പ്രളയദുരിതാശ്വാസത്തിനു തുക കണ്ടെത്താന്‍ നടത്തിയ ‘കരുണ’ സംഗീതനിശ ആരോപണപ്രളയത്തില്‍ മുങ്ങിപ്പൊങ്ങുകയാണ്. പരിപാടിയുടെ പേരില്‍ സംഘാടകര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം വരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ടിക്കറ്റ് വരുമാനമായി ലഭിച്ച 6.22 ലക്ഷം രൂപ സംഘാടകര്‍ മൂന്നരമാസത്തിനുശേഷം വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയെങ്കിലും വിവാദത്തിന് ഒട്ടും കുറവില്ല.

സംഗീത നിശയില്‍നിന്നു ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ലെന്നതു വിവരാവകാശ രേഖ പ്രകാരം പുറത്തുവന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു പിന്നില്‍. ഇതിനുപിന്നാലെ പരിപാടിക്കായി എറണാകുളം കലക്ടറുടെ പേര് ദുരുപയോഗം ചെയ്തു, ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനെന്നു പറഞ്ഞ് പരിപാടിയുടെ വേദിയായി കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് സെന്റര്‍ സൗജന്യമായി ഉപയോഗപ്പെടുത്തി തുടങ്ങിയ ആരോപണങ്ങള്‍ സംഘാടകര്‍ക്കെതിരെ ഉയര്‍ന്നുകഴിഞ്ഞു. അതിനിടെ, വിവാദത്തിൽ നിലപാട് വ്യക്തമാക്കാൻ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഇന്നു രാവിലെ പത്രസമ്മേളനം വിളിച്ചിരുന്നെങ്കിലും അവസാന നിമിഷം അതു റദ്ദാക്കി. അതിനു പിന്നാലെ വിവാദത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിടുകയും ചെയ്തു.

സംഗീതനിശ, ലക്ഷ്യം

2019 നവംബര്‍ ഒന്നിനാണു കടവന്ത്ര സ്‌പോര്‍ട്‌സ് സെന്ററില്‍ ‘വിട്ടുവിട്ടിരിക്കല്ലേ, തൊട്ടുതൊട്ടിരി’ എന്ന ആശയവുമായി നടത്തിയ കരുണ സംഗീത നിശയില്‍ പ്രശസ്തരായ എണ്‍പതോളം കലാകാരന്മാരാണ് അണിനിരന്നത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷനാ(കെഎംഎഫ്)യിരുന്നു സംഘാടകര്‍. സംഗീത സംവിധായകന്‍ ബിജി ബാൽ ( പ്രസിഡന്റ്),  സംഗീതസംവിധായകനും ഗായകനുമായ ഷഹബാസ് അമന്‍ (സെക്രട്ടറി), ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു,  ഗായിക സിതാര (ജോയിന്റ് സെക്രട്ടറിമാർ), സംവിധായകൻ മധു സി നാരായണൻ (ട്രഷറർ), തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, സംവിധായകൻ കെഎം കമൽ, നടി റിമ കല്ലിങ്കല്‍ (അംഗങ്ങൾ) എന്നിവരുടെ നേതൃത്വത്തിലാണു കെഎംഎഫ് പ്രവർത്തിക്കുന്നത്.

”കൊച്ചി മ്യൂസിക് ഫെസ്റ്റിവലിന്റെ മുന്നോടിയായി നടത്തുന്ന സംഗീതനിശയുടെ മുഴുവന്‍ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാനാണു തീരുമാനം” എന്നാണു കെഎംഎഫ് 2019 ഒക്‌ടോബര്‍ 12നു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഒക്‌ടോബര്‍ 28നുള്ള പോസ്റ്റില്‍  ”പ്രവേശന ഫീ വഴി ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു കൈമാറും” കെഎംഎഫ് എന്നു തിരുത്തിയിരുന്നു.

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണു കലാകാരന്മാര്‍ സഹകരിക്കുന്നതെന്നു സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. 500, 1500, 5000 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. ചലച്ചിത്ര താരം മമ്മൂട്ടിയായിരുന്നു ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത്.

ആരോപണം വന്ന വഴി

സംഗീതനിശയുടെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറിയില്ലെന്ന ആരോപണവുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്  ജി വാര്യരാണ് ആദ്യം രംഗത്തെത്തിയത്. എറണാകുളം രായമംഗലം സ്വദേശി എൻ ശിവകുമാറിനു ഫെബ്രുവരി ആറിന് വിവരാവകാശ പ്രകാരം ലഭിച്ച രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. ഇതിനുപിന്നാലെ ഫെബ്രുവരി 15നു ഹൈബി ഈഡന്‍ എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നതോടെ വിവാദം പുതിയ തലത്തിലേക്കു കടക്കുകയായിരുന്നു.

‘ദിവസങ്ങള്‍ പിന്നിട്ടിട്ടും ഉത്തരവാദിത്തപ്പെട്ടവരില്‍നിന്ന് ഒരു പ്രതികരണവും ഇല്ലായെന്നത് ആരോപണങ്ങള്‍ക്കു വിശ്വാസ്യത നല്‍കുന്നു. പരിപാടിക്കായി കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ നല്‍കിയതു സൗജന്യമായാണ്, പങ്കെടുത്ത കലാകാരന്‍മാര്‍ പ്രതിഫലം മേടിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്. പരിപാടി വന്‍വിജയമായിരുന്നുവെന്ന് ആഷിക് അബു അവകാശപ്പെട്ടിരുന്നു. ബിജിബാല്‍ ഇപ്പോള്‍ പറയുന്ന കണക്കുകള്‍ സംഘാടകര്‍ നേരത്തെ പൊതു സമൂഹത്തിന്റെ മുന്നില്‍ വച്ചിരുന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ‘കരുണ’ എന്ന് പേരിട്ടു നടത്തിയ സംഗീതനിശ വലിയ തട്ടിപ്പായിരുന്നുവെന്ന് വ്യക്തമാവുകയാണ്. വ്യക്തമായ കണക്കുകള്‍ പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കണം. ആഷിക് അബു അതിന് തയാറല്ലെങ്കില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം,’ എന്നാണു ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കെഎംഎഫ് പറയുന്നത്

‘കരുണ’ സംഗീതനിശയ്ക്കു സ്‌പോണ്‍സര്‍മാരുണ്ടായിരുന്നില്ലെന്നും പരിപാടി നഷ്ടമായിരുന്നുവെന്നാണു കെഎംഎഫ് ഭാരവാഹികള്‍ പറയുന്നത്. ജിഎസ്ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ 6.22 ലക്ഷം രൂപയാണു ലഭിച്ചതെന്നും 23 ലക്ഷം രൂപ ചെലവ് വന്നതായുമാണു സംഘാടകര്‍ പറയുന്നത്. ഇതുസംബന്ധിച്ച കണക്ക് ബന്ധപ്പെട്ട അധികൃതര്‍ക്കു മുന്നില്‍ ഹാജരാക്കാമെന്നും കെഎംഎഫ് പറയുന്നു.

ടിക്കറ്റ് ഇനത്തില്‍ ലഭിച്ച തുക മാര്‍ച്ച് 31നകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറുമെന്നാണു കെഎംഎഫ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കെഎംഎഫ് ഫൗണ്ടേഷന്‍ അംഗങ്ങള്‍ തുക കൈയില്‍നിന്ന് എടുത്ത് ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയതായി ബിജിബാലും ഷഹബാസ് അമനും ഫെബ്രുവരി 14നു വ്യക്തമാക്കുകയായിരുന്നു.

”ടിക്കറ്റ് ഇനത്തില്‍ വലിയ തുക വരാത്ത സാഹചര്യത്തില്‍ പരിപാടിയുടെ ദൃശ്യങ്ങള്‍ ഏതെങ്കിലും മീഡിയ ടീമിനു കൈമാറി അതില്‍ നിന്നുള്ള വരുമാനം കൂടി ഉള്‍പ്പെടുത്തി സാമാന്യം നല്ലൊരു തുക ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഉചിതമായ ഡീലുകള്‍ ഒന്നും നടന്നിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്,” കെഎംഎഫ് ഫെബ്രുവരി 14നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തുക കൈമാറാന്‍ മാര്‍ച്ച് 31 വരെ സാവകാശം നല്‍കണമെന്നു കെഎംഎഫ് നേരത്തെ കലക്ടറോട് രേഖാമൂലം അപേക്ഷിച്ചിരുന്നതായും അദ്ദേഹത്തിന്റെ ഓഫീസില്‍ ആ രേഖയുണ്ടെന്നും കെഎംഎഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിഷയങ്ങളിലെ സമരമുഖത്ത് കെഎംഎഫ് ഫൗണ്ടേഷനിലെ ഏഴ് അംഗങ്ങളും ഒരു പോലെ പരസ്യമായി പ്രത്യക്ഷപ്പെട്ടതാണു തങ്ങളുടെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യാന്‍ ഇടയാക്കിയതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

വീണ്ടും വിവാദം

തുക ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയതിനു പിന്നാലെ, ഹൈബി ഈഡന്‍ എംപിക്കു മറുപടിയുമായി പരിപാടിയുടെ പ്രോഗ്രാം ഡയറക്ടര്‍ കൂടിയായ ആഷിഖ് അബു രംഗത്തെത്തിയിരുന്നു. താങ്കള്‍ കണ്ടെത്തിയ ‘തട്ടിപ്പ്’ എന്താണെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും ഉടന്‍ തെളിവുസഹിതം ജനങ്ങളെ അറിയിക്കുമെന്നുമായിരുന്നു ചെക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഒരു സംവിധായകനായ താങ്കള്‍ക്കു വിശ്വസനീയമായ രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാത്ത കള്ളമായിരുന്നു സംഗീതനിശയില്‍ നടന്നതെന്നാണു മറുപടി കാണുമ്പോള്‍ മനസിലാവുന്നതെന്നായിരുന്നു ആഷിഖിനുള്ള ഹൈബി ഈഡന്റെ മറുപടി.

‘പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തുവെന്ന് പറഞ്ഞ് പുറത്തുവിട്ട ചെക്കിന്റെ ഡേറ്റ് ആരോപണം വന്നശേഷം, അതായത്, 14.2.2020 ആണ്. അതിപ്പോ സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നശേഷം പണം കൊടുത്ത് തലയൂരിയ എം.എം. മണിയുടെ ശിഷ്യന്മാര്‍ക്ക് പുതുമയല്ല. കട്ട പണം തിരികെ നല്‍കി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതി’ എന്നും ഫെയ്‌സ് ബുക്കില്‍ കുറിച്ച മറുപടിയില്‍ ഹൈബി ഈഡന്‍ പരിഹസിച്ചു.

പൊലീസ് അന്വേഷണത്തിന്

ആരോപണം സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് അന്വേഷണം നടത്തും. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസിനു നല്‍കിയ പരാതിയിലാണു അന്വേഷണം. സംഗീത പരിപാടിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടെ ദുരുപയോഗം ചെയ്ത് നടത്തിയ വന്‍ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതി കലക്ടര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറുകയായിരുന്നു. കമ്മിഷണർ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

പരിപാടിയുടെ രക്ഷാധികാരി എന്ന നിലയില്‍ തന്റെ പേര് ഉപയോഗിച്ചതിനു കലക്ടര്‍ നേരത്തെ ബിജിബാലിന് നോട്ടീസ് നല്‍കിയിരുന്നു. താന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നു കലക്ടര്‍ വ്യക്തമാക്കി. തന്റെ പേര് ഉപയോഗിക്കുന്നത് ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ നോട്ടിസില്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കലക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്നാണു ബിജിപാല്‍ പറയുന്നത്.

വേദിയായി സ്പോര്‍ട്സ് സെന്റര്‍ ലഭിച്ചതെങ്ങനെ?

സംഗീതനിശ നടത്തിയതു പ്രളയ ദുരിതാശ്വാസത്തിനു പണം കണ്ടെത്താനായിരുന്നില്ലെന്നാണു കെഎംഎഫിന്റെ നിലപാട്. സംഗീതനിശയുടെ ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്നാണു പറഞ്ഞിരുന്നതെന്നും കെഎംഎഫ് പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഫണ്ട് കണ്ടെത്താനെന്നു വ്യക്തമാക്കി കത്ത് നല്‍കിയതിനാലാണു ‘കരുണ’ മ്യൂസിക് നൈറ്റിനു സ്റ്റേഡിയം സൗജന്യമായി നല്‍കിയതെന്നാണു റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍ സെക്രട്ടറി നവാസ് മാധ്യമങ്ങളോട് പറഞ്ഞത്.

കരുണ സംഗീത നിശയ്ക്കും റിഹേഴ്സലിനുമായി കഴിഞ്ഞ ഒക്ടോബര്‍ 29 മുതല്‍ സ്റ്റേഡിയം സൗജന്യമായി വിട്ടുനല്‍കണമെന്നായിരുന്നു സംഘാടകരുടെ ആവശ്യം. ദിവസം ഒന്നര ലക്ഷം രൂപ നിരക്കിൽ വാടക ഈടാക്കി സ്റ്റേഡിയം നൽകാനാണു  സ്പോര്‍ട്സ് സെന്റര്‍ അധികൃതർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഫണ്ട് കണ്ടെത്താനായി സ്പോര്‍ട്സ് സെന്ററിനെയും പങ്കാളിയാക്കി സംഗീതനിശ നടത്തുന്നതായി വ്യക്തമാക്കി സംഘാടകർ കത്തുനൽകിയതോടെയാണു സ്റ്റേഡിയം അനുവദിച്ചതെന്നാണു വിവരം.

സ്റ്റേഡിയം ആവശ്യപ്പെട്ട് നാലു തവണ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ കത്ത് നല്‍കിയിരുന്നതായി നവാസ് വെളിപ്പെടുത്തിയിരുന്നു.

സ്പോര്‍ട്സ് സെന്റര്‍ അംഗമായ വി.ആര്‍ നായരുടെ വിയോജനക്കുറിപ്പോടെയാണു സ്‌റ്റേഡിയം വിട്ടുനല്‍കിയതെന്നു മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പണം ദുരിതാശ്വാസ നിധിയിലേക്ക് തന്നെ എത്തുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തിന്റെ എതിര്‍പ്പിനു പിന്നിലെന്നാണു മാതൃഭൂമി ന്യൂസ് വാര്‍ത്തയില്‍ പറയുന്നത്.

പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയോ എന്ന് അന്വേഷിച്ച് ജനുവരി മൂന്നിന് ബിജിപാലിന് കത്ത് നല്‍കിയിരുന്നതായും മറുപടി ലഭിച്ചില്ലെന്നും നവാസ് പറഞ്ഞതായി ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഭാരവാഹികളാണെന്നും താന്‍ ഇടപെട്ടിട്ടില്ലെന്നുമാണു കലക്ടറുടെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook