Explained, What is Hema Commission?: ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സമര്‍പ്പിച്ചു. ചലച്ചിത്ര താരം ടി. ശാരദ, കെ.ബി. വല്‍സല കുമാരി (റിട്ട. ഐ.എ.എസ്.) എന്നീ അംഗങ്ങളും സന്നിഹിതരായിരുന്നു.
എന്താണ് ഹേമ കമ്മിഷന്‍?
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ‘വിമൺ ഇൻ സിനിമ കളക്ടീവ്’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2018 മെയ് മാസത്തിലാണ്, സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സർക്കാർ മൂന്നംഗ സമിതിയെ നിയമിച്ചത്. ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്.
മലയാള സിനിമ രംഗത്തെ പ്രവര്‍ത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്നങ്ങൾ പഠിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളം സമയമെടുത്താണ് ഹേമ കമ്മിഷന്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
Hema Commission Terms of Reference: സര്‍ക്കാര്‍ ഹേമ കമ്മിഷന് നല്‍കിയ നിബന്ധനകള്‍
ഹേമ കമ്മിഷനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഏഴു നിബന്ധനകൾ (ടേംസ് ഓഫ് റഫറൻസ്) പ്രകാരം സിനിമയിലെ സ്ത്രീകളുടെ സുരക്ഷ, മെച്ചപ്പെട്ട ശമ്പള പാക്കേജ്, സേവന വ്യവസ്ഥകൾ, അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളാണു കമ്മിഷൻ അന്വേഷിക്കേണ്ടിയിരുന്നത്.
സ്ത്രീകളുടെ സാന്നിധ്യം നിലവിൽ അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നു എന്ന വസ്തുത കണക്കിലെടുത്ത്, സിനിമയുടെ വിവിധ വകുപ്പുകളിലേക്ക് കൂടുതൽ പ്രതിഭകളെ ആകർഷിക്കുന്ന സ്കോളർഷിപ്പോ മറ്റ് പദ്ധതികളോ ആവിഷ്കരിക്കാൻ ടേംസ് ഓഫ് റഫറൻസ് നിർദേശിച്ചിട്ടുണ്ട്. മറ്റ് വ്യാവസായിക മേഖലകളിലെന്ന പോലെ, സിനിമയിലെ സ്ത്രീകള്‍ക്കും പ്രസവവും മറ്റു മെഡിക്കൽ ആനുകൂല്യങ്ങളും നൽകുന്നതിന് ടേംസ് ഓഫ് റഫറൻസ് ആവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ചും അവർ ജോലിയിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരുമ്പോൾ.
ലിംഗനീതി പരാമര്‍ശിക്കുന്ന തിരക്കഥകള്‍ കൂടുതലായി വരാനായിയുള്ള പ്രോത്സാഹങ്ങള്‍ക്കുള്ള ആശയങ്ങള്‍ക്കായുള്ള ശുപാർശകൾ സമർപ്പിക്കാൻ കമ്മിഷൻ കഠിനമായി പരിശ്രമിക്കേണ്ടതുണ്ടെന്നും ടേംസ് ഓഫ് റഫറൻസ് നിർദേശിച്ചിരുന്നു.
ചില അപൂര്‍വ അവസരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, സ്ത്രീകൾ സ്വന്തമായി ഒരു സിനിമ നിർമ്മിക്കാനുള്ള ശ്രമം ഇതുവരെ നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ, ‘ക്രൂ’ കുറഞ്ഞത് 30 ശതമാനം സ്ത്രീകളെങ്കിലുമുള്ള സിനിമകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകാൻ പാനലിനോട് ആവശ്യപ്പെട്ടിരുന്നു.
പൊതു ഹിയറിങ്ങുകൾ നടത്താനും സിനിമാ ചിത്രീകരണ സെറ്റ് സന്ദർശനങ്ങൾ നടത്താനും റിപ്പോർട്ട് നിശ്ചിത ആറു മാസത്തിനുള്ളിൽ സർക്കാരിന് സമർപ്പിക്കാനും ചെയ്ത സര്‍ക്കാര്‍, കമ്മിഷന് ഫെസിലിറ്റേറ്ററായി പ്രവർത്തിക്കാൻ കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയോട് ആവശ്യപ്പെട്ടിരുന്നു.
Hema Commission Report: ഹേമ കമ്മിഷന്‍ കണ്ടെത്തലുകള്‍
തെളിവെടുപ്പിനിടെ, സംസാരിക്കാന്‍ പുരുഷന്മാരും സ്ത്രീകളും വിമുഖത കാട്ടിയതും പലരും ഭയപ്പെട്ട് സംസാരിക്കാത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമ വ്യവസായത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് പറഞ്ഞിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചും ഗൗരവമായ കണ്ടെത്തലുകള്‍ കമ്മിഷന്‍റേതായുണ്ട്.
ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകള്‍ ലൈംഗിക പീഢനത്തിനിരയാകുന്ന അനുഭവങ്ങളും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമാവ്യവസായത്തില്‍ ‘കാസ്റ്റിംഗ് കൗച്ച്’ ഉണ്ട്. ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ എത്തിപ്പെടുന്നതിന് പലപ്പോഴും ലൈംഗിക ആവശ്യങ്ങള്‍ക്കു വിധേയമാകേണ്ട ദുരനുഭവങ്ങളുണ്ടായിട്ടുള്ളവരുമുണ്ട്. ഇത്തരം അനുഭവമുള്ളവര്‍ പലപ്പോഴും പോലീസില്‍ പരാതിപ്പെടാറില്ല.
ചലച്ചിത്ര രംഗത്തെ സ്ത്രീകള്‍ക്കു നേരെ സൈബര്‍ ഇടങ്ങളിലും സൈബര്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചും ഉണ്ടാകുന്ന അക്രമങ്ങള്‍ കമ്മിഷന്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന അതിക്രമങ്ങളെയും അശ്ലീല പദപ്രയോഗങ്ങളെയും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രശ്നങ്ങള്‍ പരിശോധിച്ച കമ്മിഷന്‍ ശക്തമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കും കുറ്റം ചെയ്യുന്നവര്‍ക്കും പിഴ ചുമത്തുന്നതിനും വ്യവസായത്തില്‍ നിന്നും വിലക്കുകള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നതിനും നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ശാരദ, കെ.ബി. വല്‍സല കുമാരി എന്നിവരുടെ അഭിപ്രായങ്ങളും വിശദമായി റിപ്പോര്‍ട്ടിലുണ്ട്.
Read Here: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു