scorecardresearch
Latest News

അതിവേഗ ഇന്റർനെറ്റ്; 6ജി നെറ്റ്‌വർക്ക് ഇന്ത്യയിൽ വരുമോ?

ഇന്ന് ഓരോ വീടുകളിലും രണ്ട് വർഷത്തിലൊരിക്കൽ ശരാശരി ഒരു ഫോൺ എന്ന നിരക്കിൽ സ്മാർട്ട്ഫോണുകൾ വാങ്ങുന്നുണ്ട്. സൗമ്യരേന്ദ്ര ബാരിക്കിന്റെ റിപ്പോർട്ട്

6G communications technology, High-speed internet, 6G network, Narendra Modi, Explained Sci-Tech, India, india news, technology, tech news,6G, 5G, networks, networks in india, narendra modi,ie malayalam

സെല്ലുലാർ നെറ്റ്‌വർക്ക് സാങ്കേതികവിദ്യയുടെ അഞ്ചാംതലമുറയായ 5 ജി അഥവാ ഫിഫ്ത് ജനറേഷൻ ഇന്ത്യയൊട്ടാകെ എത്തിയിട്ട് മാസങ്ങൾ മാത്രമാകുമ്പോൾ രാജ്യത്ത് 6ജിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നു. 2022 ഒക്ടോബറിലാണ് രാജ്യത്ത് 5 ജി സേവനങ്ങൾക്ക് തുടക്കമായത്. 5ജി സെക്കൻഡിൽ 20ജിബിപിഎസ് വരെയോ സെക്കൻഡിൽ 100 എംബിപിഎസിൽ കൂടുതൽ വരെയോ ഡാറ്റാ ട്രാൻസ്ഫർ സ്പീഡ് നൽകും. 5 ജിയെക്കാൾ നൂറുമടങ്ങ് വേഗം 6 ജിയിൽ പ്രതീക്ഷിക്കുന്നു .

ഇന്ത്യയിൽ 2030-ഓടെ 6ജി കമ്മ്യൂണിക്കേഷൻ ടെക്‌നോളജി വ്യാപിപ്പിക്കുന്നതിനുള്ള വിഷൻ ഡോക്യുമെന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. 6ജി മിഷന്റെ ഭാഗമായി, അക്കാദമിക്, സേവന ദാതാക്കൾ എന്നിവരുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിൽ ഉള്ളവരെയും ഉൾപ്പെടുത്തി ഗവേഷണത്തിനുള്ള മുൻഗണനാ മേഖലകൾ തിരിച്ചറിയും. സൈദ്ധാന്തികമായ പഠനങ്ങൾ, പ്രൂഫ് ഓഫ് കൺസെപ്റ്റ് പ്രോട്ടോടൈപ്പുകൾ ഡെമോൺസ്ട്രേഷനുകൾ, സ്റ്റാർട്ടപ്പുകൾ വഴിയുള്ള ആദ്യകാല വിപണി ഇടപെടലുകളെക്കുറിച്ചും വിഷൻ ഡോക്യുമെന്റിൽ പറയുന്നു.

സാധാരണ ഉപയോക്താക്കൾക്ക്, 6ജി വലിയ അവസരമായിരിക്കും. നിലവിൽ, ഏകദേശം 30 കോടി ഇന്ത്യൻ കുടുംബങ്ങളിൽ സ്‌മാർട്ട്‌ഫോണിന്റെ മൊത്തം വാർഷിക വാങ്ങൽ 16 കോടിയിലേറെയാണെന്ന് രേഖ പറയുന്നു. അതായത് ഇന്ന് ഓരോ വീടുകളിലും രണ്ട് വർഷത്തിലൊരിക്കൽ ശരാശരി ഒരു ഫോൺ എന്ന നിരക്കിൽ സ്മാർട്ട്ഫോണുകൾ വാങ്ങുന്നുണ്ട്. സമാനമായ തുക ഇരുചക്രവാഹനങ്ങൾക്കുവേണ്ടിയും വർഷം തോറും ചെലവഴിക്കുന്നു. ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ച് സ്മാർട്ട്ഫോണും വാഹനവും ഒരുപോലെ പ്രധാനപ്പെട്ടതാണ്.

എന്താണ് 6ജി?

സാങ്കേതികമായി, ഇന്ന് 6ജി നിലവിലില്ലെങ്കിലും, 5ജിയെക്കാൾ 100 മടങ്ങ് ഇന്റർനെറ്റ് വേഗത വാഗ്ദാനം ചെയ്യുന്ന സാങ്കേതികവിദ്യയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2022 ഒക്ടോബറിൽ പ്രധാനമന്ത്രി മോദി ഔദ്യോഗികമായി 5ജി സേവനങ്ങൾ ആരംഭിച്ചപ്പോൾ, അടുത്ത 10 വർഷത്തിനുള്ളിൽ 6ജി സേവനങ്ങൾ ആരംഭിക്കാൻ ഇന്ത്യ തയാറാകണമെന്ന് പറഞ്ഞിരുന്നു. സെക്കൻഡിൽ 10 ജിഗാബൈറ്റ്സ് വരെ ഇന്റർനെറ്റ് വേഗത 5ജിയ്ക്ക് നൽകാനാകുമ്പോൾ, സെക്കൻഡിൽ ഒരു ടെറാബൈറ്റ് വരെ വേഗതയുള്ള അൾട്രാ ലോ ലേറ്റൻസി 6ജി യിൽ ലഭിക്കുമെന്ന് കണക്കാക്കുന്നു.

വിഷൻ ഡോക്യുമെന്റ് അനുസരിച്ച്, റിമോട്ട് നിയന്ത്രിത ഫാക്ടറികൾ, നിരന്തരം ആശയവിനിമയം നടത്തുന്ന സ്വയം നിയന്ത്രിത കാറുകൾ, മനുഷ്യന്റെ ഇന്ദ്രിയങ്ങളിൽനിന്ന് നേരിട്ട് വിവരശേഖരം സാധ്യമാക്കുന്ന സ്മാർട്ട് വെയറബിളുകൾ എന്നിവ 6ജിയിൽ ഉൾപ്പെടുന്നു. 6ജി വളർച്ച വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇതിന്റെ ഭാഗമായുള്ള ആശയവിനിമയ ഉപകരണങ്ങളിൽ ഭൂരിഭാഗവും ബാറ്ററിയിൽ പ്രവർത്തിക്കുന്നവയും കാര്യമായ കാർബൺ പുറന്തള്ളല്ലുണ്ടാകുമെന്നും അതിനാൽ അത് സുസ്ഥിരതയുമായി സന്തുലിതമാക്കേണ്ടതുണ്ടെന്നും ഡോക്യുമെന്റ് പറയുന്നു.

എന്താണ് ഇന്ത്യയുടെ 6ജി റോഡ്മാപ്പ്?

രണ്ട് ഘട്ടങ്ങളിലായിയാണ് 6ജി പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ പദ്ധതിയുടെ മേൽനോട്ടം വഹിക്കാനും സ്റ്റാൻഡേർഡൈസേഷൻ, 6ജി ഉപയോഗത്തിനുള്ള സ്പെക്‌ട്രം തിരിച്ചറിയൽ, ഉപകരണങ്ങൾക്കും സിസ്റ്റങ്ങൾക്കുമായി ഇക്കോസിസ്റ്റം സൃഷ്ടിക്കൽ, ഗവേഷണത്തിനും വികസനത്തിനുമുള്ള സാമ്പത്തികം കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അപെക്‌സ് കൗൺസിലിനെ സർക്കാർ നിയമിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ, പരീക്ഷണ ആശയങ്ങൾ, ആശയത്തിന്റെ തെളിവ് പരിശോധന എന്നിവയ്ക്ക് പിന്തുണ നൽകും. ആഗോളതലത്തിൽ സമാന വിഭാഗങ്ങളുടെ (പിയർ കമ്മ്യൂണിറ്റി) വാഗ്ദാനവും സ്വീകാര്യതയ്ക്കുള്ള സാധ്യതയും കാണിക്കുന്ന ആശയങ്ങളും അവ പൂർത്തീകരിക്കുന്നതിനും അവയുടെ ഉപയോഗക്ഷമതയും നേട്ടങ്ങളും സ്ഥാപിക്കുന്നതിനും രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വാണിജ്യവൽക്കരണത്തിലേക്ക് നയിക്കുന്ന നടപ്പാക്കൽ ഐപികളും ടെസ്റ്റ്ബെഡുകളും സൃഷ്ടിക്കുന്നതിനും മതിയായ പിന്തുണ നൽകും.

സ്പെക്ട്രം പങ്കിട്ട് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗവൺമെന്റിന് സമഗ്ര പഠനം നടത്തേണ്ടിവരും, പ്രത്യേകിച്ച് 6ജിയുടെ ഉയർന്ന ഫ്രീക്വൻസി ബാൻഡുകളിൽ. തിരക്കേറിയ സ്പെക്ട്രം ബാൻഡുകളുടെ പുനർമൂല്യനിർണയവും യുക്തിസഹമായ, വ്യവസായ 4.0, എന്റർപ്രൈസ് ഉപയോഗക്ഷമത എന്നിവയ്ക്കായി ക്യാപ്റ്റീവ് നെറ്റ്‌വർക്കുകൾ സ്വീകരിക്കുകയും വേണം.

“ഡിമാൻഡ് സൃഷ്ടിക്കുന്നതിന് കുറച്ച് ബാൻഡുകൾ ആരംഭിക്കുക (ഉദാഹരണത്തിനു 450-470 MHz, 526-612 MHz, 31-31.3 GHz മുതലായവ)”, എന്ന് ഡോക്യുമെന്റ് ശുപാർശ ചെയ്യുന്നു. “5ജി+, 6ജി സാങ്കേതികവിദ്യകളുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഒരു വലിയ മിഡ്-ബാൻഡ് വികസിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്യുക. ഇതിന് മുൻപ് ചെയ്തതുപോലുള്ള നിരവധി ബാൻഡുകൾ പുനർനിർമ്മിക്കുന്നതിനുള്ള മന്ത്രി തല പ്രക്രിയ ആരംഭിക്കേണ്ടതുണ്ട്, ”ഡോക്യുമെന്റ് പറയുന്നു.

6ജിയെക്കുറിച്ചുള്ള ഗവേഷണത്തിനും നവീകരണത്തിനും ധനസഹായം നൽകുന്നതിന്, അടുത്ത 10 വർഷത്തേക്ക് ഗ്രാന്റുകൾ, ലോണുകൾ, വിസി ഫണ്ട്, ഫണ്ട് ഓഫ് ഫണ്ടുകൾ തുടങ്ങിയ വിവിധ ഫണ്ടിങ്ങ് സംവിധാനങ്ങൾ സുഗമമാക്കുന്നതിന് 10,000 കോടി രൂപയുടെ ഒരു കോർപ്പസ് സൃഷ്ടിക്കാൻ ഡോക്യുമെന്റ് ശുപാർശ ചെയ്യുന്നു. “രണ്ട് തലത്തിലുള്ള ഗ്രാന്റുകളാണ് നിർദ്ദേശിച്ചിട്ടുള്ളത്. അതായത് ചെറുകിട മുതൽ ഇടത്തരം വരെയുള്ള സേവന ഫണ്ടിങ്ങ് ആവശ്യകതകൾക്ക് 20 കോടി രൂപ വരെ, ഉയർന്ന ഇംപാക്റ്റ് പ്രോജക്റ്റുകൾക്ക് 20 കോടിക്ക് മുകളിലുള്ള ഗ്രാന്റുകൾ,”ഡോക്യുമെന്റിൽ വിശദീകരിക്കുന്നു.

6ജിയും അനുബന്ധ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട അടിസ്ഥാന മാതൃക തീരുമാനിക്കുന്നതിന്, 3ജിപിപി, ഐടിയു, ഐഇസി, ഐഇഇഇ തുടങ്ങിയ വിവിധ അന്താരാഷ്ട്ര സംവിധാനങ്ങളിൽ ഇന്ത്യ കൂടുതൽ പങ്ക് വഹിക്കണമെന്നും ഡോക്യുമെന്റ് ആവശ്യപ്പെടുന്നു.

എന്താണ് ഇന്ത്യയുടെ അടിയന്തര പ്രവർത്തന പദ്ധതി?

ഗവൺമെന്റ് ഒരു ഭാരത് 6ജി പ്രോജക്റ്റ് രൂപീകരിക്കുകയും പദ്ധതിയുടെ മേൽനോട്ടം വഹിക്കാൻ ഒരു അപെക്‌സ് കൗൺസിലിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവ വഴി 6ജി സാങ്കേതികവിദ്യകളുടെ രൂപകൽപ്പനയ്ക്കും വികസനത്തിനും അപെക്സ് കൗൺസിൽ ധനസഹായം നൽകും.

ബൗദ്ധിക സ്വത്തവകാശം, ഉൽപ്പന്നങ്ങൾ, താങ്ങാനാവുന്ന 6ജി ടെലികോം സൊല്യൂഷനുകളുടെ പരിഹാരങ്ങൾ എന്നിവയുടെ ആഗോള വിതരണതിന് ഇന്ത്യയെ പ്രാപ്തമാക്കാനും രാജ്യത്തിന്റെ കഴിവിനെ അടിസ്ഥാനമാക്കി 6ജി ഗവേഷണത്തിനുള്ള മുൻഗണനാ മേഖലകൾ തിരിച്ചറിയാനും ഇത് ലക്ഷ്യമിടുന്നു.

ടെറാഹെർട്‌സ് കമ്മ്യൂണിക്കേഷൻ, റേഡിയോ ഇന്റർഫേസുകൾ, സ്പർശിക്കുന്ന ഇന്റർനെറ്റ്, കണക്റ്റഡ് ഇന്റലിജൻസിനായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുതിയ എൻകോഡിംഗ് രീതികൾ, 6ജി ഉപകരണങ്ങൾക്കുള്ള വേവ്‌ഫോം ചിപ്‌സെറ്റുകൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളിലാണ് കൗൺസിൽ ശ്രദ്ധ കേന്ദീകരിക്കുന്നത്.

മറ്റ് രാജ്യങ്ങൾ 6ജിയുടെ വരവിനെ എങ്ങനെ കാണുന്നു?

ആഗോള നേതൃത്വം നേടുന്നതിനും പ്രധാന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലും പേറ്റന്റുകളിലും കാര്യമായ സംഭാവനകൾ നൽകുന്നതിനും ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിനുമായി 2025 വരെയുള്ള ആദ്യ ഘട്ടത്തിൽ 1200 കോടി രൂപയുടെ 6ജി ഗവേഷണ വികസന പദ്ധതിക്ക് ദക്ഷിണ കൊറിയ രൂപം നൽകിയിട്ടുണ്ട്. 6ജിയുടെ ഗവേഷണത്തിനും വ്യവസായത്തിനുമാണത്.

ജപ്പാനിൽ, ഇന്റഗ്രേറ്റഡ് ഒപ്റ്റിക്കൽ ആൻഡ് വയർലെസ് നെറ്റ്‌വർക്ക് (ഐഒഡബ്യൂഎൻ) ഫോറം 6ജിയ്ക്കായി വിഷൻ 2030 പ്രസിദ്ധീകരിച്ചു, ഇത് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രധാന സാങ്കേതിക ദിശാസൂചനകളെ നാല് തലങ്ങളിൽ അവതരിപ്പിച്ചു: വൈജ്ഞാനിക ശേഷി, പ്രതികരണശേഷി, സ്കേലബിലിറ്റി, ഊർജ്ജ ക്ഷമത. 6ജിയിലെ പ്രധാന സംഭവവികാസങ്ങൾ ചൈനയും തിരിച്ചറിഞ്ഞിട്ടുണ്ട്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What is 6g how will india develop 6g network