/indian-express-malayalam/media/media_files/uploads/2023/08/FRAUD-1-1.jpg)
സമീപ മാസങ്ങളിൽ ഇത്തരം സംഭവങ്ങളുടെ വർധന തട്ടിപ്പുകാരെ ലക്ഷ്യമിട്ട് ഒരു ക്യാംപെയ്ൻ ആരംഭിക്കാൻ കസ്റ്റംസ് അധികാരികളെ പ്രേരിപ്പിച്ചു
- 20 വയസ്സുള്ള ഒരാൾ മുംബൈയിലെ ജോലി ഉപേക്ഷിച്ച് എത്യോപ്യയിലേക്ക് പറന്നു. താൻ ഓൺലൈനിൽ മാത്രം കണ്ടു പരിചയമുള്ള ഒരു സ്ത്രീ സുഹൃത്തിനെ കാണാൻ. ജനുവരിയിൽ തിരിച്ചെത്തിയപ്പോൾ മുംബൈ കസ്റ്റംസ് ഇയാളുടെ കൈവശമുണ്ടായിരുന്ന ഡഫിൾ ബാഗിൽനിന്നു കൊക്കെയ്ൻ കണ്ടെത്തി. വനിതാ സുഹൃത്തിന് ഒരു വ്യാജ ഐഡന്റിറ്റി ഉണ്ടായിരുന്നു. അവർ കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമായിരുന്നു.
- കുടുംബത്തിലെ അംഗങ്ങളുടെ യുപിഐ അക്കൗണ്ടുകളിൽ പണം കൈമാറ്റ പരിധിയിലെത്തിയ ശേഷം, ഈ വർഷം ജൂലൈയിൽ ഒരാൾ ബാങ്ക് നിക്ഷേപം വഴി 1.99 ലക്ഷം രൂപ കൈമാറി. നാല് പെൺമക്കളുടെ പിതാവായ ഇയാൾ, കസ്റ്റംസ് അധികൃതരുടെ പക്കൽ കുടുങ്ങിയ 91 ലക്ഷം രൂപയുടെ സാധനങ്ങൾ ലഭിക്കാൻ 14 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി നൽകണമെന്ന് പറഞ്ഞതിനെത്തുടർന്ന് പണം സ്വരൂപിക്കാൻ തന്റെ ഭൂമി പോലും വിറ്റു.
- ഈ വർഷമാദ്യം, പൂനെയിലെ എംഎൻസിയിലെ ഒരു മാനേജർക്ക് കസ്റ്റംസിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയിൽ നിന്ന് ഒരു ഫോൺകോൾ ലഭിച്ചു. കസ്റ്റംസിൽ കുടുങ്ങിയ പാഴ്സലുകൾക്ക് ഫീസും പിഴയും അടക്കണമെന്ന് ആവശ്യപ്പെട്ടു. മയക്കുമരുന്നുകളും ക്രെഡിറ്റ് കാർഡുകളും അടങ്ങിയവയാണ് വന്നതെന്ന് അവർ സ്ത്രീയോട് പറഞ്ഞു. നിയമപരമായ സങ്കീർണതകൾ ഒഴിവാക്കുന്നതിനായി അവർ 20 ലക്ഷത്തിലധികം രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്തു.
ഈ സംഭവങ്ങളെല്ലാം ഉയർന്നുവരുന്ന കുറ്റകൃത്യങ്ങളുടെ ഭാഗമാണ്. വലിയ റിവാഡുകൾ, ഫോണുകൾ, വാച്ചുകൾ, ലാപ്‌ടോപ്പുകൾ മുതലായ വിലകൂടിയ സമ്മാനങ്ങൾ, അല്ലെങ്കിൽ ഒരു ഡേറ്റിംഗ്/ മാട്രിമോണിയൽ ആപ്പ് അല്ലെങ്കിൽ സൈറ്റ് വഴിയുള്ള ഇടപെടലുകൾക്ക് ശേഷമുള്ള വ്യക്തിഗത മീറ്റിംഗിന്റെ വാഗ്ദാനങ്ങൾ, കള്ളക്കടത്ത്, വ്യാജ പ്രൊഫൈലുകൾ, വഞ്ചനാപരമായ പേയ്‌മെന്റുകൾ എന്നിവ ഉൾപ്പെടുന്ന തട്ടിപ്പുകളുടെ ഒരു പരമ്പര പിന്തുടരുന്നു. കസ്റ്റംസ് ഡ്യൂട്ടി നൽകേണ്ടതില്ലെന്ന് തട്ടിപ്പിന് ഇരയായയാൾ മനസ്സിലാക്കുന്നതിന് മുൻപ് കൈയിലുള്ള പണമെല്ലാം നഷ്ടപ്പെട്ടിരിക്കും.
സമീപ മാസങ്ങളിൽ ഇത്തരം സംഭവങ്ങളുടെ വർധന തട്ടിപ്പുകാരെ ലക്ഷ്യമിട്ട് ഒരു ക്യാംപെയ്ൻ ആരംഭിക്കാൻ കസ്റ്റംസ് അധികാരികളെ പ്രേരിപ്പിച്ചു. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, സായുധ സേനാംഗങ്ങൾ, ഉയർന്ന വിദ്യാഭ്യാസമുള്ള പുരുഷന്മാരും സ്ത്രീകളും പോലും ഈ തട്ടിപ്പുകൾക്ക് ഇരയായതായി ഒരു മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ധനമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ബുധനാഴ്ച (ഓഗസ്റ്റ് 9) കസ്റ്റംസ് അധികാരികളുടെ പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പിനെതിരെ ധനമന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
മന്ത്രാലയം “റൊമാൻസ്, ഡേറ്റിംഗ് സ്കാം”സംബന്ധിച്ചും മുന്നറിയിപ്പ് നൽകി. കൂടാതെ “ഇന്ത്യൻ കസ്റ്റംസ് തടഞ്ഞുവച്ചതായി അവകാശപ്പെടുന്ന നിങ്ങൾ ഓൺലൈനിൽ കണ്ടുമുട്ടിയ സുഹൃത്തുക്കളിൽ നിന്നുള്ള പണത്തിനോ സഹായത്തിനോ വേണ്ടിയുള്ള അഭ്യർത്ഥനകളിൽ ജാഗ്രത പാലിക്കാൻ” ആളുകളോട് ആവശ്യപ്പെട്ടു.
“ഇത്തരം തട്ടിപ്പുകളെ സൂക്ഷിക്കുക. വഞ്ചനാപരമായ കോളുകൾക്കോ ​​എസ്എംഎസുകൾക്കോ അല്ലെങ്കിൽ ഇമെയിലുകൾക്കോ ​​ഇരയാകരുത്. ഇന്ത്യൻ കസ്റ്റംസ് ഒരിക്കലും വിളിക്കുകയോ എസ്എംഎസ് അയയ്ക്കുകയോ ചെയ്യുന്നില്ല. ഇന്ത്യൻ കസ്റ്റംസിൽ നിന്നുള്ള എല്ലാ ആശയവിനിമയങ്ങളിലും ഒരു ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ (ഡിഐഎൻ) അടങ്ങിയിട്ടുണ്ട്. അത് ഒരു യുണീക് നമ്പറാണ്, അത് http://www.cbic.gov.in-ൽ പരിശോധിക്കാവുന്നതാണ്," പോസ്റ്റിൽ പറയുന്നു.
വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമടയ്ക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്ന ഏഴ് പോസ്റ്റുകളെങ്കിലും മന്ത്രാലയം പുറത്തിറക്കി: "ഒരു വ്യക്തിഗത ബാങ്ക് അക്കൗണ്ടിൽ ഡ്യൂട്ടി അടയ്ക്കുന്നതിന് ഇന്ത്യൻ കസ്റ്റംസ് ഒരിക്കലും വിളിക്കുകയോ സന്ദേശങ്ങൾ അയയ്ക്കുകയോ ചെയ്യുന്നില്ല."
തട്ടിപ്പിന്റെ രീതി
റിവാർഡുകളുടെയും ലോട്ടറി വിജയങ്ങളുടെയും പേയ്‌മെന്റുകളും ഹണിട്രാപ്പുകളും ഉൾപ്പെടുന്ന തട്ടിപ്പിന്റെ സംഭവങ്ങൾ കോവിഡ് -19 പാൻഡെമിക് സമയത്ത് വർദ്ധിച്ചു. നേരിയ കുറവിന് ശേഷം കേസുകൾ വീണ്ടും ഉയർന്നതായി മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അത്തരം തട്ടിപ്പിന്റെ സന്ദർഭങ്ങളിൽ കാണപ്പെടുന്ന ചില സാധാരണ പാറ്റേണുകളെക്കുറിച്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
- ഇന്ത്യക്ക് പുറത്ത് നിന്ന് ഒരു സമ്മാനം/പാഴ്സൽ വന്നിട്ടുണ്ടെന്നും അത് റിലീസ് ചെയ്യുന്നതിന് മുമ്പ് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നും പറഞ്ഞാണ് സാധാരണ തട്ടിപ്പുകാർ വിളിക്കുന്നത്.
- പ്രാദേശിക ഓഫീസുകളുടെ പോർട്ടലുകളിൽ സാധാരണയായി ലഭ്യമാകുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഉപയോഗിച്ച് അവർ പലപ്പോഴും സർക്കാർ ഉദ്യോഗസ്ഥരാണെന്ന് കാണിക്കുന്ന തിരിച്ചറിയൽ രേഖ അവതരിപ്പിക്കും.
- മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു: “ചിലപ്പോൾ, തുടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വികസിപ്പിച്ച ഒരു സൗഹൃദത്തോടെയാണ്. ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ മുതലായവ പോലുള്ള വിലകൂടിയ സമ്മാനങ്ങൾ അയയ്‌ക്കാമെന്ന വാഗ്ദാനങ്ങൾ നൽകുന്നു. അതിനുശേഷം ആ ഇനങ്ങൾ കസ്റ്റംസിൽ കുടുങ്ങിയിട്ടുണ്ടെന്നും ഡ്യൂട്ടി അടയ്ക്കേണ്ടിവരുമെന്നും പറയുന്നു. ആളുകൾ ഈ പേയ്‌മെന്റുകൾ തട്ടിപ്പുകാർക്ക് നൽകുന്നു."
- ഡേറ്റിംഗ്/ മാട്രിമോണിയൽ സൈറ്റുകളിലോ ആപ്പുകളിലോ കണ്ടുമുട്ടിയ വ്യക്തികളെ കാണുന്നതിന് ആളുകൾ വിമാനത്താവളങ്ങളിൽ എത്തുന്ന നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തങ്ങൾ വിമാനത്താവളത്തിനുള്ളിൽ കുടുങ്ങിപോയെന്നും കസ്റ്റംസ് അധികാരികൾക്ക് കുടിശ്ശികയോ പിഴയോ അടയ്ക്കുന്നതിന് പണം ആവശ്യമാണെന്നും തട്ടിപ്പുകാർ ഇവരോട് പറയുന്നു.
- പലപ്പോഴും, തട്ടിപ്പിന് ഇരയായ ആൾക്ക് ലോട്ടറി അടിച്ചു എന്നറിയിക്കുന്ന സന്ദേശമോ ഫോൺകോളോ എത്തും. കൂടാതെ പ്രതിഫലം ലഭിക്കുന്നതിന് ഒരു ഔദ്യോഗിക നികുതിയോ ഫീസോ അടയ്ക്കാൻ പറയുകയും ചെയ്യും.ഇത്തരം കേസുകളിലെ പരാതി കസ്റ്റംസിലെ പരാതികളേക്കാൾ പോലീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
- ഇത്തരം തട്ടിപ്പുകൾ ഏറ്റവും കൂടുതൽ കണ്ടത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നാലെ ഡൽഹി, എൻസിആർ, ഉദ്യോഗസ്ഥർ പറഞ്ഞു. ഈ തട്ടിപ്പുകളുടെ ആകെ എണ്ണം ലഭ്യമല്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us