scorecardresearch
Latest News

മുഖ്യമന്ത്രിക്കെതിരെയുള്ള ഹർജി; എന്താണ് ലോകായുക്ത? ആർക്കൊക്കെ എതിരെ പരാതി നൽകാം?

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.ടി.ജലീലിനെതിരെ ലോകായുക്ത വിധി നടപ്പിലായിരുന്നു

Kerala, Kerala Lokayukta, Pinarayi Vijayan, Kerala CM, Lokayukta case against Pinarayi Vijayan, First Pinarayi Vijayan government, Kerala news,

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചു എന്നാരോപിച്ചുള്ള കേസ് പരിഗണിച്ച ലോകായുക്ത രണ്ടംഗ ബെഞ്ചിൽ അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് കേസ് മൂന്നംഗ ബെഞ്ചിന് വിടാൻ തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനം പരിശോധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോയെന്ന വിഷയത്തിൽ ലോകായുക്തയും ഉപലോകായുക്തയും ഭിന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് കേസ് ഫുൾ ബെഞ്ചിന് വിടാൻ തീരുമാനിച്ചത്. ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂൺ അൽ റഷീദും അടങ്ങിയ ബെഞ്ചാണ് ഈ വിഷയം ഫുൾ ബെഞ്ചിന് വിടാൻ ഉത്തരവിട്ടത്.

ഈ കേസിൽ വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി പറയുന്നില്ലെന്ന് കാണിച്ച് കേരള സർവകലാശാലയിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ മുൻ നേതാവും സിൻഡിക്കറ്റ് അംഗവുമായിരുന്ന ആർ എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ലോകായുക്തയുടെ പരിഗണനയിലിരിക്കെയാണ് ലോകായുക്ത നിയമഭേദഗതിയുമായി സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങിയത്. അടുത്തകാലത്ത് ഏറെ രാഷ്ട്രീയ പ്രശ്നങ്ങളും ചര്‍ച്ചകളും വിമർശനങ്ങളും നിറഞ്ഞ വിഷയമായിരുന്നു ലോകായുക്ത നിയമഭേദഗതി. ഭരണഘടന സംരക്ഷണത്തിനാണ് ഭേദഗതിയെന്ന് സർക്കാർ അവകാശപ്പെട്ടപ്പോൾ, ലോകായുക്തയുടെ ചിറകരിയുന്ന നടപടിയെന്ന് പ്രതിപക്ഷം വാദിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെയുള്ള പരാതികളിലെ വിധി വൈകുന്നതും ചർച്ചയായിരുന്നു.

എന്താണ് ലോകായുക്ത ?

പൊതുപ്രവർത്തകരുമായി ബന്ധപ്പെട്ട് ഉയരുന്ന അഴിമതി ആരോപണങ്ങളിലെ നടപടികൾക്കായി പ്രവർത്തിക്കുന്ന നിയമ സംവിധാനമാണ് ലോകായുക്ത. പൊതുപ്രവർത്തകരുടെയിടയിലെ അഴിമതി നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ഈ സംവിധാനം. പദവിയുടെ ദുരുപയോഗം, ഔദ്യോഗിക കൃത്യനിർവഹണത്തിലെ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ ലോകായുക്തയിലൂടെ ചോദ്യം ചെയ്യാം.

എന്നാണ് നിലവിൽ വന്നത് ?

ജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും പരിഹരിക്കാനുമായി ഭരണഘടനാ സംവിധാനങ്ങൾ എന്ന ആശയത്തിൽ നിന്നാണ് ലോകായുക്ത രൂപം കൊള്ളുന്നത്. 1966ൽ, മൊറാര്‍ജി ദേശായി സമര്‍പ്പിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ലോക്പാല്‍, ലോകായുക്ത എന്നീ ഭരണഘടനാ സംവിധാനങ്ങള്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശം വന്നത്. അഞ്ച് വർഷമാണ് കാലാവധി. വിരമിച്ച സുപ്രീം കോടതി ജഡ്ജി/ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ എന്നിവരെയാണ് ലോകായുക്തയായി പരിഗണിക്കുക.

നിയമിക്കപ്പെടുന്നവർ സംസ്ഥാനത്തെ ലോക്സഭ, നിയമസഭ പ്രതിനിധിയാകാൻ പാടില്ല. സർക്കാർ ജോലിയിൽ ഉള്ളവർക്കും ബിസിനസ് നടത്തുന്നവർക്കും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവർക്കും ലോകായുക്തയുടെ ഭാഗമാകാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഗവർണറാണ് ലോകായുക്തയെ നിയമിക്കേണ്ടത്. കേരളത്തിൽ ലോകായുക്ത നിയമം നിലവിൽ വന്നിട്ട് ഈ വർഷം നവംബറിൽ 25 വർഷമാകും. 1998 നവംബര്‍ 15ന് നിലവില്‍ വന്ന കേരള ലോകായുക്ത നിയമപ്രകാരമാണ് കേരളത്തിൽ ലോകായുക്ത പ്രാബല്യത്തിൽ വന്നത്. ഒരു ലോകായുക്തയും രണ്ട് ഉപ ലോകായുക്തമാരും അടങ്ങിയതാണ് കേരളത്തിലെ ലോകായുക്ത സംവിധാനം.

മുഖ്യമന്ത്രിക്കെതിയുള്ള പരാതികൾ

ഇനിയും തീർപ്പ് കൽപ്പിക്കാത്ത മൂന്നു പരാതികളാണ് മുഖ്യമന്ത്രിക്കെതിരെ ലോകയുക്തക്ക് മുന്നിലുള്ളത്. എൻസിപി സംസ്ഥാന അധ്യക്ഷനായിരിക്കെ നിര്യാതനായ ഉഴവൂർ വിജയന്റെ, മക്കളുടെ പഠനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 25 ലക്ഷം രൂപ നൽകിയതിനെതിരെയാണ് ഒരു പരാതി.

ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ.കെ.രാമചന്ദ്രന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കാറിന്റെ വായ്പ അടക്കമുള്ള ബാധ്യത തീർക്കാൻ 8.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചതാണ് മറ്റൊരു പരാതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതിനെതിരെയാണ് മൂന്നാമത്തെ ഹർജി. മരിച്ച പോലീസുകാരന്റെ കുടുംബത്തിന് അർഹമായ ആനുകൂല്യങ്ങൾ അനുവദിച്ചതിന് പുറമെയായിരുന്നു 20 ലക്ഷം രൂപ അനുവദിച്ചത്.

ലോകായുക്തയുടെ പല്ല് പറിച്ച ഭേദഗതി

ലോകായുക്തയുടെ അധികാര പരിധി നിശ്ചയിക്കുന്നതാണ് ഭേദഗതി എന്നാണ് വിമർശനം. അഴിമതി ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തകർക്ക് അധികാരസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാമായിരുന്നു. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നതായിരുന്നു വ്യവസ്ഥ. എന്നാൽ, അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളാൻ കഴിയുമെന്നതാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. സർക്കാർ മുന്നോട്ട് വച്ചിട്ടുള്ള ഭേദഗതി പ്രകാരം ലോകായുക്തയുടെ അധികാരം ശുപാര്‍ശ നല്‍കാന്‍ മാത്രമാക്കി. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ലോകായുക്തയുടെ വിധി തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.

ലോകായുക്ത ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതുവരെ ഒപ്പ് വച്ചില്ല. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് എജി സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തെ അടിസ്ഥാനമാക്കിയാണ് ലോകായുക്ത ഓർഡിനൻസും ബില്ലും കൊണ്ടുവന്നത്.

ലോകായുക്താ വിധിയിൽ പുറത്തായ ജലീൽ

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.ടി.ജലീലിൽ പുറത്തായതിനു കാരണം ലോകായുക്ത വിധിയാണ്. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് രാജിവെയ്ക്കുകയും ചെയ്തു. വിഷയത്തില്‍ സുപ്രീം കോടതിയെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും കോടതി ഇടപെട്ടില്ല.

ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയുടെ അധികാരങ്ങള്‍ കവരാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കോൺഗ്രസ് വിമർശിച്ചിരുന്നു. സര്‍ക്കാരിനെതിരേ നിലവില്‍ ലോകായുക്തയില്‍ നില്‍ക്കുന്ന കേസുകള്‍ ശക്തമാണെന്ന് മുന്‍കൂട്ടി കണ്ടാണ് നിയമഭേദഗതിയെന്ന വിമര്‍ശനമായിരുന്നു പ്രതിപക്ഷം ഉയർത്തിയത്.

ഭരണഘടന സംരക്ഷണത്തിനെന്ന് സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിയമനാധികാരി ഗവര്‍ണറായിരിക്കെ, ലോകായുക്തയ്ക്ക് അവരെ നീക്കാന്‍ അധികാരം നല്‍കിയതു ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കുന്നതല്ലെന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. ലോകായുക്ത കണ്ടെത്തുന്ന കാര്യത്തില്‍ അപ്പീലിനുള്ള അധികാരം പോലുമില്ലാത്തതു ജനാധിപത്യ സ്വഭാവം ഇല്ലാതാക്കുന്നുവെന്നാണ് സർക്കാർ നിരത്തിയ വാദം.

ജഡ്ജിയുടെ യോഗ്യതയിലും ഇളവ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജി അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ചവരെയാണ് ലോകായുക്തയായി നിയമിക്കുന്നത്. പുതിയ നിയമ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറും. വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മാത്രമാകും ഉപലോകായുക്തയാകാന്‍ കഴിയുക.

ആസ്ഥാനം തിരുവനന്തപുരത്ത്

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകായുക്ത കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എറണാകുളം, കോട്ടയം എന്നിവിടങ്ങളിലും ക്യാമ്പ് സിറ്റിങ് നടത്താറുണ്ട്. ഇവിടെ പൊതുജനങ്ങള്‍ക്ക് അഭിഭാഷകർ മുഖേനയോ നേരിട്ടോ പരാതി നൽകാം. പരാതി അന്വേഷിച്ച് അതിൽ സത്യമുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ആവശ്യപ്പെട്ട് ലോകായുക്ത സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കിലും അത് നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്യാം. പദവികളില്‍നിന്ന് നീക്കുക, നിര്‍ബന്ധിത റിട്ടയര്‍മെന്റ്, ആനുകൂല്യങ്ങള്‍ തടഞ്ഞുവെയ്ക്കുക, തുടങ്ങിയവയാണ് സാധാരണയായി നല്‍കാറുള്ള ശുപാര്‍ശകള്‍.

ആർക്കെല്ലാം എതിരെ പരാതികൾ നൽകാം?

 • നിലവിലെ മുഖ്യമന്ത്രി, മുൻ മുഖ്യമന്ത്രിമാർ, മന്ത്രിമാര്‍, എംഎല്‍എമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഭാരവാഹികള്‍
 • സര്‍ക്കാര്‍ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍
 • സര്‍വകലാശാലകൾ
 • രാഷ്ട്രീയ സംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികള്‍
 • തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍
 • പൊതുമേഖല സ്ഥാപനങ്ങള്‍

ലോകായുക്തയുടെ പരിധിയിൽ വരാത്തവർ

പഞ്ചായത്ത്/മുന്‍സിപ്പല്‍ അംഗങ്ങള്‍, അവിടത്തെ ജീവനക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരായുള്ള പരാതികള്‍ ലോകായുക്തയില്‍ കൊടുക്കാൻ കഴിയില്ല.

പരാതി സമര്‍പ്പിക്കേണ്ടത് എങ്ങനെ?

 • എതിര്‍കക്ഷിയുടെ ഔദ്യോഗിക മേല്‍വിലാസവും പദവിയും കൃത്യമായി രേഖപ്പെടുത്തി, പരാതികൾ( ഒന്നിലധികം ഉണ്ടെങ്കിൽ) കൃത്യമായി അക്കമിട്ട് നിരത്തണം.
 • ലളിതമായ ഭാഷയിലാകണം പരാതി നൽകേണ്ടത്.
 • പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങളുടെ രേഖകളും സമർപ്പിക്കുക.
 • അഭിഭാഷകന്‍ അറ്റസ്റ്റ് ചെയ്ത വക്കാലത്ത് പരാതിയുടെ കൂടെ വയ്ക്കണം.
 • പരാതിയുടെ നാലു കോപ്പികളും സമര്‍പ്പിക്കണം.
 • പരാതി, രജിസ്റ്റേഡ് പോസ്റ്റ് ആയി കേരള ലോകായുക്ത രജിസ്ട്രാര്‍ക്കാണ് അയക്കേണ്ടത്.
 • രജിസ്ട്രാര്‍ക്ക് നേരിട്ട് നൽകുകയോ, വിവിധ ജില്ലകളിലുള്ള ക്യാമ്പ് ഓഫീസുകളിലോ നൽകാവുന്നതാണ്.
 • അതിനുശേഷം അടുത്ത സിറ്റിങ്ങിൽ നേരിട്ടെത്തി കാര്യങ്ങള്‍ ബോധിപ്പിക്കണം.
 • ഏതുസമയത്തും പരാതി പിന്‍വലിക്കാം, അതുമായി ബന്ധപ്പെട്ട് ശിക്ഷാ നടപടികളൊന്നും ഉണ്ടാകില്ല.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What is lokayukatha what is its powers and limits