scorecardresearch
Latest News

എന്താണ് ഹയർസെക്കൻഡറിയുടെ ഫോക്കസ് ഏരിയ? മാറ്റങ്ങൾ എങ്ങനെ?

മുഗള്‍ ഭരണചരിത്രവും ഗുജറാത്ത് കലാപവും  എന്‍സിഇആര്‍ടി വെട്ടിയെങ്കിലും സംസ്ഥാന സിലബസില്‍ നിന്നൊഴിവാക്കിയില്ല. രാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തി എൻസിആർടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു

Focus area, higher secondary, government, ncert, scert

വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കാനാണ് എൻസിആർടി സിലബസ് ചുരുക്കിയത്. എൻസിആർടി മാതൃകയിൽ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സിലബസിൽ മാറ്റമുണ്ടാകില്ലെന്ന് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എസ് സി ആർ ടി) വൃക്തമാക്കി. എന്നാൽ ബോർഡ് പരീക്ഷകൾ എഴുതുന്ന മറ്റു വിദ്യാർഥികളേക്കാൾ സമ്മർദം കേരള ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഉണ്ടാകുമെന്ന ആശങ്ക പരിഗണിച്ച് ഹയർ സെക്കൻഡറി (പതിനൊന്ന്, പന്ത്രണ്ട്) ക്ലാസുകളിലെ ചില പാഠഭാഗങ്ങൾ മൂല്യനിർണയത്തിൽ നിന്നു ഒഴിവാക്കുകയും ചെയ്തു.

സംസ്ഥാന സ്കൂൾ കരിക്കുലം സബ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കുട്ടികളുടെ ഉപരിപഠന സാധ്യതകൾ പരിഗണിച്ച് സിലബസിലോ പാഠപുസ്തകങ്ങളിലോ അഴിച്ചുപണി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് എസ് സി ആർ ടി ഡയറക്ടർ ഡോ.ആർ കെ ജയപ്രകാശ് വൃക്തമാക്കി.

വിവിധ മത്സരപരീക്ഷകൾ നേരിടേണ്ട വിദ്യാർഥികൾ പാഠപുസ്തകത്തിലെ ഉള്ളടക്കമെല്ലാം പരിചയപ്പെടുന്നത് ഉചിതമാണെന്നാണ് എസ് സി ആർ ടിയുടെ വിലയിരുത്തൽ.

കേരള ഹയർസെക്കൻഡറി എൻസിആർടി സിലബസ് പിന്തുടരുന്നുണ്ടോ?

ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബോട്ടണി, സുവോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ചരിത്രം, സോഷ്യോളജി, ഇക്കണോമിക്‌സ് എന്നീ ഒമ്പതുവിഷയങ്ങളിലാണ് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്‍സിഇആര്‍ടി സിലബസ് പിന്തുടരുന്നത്. ഭാഷാവിഷയങ്ങൾ ഉൾപ്പെടില്ല. ഈ പുസ്തകങ്ങളിലെ 30 ശതമാനം പാഠഭാഗങ്ങള്‍ ഒഴിവാക്കി എന്‍സിഇആര്‍ടി മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചെങ്കിലും കേരളം തീരുമാനമെടുത്തില്ല.

എന്താണ് ഫോക്കസ് ഏരിയ ?

കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ പരിചയപ്പെടുത്തിയ സംവിധാനമാണ് ഫോക്കസ് ഏരിയ. പഠിക്കാനുള്ളതിൽ നിന്നു തിരഞ്ഞെടുത്ത ഭാഗങ്ങളിൽ നിന്നു മാത്രമേ പരീക്ഷയിൽ ചോദ്യങ്ങൾ വരുകയുള്ളൂ. ബാക്കിയുള്ളവ നോൺ ഫോക്കസ് ഏരിയയാക്കി മാറ്റും.

ഇവയിൽ നിന്നു വളരെ കുറച്ചു ചോദ്യങ്ങൾ മാത്രം പരീക്ഷയിൽ ചോദിക്കും. ഫോക്കസ് ഏരിയ മാത്രം പഠിച്ചിട്ട് പോകുന്ന കുട്ടികൾക്ക് എ പ്ലസ് ഗ്രേഡ് വരെ നേടാം എന്നതായിരുന്നു കോവിഡ് കാലത്തെ ആദ്യ അക്കാദമിക് വർഷത്തെ പരീക്ഷയിൽ സ്വീകരിച്ച സമ്പ്രദായം.

ആകെ പഠനഭാഗത്ത് നിന്നു 40% ഫോക്കസ് ഏരിയയിലേക്ക് മാറ്റിയിരുന്നു. 80 മാർക്കിന്റെ ചോദ്യങ്ങൾക്ക് പകരം 160 മാർക്കിന്റെ ചോദ്യങ്ങളായിരിക്കും അതിൽ ഉണ്ടായിരിക്കുക. അതിൽ അറിയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം എഴുതിയാൽ മതിയാകും. അതിൽ കൂടുതലും ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. കോവിഡിന് ശേഷമുള്ള ആദ്യ അക്കാദമിക വർഷമാണ് ഇത്തരത്തിൽ മൂല്യനിർണയം നടപ്പാക്കിയത്.

ഫോക്കസ് ഏരിയയിലെ വിവാദം

2020-21 ലെ അധ്യായന വർഷത്തിൽ പഠനഭാഗത്തിന്റെ 40% ശതമാനമാണ് ഫോക്കസ് ഏരിയ ആക്കിയിരുന്നത്. 2021-22ലെ അധ്യായന വർഷം അത് 40% നിന്നു 60% ആക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. പഠനഭാരം കുറയ്ക്കാനായി അവതരിപ്പിച്ച ഫോക്കസ് ഏരിയയിലൂടെ വിദ്യാർഥികളുടെ മാനസിക സമർദം കൂടുകയാണ് ചെയ്തത്.

ഉദാഹരണത്തിന് 80 മാർക്കുള്ള പരീക്ഷയ്ക്ക് 56 മാർക്കിന്റെ ചോദ്യങ്ങൾ മാത്രമാണ് ഫോക്കസ് ഏരിയയിൽ നിന്നുണ്ടാവുക. ബാക്കി 24 മാർക്കിന്റെ ചോദ്യം പഠിപ്പിക്കാത്ത ഭാഗത്തു നിന്നും. ഫോക്കസ് ഏരിയ പഠിച്ച നന്നായി എഴുതിയ കുട്ടിയ്ക്ക് 70% മാർക്ക് മാത്രമേ ലഭിക്കുകയുള്ളു എന്നർഥം. എ ഗ്രേഡ് കിട്ടാൻ സാധ്യതയെ ഇല്ല. 56ൽ ഒരു മാർക്ക് പോയാൽ അത് വെറും ബി ഗ്രേഡായി മാറും.

50% ചോദ്യങ്ങൾ മാത്രമാണ് ഓപ്ഷനലായി ഉൾപ്പെടുത്തിയത്. 80 മാർക്കിന്റെ പരീക്ഷയ്ക്ക് 120 മാർ‌ക്കിന്റെ ചോദ്യം. ഇതിൽ 84 മാർക്കിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും. പക്ഷേ ഇതിൽനിന്ന് പരമാവധി 56 മാർക്കിന് മാത്രമേ ഉത്തരമെഴുതാനാവൂ. ബാക്കി 24 മാർക്കിന് 36 മാർക്കിന്റെ നോൺ ഫോക്കസ് ഏരിയ ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ഫോക്ക്സ് ഏരിയ ചോദ്യങ്ങളുടെ ഭാഗത്ത് ഒരുപാട് ഓപ്ഷൻ നൽകിയതും ആരോപണ വിഷയമായി.

നന്നായി പഠിച്ച ഭാഗത്തെക്കാൾ പരിചിതമല്ലാത്ത ഭാഗത്താണ് ഓപ്ഷനുകൾ ആവശ്യം. ഫോക്കസ് ഏരിയയിലെ പ്രശ്നങ്ങൾ ചൂണ്ടി കാട്ടി അധ്യാപകരും രംഗത്ത് വന്നിരുന്നു. ചോദ്യപേപ്പർ തീരുമാനിച്ചതിനെക്കുറിച്ച് കുറിപ്പ് പങ്ക് വച്ചതിന് പയ്യന്നൂർ ഗവ.ഗേൾസ് ഹൈസ്ക്കൂൾ അധ്യാപകനായ പി.പ്രേമചന്ദ്രനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തിരുന്നു.

ഫോക്കസ് ഏരിയ ഉപയോഗിച്ച് തയാറാക്കിയ ചോദ്യപേപ്പറിന്റെ മാതൃക സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ചായിരുന്നു അധ്യാപകൻ ആരോപണം ഉന്നയിച്ചത്. (ചോദ്യപ്പേപ്പറിൽ ചോദ്യങ്ങൾ ഉണ്ടായിരുന്നില്ല, അവയുടെ ചോദ്യനമ്പർ മാത്രമായിരുന്നു ഉണ്ടായിരുന്നത്)

തുടര്‍ന്ന്, 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 60 എ വകുപ്പ് ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രേമചന്ദ്രന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നോട്ടീസ് നല്‍കി. വിദ്യാര്‍ഥികള്‍ക്കിടയിലും സമൂഹത്തിലും ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടാക്കി എന്നാരോപിച്ചായിരുന്നു സർക്കാരിന്റെ നടപടി. നോട്ടീസിന് മറുപടി നൽകിയെങ്കിലും അത് തൃപ്തികരമല്ലെന്നും വകുപ്പ് അറിയിച്ചു. വകുപ്പിന്റെ ഇത്തരം നടപടികള്‍ക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് നടപടികൾ ഉണ്ടായില്ല.

പുതിയ ഫോക്കസ് ഏരിയ

എൻ സി ആർ ടി ഒഴിവാക്കിയ അപ്രധാന ഭാഗങ്ങൾ എസ് സി ആർ ടിയും മാറ്റിയിട്ടുണ്ട്. ഒഴിവാക്കുന്ന പാഠഭാഗങ്ങളുടെ പട്ടികയും എസ് സി ആർ ടി പ്രസിദ്ധീകരിച്ചിരുന്നു. സയൻസ് വിഷയങ്ങളിലാണ് കൂടുതൽ ഒഴിവാക്കൽ നടന്നത്. ബോട്ടണിയിൽ നിന്നാണ് കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയിട്ടുള്ളത്. ഈ വിഷയത്തിൽ 30% ഭാഗങ്ങൾ ഒഴിവാക്കപ്പെടുമെന്നാണ് അധ്യാപകരുടെ നിഗമനം.

ഇത്തവണ ഫോക്കസ് ഏരിയ ശതമാനക്കണക്ക് പ്രകാരമായിരിക്കില്ല. ഉപരിപഠനത്തിന് പ്രധാന്യം ഇല്ലാത്ത പാഠഭാഗങ്ങൾ ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത് ഓരോ വിഷയത്തിനും വ്യത്യസ്തമായതിനാൽ പൊതുവായൊരു ശതമാനം പറയാൻ സാധിക്കില്ല. ചില വിഷയങ്ങളിൽ അധ്യായത്തിലെ പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്. മറ്റു ചില വിഷയങ്ങളിൽ അധ്യായം തന്നെ ഒഴിവാക്കിയിട്ടുണ്ട്.

പാഠപുസ്തകത്തിൽ മാറ്റം വരുമോ?

പാഠപുസ്തകങ്ങളിൽ മാറ്റം വരില്ല. മൂല്യനിർണയത്തിൽ വരാത്ത പാഠഭാഗങ്ങൾ പഠിപ്പിച്ച് കഴിഞ്ഞതിനാൽ ഇവ സിഇയിൽ (കൺണ്ടിന്യൂവസ് ഇവാല്യുവേഷൻ) ഉൾപ്പെടും. ഇത്തരം ഭാഗങ്ങൾ സെമിനാറായോ അസൈൻമെന്റായോ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ചരിത്രം തിരുത്താത്ത കേരളം

മുഗള്‍ ഭരണചരിത്രവും ഗുജറാത്ത് കലാപവും എന്‍ സി ഇ ആര്‍ ടി വെട്ടിയെങ്കിലും സംസ്ഥാന സിലബസില്‍ നിന്നൊഴിവാക്കിയില്ല. പൊളിറ്റിക്കല്‍ സയന്‍സില്‍ ജനാധിപത്യം, മതേതരത്വം, ദളിത് മുന്നേറ്റങ്ങള്‍, ത്രിതല പഞ്ചായത്തീരാജ് തുടങ്ങിയ പാഠഭാഗങ്ങളും ഒഴിവാക്കപ്പെട്ടിരുന്നു.

രാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തി എൻസിആർടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് എസ് സി ഇ ആര്‍ ടിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What is focus area in higher secondary evaluation