രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവും ഭയാനകമായ യുദ്ധക്കുറ്റങ്ങൾ റഷ്യന്‍ സൈന്യം യുക്രൈനില്‍ ചെയ്തതായി പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ ആരോപിച്ചു. അടുത്തിടെയായിരുന്നു റഷ്യന്‍ സൈന്യം യുക്രൈനിയന്‍ നഗരങ്ങള്‍ വിട്ടത്.
കീവിന് ചുറ്റുമുള്ള പട്ടണങ്ങളിൽ കുറഞ്ഞത് 410 സാധാരണക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. യുക്രൈന്റെയും റഷ്യയുടേയും സൈന്യങ്ങള്‍ ഫെബ്രുവരി 27 മുതൽ ഏപ്രിൽ തുടക്കം വരെ ഏറ്റുമുട്ടിയ പ്രദേശമാണിത്. ഇതാണ്. യുദ്ധക്കുറ്റങ്ങളുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടിയത്.
ബുച്ചയിലെ കൂട്ടക്കൊലകൾ
റഷ്യന്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം 36,000 ജനസംഖ്യയുണ്ടായിരുന്നതും തലസ്ഥാനമായ കീവില്‍ നിന്ന് ഏകദേശം 25 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബുച്ച. ഇവിടെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ചില കാര്യങ്ങള്‍ സംഭവിച്ചത്. പട്ടണത്തില്‍ നിന്ന് മുന്നൂറിലധികം സാധാരണക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചിലത് കൈകള്‍ കെട്ടിയിട്ടതായും, തലയുടെ പിന്നില്‍ വെടിയേറ്റതായും, ശരീരം കത്തിച്ച നിലയിലുമായിരുന്നു.
മാര്‍ച്ച് പകുതിയോടെയുള്ള ചില സാറ്റലൈറ്റ് ചിത്രങ്ങളും പുറത്ത് വന്നിരുന്നു. അതില്‍ മൃതദേഹങ്ങള്‍ തെരുവുകളില്‍ ചിതറിക്കിടക്കുന്നതായി കാണാം. കഴിഞ്ഞ ദിവസങ്ങളിലായി സ്ഥലം സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകള്‍ കണ്ട പല മൃതദേഹങ്ങള്‍ക്കും ആഴ്ചകളുടെ പഴക്കമുണ്ടായിരുന്നു. ഒരു ദേവലായത്തിന്റെ പരിസരത്തായി വലിയ കുഴിയിലും മൃതദേഹങ്ങള്‍ കണ്ടെത്തി. കൈകൾ കെട്ടിയ നിലയിൽ അഞ്ച് മൃതദേഹങ്ങൾ കുട്ടികളുടെ സാനിറ്റോറിയത്തിന്റെ ബേസ്മെന്റിൽ കിടക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ കണ്ടെത്തലുകൾ രണ്ടാം ലോകമഹായുദ്ധസമയത്ത് ഈ പ്രദേശത്തെ സാധാരണക്കാരുടെ കൊലപാതകങ്ങളുമായി താരതമ്യപ്പെടുത്തുന്നതിന് കാരണമായി. ഒന്നാം കീവ് യുദ്ധത്തിനും (സോവിയറ്റ് യൂണിയനെതിരായ ഹിറ്റ്ലറുടെ 1941 ജൂണിലെ ബാർബറോസ ഓപ്പറേഷൻ ) രണ്ടാം കൈവ് യുദ്ധത്തിനും (നവംബർ-ഡിസംബർ 1943) ഇടയിൽ, റെഡ് ആർമി യുക്രൈനില്‍ നിന്ന് ജര്‍മനിയെ പിന്തിരിപ്പിക്കാൻ തുടങ്ങിയപ്പോൾ ബുച്ച ഉൾപ്പെടെയുള്ള മേഖലകല്‍ 15 ലക്ഷത്തോളം പേര് കൊല്ലപ്പെട്ടു.
റഷ്യൻ സൈനികർ വീടുവീടാന്തരം കയറിയിറങ്ങി ആളുകളെ ചോദ്യം ചെയ്യുകയും അവരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും ചെയ്തതായി ബുച്ചയിലെ നിവാസികള്‍ മനുഷ്യാവകാശ നിരീക്ഷകരോട് പറഞ്ഞു. റഷ്യൻ സായുധ വാഹനങ്ങൾ കെട്ടിടങ്ങളിലേക്ക് വെടിയുതിർത്തു. മനുഷ്യാവകാശ നിരീക്ഷകരുടെ റിപ്പോര്‍ട്ടില്‍ സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവവും വിവരിച്ചിട്ടുണ്ട്. മാർച്ച് നാലിന് ബുച്ചയിലെ റഷ്യൻ സൈന്യം അഞ്ച് പേരെ വളയുകയും ഒരാളെ വധിക്കുകയും ചെയ്തു. സൈനികർ അഞ്ചുപേരെയും റോഡിന്റെ സൈഡിൽ മുട്ടുകുത്താൻ നിർബന്ധിക്കുകയും അവരുടെ ടീ ഷർട്ടുകൾ തലയിലൂടെ വലിച്ചൂരുകയും തലയുടെ പിന്നിൽ വെടിയുതിർക്കുകയുമായിരുന്നെന്നാണ് സംഭവത്തിന്റെ സാക്ഷി മനുഷ്യാവകാശ നിരീക്ഷകരോട് പറഞ്ഞത്.

വംശഹത്യയോ യുദ്ധക്കുറ്റമോ?
ബുച്ചയിലെ അതിക്രമങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ വംശഹത്യയെന്നും യുദ്ധക്കുറ്റമെന്നും യുക്രൈന് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നടന്ന സംഭവങ്ങൾ ആ നിർവചനങ്ങൾക്ക് അനുയോജ്യമാണോ എന്നത് പ്രധാനമാണ്. കാരണം അവയോട് അന്താരാഷ്ട്ര സമൂഹം പ്രതികരിക്കേണ്ടതുണ്ട്. സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് നേരത്തെ തന്നെ റഷ്യക്കെതിരെ യുദ്ധക്കുറ്റാരോപണവുമായി യുക്രൈനും പാശ്ചാത്യരാജ്യങ്ങളും എത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഒന്നിലധികം തവണ പുടിനെ യുദ്ധക്കുറ്റവാളി എന്ന് വിശേഷിപ്പിച്ചു.
ജനീവ കണ്‍വെന്‍ഷന്റെ ലംഘനങ്ങളെയാണ് യുദ്ധക്കുറ്റങ്ങളായി നിര്‍വചിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒപ്പുവച്ച കരാറുകളില്‍ യുദ്ധ സമയത്ത് മാനുഷികമായ നിയമങ്ങള്‍ സ്ഥാപിച്ചിരുന്നു. സാധരണക്കാര്ക്കെതിരായ ബോധപൂര്‍വമുള്ള അതിക്രമങ്ങള്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് തുല്യമാണ്.
അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) റഷ്യയുടെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുടിനെ വരെ ലക്ഷ്യമിട്ടേക്കാനുള്ള സാധ്യതയുമുണ്ട്. എന്നാൽ പ്രതികളെ വിചാരണയ്ക്ക് എത്തിക്കുന്നതും കുറ്റം തെളിയിക്കുന്നതും ബുദ്ധിമുട്ടായിരിക്കും. റഷ്യ ഐസിസിയെ അംഗീകരിക്കുന്നില്ലത്താതിനാല് അന്വേഷണവുമായി സഹകരിക്കാനും സാധ്യതയില്ല.
1948 ഡിസംബറിലെ യുണൈറ്റഡ് നേഷൻസ് വംശഹത്യ കൺവെൻഷൻ നിർവചിച്ചിരിക്കുന്ന വംശഹത്യ എന്ന കുറ്റകൃത്യത്തിൽ, “ഒരു രാജ്യം, വംശം അല്ലെങ്കിൽ മതപരമായ കൂട്ടത്തെ പൂർണമായോ ഭാഗികമായോ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രവൃത്തികൾ” ഉൾപ്പെടുന്നു. മാനവികതയ്ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളിലും ഏറ്റവും ഗുരുതരവും ഗൗരവമേറിയതുമായി വംശഹത്യയെ കാണുന്നു.
റഷ്യ “വംശഹത്യയുടെ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും” ചെയ്തിട്ടുണ്ടെന്ന് വംശഹത്യ നീരീക്ഷകന് ചെയർ ഗ്രിഗറി സ്റ്റാന്റൺ പറഞ്ഞു. വംശഹത്യ എന്നത് ഒരു രാജ്യം സ്വന്തം ജനതയ്ക്കെതിരെയോ മറ്റൊരു രാജ്യത്തെ ജനങ്ങൾക്കെതിരെയോ ചെയ്യാവുന്ന ഒരു കൂട്ട കുറ്റകൃത്യമാണെന്നും ഈ സാഹചര്യത്തിൽ റഷ്യക്കാർക്ക് ഒരു ദേശത്തെ നശിപ്പിക്കാനുള്ള ഉദ്ദേശമുണ്ടെന്നും അത് യുക്രൈനാണെന്നും സ്റ്റാന്റണ്‍ പൊളിറ്റക്കോയോട് പറഞ്ഞു.
Also Read: ആന്ധ്രാ പ്രദേശിലെ പുതിയ 13 ജില്ലകളും അവ രൂപീകരിക്കാനുള്ള കാരണങ്ങളും