scorecardresearch
Latest News

എന്താണ് ഭാരത് രജിസ്ട്രേഷൻ? കേരളം എതിർക്കുന്നതെന്തിന്?

ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് സ്ഥലം മാറ്റം കിട്ടിയാൽ ആളുകളെ ഏറ്റവും വലയ്ക്കുന്ന ഒന്നാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ മാറ്റുന്നത്. വാഹന രജിസ്ട്രേഷനിലെ പുത്തൻ മാറ്റമാണ് ഭാരത് സീരീസ്. ഇവ ജനങ്ങൾക്ക് പ്രയോജനകരമാണോ എന്നറിയാം

bh registration, bharat registration,road,kerala,central government

മോട്ടർ വാഹനമേഖലയിലെ മാറ്റങ്ങൾ ജനങ്ങൾ ഒരേസമയം, ആശങ്കയോടെയും പ്രതീക്ഷയോടെയും നോക്കുന്നവയാണ്. അത്തരത്തിലൊരു മാറ്റമാണ് ഇപ്പോൾ വാഹന രജിസ്ട്രേഷന്റെ കാര്യത്തിൽ നടക്കുന്നത്. പല സംസ്ഥാനത്ത് ജോലി ചെയ്യുന്നവർ എന്നും ആശങ്കയോടെ കണ്ടിരുന്ന കാര്യമാണ് വാഹനങ്ങളുടെ രജിസ്ട്രേഷൻ മാറ്റുന്ന പ്രക്രിയ.

ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം കൊണ്ടുവരുന്നതിനും അവിടെ ആ വാഹനം ഉപയോഗിക്കുന്നതിനും കടമ്പകൾ ഏറെയാണ്. ആ കടമ്പകൾ ഇല്ലാതാക്കുകയാണു കേന്ദ്ര സർക്കാർ ബിഎച്ച് (BH) വാഹന രജിസ്ട്രേഷനിലൂടെ. എന്താണ് ബിഎച്ച് രജിസ്ട്രേഷൻ, പഴയ വാഹനങ്ങളും ബിഎച്ച് സീരിസിലേക്ക് മാറ്റാൻ കഴിയുമോ ഇതേക്കുറിച്ചൊക്കെയുള്ള കാര്യങ്ങൾ വായിക്കാം.

എന്താണ് ബിഎച്ച് അഥവാ ഭാരത് രജിസ്ട്രേഷൻ?

വാഹനലോകത്തെ ചര്‍ച്ചാവിഷയമാണ് ഭാരത് സീരീസ്. രാജ്യത്ത് എവിടെയും ഉപയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനമാണ് ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്‌ട്രേഷന്‍. 2021ലാണ് ഭാരത് സീരീസ് എന്ന സംവിധാനത്തിനായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കിയെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും ബിഎച്ച് സീരീസ് രജിസ്ട്രേഷൻ നടപടികൾ അനിശ്ചിതത്വത്തിലാണ്.

എന്തിനാണ് വാഹന രജിസ്ട്രേഷനിൽ ബിഎച്ച് സംവിധാനം?

വാഹന രജിസ്ട്രേഷനിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ ഭാരത് സീരീസ് എന്ന ഏകീകൃത സംവിധാനം തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ വാഹന രജിസ്ട്രേഷൻ ഒഴിവാക്കാനാണ് പുതിയ സംവിധാനം.

ആദ്യം പുതിയവാഹനങ്ങള്‍ക്ക് മാത്രമാണ് ബിഎച്ച് രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നത്. പുതിയ വിജ്ഞാപനം പ്രകാരം പഴയ വാഹനങ്ങൾക്കും ബിഎച്ച് സീരീസിൽ രജിസ്റ്റർ ചെയ്യാം.

ഇപ്പോഴത്തെ വാഹന രജിസ്റ്റർ നിയമം എങ്ങനെ?

നിലവിൽ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഉദാഹരണത്തിന് ഡൽഹിയിൽ രജിസ്റ്റർ ചെയ്യുന്ന വാഹനം കേരളത്തിൽ 12 മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ സാധിക്കില്ല. അങ്ങനെ ഉപയോഗിക്കണമെങ്കിൽ വാഹനം ഇവിടത്തേക്ക് മാറ്റി രജിസ്റ്റർ ചെയ്യണം.

ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്കു വാഹനം മാറ്റി രജിസ്റ്റർ ചെയ്യാൻ പല കടമ്പകളുണ്ട്. ഏത് സംസ്ഥാനത്താണ് വാഹനം രജിസ്റ്റർ ചെയ്തത് അവിടെനിന്നുള്ള എൻഒസി സർട്ടിഫിക്കറ്റ് വേണം. മാറുന്ന സംസ്ഥാനത്തേക്ക് രജിസ്ട്രേഷന് അപേക്ഷിക്കുമ്പോൾ അവശേഷിക്കുന്ന കാലാവധിയുടെ നികുതി അവിടെ അടയ്ക്കണം. ആദ്യം രജിസ്റ്റർ ചെയ്ത സംസ്ഥാനത്ത് നിന്നു അടച്ച നികുതിയിൽ അവശേഷിക്കുന്ന കാലം കണക്കാക്കി തുക റീഫണ്ട് ലഭിക്കും. അതിനായി ആ സംസ്ഥാനത്തു അപേക്ഷ നൽകണം.

ഭാരത് രജിസ്ട്രേഷൻ ( ബിഎച്ച് ) വരുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ

ബിഎച്ച് സംവിധാനത്തിൽ മാറുന്ന സംസ്ഥാനങ്ങളിലേക്കുള്ള രജിസ്ട്രേഷൻ എന്നത് ഒഴിവാക്കാം. ഇന്ത്യയിലൊട്ടാകെ ഒരു രജിസ്ട്രേഷനാണ് വാഹനത്തിന് ലഭിക്കുക. ഏത് സംസ്ഥാനത്തും ഭാരത് സീരീസിലൂടെ രജിസ്റ്റർ ചെയ്ത വാഹനം എത്രകാലം വേണമെങ്കിലും ഉപയോഗിക്കാം. ഇതിലൂടെ 12 മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയില്ലെന്ന പരിമിതി ഒഴിവാക്കാം. വാഹന നികുതി 15 വർഷത്തിൽനിന്നു രണ്ടു വർഷമായി കുറയ്ക്കുകയും ചെയ്യുന്നുണ്ട് ഭാരത് സീരീസ്.

ഭാരത് സീരീസ് രജിസ്ട്രേഷൻ നമ്പർ

ഇപ്പോളുള്ള രീതിയിൽ നിന്നു മാറി ബിഎച്ച് സീരിസിലെ വാഹന രജിസ്ട്രേഷൻ നമ്പർ വ്യത്യസ്തമാണ്. വാഹനം വാങ്ങിയ വർഷത്തിന്റെ അവസാന രണ്ട് അക്കങ്ങൾ, ബിഎച്ച് അക്ഷരങ്ങൾ, നാല് അക്കങ്ങൾ, അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങൾ എന്നിങ്ങനെയാകും രജിസ്ട്രേഷൻ നമ്പർ. ഉദാഹരണത്തിന് “22 BH XXXX AA” എന്നിങ്ങനെയാണ് നമ്പർ ലഭിക്കുക. നിലവിൽ ബിഎച്ചിന് പകരം വാഹനം രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്തിന്റെ ചുരുക്കപ്പേരാണ് രജിസ്ട്രേഷനിൽ നൽകുന്നത്.

ഭാരത് സീരീസ് ആർക്കൊക്കെ ലഭിക്കും?

പ്രതിരോധ ഉദ്യോഗസ്ഥർ, കേന്ദ്ര,സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, പൊതുമേഖല സ്ഥാപനങ്ങൾ, നാലോ അതിൽ അധികമോ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ഉദ്യോഗസ്ഥർക്കും ഭാരത് രജിസ്ട്രേഷനിൽ മുൻഗണന ലഭിക്കും. ഫോം 60ലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. ഓൺലൈനായി തന്നെ ഭാരത് രജിസ്ട്രേഷൻ നടപ്പാക്കാം. സ്ഥാപനത്തിൽനിന്നുള്ള സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഹാജരാക്കണം.

ബിഎച്ച് രജിസ്ട്രേഷൻ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുമോ?

ബിഎച്ച് രജിസ്ട്രേഷൻ വാഹനങ്ങളുടെ ഉടമസ്ഥാവകാശം രജിസ്ട്രേഷന് അർഹതയുള്ളവരോ അല്ലാത്തവരോ ആയ മറ്റു വ്യക്തികൾക്ക് കൈമാറാൻ കേന്ദ്രം സൗകര്യമൊരുക്കിയിട്ടുണ്ട്. ബിഎച്ച് രജിസ്ട്രേഷന് അർഹതയുള്ള വ്യക്തികൾക്ക് നികുതി അടച്ച് സാധാരണ രജിസ്ട്രേഷൻ വാഹനങ്ങളും ബിഎച്ചിലേക്ക് മാറ്റാൻ സാധിക്കും.

വാഹനം രജിസ്റ്റർ ചെയ്ത സ്ഥലത്ത് ഫോം 27( A) അപേക്ഷ നൽകി വാഹനങ്ങളെ ബിഎച്ച് രജിസ്ട്രേഷനിലേക്ക് മാറ്റാൻ സാധിക്കും. ബിഎച്ച് രജിസ്ട്രഷനിലെ ദുരുപയോഗം തടയാൻ സ്വകാര്യ മേഖലയിലെ ജീവനക്കാർ വർക്കിങ് സർട്ടിഫിക്കറ്റ് ഹാജരാകണം. ഔദ്യോഗിക തിരിച്ചറിയൽ കാർഡിന് പുറമേ, സേവന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും സർക്കാർ ജീവനക്കാർക്ക് ബിഎച്ച് രജിസ്ട്രേഷൻ ലഭിക്കും.

കേരളം ഭാരത് സീരീസിനെ എതിർക്കുന്നത് എന്തിന്?

പാർലമെന്റിൽ നിയമം കൊണ്ടുവരാതെയാണ് വാഹനങ്ങൾക്ക് ഭാരത് സീരീസ് രജിസ്ട്രേഷൻ കൊണ്ടുവന്നതെന്നാരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നും ഇത് പരിഗണിക്കാതെ ബിഎച്ച് സീരിസ് നടപ്പാക്കുന്നത് നിയമപരമായി തെറ്റാണെന്നുമാണ് അപ്പീലില്‍ പറഞ്ഞിരുന്നത്.

നികുതി ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചാണ് കേരളം ഇതിനെ എതിര്‍ത്തത്. ബിഎച്ചില്‍ പരമാവധി 13 ശതമാനം നികുതി ഈടാക്കുമ്പോള്‍ സംസ്ഥാനത്ത് 21 ശതമാനം വരെ നികുതി ഈടാക്കുന്നുണ്ട്. ബിഎച്ച് രജിസ്ട്രേഷൻ വരുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്ന തനത് നികുതി വരുമാനത്തിൽ ഇടിവുണ്ടാകും. ബിഎച്ച് സീരിസ് നികുതി ഈടാക്കൽ ഫെഡറൽ സംവിധാനത്തിന് അനുഗുണമല്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

ഉപഭോക്താക്കളുടെ നികുതിയിൽ വരുന്ന മാറ്റങ്ങൾ?

ബിഎച്ച് രജിസ്‌ട്രേഷനില്‍ രണ്ടുവര്‍ഷ തവണകളായിയാണ് നികുതി. ജിഎസ്ടി ചുമത്താതെയുള്ള വാഹനവിലയാണ് നികുതിക്കായി കണക്കാക്കുന്നത്. റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. അതിനാൽ ഓരോ സംസ്ഥാനത്തിന്റെയും നികുതിഘടന വ്യത്യസ്തമാണ്.

വാഹനവിലയുടെ എട്ടുമുതല്‍ 12 ശതമാനം വരെ നികുതിയാണ് പുതിയ സംവിധാനത്തില്‍ നിലവിൽ ഈടാക്കുന്നത്. എന്നാൽ, ഇത് രണ്ട് വർഷം കൂടുമ്പോൾ അടയ്ക്കേണ്ടി വരും. വരും വർഷങ്ങളിൽ ഈ നികുതി ഇതുപോലെ നിൽക്കുമോ വർദ്ധിപ്പിക്കുമോ എന്നൊന്നും വ്യക്തമല്ല. നിലവിലെ സംവിധാനത്തിൽ നികുതി അടയ്ക്കുന്നത് 15 വർഷത്തേക്കാണ്.

ഇതുകൊണ്ട് ഒന്നിച്ച് ഒരു തുക അടയ്ക്കേണ്ടി വരും എന്നാൽ തുടർ വർഷങ്ങളിൽ വരുന്ന നികുതി നിരക്കിലെ വർധനവ് നേരത്തെ വാഹനം വാങ്ങിയവർക്ക് ബാധകമാകില്ല. റീ രജിസ്ട്രേഷൻ സമയത്താണ് നികുതി വീണ്ടും അടയ്ക്കേണ്ടി വരുന്നത്. സംസ്ഥാനം മാറി രജിസ്റ്റർ ചെയ്യേണ്ടി വന്നാൽ ആദ്യം രജിസ്റ്റർ സംസ്ഥാനത്ത് നിന്നും അവശേഷിക്കുന്ന വർഷങ്ങളുടെ നികുതി റീഫണ്ട് ചെയ്തു കിട്ടും.

കേരളത്തിലെ റോഡ് നികുതി എങ്ങനെ?

ഏറ്റവും കൂടുതൽ റോഡ് നികുതി വാങ്ങുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്ത് വാഹനം വാങ്ങുന്നവർ 15 വർഷത്തേക്കാണ് നികുതി അടയ്ക്കുന്നത്. പലരും ആഡംബര വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യാറുണ്ട്. വാഹനങ്ങളുടെ വില അനുസരിച്ച് അഞ്ചുലക്ഷംവരെ ഒമ്പത്, പത്തുലക്ഷംവരെ 11, പതിനഞ്ചുലക്ഷംവരെ 13, ഇരുപതു ലക്ഷംവരെ 16, അതിനുമുകളില്‍ 21 ശതമാനം വരെ സംസ്ഥാനം നികുതി ഈടാക്കുന്നുണ്ട്.

പഴയ വാഹനങ്ങൾ ബിഎച്ചിലേക്ക് മാറ്റുന്നതെങ്ങനെ?

ബിഎച്ച് രജിസ്ട്രേഷന് അര്‍ഹതയുള്ളവര്‍ക്ക് പഴയവാഹനങ്ങള്‍ ബി.എച്ചിലേക്ക് മാറ്റാനാകും. താമസസ്ഥലത്തോ, ജോലിചെയ്യുന്ന സ്ഥലത്തോ രജിസ്ട്രേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സൈനികര്‍, നാലോ അതിൽ അധികമോ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍, സ്വകാര്യ ജീവനക്കാർ തുടങ്ങി ബിഎച്ച് രജിസ്ട്രേഷന് അര്‍ഹതയുള്ളവര്‍ക്കെല്ലാം സൗകര്യം ഉപയോഗിക്കാം.

സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത വാഹനം നിശ്ചിത തുക അടച്ചാല്‍ ബിഎച്ച് സീരീസിലേയ്ക്ക് മാറ്റാം. തൊഴിലിടത്തിന്റെയോ താമസ സ്ഥലത്തിന്റെയോ വിലാസത്തില്‍ ബിഎച്ച് സീരീസിനായി അപേക്ഷിക്കാം.

ബിഎച്ച് നടപ്പാകാത്ത സംസ്ഥാനങ്ങൾ

2022 ജൂലൈയിൽ ​ഗതാ​ഗത മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ 24 സംസ്ഥാനങ്ങളിൽ (കേന്ദ്രഭരണപ്രദേശം ഉൾപ്പെടെ ) ബിഎച്ച് വാഹന രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. കണക്കുകൾ അനുസരിച്ച് ആകെ 49,600 വാഹനങ്ങൾ മാത്രമാണ് രാജ്യത്ത് ബിഎച്ച് സീരീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് മഹാരാഷ്ട്രയിലാണ് 13,625. ഉത്തർപ്രദേശും (5,698) രാജസ്ഥാനുമാണ് (5,615) അതിന് പിന്നിലുള്ളത്.

ബിഎച്ച് വാഹന രജിസ്ട്രേഷനിൽ അന്തിമതീരുമാനം എത്താത്തതിനാൽ സംസ്ഥാനത്ത് നടപ്പാക്കി തുടങ്ങിയിട്ടില്ല. ബിഎച്ച് രജിസ്ട്രേഷൻ ആവശ്യപ്പെടുന്നവർക്ക് താൽക്കാലിക രജിസ്ട്രേഷനാണ് ഇപ്പോൾ നൽകുന്നത്. സംവിധാനം ആരംഭിക്കുന്നതനുസരിച്ച് രജിസ്ട്രേഷൻ മാറ്റാവുന്നതാണ്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What is bharath registration and why kerala govt opposes it