scorecardresearch

തലച്ചോർ തിന്നുന്ന അമീബ; ആലപ്പുഴയിൽ പതിനഞ്ചുകാരന്റെ മരണത്തിന് കാരണമായ രോഗം എന്ത്? എങ്ങനെ ബാധിക്കും?

ആലപ്പുഴയിൽ പതിനഞ്ചുകാരന്റെ മരണത്തിന് കാരണമായ മസ്തിഷ്കത്തെ ഭക്ഷിക്കുന്ന അമീബ എന്ന രോഗം എന്താണ്? ഈ രോഗം എങ്ങനെ ബാധിക്കും? സൂക്ഷിക്കേണ്ട കാര്യങ്ങൾ

ആലപ്പുഴയിൽ പതിനഞ്ചുകാരന്റെ മരണത്തിന് കാരണമായ മസ്തിഷ്കത്തെ ഭക്ഷിക്കുന്ന അമീബ എന്ന രോഗം എന്താണ്? ഈ രോഗം എങ്ങനെ ബാധിക്കും? സൂക്ഷിക്കേണ്ട കാര്യങ്ങൾ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Naegleria fowleri| Brain Eating Amoeba| തലച്ചോർ തിന്നുന്ന അമീബ രോഗം

തലച്ചോർ തിന്നുന്ന അമീബ രോഗം എന്താണ്?

ആലപ്പുഴയിൽ 15 വയസ്സുള്ള ഒരു ആൺകുട്ടി ഒരാഴ്ചത്തെ കടുത്ത പനിയെ തുടർന്ന് മരിച്ചു. കുട്ടിക്ക് 29/06/2023നാണ് പനി ആരംഭിച്ചത്. 01/07/2023ന് തലവേദന ഛര്‍ദി, കാഴ്ച മങ്ങല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തുറവൂര്‍ താലൂക് ആശുപത്രിയില്‍ ചികിത്സ തേടുകയും, പരസ്പര ബന്ധമില്ലാത്ത പെരുമാറ്റവും മറ്റു അസ്വസ്ഥയും പ്രകടിപ്പിച്ചതിനെ തുടര്‍ന്നു എന്‍ഫലൈറ്റിസ് സംശയിക്കുകയും മെഡിക്കല്‍ കോളേജിലേക്ക് ചെയ്തു. കുട്ടിയുടെ മരണകാരണം "മസ്തിഷ്കം തിന്നുന്ന അമീബ" എന്നറിയപ്പെടുന്ന നയ്ഗ്ലേരിയ ഫൗലരി മൂലമുണ്ടാകുന്ന അപൂർവ അണുബാധയായിരുന്നു. മരണമടഞ്ഞ 15 വയസുള്ള പാണാവള്ളി സ്വദേശിയ്ക്കാണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കുകയും ചെയ്തു.

Advertisment

ജലാശയങ്ങളിലാണ് പൊതുവേ ഈ അമീബ കാണപ്പെടുന്നത്. നാസാദ്വാരങ്ങളിലൂടെ മനുഷ്യ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും മാരകമായ മസ്തിഷ്‌ക്ക അണുബാധയ്ക്ക് (പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) കാരണമാവുകയും ചെയ്യുന്നുവെന്ന് ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ.പി.എൻ.രഞ്ജൻ പറയുന്നു.

വിദഗ്ധരുടെ അഭിപ്രായത്തിൽ, നയ്ഗ്ലേരിയ ഫൗലേരി വളരെക്കാലമായി നിലനിൽക്കുന്നവയാണെങ്കിലും അണുബാധ ഉണ്ടാകുന്ന കേസുകൾ വളരെ അപൂർവമാണ്. കഴിഞ്ഞ ഡിസംബറിൽ 50 വയസ്സുള്ള ദക്ഷിണ കൊറിയക്കാരനും മാർച്ചിൽ ഫ്ലോറിഡയിൽ ഒരാളും അണുബാധമൂലം മരണമടഞ്ഞിരുന്നു.

കേരളത്തിൽ ഇതിന് മുമ്പ് ഈ അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ ?

കേരളത്തിലെ ആരോഗ്യ വകുപ്പിലെ കണക്കുകൾ അനുസരിച്ച് ഇതുവരെ സംസ്ഥാനത്ത് ആകെ അഞ്ച് പേര്‍ക്ക് മാത്രമാണ് ഈ രോഗം ബാധിച്ചത്. 2016ല്‍ ആലപ്പുഴ ജില്ലയില്‍ തിരുമല വാര്‍ഡില്‍ ഒരു കുട്ടിക്ക് ഇതേ രോഗം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ല്‍ കോഴിക്കോടും 2022ല്‍ തൃശൂരിലും ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. 100 ശതമാനത്തിനടുത്താണ് ഈ രോഗത്തിന്റെ മരണനിരക്കെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

അണുബാധയ്ക്ക് കാരണം എന്താണ് ?

Advertisment

അണുബാധയുടെ കൃത്യമായ കാരണം പൂർണ്ണമായി മനസ്സിലായിട്ടില്ലെന്ന് ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ.പി.എൻ.രഞ്ജൻ പറയുന്നു. " വെള്ളത്തിന്റെ താപനില, പ്രത്യേകിച്ച് വേനൽക്കാലത്ത്, അമീബയുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യയിൽ ഇത്തരം സാഹചര്യം വിരളമല്ല,” അദ്ദേഹം പറഞ്ഞു.
ഈ രോഗവുമായി ബന്ധപ്പെട്ട് സാധാരണയായി ഉയരുന്ന സംശയങ്ങൾക്കും ഡോ. രഞ്ജൻ മറുപടി നൽകുന്നു.

Naegleria fowleri: എന്താണ് നയ്ഗ്ലേരിയ ഫൗലേരി?

തടാകങ്ങൾ, ചൂടുനീരുറവകൾ, മോശമായി പരിപാലിക്കപ്പെടുന്ന നീന്തൽക്കുളങ്ങൾ തുടങ്ങി ചൂടുള്ള ശുദ്ധജല അന്തരീക്ഷത്തിൽ കാണപ്പെടുന്ന ഏകകോശ ജീവിയാണ് "മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ" അല്ലെങ്കിൽ തലച്ചോറ് തിന്നുന്ന അമീബ എന്നൊക്കെ പറയപ്പെടുന്ന നയ്ഗ്ലേരിയ ഫൗലേരി. വളരെ ചെറുതാണ്, ഇത് ഒരു മൈക്രോസ്കോപ്പ് ഉപയോഗിച്ച് മാത്രമേ കാണാൻ കഴിയൂ. നയ്ഗ്ലേരിയ ഇനത്തിലെ അമീബകളിൽ നയ്‌ഗ്ലേരിയ ഫൗലേരി എന്ന ഒരു ഇനം മാത്രമാണ് മനുഷ്യരിൽ അണുബാധയ്ക്ക് കാരണമാകുന്നത്.

വളരെ അപൂർവമായ സന്ദർഭങ്ങളിൽ, നീന്തൽക്കുളങ്ങൾ, സ്പ്ലാഷ് പാഡുകൾ, സർഫ് പാർക്കുകൾ, അല്ലെങ്കിൽ മോശമായി പരിപാലിക്കപ്പെടുന്നതോ ആവശ്യത്തിന് ക്ലോറിൻ ഇല്ലാത്തതോ ആയ വിനോദയിടങ്ങളിലും നെഗ്ലേരിയ ഫൗളേരിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന അമീബ, അവിടെ നിന്ന് തലച്ചോറിലേക്ക് എത്തുന്നു, ഇത് പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (PAM) എന്നറിയപ്പെടുന്ന ഗുരുതരമായതും മാരകവുമായ മസ്തിഷ്ക അണുബാധയിലേക്ക് നയിക്കുന്നു. അമീബ അതിന്റെ വളർച്ചയുടെ ഘട്ടത്തിലും പൂർണവളർച്ചയെ ത്തിയ( മെച്ച്വറിങ്, ട്രോഫോസോയിറ്റ് )ഘട്ടത്തിലും ദുർബലമാണെങ്കിലും, ഒരു സിസ്റ്റ് എന്ന നിലയിൽ അത് പരിസ്ഥിതിയെ പ്രതിരോധിക്കും. 46 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിലാണ് ഇത് നന്നായി വളരുന്നത്. ശീതീകരണത്തിലൂടെ ട്രോഫോസോയിറ്റുകൾ അതിവേഗം നശിപ്പിക്കപ്പെടുമെങ്കിലും, അതിശൈത്യത്തെപ്പോലും അതിജീവിക്കാൻ സിസ്റ്റുകൾക്ക് കഴിയും.

വെള്ളത്തിന്റെ താപനില, പ്രത്യേകിച്ച് വേനൽക്കാലത്ത്, അമീബയുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. മോശമായി പരിപാലിക്കുന്ന നീന്തൽക്കുളങ്ങൾ അല്ലെങ്കിൽ മലിനമായ ജലസ്രോതസ്സുകൾ എന്നിവ ഇവയ്ക്ക് മനുഷ്യ സമ്പർക്കം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഡൈവിങ് അല്ലെങ്കിൽ ചൂടുള്ള ശുദ്ധജല സ്രോതസ്സുകളിലേക്ക് ചാടുന്നത് പോലെയുള്ള പ്രവർത്തനങ്ങൾ മൂക്കിൽ വെള്ളം കയറാൻ ഇടയാക്കും, ഇത് അമീബയ്ക്ക് ശരീരത്തിലേക്ക് കടക്കാനുള്ള അവസരമൊരുക്കുന്നു.

ഇത് മനുഷ്യശരീരത്തിൽ എങ്ങനെ പടരുന്നു?

ഒരു വ്യക്തി നീന്തുകയോ ഡൈവിങ് നടത്തുകയോ അല്ലെങ്കിൽ മതപരമായ ആചാരങ്ങൾക്കോ മറ്റോ ആയി മലിനമായ വെള്ളം ഉപയോഗിക്കുകയോ ചെയ്യുമ്പോൾ അമീബ മൂക്കിലൂടെയും വായയിലൂടെയും ഉള്ളിലേക്ക് പ്രവേശിക്കും. അമീബ പിന്നീട് ഘ്രാണ നാഡിയിലൂടെ( olfactory nerve) മസ്തിഷ്കത്തിലേക്ക് എത്തുന്നു, അവിടെസ്ഥിതി ചെയ്യുന്ന അമീബ മസ്തിഷ്ക കോശങ്ങളുടെ കടുത്ത വീക്കത്തിനും നാശത്തിനും കാരണമാകുന്നു.

ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുമോ?

ഈ അണുബാധ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പടരുന്നില്ല, അണുബാധ സാധാരാണ നിലയിൽ ചൂടുള്ള ശുദ്ധജല അന്തരീക്ഷവുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്, പ്രത്യേകിച്ച് വേനൽക്കാലത്ത് ജലത്തിന്റെ താപനില കൂടുതലായിരിക്കുമ്പോൾ. അനുകൂല കാലാവസ്ഥയിൽ ഇവ തഴച്ചു വളരും

നീന്തുന്നവർ സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ എന്തൊക്കെയാണ്?

ആവശ്യത്തിനുള്ള ക്ലോറിൻ ഉപയോഗിച്ച് ശുദ്ധീകരിക്കാത്ത ശുദ്ധജല സ്രോതസ്സുകൾ ഒഴിവാക്കുക, ജലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ നോസ് ക്ലിപ്പുകൾ ഉപയോഗിക്കുക, മൂക്ക് ശുദ്ധീകരണ ചടങ്ങുകൾക്ക് അണുവിമുക്തമായ വെള്ളം ഉപയോഗിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ നയ്ഗ്ലേരിയ ഫൗലേരി അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.

ആർക്കാണ് രോഗം പിടിപെടാനുള്ള സാധ്യത?

മനുഷ്യശരീരം നയ്‌ഗ്ലേരിയ ഫൗലേരിക്ക് ഇരയാകുന്നു, പക്ഷേ ഇത് വളരെ അപൂർവമാണ്. അകത്ത് പ്രവേശിച്ചാൽ, അമീബയ്ക്ക് തലച്ചോറിലേക്ക് സഞ്ചരിക്കാൻ കഴിയും, ഇത് പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (PAM) എന്ന ഗുരുതരമായതും മാരകവുമായ അണുബാധയ്ക്ക് കാരണമാകുന്നു. ഈ രോഗം ആരെയും ബാധിക്കാമെങ്കിലും, ദുർബലമായ പ്രതിരോധശേഷി, മൂക്കുമായോ സൈനസ് പ്രശ്നങ്ങളോ ഉള്ളവർ, ചൂടുള്ള ശുദ്ധജലവുമായി സമ്പർക്കം പുലർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എന്നിങ്ങനെയുള്ള സാഹചര്യങ്ങൾ രോഗാണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

നിങ്ങൾക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?

പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (PAM) മസ്തിഷ്ക കോശങ്ങളുടെ വീക്കം, നാശം എന്നിവയിലൂടെ ഇത് തലച്ചോറിനെ ബാധിക്കുന്നു. അണുബാധ ഉണ്ടായാൽ സാധാരണ ഒരാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, തലവേദന, ഛര്‍ദ്ദി, അപസ്മാരം, മതിഭ്രമം, എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. രോഗം മൂർച്ഛിക്കുന്നതോടെ രോഗി കോമയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. മസ്തിഷ്ക കോശങ്ങളെ അതിവേഗം നശിപ്പിക്കാനുള്ള അമീബയുടെ ശേഷി ഈ അണുബാധയെ വളരെ മാരകമാക്കുന്നു. പെട്ടെന്നുള്ള ചികിത്സയും ശുശ്രൂഷയും നിർണായകമാണ്, പക്ഷേ ചികിത്സ നൽകിയാൽ പോലും ഈ രോഗം ബാധിച്ചവരുടെ അതിജീവന നിരക്ക് കുറവാണ്

അതിജീവനത്തിനുള്ള സാധ്യതകൾ എന്തൊക്കെയാണ്?

അണുബാധ മസ്തിഷ്ക കോശങ്ങളെ വേഗത്തിൽ നശിപ്പിക്കുന്നു, ഇത് വീക്കം, കടുത്ത തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് കടുപ്പം, അപസ്മാരം, കോമ തുടങ്ങിയ ന്യൂറോളജിക്കൽ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.ആൻറി ഫംഗൽ മരുന്നുകളും സപ്പോർട്ടീവ് കെയറും ഉൾപ്പെടെയുള്ള മികച്ച മെഡിക്കൽ ഇടപെടലുകൾ ഉണ്ടായിരുന്നിട്ടും, നയ്ഗ്ലേരിയ ഫൗലരി അണുബാധയെ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണ്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയുടെ വേഗത്തിലുള്ള തുടക്കവും നിർണായകമാണ്, എന്നാൽ, രോഗനിർണയം അത്രവേഗത്തിൽ സാധ്യമാകാറില്ല എന്നത് ഒരു കടമ്പയാണ്.

ചികിത്സ

യുഎസ് ആസ്ഥാനമായുള്ള സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്‌സാമെതസോൺ എന്നിവയുൾപ്പെടെയുള്ള മരുന്നുകൾ ഉൾപ്പെടുത്തിയുള്ള ചികിത്സ ശിപാർശ ചെയ്യുന്നു.ഈ മരുന്നുകളിൽ ഏറ്റവും പുതിയതാണ് മിൽറ്റെഫോസിൻ. ലബോറട്ടറിയിൽ നയ്ഗ്ലേരിയ ഫൗലേരിയെ നശിപ്പിക്കാൻ ഇതുവഴി സാധ്യമാകുമെന്ന് കരുതുന്നു. ഈ മരുന്ന ഉപയോഗിച്ച് ചികിത്സ മൂന്ന് പേർ രോഗത്തെ അതിജീവിക്കുയും ചെയ്തിട്ടുണ്ട്.

പ്രകൃതിദത്ത ജലസ്രോതസ്സുകളുടെ കാര്യത്തിൽ എന്ത് പ്രതിരോധ നടപടികൾ സ്വീകരിക്കാം?

തടാകങ്ങൾ, ചൂടുനീരുറവകൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലാശയങ്ങളിലെ പ്രവർത്തനങ്ങൾ ക്ലോറിൻ ഉപയോഗിച്ച് അണുവിമുക്തമാക്കിയിട്ടില്ലെങ്കിൽ അവയുടെ ഉപയോഗം ഒഴിവാക്കുക. നീന്തുമ്പോഴോ മുങ്ങുമ്പോഴോ മൂക്ക് സംരക്ഷണത്തിനായി നോസൽ ക്ലിപ്പ് ഉപയോഗിക്കുക, വൃത്തിയുള്ള നീന്തൽക്കുളങ്ങൾ പരിപാലിക്കുക, ശരിയായ ശുചിത്വം പാലിക്കുക, ജലത്തിൽ ഉള്ള പ്രവർത്തനങ്ങൾക്ക് മുമ്പും ശേഷവും ഭക്ഷണത്തിന് മുമ്പും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. മൂക്ക് വൃത്തിയാക്കാൻ അണുവിമുക്തമായ വെള്ളം ഉപയോഗിക്കുക.

ശരിയായി അണുവിമുക്തമാക്കിയ നീന്തൽക്കുളത്തിൽ നിന്ന് ഒരാൾക്ക് നയ്ഗ്ലേരിയ ഫൗലേരി അണുബാധ ഉണ്ടാകുമോ?

ഇല്ല. ക്ലോറിൻ അളവ് പതിവായി നിരീക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്താൽ, അപകട സാധ്യതയില്ല.

Explained Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: