അടുത്ത വർഷം ആദ്യ മാസങ്ങളിൽ രാജ്യത്ത് കോവിഡ് -19 വാക്സിനേഷൻ പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഒരു വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. പ്രതിരോധ വാക്സിൻ യജ്ഞത്തിന്റെ പ്രാഥമിക ഗുണഭോക്താക്കളെയും വാക്സിൻ വിതരണ ശൃംഖലകളെയും കണ്ടെത്തുകയും നിർണയിക്കുകയും ചെയ്യുന്നതിന് ഐക്യരാഷ്ട്ര വികസന പദ്ധതിയുമായി (യുഎൻ‌ഡി‌പി) സഹകരിച്ച് സർക്കാർ “ഇ-വിൻ” (eVIN) – ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക് സംവിധാനം ഉപയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

എന്താണ് ഇ-വിൻ?

വാക്‌സിൻ സ്റ്റോക്കുകൾ ഡിജിറ്റൽ വൽക്കരിക്കുകയും ഒരു സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനിലൂടെ വാക്സിൻ വിതരണത്തിലുള്ള കോൾഡ് സ്റ്റോറേജ് സംവിധാനത്തോട് കൂടിയ ശൃംഖലയുടെ താപനില നിരീക്ഷിക്കുകയും ചെയ്യുന്ന തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക് അഥവാ ഇ-വിൻ.

Read More: കോവിഡ് വാക്സിൻ ലഭിക്കാൻ ഇനി എത്ര മുന്നോട്ട് പോവാനുണ്ട്? അറിയേണ്ടതെല്ലാം

2015 ലാണ് ഇ-വിൻ ആരംഭിച്ചത്. അതിലൂടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ശീതീകരണ സംവിധാനങ്ങളുടെ നെറ്റ്‌‌വർക്ക് വഴി വാക്സിൻ സംഭരണ വിതരണ സംവിധാനങ്ങളുടെ ഏകോപനത്തെ സഹായിച്ചിരുന്നു. വാക്സിൻ സ്റ്റോക്കുകളെയും അവയുടെ ഗതാഗതത്തെയും കുറിച്ച് തത്സമയ വിവരങ്ങളും എല്ലാ കോൾഡ് ചെയിൻ പോയിന്റുകളിലുമുള്ള സംഭരണ താപനിലയും നൽകിക്കൊണ്ട് ഈ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കേന്ദ്ര സർക്കാരിന്റെ സാർവത്രിക പ്രതിരോധ വാക്സിൻ പദ്ധതിക്ക് ഇ-വിൻ സാങ്കേതിക വിദ്യ പിന്തുണയേകുന്നു.

വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് ആര് മാർഗനിർദേശം നൽകും?

കോവിഡ് -19 വാക്സിൻ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. വാക്സിൻ രാജ്യത്ത് എത്തിക്കുന്നതും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടപടികൾക്ക് മാർഗദർശിത്വം വഹിക്കുന്നതിന് കോവിഡ് -19 വാക്സിൻ ഭരണ നിർവഹണത്തിനായുള്ള ഒരു ദേശീയ വിദഗ്ധ സംഘത്തിന് (എൻ‌ഇ‌ജി‌വി‌സി) രൂപം നൽകിയിട്ടുണ്ട്.

Read More: കോവിഡ്-19: വൈറസിനെ ആക്രമണം തുടങ്ങുന്നിടത്ത് തടയാനുള്ള വഴികൾ തേടി ഗവേഷകർ

“ഉയർന്ന് ഡിമാൻഡ് കണക്കിലെടുത്ത് തുടക്കത്തിൽ വാക്സിൻ വിതരണം പരിമിതപ്പെടുത്തുമെന്ന് കരുതുന്നു. അതിനാൽ, അപകടസാധ്യത വിലയിരുത്തിയത് അടിസ്ഥാനമാക്കി ജനവിഭാഗങ്ങൾക്ക് മുൻഗണന നൽകും, തുടർന്ന് മറ്റ് ഗ്രൂപ്പുകളെ വാക്സിനേഷനായി തിരഞ്ഞെടുക്കും,” ഹരിയാനയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

സംസ്ഥാന തലത്തിലെ ഒരുക്കങ്ങൾ

വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ഹരിയാന സംസ്ഥാനത്തെ സ്ഥിതിഗതികൾ പരിശോധിക്കാം:

“കോവിഡ് വാക്സിൻ ബെനിഫിഷ്യറി മാനേജ്‌മെന്റ് സിസ്റ്റം (സിവിബിഎംഎസ്) സംബന്ധിച്ച കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾക്ക് ഹരിയാനയിലെ 22 ജില്ലകളിലും പ്രചാരണം നൽകിയിട്ടുണ്ട്. സിവിബിഎംഎസിൽ സിവിൽ സർജൻമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർ, ഡെവലപ്‌മെന്റ് മോണിറ്ററിംഗ്, ഇവാലുവേഷൻ ഓഫീസർമാർ (ഡിഎംഇഒകൾ), കമ്പ്യൂട്ടർ അസിസ്റ്റന്റുമാർ എന്നിവരുടെ ബോധവൽക്കരണ ക്ലാസ് നടത്തി.

Read More: മുൻനിര കോവിഡ് വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണ്? എന്ന് ലഭ്യമാവും?

എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും ഔദ്യോഗിക കത്തുകൾ അയച്ചിട്ടുണ്ട്. 100 ശതമാനം സൈറ്റുകൾ, 21,085 സെഷൻ സൈറ്റുകൾ എന്നിവ യു‌എൻ‌ഡി‌പി മാപ്പ് ചെയ്തു. കോവിഡ് -19 വാക്സിൻ അതത് സമയത്ത് നൽകേണ്ടവരെ കണ്ടെത്തുക എന്നതാണ് സെഷൻ സൈറ്റുകളുടെ ഉദ്ദേശ്യം. ഹരിയാനയിലുടനീളം കോവിഡ് -19 വാക്സിനേഷൻ ആവശ്യങ്ങൾക്കായി പരിശീലനം ലഭിച്ച 5,145 വാക്സിനേറ്റർമാരെ (എഎൻഎം) കണ്ടെത്തി. കൂടാതെ, ആവശ്യാനുസരണം സ്റ്റാഫ് നഴ്‌സുമാരെയും ഫാർമസിസ്റ്റുകളെയും നിയോഗിക്കും ”, ഹരിയാന അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യ) രാജീവ് അറോറ പറഞ്ഞു.

പ്രാഥമിക ഗുണഭോക്താക്കളെ കണ്ടെത്തുന്നത്

ഹരിയാനയിൽ വനിതാ-ശിശു വികസന വകുപ്പിൽ ഉൾപ്പെടെ ആരോഗ്യ വകുപ്പിലെ 97,000 ആരോഗ്യ പ്രവർത്തകരുണ്ട്. ഇതിനു പുറമെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പായ ആയുഷ്, ഇഎസ്ഐ എന്നിവയുടെ ആരോഗ്യ പ്രവർത്തകരുണ്ട്. സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള 1,70,992 ഗുണഭോക്താക്കളെ കേന്ദ്ര സർക്കാരിന്റെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തു.

ടാസ്‌ക് ഫോഴ്‌സുകൾ എങ്ങിനെയാണ്?

വാക്സിനേഷൻ പ്രോഗ്രാമിനായി ഹരിയാന ഇതിനകം സ്റ്റിയറിംഗ്, ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും (ആരോഗ്യം) നേതൃത്വത്തിലുള്ള രണ്ട് കമ്മിറ്റികളുടെയും മീറ്റിംഗുകൾ അടുത്ത ആഴ്ച നടക്കും. 17 ജില്ലകൾക്കായി ജില്ലാ ടാസ്‌ക് ഫോഴ്‌സ് മീറ്റിംഗുകൾ ഇതിനകം പൂർത്തിയായി, ശേഷിക്കുന്ന അഞ്ച് ജില്ലകളിൽ ഉടൻ മീറ്റിംഗുകൾ പൂർത്തിയാക്കും.

ശീത സംഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പ് എന്താണ്

ഹരിയാനയിൽ സംസ്ഥാന സർക്കാരും എല്ലാ ജില്ലാ, ഭരണാധികാരികളും യൂസർനെയിമുകളും പാസ്‌വേഡുകളും നേടിയിട്ടുണ്ട്. സംഭരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പിനെക്കുറിച്ച് മോക്ക് ഡ്രില്ലുകൾ നടത്തേണ്ടതുണ്ട്.

Read More: കോവിഡ് വാക്‌സിൻ എപ്പോൾ എത്തുമെന്ന് പറയാനാകില്ല: പ്രധാനമന്ത്രി 

ഹരിയാനയിൽ ഒരു സ്റ്റേറ്റ് വാക്സിൻ സ്റ്റോർ (എസ്‌വി‌എസ്), നാല് റീജിയണൽ സ്റ്റോറുകൾ, 22 ജില്ലാ വാക്സിൻ സ്റ്റോറുകൾ എന്നിവയും 659 കോൾഡ് ചെയിൻ പോയിന്റുകളും ഉണ്ട്. ഡീപ് ഫ്രീസറുകൾ‌, ഐസ് ലൈൻ‌ഡ് റഫ്രിജറേറ്ററുകൾ‌ എന്നിവപോലുള്ള അധിക ശീത സംഭരണ‌ ഉപകരണങ്ങൾ‌ കേന്ദ്രത്തിൽ‌ നിന്നും ലഭിച്ചു. ഡ്രൈ സ്റ്റോക്ക്, കോൾഡ് ചെയിൻ സ്പെയ്സുകൾ എന്നിവയ്ക്കായി അധിക സ്ഥലങ്ങൾ കണ്ടെത്താനുള്ള നിർദ്ദേശങ്ങൾ എല്ലാ ജില്ലകളിലേക്കും ഇതിനകം നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook