കോവിഡ്-19-ന് എതിരായി തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിനായ കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് ഇന്ത്യയുടെ മരുന്ന് വിപണി നിയന്ത്രിക്കുന്ന ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയതായി നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് ഇന്ത്യ (ബിബിഐഎല്‍) പറയുന്നു. ജൂലൈയില്‍ ഇന്ത്യയിലെമ്പാടും പരീക്ഷണം ആരംഭിക്കും.

എന്താണ് കോവാക്‌സിന്‍? എങ്ങനെയാണത് വികസിപ്പിച്ചത്?

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി (എന്‍ഐവി) ചേര്‍ന്നാണ് ബിബിഐഎല്‍ കോവാക്‌സിന്‍ വികസിപ്പിച്ചത്.

ഈ പങ്കാളിത്ത ഗവേഷണത്തിന്റെ ഭാഗമായി എന്‍ഐവി രോഗ ലക്ഷണമില്ലാതിരുന്ന കോവിഡ്-19 രോഗിയില്‍ നിന്നും വൈറസിനെ വേര്‍തിരിച്ചെടുത്ത് മെയ് മാസത്തിന്റെ തുടക്കത്തില്‍ ബിബിഐഎല്ലിന് കൈമാറി. അവര്‍ ഹൈദരാബാദിലെ അതീവ സുരക്ഷിതമായ പരീക്ഷണ ലാബില്‍ ജീവനില്ലാത്ത വൈറസിനെ ഉപയോഗിച്ചുള്ള വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ശ്രമം ആരംഭിച്ചു.

“മനുഷ്യനില്‍ ഈ വാക്‌സിന്‍ കുത്തിവച്ചാല്‍ അതിന് രോഗം പരാത്താനോ എണ്ണം വര്‍ദ്ധിപ്പിക്കാനോ കഴിയുകയില്ല. കാരണം, അതൊരു കൊല്ലപ്പെട്ട വൈറസാണ്. ജീവനില്ലാത്ത വൈറസ് രോഗ പ്രതിരോധ സംവിധാനത്തില്‍ എത്തുമ്പോള്‍ ശരീരം ആന്റിബോഡി ഉല്‍പാദിപ്പിക്കും,” കമ്പനി പറയുന്നു. ജീവനില്ലാത്ത വൈറസിനെ കൊണ്ട് നിര്‍മ്മിച്ച വാക്‌സിനുകള്‍ക്ക് മികച്ച സുരക്ഷാ റെക്കോര്‍ഡുണ്ട്.

Read Also: വാണിജ്യ സിരാ കേന്ദ്രം കോവിഡ് ഭീഷണിയിൽ; എറണാകുളം മാർക്കറ്റും ബ്രോഡ്‌വേയും അടച്ചു

ബിബിഐഎല്ലിന്റെ കോവാക്‌സിനെ പ്രീ-ക്ലിനിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഗിനി പന്നികള്‍, എലികള്‍ തുടങ്ങിയവയിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുവാദം തേടി ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ സമീപിക്കുന്നതിന് മുമ്പായിരുന്നു മൃഗങ്ങളില്‍ പരീക്ഷണം നടന്നത്.

അനുമതി നല്‍കിയെന്നത് കൊണ്ട്‌ എന്താണ് അര്‍ത്ഥമാക്കുന്നത്?

ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ തലവനായ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ മനുഷ്യരില്‍ രണ്ട് ഘട്ടങ്ങളിലായി ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിനാണ് ഭാരത് ബയോടെക്കിന് അനുമതി നല്‍കിയത്.

രാജ്യത്തെ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒരുപടി കൂടി മുന്നേറിയിരിക്കുകയാണ്.

ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ വളരെ കുറച്ച് ആളുകളിലാണ് പരീക്ഷിക്കുന്നത്. വാക്‌സിന്റെ സുരക്ഷിതമായ ഡോസ് കണ്ടെത്തുന്നതിനും വൈറസിനെതിരെ പ്രതിരോധശേഷി ശരീരത്തില്‍ ഉണ്ടാകുന്നുണ്ടോയെന്നും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്നും കണ്ടെത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. വയസ്സ്, ലിംഗം തുടങ്ങിയ പ്രത്യേകകള്‍ക്ക് അനുസരിച്ച് വാക്‌സിന്‍ പ്രതികരിക്കുന്നത് എങ്ങനെയെന്ന് കണ്ടെത്തുന്നതിനായി ധാരാളം പേരില്‍ പരീക്ഷിക്കുന്നതാണ് രണ്ടാം ഘട്ടം.

വാക്‌സിന്‍ എത്ര പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്ന് പോകണം?

ഏതൊരു പുതിയൊരു മരുന്നിനേയും പോലെ വാക്‌സിനും നാല് ഘട്ടങ്ങളിലൂടെയുള്ള ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാകണം. പ്രീ-ക്ലിനിക്കല്‍ ഘട്ടത്തില്‍ തുടങ്ങി ആയിരക്കണക്കിന് ആളുകളില്‍ പരീക്ഷിക്കുന്ന മൂന്നാം ഘട്ടം വരെ നീളുന്നു ഈ പരീക്ഷണം. ഡ്രഗ്‌സ് കണ്‍ട്രോളറില്‍ നിന്നും അനുമതി ലഭിച്ച് വിപണിയിലെത്തുന്ന മരുന്നിനെ നിര്‍മ്മാതാക്കള്‍ തുടര്‍ന്നും നിരീക്ഷിച്ചു കൊണ്ടേയിരിക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാക്‌സിന്‍ രോഗികളില്‍ അനാവശ്യമായ പ്രഭാവം സൃഷ്ടിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ഇത്.

Read Also: മുതിർന്ന നേതാക്കളെല്ലാം എനിക്കൊപ്പം; ജോസിനെ തള്ളി ജോസഫ്

ജൂലൈയില്‍ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിനാണ് ഭാരത് ബയോടെക് പദ്ധതിയിടുന്നത്. എന്നാല്‍, പരീക്ഷണത്തിന്റേയും വാക്‌സിന് അനുമതി ലഭിക്കുന്നതിന്റേയും മുഴുവന്‍ സമയപട്ടികയേയും കുറിച്ച് ഉറപ്പുകളൊന്നുമില്ല.

“മനുഷ്യരില്‍ ഈ വാക്‌സിന്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ക്ക് യാതൊരു ഉറപ്പുകളുമില്ല. ഒന്നും രണ്ടും ഘട്ടങ്ങളുടെ വിജയകരമായ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരില്‍ മരുന്ന് പരീക്ഷിക്കും. അതിനുശേഷം, ഡ്രഗ്‌സ് കണ്‍ട്രോളറില്‍ നിന്നും അനുമതി ലഭിക്കുന്നതിനുള്ള സമയപരിധി തീരുമാനിക്കും,” ബിബിഐഎല്‍ പറയുന്നു.

കോവിഡ്-19 വാക്‌സിന്‍ നിര്‍മ്മിക്കാന്‍ മറ്റ് ഇന്ത്യന്‍ കമ്പനികള്‍ ശ്രമിക്കുന്നുണ്ടോ? അവര്‍ ഏത് ഘട്ടത്തിലാണുള്ളത്?

സൈഡസ് കാഡില, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പനേഷ്യ ബയോടെക് എന്നിവയാണ് ഇന്ത്യയില്‍ കോവിഡ്-19 വാക്‌സിന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ മാസം തുടക്കം മുതല്‍ പരീക്ഷണം ആരംഭിച്ച പനേഷ്യ ഇപ്പോഴും പ്രീ-ക്ലിനിക്കല്‍ ഘട്ടത്തിലാണ്. അതേസമയം, സൈഡസും സെറവും അവരുടെ പ്രീ-ക്ലിനിക്കല്‍ പഠനം പൂര്‍ത്തിയാക്കി മനുഷ്യനില്‍ പരീക്ഷണം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി തേടിയിട്ടുണ്ടോയെന്നത് വ്യക്തമല്ല.

ലോകമെമ്പാടുമുള്ള വാക്‌സിന്‍ പരീക്ഷണങ്ങളുമായി കോവാക്‌സിനെ എങ്ങനെ തുലനം ചെയ്യാം?

കോവാക്‌സിനെ കൂടാതെ ഭാരത് ബയോടെക് ആഗോള പങ്കാളിത്തത്തില്‍ രണ്ട് വാക്‌സിനുകള്‍ കൂടെ വികസിപ്പിക്കുന്നുണ്ട്. ഒന്ന് തോമസ് ജെഫേഴ്‌സണ്‍ സര്‍വകലാശാലയി ചേര്‍ന്നാണ്. മറ്റൊന്ന് വിസ്‌കോണ്‍സിന്‍-മാഡിസണും വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഫ്‌ളുഗെനുമായും ചേര്‍ന്നും. ഈ രണ്ടു വാക്‌സിനുകളും പ്രീ-ക്ലിനിക്കല്‍ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കോവിഡ്-19 വാക്‌സിന്‍ മത്സരത്തില്‍ അത് വളരെ പിന്നിലുമാണ്. അസ്ട്രാസെനേക്ക ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. അവരാണ് മുന്നിലുള്ളതും. ഈ വാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറുണ്ട്.

മോഡേണ നിര്‍മ്മിക്കുന്ന എംആര്‍എന്‍എ വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അടുത്താണ്.

Read Also: സംസ്ഥാനത്ത് 19 പുതിയ ഹോട്ട്‌സ്‌പോട്ടുകൾ; മലപ്പുറത്ത് സ്ഥിതി സങ്കീർണം

ആഗോള തലത്തില്‍ പരീക്ഷിക്കുന്ന വാക്‌സിനുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കോവാക്‌സിനെ കൂടാതെ ആറോളം വാക്‌സിനുകള്‍ ഒന്നാം ഘട്ടം, രണ്ടാം ഘട്ടം പരീക്ഷണങ്ങളിലാണ്. കൂടാതെ, മറ്റൊരു അഞ്ചെണ്ണം ആഗോളതലത്തില്‍ ഒന്നാം ഘട്ട പരീക്ഷണത്തിലാണ്.

ആഗോള തലത്തില്‍ സൈഡസ് കാഡിലയുടെ വാക്‌സിന്‍ ഇപ്പോഴും പ്രീ-ക്ലിനിക്കല്‍ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

Read in English: Explained: What is Covaxin, India’s Covid-19 vaccine candidate; how long before approval?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook