ബിഹാര്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഉള്ളിവില പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സ്റ്റോക്ക് പരിധി പുനര്നിര്ണയിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ പല നഗരങ്ങളിലും ഇന്നലെ ഉള്ളി വില കിലോയ്ക്ക് 80 രൂപ കടന്നിരുന്നു. മുംബൈയില്‍ നൂറിനടുത്താണ് വില.
ഉള്ളി, ഉരുളക്കിഴങ്ങ്, ഭക്ഷ്യ എണ്ണകള്‍, എണ്ണക്കുരു, പയര്‍വര്‍ഗങ്ങള്‍ എന്നിവയെ അവശ്യവസ്തുക്കളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് 1955ലെ അവശ്യവസ്തു നിയമം
ഏതാണ്ട് ഒരു മാസം മുന്‍പ് പാര്‍ലമെന്റ് ഭേദഗതി ചെയ്തിരുന്നു. അങ്ങനെ അവയെ സ്റ്റോക്ക് പരിധിയില്‍നിന്ന് ഒഴിവാക്കി. എന്നാല്‍, അതിനുശേഷം ബിഹാര്‍ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഉള്ളി വില നിയന്ത്രിക്കാന്‍ രണ്ടുതവണയാണു സര്‍ക്കാര്‍ ഇടപെട്ടത്. ബുധനാഴ്ച ഇറക്കുമതി ഇറക്കുമതി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയ സര്‍ക്കാര്‍ ഇന്നലെ സ്റ്റോക്ക് പരിധി വീണ്ടും പുനര്‍നിര്‍ണയിച്ചു. സവാള വിലയിലെ മാറ്റങ്ങളും സര്‍ക്കാര്‍ ഇടപെടലിന്റെ സ്വാധീനവും പരിശോധിക്കാം.
എന്തുകൊണ്ടാണ് ഉള്ളി വില ഉയരുന്നത്?
വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴയെത്തുടര്‍ന്ന് ഖരിഫ് വിള വന്‍തോതില്‍ നശിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഓഗസ്റ്റ് അവസാന ആഴ്ച മുതല്‍ സവാള വില ഉയരുകയാണ്. സെപ്റ്റംബറിനുശേഷം എത്തിച്ചേരേണ്ടിയിരുന്ന ഈ വിളവെടുപ്പ് ഒക്ടോബര്‍ അവസാനം മഹാരാഷ്ട്രയില്‍നിന്ന് വിള വരുന്നതുവരെ വിപണിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
Also Read: വിലക്കയറ്റത്തിനിടെ സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം
ഖരിഫ് (ജൂണ്‍-ജൂലൈ വിത, ഒക്ടോബറില്‍ വിളവെടുപ്പ്), വൈകിയുള്ള ഖരിഫ് (സെപ്റ്റംബറില്‍ വിത, ഡിസംബറിനുശേഷം വിളവെടുപ്പ്), റാബി (ഡിസംബര്‍-ജനുവരി വിത, മാര്‍ച്ചിനുശേഷമുള്ള വിളവെടുപ്പ്) എന്നിങ്ങനെ മൂന്നു പ്രധാന ഉള്ളി വിളകളാണുള്ളത്. ഈര്‍പ്പം ഏറ്റവും കുറവാണെന്നതിനാല്‍ റാബി വിള സംഭരണത്തിന് അനുയോജ്യമാണ്. കൃഷിക്കാര്‍, പ്രത്യേകിച്ച് മഹാരാഷ്ട്രയില്നിന്നുള്ളവര് ഈര്‍പ്പം, പ്രകാശം എന്നിവയില്‍നിന്ന് ഉള്ളി സംരക്ഷിക്കുന്നതിനായി ‘കാണ്ഡ ചാള്’ എന്നറിയപ്പെടുന്ന പ്രത്യേക സംഭരണകേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്നു. ഇവ അടുത്ത വിളവെടുപ്പ് വരെ വിപണിയിലുണ്ടാകും.
സെപ്റ്റംബറിലെ കനത്ത മഴയില്‍ കര്‍ണാടകയിലെ പുതിയ വിളയ്ക്കൊപ്പം മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംഭരിച്ച ഉള്ളിയും നശിക്കുകയും ചെയ്തു. വേനലിന്റെ തുടക്കത്തില്‍ 28 ലക്ഷം ടണ്‍ സംഭരിച്ചിരുന്ന മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് മാത്രം ഉള്ളി വിപണിയിലെത്തിക്കാനാവും.
എന്നാല്‍, മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കു പോലും അവരുടെ സാധാരണ സംഭരണ നഷ്ടത്തേക്കാള്‍ കൂടുതലുണ്ടായിട്ടുണ്ട്. സാധാരണ 30-40 ശതമാനമാണ് സംഭരനഷ്ടമെങ്കില് ഇത്തവണയത് 50-60 ശതമാനമാണ്. അഹമ്മദ്നഗര്‍, നാസിക്, പൂനെ എന്നിവിടങ്ങളിലെ ഉള്ളിക്കൃഷി മേഖലകളിലെ മഴ സംഭരണകേന്ദ്രങ്ങളിലൂടെ വെള്ളം ഒഴുകാന്‍ കാരണമായി.
കൃഷിക്കാര്‍ അമിതമായി യൂറിയ ഉപയോഗിക്കുന്നതു മൂലം ഈ വര്‍ഷം സവാളയുടെ ആയുസ് കുറവാണെന്ന് കാര്‍ഷിക ഉദ്യോഗസ്ഥര്‍ പറയുന്നു. ”കഴിഞ്ഞ വര്‍ഷം സവാള വില മികച്ചതായിരുന്നു. വിളവ് വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ അമിതമായി യൂറിയ ഉപയോഗിച്ചു. നിര്‍ഭാഗ്യവശാല്‍ ഇത് ഉള്ളിയുടെ ആയുസ് കുറയ്ക്കുന്നു,” ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ റാബി ഉള്ളി കൃഷി വിസ്തൃതി 10 ലക്ഷം ഹെക്ടറാണ്. 2018-19 സീണില്‍ ഇത് ഏഴു ലക്ഷം ഹെക്ടറായിരുന്നു. എന്നാല്‍ കൂടുതല്‍ നഷ്ടം സംഭവിച്ചതില്‍ വിതരണത്തില്‍ തിരിച്ചടിയായി. മഹാരാഷ്ട്രയില്‍ സംഭരിച്ച 28 ലക്ഷം ടണ്‍ സവാളയില്‍ ഏകദേശം 10-11 ലക്ഷം ടണ്ണാണ് അവശേഷിക്കുന്നത്. രാജ്യത്തെ പ്രതിവര്‍ഷ ഉള്ളി ഉപഭോഗം 1.60 കോടി ടണ്ണാണ്്. മഹാരാഷ്ട്രയില്‍ മാത്രം ദിവസം 4,000-6,000 ടണ്‍ സവാള ഉപയോഗിക്കുന്നു.
സര്‍ക്കാര്‍ പ്രതികരിച്ചത് എങ്ങനെ?
സെപ്റ്റംബര്‍ 14നു സവാള കയറ്റുമതി നിരോധിച്ചുകൊണ്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ആദ്യത്തെ നടപടി സ്വീകരിച്ചു. ഉള്ളി ഉള്‍പ്പെടെയുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്കു സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തുകളയാന്‍ 1955 ലെ അവശ്യവസ്തു നിയമത്തില്‍ ഭേദഗതി വരുത്തിയതിനു പിന്നാലെയാണ് ഇത് ചെയ്തത്. വില നിയന്ത്രിക്കാനുള്ള ശക്തമായ ആയുധമാണ് സ്റ്റോക്ക് പരിധി.
വിതരണവും ആവശ്യകതയും തമ്മിലുള്ള പൊരുത്തക്കേട് കാരണം, കയറ്റുമതി നിരോധനത്തിനുശേഷവും വില വര്‍ധിച്ചുകൊണ്ടിരുന്നു. കഴിഞ്ഞയാഴ്ച പൂനെയില്‍ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥര്‍ നാസിക്കിലെ ഒമ്പത് പ്രധാന വ്യാപാരികളുടെ രേഖകള്‍ പരിശോധിച്ചിരുന്നു.
ഇറാന്, തുര്‍ക്കി തുടങ്ങിയ ഉല്‍പ്പാദക രാജ്യങ്ങളില്‍നിന്ന് എളുപ്പത്തില്‍ ഉള്ളി എത്തിക്കാന്‍ അനുവദിക്കുന്നതിനായി ഇറക്കുമതി മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ബുധനാഴ്ച ഇളവ് വരുത്തിയതിനെ തുടര്‍ന്നാണിത്. മുംബൈയിലെ വാഷി മൊത്തവ്യാപാര വിപണിയില്‍ എത്തിയ 600 ടണ്‍ ഉള്ളി ദക്ഷിണേന്ത്യയിലെ വിപണികളിലേക്ക് അയച്ചു.
Also Read: കുറയുമോ ഉള്ളി വില? ബദൽ മാർഗങ്ങളുമായി സർക്കാർ
സ്റ്റോക്ക് പരിധി സര്‍ക്കാര്‍ വെള്ളിയാഴ്ച വീണ്ടും പുനര്‍നിര്‍ണയിച്ചിരുന്നു. മൊത്തക്കച്ചവടക്കാര്‍ക്ക് 25 ടണ്‍ വരെയും ചില്ലറ വ്യാപാരികള്‍ക്ക് രണ്ടു ടണ്‍ വരെ ഇപ്പോള്‍ ഉള്ളി സംഭരിക്കാന്‍ അനുവാദമുണ്ട്. വര്‍ഷാവര്‍ഷമുള്ള വിലക്കയറ്റം കണക്കിലെടുത്താണ് ഈ പരിധികള്‍ നിശ്ചയിച്ചിരുന്നത്.
ഇറക്കുമതി വില കുറയ്ക്കാന്‍ സഹായിക്കുമോ?
മുംബൈ തുറമുഖത്ത് ഇറാനില്‍നിന്ന് ഇറക്കിയ ഇറക്കിയ സവാളയ്ക്കു വില കിലോയ്ക്ക് 35 രൂപയാണ്. കടത്ത്, കൈകാര്യം ചെയ്യല്‍, മറ്റ് നിരക്കുകള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ ഈ ഉള്ളിയുടെ അവസാന ചില്ലറ വില കിലോയ്ക്ക് 40-45 രൂപ വരെയാകും. ചില്ലറ വില്പ്പനക്കാരേക്കാളുപരി ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍നിന്നാണ് ഇറാനില്‍നിന്നുള്ള ഉള്ളിക്ക് ആവശ്യകത കൂടുതലെന്ന് വ്യാപാരികള്‍ പറയുന്നു. ഈ ഇനത്തിനു രൂക്ഷത കുറവാണെന്നും ഇന്ത്യന്‍ ഉള്ളിയേ്ക്കു വലുതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഖരിഫ് വിള ഉടന്‍ വിപണിയിലെത്തുന്നത് വില കുറയ്ക്കാന്‍ സഹായിക്കുമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ അസാധാരണമായ കനത്ത മഴയെത്തുടര്‍ന്ന് വന്‍ വിളനാശമുണ്ടായതായാണു നാസിക്കില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മഴ വിപണിയിലെത്തിക്കാന്‍ ഏറെക്കുറെ സജ്ജമായ വിളയെ നശിപ്പിക്കുക മാത്രമല്ല, ഖാരിഫ്, റാബി വിളകള്‍ക്കായി കൃഷിക്കാര്‍ തൈകള്‍ വളര്‍ത്തുന്ന നഴ്സറികളിലും നാശം വിതച്ചു.
വിളനാശം കണക്കിലെടുക്കുമ്പോള്‍ നവംബര്‍ ആദ്യ അല്ലെങ്കില്‍ രണ്ടാം വാരത്തോടെ മഹാരാഷ്ട്രയിലെ വിള വിപണയിലെത്താനുള്ള സാധ്യത വളരെ കുറവാണെന്നാണു വിപണി വൃത്തങ്ങള്‍ കരുതുന്നത്. വിളവെടുപ്പ് എത്തുന്നതു നവംബര്‍ അവസാനം വരെ വൈകിയേക്കുമെന്നു മധ്യപ്രദേശ് ദിന്‍ഡോറിയിലെ മൊത്തവിപണിയിലെ കമ്മീഷന് ഏജന്റ് സുരേഷ് ദേശ്മുഖ് പറഞ്ഞു.
ഹ്രസ്വകാലത്തേക്കു വില കുറയ്ക്കാന്‍ ഇറക്കുമതിക്കു കഴിയുമെങ്കിലും മിക്കവരും പറയുന്നത് പുതിയ വിള വിപണിയില്‍ എത്തുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ വിലക്കുറവ് ഉണ്ടാകൂയെന്നാണ്. അത് നവംബറിനു ശേഷമായിരിക്കും.
അടുത്ത വിളയുടെ സാധ്യതകള്‍ എന്തൊക്കെ?
ഉള്ളി വിത്തുകളുടെ കടുത്ത ക്ഷാമത്തെക്കുറിച്ച് സംസാരിച്ച കര്‍ഷകരും കാര്‍ഷിക ദ്യോഗസ്ഥരും ഇത് എല്ലാ പ്രധാന റാബി സീസണിലും നിഴലിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
സാധാരണയായി, കൃഷിക്കാര്‍ വിളയുടെ ഒരു ഭാഗം പൂവിടാന്‍ അനുവദിച്ചുകൊണ്ട് സ്വന്തം വിത്ത് ഉത്പാദിപ്പിക്കുകയാണ് ചെയ്യുക. എന്നാല്‍, ഈ സീസണില്‍, അവര്‍ വിത്തുല്‍പ്പാദനം ഒഴിവാക്കി മുഴുവന്‍ വിളയും നല്ല വിലയ്ക്ക് വിറ്റു. നല്ല വിത്തുകള്‍ ലഭിക്കാത്തത് ആശങ്കയുണ്ടാക്കുന്നതിനൊപ്പം ലഭ്യമായ വിത്തുകള്‍ ഉയര്‍ന്ന വിലയ്ക്കു വില്‍ക്കുകയും ചെയ്യുന്നു.
Read in IE: Explained: What determines onion prices
കേരളത്തിലെ സ്ഥിതി
സംസ്ഥാനത്ത് കഴിഞ്ഞദിവസം സവാള കിലോയ്ക്ക് 90 രൂപയും ചെറിയ ഉള്ളിയ്ക്ക് 120 രൂപയും വരെ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഹോര്‍ട്ടികോര്‍പ് നാഫെഡ് വഴി സവാള കൊണ്ടുവന്ന് 45 രൂപയ്ക്കു വില്ക്കാന് ആരംഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍നിന്ന് 200 ടണ്‍ സവാളയാണു കൊണ്ടുവരിക. അടിയന്തരമായി 75 ടണ്‍ എത്തിക്കും. 25 ടണ്‍ ഇന്നലെ നാസിക്കില്‍നിന്ന് എത്തി. ഇതില്‍ 10 ടണ്‍ വടക്കന്‍ ജില്ലകളിലും 15 ടണ്‍ തെക്കന്‍ ജില്ലകളിലും ഹോര്‍ട്ടികോര്‍പ് വഴി വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഒരു ദിവസം ഒരു കിലോ സവാള മാത്രമേ നല്‍കൂ.