Latest News

എന്താണ് സുലൈമാനിയുടെ നേതൃത്വത്തിലുള്ള ഖുദ്‌സ് ഫോഴ്‌സ്?

സുലൈമാനിയുടെ മരണം യുഎസും ഇറാനും തമ്മിലുള്ള ബന്ധം കുടുതല്‍ വഷളാക്കും. പ്രത്യേകിച്ചും കഴിഞ്ഞയാഴ്ച നടന്ന സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ

Qassem Soleimani, ie malayalam

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരം ഇറാഖിലെ ബാഗ്‌ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിലാണ് യുഎസ് സേന ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ (ഐആർജിസി) കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ടെഹ്‌റാൻ പിന്തുണയുള്ള ഇറാഖി പടയുടെ കമാൻഡർ അബു മഹ്ദി അൽ മുഹന്ദിസും നിരവധി അംഗങ്ങളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

“ഐ‌ആർ‌ജി‌സിയുടെ വിദേശ പ്രവർത്തന വിഭാഗവും യു‌എസ് നിയുക്ത വിദേശ തീവ്രവാദ സംഘടനയുമായ ഖുദ്സ് ഫോഴ്‌സിന്റെ തലവനായ സുലൈമാനിയെ വധിക്കുന്നതിലൂടെ വിദേശത്തുള്ള യുഎസ് സൈനികരെ സംരക്ഷിക്കുന്നതിനുള്ള ഒരു നിർണായക നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്’ എന്ന് ജനുവരി 2 ന് യുഎസ് പ്രതിരോധ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുകയുണ്ടായി.

ഇറാഖ് മേഖലയിലുടനീളം അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെയും സേനാ അംഗങ്ങളെയും ആക്രമിക്കാനുള്ള പദ്ധതികൾ ‘സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു’ സുലൈമാനി എന്നും ഭാവിയിൽ ഇറാന്‍റെ ആക്രമണ പദ്ധതികൾ തടയുന്നതിനാണ് വ്യോമാക്രമണം നടത്തിയതെന്നും പ്രസ്താവനയിൽ പരാമർശിക്കുന്നു.

‘നൂറുകണക്കിന് അമേരിക്കക്കാരുടെയും സഖ്യസേനാംഗങ്ങളുടെയും മരണത്തിനും ആയിരക്കണക്കിന് പേർക്ക് പരുക്കേറ്റതിനും ജനറൽ സുലൈമാനിയും അദ്ദേഹത്തിന്റെ ഖുദ്സ് ഫോഴ്‌സും ഉത്തരവാദികളായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി, ഡിസംബർ 27 ന് നടന്ന ആക്രമണം ഉൾപ്പെടെ – ഇറാഖിലെ സഖ്യതാവളങ്ങൾക്കെതിരായ നിരവധി ആക്രമണങ്ങൾ അദ്ദേഹം നടത്തിയിരുന്നു. ഒട്ടനവധി അമേരിക്കൻ, ഇറാഖ് ഉദ്യോഗസ്ഥരുടെ മരണത്തിലും പരുക്കിലും കലാശിച്ച ആക്രമണമായിരുന്നു ഡിസംബർ 27 ന് നടന്നത്. ഈ ആഴ്ച നടന്ന ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് നേരെയുള്ള ആക്രമണത്തിനു പിന്നിലും ജനറൽ സുലൈമാനിയായിരുന്നു” പ്രസ്താവനയിൽ പറയുന്നു.

സുലൈമാനിയുടെ മരണം യുഎസ്-ഇറാൻ ബന്ധത്തിൽ എന്ത് മാറ്റമാണ് വരുത്തുക?

സുലൈമാനിയുടെ മരണം യുഎസും ഇറാനും തമ്മിലുള്ള ബന്ധം കുടുതല്‍ വഷളാക്കും. പ്രത്യേകിച്ചും കഴിഞ്ഞയാഴ്ച നടന്ന സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ. കറ്റായിബ് ഹിസ്ബുള്ള (കെഎച്ച്) സേന വിഭാഗത്തിനുമേൽ യുഎസ് വ്യോമാക്രമണം നടത്തിയതിനു ശേഷം ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഇറാഖ് ആക്രമണത്തിൽ നിന്നും അതാണ് മനസ്സിലാക്കാനാവുന്നത്. കെഎച്ച് സൈന്യം ഖുദ്സ് ഫോഴ്സുമായി യോജിച്ച്‌ പ്രവർത്തിക്കുന്നുവെന്നാണ് യുഎസ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഐ‌ആർ‌ജി‌സിയെ കൂടാതെ, ഹിസ്ബുള്ളയെയും കറ്റായിബ് ഹിസ്ബുള്ളയെയും രാജ്യാന്തര തീവ്രവാദ സംഘടന പട്ടികയില്‍ യു‌എസ് പെടുത്തിയിട്ടുണ്ട്.

Qassem Soleimani, ie malayalam

ആക്രമണത്തിന് പിന്നിലുള്ള “കുറ്റവാളികളെ കടുത്ത പ്രതികാരം കാത്തിരിക്കുന്നു” എന്ന് ഇസ്‌ലാമിക വിപ്ലവത്തിന്റെ നേതാവ് അയത്തോള്ള സയ്യിദ് അലി ഖമേനി പറഞ്ഞതായി ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ആക്രമണണങ്ങളെ തുടർന്ന് എല്ലാ യുഎസ് പൗരന്മാരോടും അടിയന്തരമായി രാജ്യം വിടാന്‍ ബാഗ്‌ദാദിലെ യുഎസ് എംബസി അഭ്യർഥിച്ചു.

പശ്ചാത്തലം

ഇറാഖിലെ യുഎസ് സേനയുടെ സാന്നിധ്യത്തിനെതിരെയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി മാസങ്ങളായി കെഎച്ച് നേതൃത്വം നൽകുന്നുണ്ട് . അമേരിക്കൻ സേനയെ പുറത്താക്കാനുള്ള അവരുടെ ശ്രമങ്ങൾ ഡിസംബർ 27 ന്, റോക്കറ്റ് ആക്രമണത്തിലേക്ക് നയിച്ചു, അതിന്റെ ഫലമായി ഒരു അമേരിക്കൻ സൈനിക കരാറുകാരൻ കൊല്ലപ്പെട്ടു. ഡിസംബർ 29 ന് യുഎസ് തിരിച്ചടിക്കുകയും ഇറാഖിലെ മൂന്ന് കെഎച്ച് സൈറ്റുകളും സിറിയയിലെ രണ്ട് കെഎച്ച് താവളങ്ങളും ആക്രമിക്കുകയും ചെയ്തതായി അറ്റ്‌ലാന്റിക് കൗൺസിൽ അറിയിച്ചു. യുഎസ് ആക്രമണത്തിനെതിരെ ഡിസംബർ 31 ന് ബാഗ്‌ദാദിലെ യുഎസ് എംബസി വളപ്പിൽ ഇറാൻ അനുകൂല സഖ്യകക്ഷികളും കെഎച്ച് സേനയും ആക്രമണം നടത്തി.

എന്താണ് ഖുദ്സ് ഫോഴ്‌സ്?

ഇറാന്റെ സൈനിക വിഭാഗമായ ഖുദ്സ് ഫോഴ്‌സിന്റെ നേതൃത്വം മരിക്കുന്നതുവരെ സുലൈമാനിയുടെ കീഴിൽ ആയിരുന്നു. ജറുസലെം എന്ന് അർഥം വരുന്ന അറബി പദമായ ഖുദ്സ് ഫോഴ്‌സ് സുലൈമാനിക്കു കീഴിൽ രഹസ്യയുദ്ധവും മറ്റു രഹസ്യാന്വേഷണ പ്രവർത്തനങ്ങളും നടത്തുകയായിരുന്നു ഇതുവരെ. വിദേശത്ത് പ്രവർത്തിക്കുന്ന ചില തീവ്രവാദ ഗ്രൂപ്പുകൾക്ക് പരിശീലനം, ധനസഹായം നൽകൽ എന്നിവയുടെ ചുമതലയും ഈ സേനയ്ക്കാണ്.

ഇറാനിയൻ വിപ്ലവം അവസാനിച്ചതിനുശേഷം 1979 ൽ ആയത്തൊള്ള റുഹോളള്ള ഖൊമേനി ഐആർജിസി സ്ഥാപിച്ചു. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ അഭിപ്രായത്തിൽ, ഇറാന്റെ സേനയിലേക്ക് ഏകദേശം 125,000 പുരുഷന്മാരെ ഐആർജിസി സംഭാവന ചെയ്തിട്ടുണ്ട്. രഹസ്യയുദ്ധവും മറ്റു രഹസ്യ പ്രവർത്തനങ്ങളും നടത്താനുള്ള കഴിവും ഈ സേനയ്ക്കുണ്ട് . കാലങ്ങളായി ലെബനനിലെ ഹിസ്ബുള്ള, ഇറാഖിലെ, അഫ്ഗാനിസ്ഥാനിലെയും പലസ്തീനിലെയും ഷിയ സേനകളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഖുദ്സ് സേനയും ഇതിൽ ഉൾപ്പെടുന്നു.

ഖുദ്സ് ഫോഴ്‌സിനെതിരെ യുഎസ് ആരോപണങ്ങൾ

2007 ൽ, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് വാഷിങ്ടൺ ബുഷ് ഇറാഖിലെ കാർബാലയിൽ നാല് യുഎസ് സൈനികരെ കൊന്നൊടുക്കിയ ഇറാഖിലെ ഷിയ സേനയ്ക്ക് അത്യാധുനിക സ്ഫോടകവസ്തുക്കൾ നൽകിയതിന് ഖുഡ്‌സ് സേനയെന്നു പരസ്യമായി കുറ്റപ്പെടുത്തുകയുണ്ടായി.

മധ്യ-കിഴക്കൻ പ്രദേശങ്ങളിൽ തങ്ങളുടെ ആധിപത്യവും സ്വാധീനവും ഉയർത്തിക്കാട്ടുന്നതിനായി ഇറാനും സൗദി അറേബ്യയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന നിഴല്‍ യുദ്ധത്തിന്റെ ഭാഗമായാണ് ഖുദ്സ് ഫോഴ്‌സും വിദേശ പടകളും തമ്മിലുള്ള ബന്ധങ്ങൾ വികസിക്കുന്നത്. ഇറാനിൽ ഭൂരിപക്ഷം ഷിയ വിഭാഗമാണെങ്കിലും സൗദി അറേബ്യയിൽ ഭൂരിപക്ഷം സുന്നികളാണ്. ഇസ്‌ലാമിനുള്ളിലെ രണ്ടു എതിർവിഭാഗങ്ങളാണ് ഇവർ രണ്ടും.

9/11 ആക്രമണത്തെത്തുടർന്ന് 2003 ൽ അമേരിക്ക ഇറാഖ് ആക്രമിച്ചു. തീവ്രവാദത്തെ വേരോടെ പിഴുതെറിയാനും ഇറാഖ് കൂട്ട നശീകരണ ആയുധങ്ങൾ നശിപ്പിക്കാനും ഏകാധിപതി സദ്ദാം ഹുസൈന്റെ ഭരണം അവസാനിപ്പിക്കാനും ശ്രമിച്ചു. അടുത്ത എട്ട് വർഷത്തേക്ക് യുഎസ് സൈനികർ ഇറാഖിൽ തമ്പടിച്ചു. 2011 പ്രസിഡന്റ് ബറാക് ഒബാമ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സൈന്യത്തെ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുന്നതു വരെ ഈ സേനാവിഭാഗം അവിടെ തന്നെ തുടർന്നു.

ഇസ്‌ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ ഇറാഖിനെ സഹായിക്കാൻ ഇറാഖ് സർക്കാരുമായി കരാർ ഉണ്ടാക്കിയതിനെത്തുടർന്ന് 2014 ൽ യുഎസ് വീണ്ടും ഇടപെട്ടു. ഇന്ന് ഇറാഖിൽ അയ്യായിരത്തിലധികം യുഎസ് സൈനികരുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

Read in English:  What is Iran’s Quds Force, the military unit that Soleimani headed

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: What is irans quds force the military unit that qasem soleimani headed

Next Story
കാസിം സുലൈമാനി: നിര്‍മാണത്തൊഴിലാളിയില്‍നിന്ന് ജനപ്രിയ സൈനിക കമാന്‍ഡറിലേക്ക്Major General Qassem Soleimani, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com