ് ചെയ്യാം. ബിൽ ഇല്ലാതെയുള്ള വ്യാപാരങ്ങൾ തടയുകയാണ് ലക്ഷ്യം. നികുതിയായി ലഭിക്കേണ്ട പണം എത്താതെയിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ജിഎസ്ടി വിഭാഗം ലക്കി ബിൽ ആപ് പുറത്തിറക്കിയത്.
ചെറിയ തുകയാണെങ്കിലും അതിന്റെ ഫോട്ടോ എടുത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ പറ്റും. അതിന്റെ മറുപടിയായി ഒരു നമ്പർ ഫോണിൽ എത്തും. ഓരോ അപ്‌ലോഡിനും ലഭിക്കുന്ന നമ്പറുകൾ ആപ്പിൽ തന്നെ സൂക്ഷിക്കാം. നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ഫോണിൽ സന്ദേശം എത്തും.
ലക്കി ബിൽ ആപ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ സംസ്ഥാന ചരക്കു സേവന നികുതിയുടെ വെബ്സൈറ്റിൽ നിന്നോ ആപ് ഫോണിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ലക്കി ബിൽ ആപ്പിലൂടെ 5 കോടിയുടെ ഭാഗ്യ സമ്മാനങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ബിൽ ലളിതമായി രീതിയിൽ അപ്ലോഡ് ചെയ്യാം. ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ ആദ്യം ഒടിപി ലഭിക്കും. തുടര്‍ന്ന് പേര്, വിലാസം, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി പിന്‍ സെറ്റ് ചെയ്യണം.
പ്രതിദിന സമ്മാനം നേടിയാൽ ഈ വിലാസത്തിലാണ് അയച്ചു നല്‍കുന്നത്. ബില്‍ അപ്‌ലോഡ് ചെയ്യാനായി ബില്ലിന്റെ ഫോട്ടോ എടുക്കുക. അപ്പോൾ ജിഎസ്ടി നമ്പര്‍, ബില്‍ നമ്പര്‍, തീയതി, തുക തുടങ്ങിയവ ഓട്ടോമാറ്റിക് ആയി കാണിക്കും. ഏതെങ്കിലും വിവരങ്ങൾ ആപ്പിൽ കാണിക്കാതിരിക്കുകയോ തെറ്റായി കാണിക്കുകയോ ചെയ്താൽ വിവരങ്ങൾ തിരുത്തി നൽകണം.
നറുക്കെടുപ്പിലെ സമ്മാനങ്ങൾ
ഒരു ബില്‍ അപ്‌ലോഡ് ചെയ്താല്‍ അത് അന്നത്തെ നറുക്കെടുപ്പിലും പ്രതിവാരം നടക്കുന്ന നറുക്കെടുപ്പിലും പ്രതിമാസം നടക്കുന്ന നറുക്കെടുപ്പിലും ബംമ്പറിനും പരിഗണിക്കും. നറുക്കെടുപ്പുകൾ ഇപ്രകാരം:
- പ്രതിദിനം – 1000 രൂപയുടെ ഗിഫ്റ്റ് പാക്കറ്റ് സമ്മാനം (25 പേര്‍ക്ക് കുടുംബശ്രീയും 25 പേര്‍ക്ക് വനശ്രീയും നല്‍കുന്നത്)
- പ്രതിവാരം – കെടിഡിസി ഹോട്ടലുകളില്‍ – മൂന്ന് പകല്‍ /രണ്ട് രാത്രി – കുടുംബത്തിന് താമസ സൗകര്യം ( 25 പേർക്ക്)
- പ്രതിമാസം – പത്ത് ലക്ഷം രൂപ ഒരാൾക്ക് (ഒന്നാം സമ്മാനം), അഞ്ച് പേര്‍ക്ക് രണ്ട് ലക്ഷം വീതം (രണ്ടാം സമ്മാനം), അഞ്ച് പേര്‍ക്ക് ഒരു ലക്ഷം വീതം (മൂന്നാം സമ്മാനം)
- ഓണം/ക്രിസ്മസ് ബമ്പര്‍ – 25 ലക്ഷം ഒരാൾക്ക്
കേരളത്തിന് പുറത്ത് നിന്നു വാങ്ങുന്ന സാധനങ്ങളുടെ ബിൽ പരിഗണിക്കുമോ ?
കേരളത്തിന്റെ പുറത്തുനിന്നു നടത്തുന്ന ഷോപ്പിങ്ങിന്റെ ബില്ലുകൾ സമ്മാനത്തിന് പരിഗണിക്കില്ല. ഏതു തരം ബില്ലുകളും അപ്‌ലോഡ് ചെയ്യാമെങ്കിലും സംസ്ഥാനത്ത് ജിഎസ്ടി രജിസ്ട്രേഷൻ ഉള്ള വ്യാപാരികളിൽനിന്നു ലഭിക്കുന്ന ബില്ലുകൾ മാത്രമേ നറുക്കെടുപ്പിന് പരിഗണിക്കുകയുള്ളൂ. കച്ചവടക്കാർ തമ്മിൽ നടത്തുന്ന ഇടപാടുകളുടെ (ബി2ബി) ബില്ലുകൾക്ക് സമ്മാനം ലഭിക്കില്ല.
എപ്പോഴാണ് നറുക്കെടുപ്പ്?
എല്ലാ ദിവസവും, ആഴ്ചകളിലും മാസത്തിലും നറുക്കെടുപ്പ് നടത്തും. അത് കൂടാതെ ബംബർ നറുക്കെടുപ്പും ഉണ്ട്. ഓണം ബമ്പർ നറുക്കെടുപ്പിന്റെ സമ്മാനതുക 25 ലക്ഷം രൂപയാണ്. പ്രതിദിന, പ്രതിവാര, പ്രതിമാസ നറുക്കെടുപ്പിലായി ഇതുവരെ 4,863 പേർക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച (ഡിസംബർ 17ന്) സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ 25 ലക്ഷം രൂപയുടെ ഓണം ബമ്പർ സമ്മാനം ഉൾപ്പെടെ വിതരണം ചെയ്തു. നാലു മാസം മുൻപ് പുറത്തിറക്കിയ ആപ്പിൽ 7.5 ലക്ഷം രൂപയുടെ ബില്ലുകളാണ് ഇതുവരെ അപ്‌ലോഡ് ചെയ്തത്. കോട്ടയം മേലുകാവുമറ്റം കീഴുമൂലയിൽ ഹൗസിൽ ബീന എം.ജോസഫിനാണ് ലക്കി ബില്ലിന്റെ ആദ്യ ഓണം ബമ്പർ ലഭിച്ചത്. സെപ്റ്റംബർ, ഒക്ടോബർ മാസത്തിലെ വിജയികൾക്കും സമ്മാനം നൽകി.

ഇവർ സാധനങ്ങൾ വാങ്ങിയ കടകളിലെ വ്യാപാരികൾക്കും ഉപഹാരങ്ങൾ നൽകി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രതിമാസ നറുക്കെടുപ്പുകളിൽ രണ്ടു ലക്ഷം രൂപ സമ്മാനം നേടിയവർക്കുള്ള ചെക്കുകളും വ്യാപാരികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
വ്യാപാരികൾക്കും കിട്ടും ഗുണം
“എല്ലാ ആളുകളും സാധനങ്ങൾ വാങ്ങിയ ശേഷം ബിൽ ചോദിച്ചു വാങ്ങണം. ലക്കി ബിൽ ആപ് കൂടുതൽ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന്” മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. “ബിൽ ചോദിച്ചുവാങ്ങുന്നത് ശീലമാക്കിയാൽ നികുതി ചോർച്ച തടയാനാകും. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും സംസ്ഥാന സർക്കാരിനും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതിയാണ് ലക്കി ബിൽ മൊബൈൽ ആപ്.”
“സമ്മാനം ലഭിക്കാനുള്ള സാധ്യതയുള്ളതോടെ ഉപഭോക്താക്കൾ കൂടുതൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തി സാധനങ്ങൾ വാങ്ങുന്നത് വ്യാപാരികൾക്കും ഗുണം ചെയ്യുന്നു. ഓൺലൈൻ ഷോപ്പിങ്ങിൽ നിന്നൊരു വിഭാഗം നേരിട്ട് സാധനങ്ങൾ വാങ്ങാൻ വരുന്നത് കച്ചവടം വർധിപ്പിക്കുമെന്ന് വ്യാപാരികൾ മനസിലാക്കിയതായും” മന്ത്രി പറഞ്ഞു.
ലക്കി ബിൽ ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയ ഫീച്ചറുകളായ ബിൽ ലോക്കർ, റഫറൽ കോഡ്, കൂടുതൽ ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്നവർക്ക് സമ്മാനങ്ങൾ എന്നിവയും ഉദ്ഘാടനം ചെയ്തു. കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ആപ്പ് മുഖേന സ്‌കാൻ ചെയ്യുമ്പോൾ തന്നെ ബില്ല് അപ്‌ലോഡാകും.
ഒരിക്കൽ അപ്‌ലോഡ് ചെയ്ത ബില്ലിന്റെ ഡിജിറ്റൽ കോപ്പി ആപ്പിൽ സുരക്ഷിതമായിരിക്കും. അടുത്ത ക്രിസ്മസ് ന്യൂഇയർ ബമ്പറിന്റെ നറുക്കെടുപ്പ് തീയതി 2023 ഫെബ്രുവരി 10നാണ്. 25 ലക്ഷം രൂപയാണ് ക്രിസ്മസ് ന്യൂഇയർ ബമ്പർ നറുക്കെടുപ്പ് സമ്മാനത്തുക.
ബില്ലിലെ തുകയുടെ പ്രധാന്യം?
നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നതിന് ബില്ലുകളിലെ തുകയ്ക്കും പ്രധാന്യമുണ്ട്. അപ്‌ലോഡ് ചെയ്ത ബില്ലിലെ ഓരോ 1000 രൂപയുടെ മൂല്യത്തിനും ഒരു സമ്മാനക്കൂപ്പൺ എന്ന വിധത്തിൽ ഒരു ബില്ലിന് പരമാവധി 20 കൂപ്പണ്‍ വരെ കണക്കാക്കിയാണ് ആ ഒരു ബില്ലിനെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തുന്നത്. അതിനാല്‍ ബില്ലിലെ മൂല്യത്തിനനുസരിച്ച് നറുക്കെടുപ്പില്‍ വിജയിയാകാനുള്ള സാധ്യതയും കൂടുതലാണ്.
ഒരു ബില്ല് ഒരു തവണ അപ്‌ലോഡ് ചെയ്യാം. പരമാവധി തുകയ്ക്ക് പരിധിയില്ല. ഓരോ നറുക്കെടുപ്പിനും ആ കാലയളവില്‍ അപ്‌ലോഡ് ചെയ്ത ബില്ലുകളാണ് പരിഗണിക്കുന്നത്.

നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിന്റെ മാനദണ്ഡങ്ങൾ
- അപ്‌ലോഡ് ചെയ്യുന്ന ഉപഭോക്താവ് ഇന്ത്യൻ പൗരനായിരിക്കണം.
- അപ്‌ലോഡ് ചെയ്യുന്നത് കേരളത്തിലെ സ്ഥാപനങ്ങളിൽനിന്നുള്ള ബില്ലായിരിക്കണം.
- ബില്ലിന്റെ ഒറിജിനലും പൂർണമായ ഫൊട്ടോ തന്നെ ആപ്പിൽ നൽകണം.
- സ്വന്തമായി നടത്തിയതോ കുടുംബത്തിലെ മറ്റ് അംഗങ്ങൾ നടത്തിയതോ ആയ ഷോപ്പിങ്ങിന്റെ ബില്ലാണ് ആപ്പിൽ നൽകേണ്ടത്.
- ബില്ലിലെ മിനിമം തുക 200 രൂപയാണ്.
- സംസ്ഥാനത്തിന്റെ ജിഎസ്ടി കോഡായ 32ൽ ആരംഭിക്കുന്ന GSTIN ബില്ലാണ് വേണ്ടത്.
- പെട്രോൾ,ഡീസൽ,മദ്യം എന്നിവ ജിഎസ്ടിയിൽ ഉൾപ്പെടാത്തതിനാൽ ഇവയുടെ ബില്ലുകൾ പരിഗണിക്കുകയില്ല.
- മെഡിക്കൽ സ്റ്റോർ, ആശുപത്രി സേവനങ്ങളുടെ ബില്ലുകളും ഉൾപ്പെടുത്താനാകില്ല.
നറുക്കെടുപ്പിന്റെ രീതി ഇങ്ങനെ
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വികസിപ്പിച്ച മെഷീൻ ലേണിങ്ങ് അൽഗോരിതം ഉപയോഗിച്ച് സാങ്കേതികമായ രീതിയിലാണ് നറുക്കെടുപ്പ്. തിരഞ്ഞെടുക്കുന്ന ബില്ലുകളുടെ ആധികാരികതയും യോഗ്യതയും ഉറപ്പ് വരുത്താനായി ഓൺ സ്ക്രീൻ വെരിഫിക്കേഷൻ നടത്തും. അതിനുശേഷമാണ് വിജയികളെ പ്രഖ്യാപിക്കുക.
സമ്മാനങ്ങൾ വീട്ടിലെത്തും
- കുടുംബശ്രീയുടെയും വനശ്രീയുടെയും ഗിഫ്റ്റ് പാക്കറ്റുകൾ കൊറിയർ മാർഗം ആപ്പിൽ നൽകിയിരിക്കുന്ന വിലാസത്തിൽ എത്തും.
- കെടിഡിസിയുടെ ഫാമിലി പാക്കേജ് ലഭിക്കുന്നവർ, സെന്റർ റിസർവേഷൻ ഫെസിലിറ്റിയുമായി ബന്ധപ്പെട്ട ശേഷം ആവശ്യമായ രേഖകൾ നൽകി റിസർവേഷൻ നടത്താം.
- ക്യാഷ് പ്രൈസ് ലഭിക്കുന്നവർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ജിഎസ്ടി വകുപ്പിന് നൽകേണ്ടതാണ്, തുക അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.