scorecardresearch

പോപ്പുമായുള്ള മോദിയുടെ കൂടിക്കാഴ്ചയിൽ ബിജെപി നോട്ടമിടുന്നത് എന്തെല്ലാം

കേരളത്തിൽ ശക്തമായ തിരഞ്ഞെടുപ്പ് ശക്തിയായി മാറാൻ ശ്രമിക്കുകയും അടുത്ത വർഷം മണിപ്പൂരിലും ഗോവയിലും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയും ചെയ്യുന്ന ബിജെപി ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് വലിയ പിന്തുണ നേടിയെടുക്കാൻ ശ്രമിക്കുന്നുണ്ട്

narendra modi, PM Modi meets Pope, modi in vatican, modi Pope Francis meet, Pope Francis india invitation, modi meets Pope Francis, pm modi in rome, indian express, മാർപാപ്പ, മോദി, ബിജെപി, ക്രൈസ്തവ സഭ, IE Malayalam

വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലും മണിപ്പൂരിലും അധികാരം നിലനിർത്താനും കേരളത്തിൽ ശക്തമായ തിരഞ്ഞെടുപ്പ് ശക്തിയായി ഉയർന്നുവരാനും ക്രിസ്ത്യൻ സമുദായത്തിന്റെ പിന്തുണ നേടിയെടുക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് റോമൻ കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. പോപ്പിനെ ഇന്ത്യ സന്ദർശിക്കാൻ മോദി ക്ഷണിച്ചിട്ടുണ്ട്. ഈ സന്ദർശനത്തിനും ക്ഷണത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു.

ഏറ്റവും സ്വാധീനമുള്ള റോമൻ കത്തോലിക്കരിൽ ചിലർ ഉൾപ്പെടെയുള്ള ഉന്നത പുരോഹിതർ ബിജെപിയുമായി അടുക്കാൻ ശ്രമിക്കുന്ന സഭാ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയതോടെ ക്രിസ്ത്യൻ സമൂഹത്തിനുള്ളിൽ നിന്ന് ആശങ്കയുടെ ചില ശബ്ദങ്ങൾ ഉയർന്നിട്ടുണ്ട്. കേരളത്തിലും കേന്ദ്രത്തിലും ബിജെപി നേതൃത്വങ്ങൾ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചായിരുന്നു മുന്നറിയിപ്പ്.

മാർപാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ “ഊഷ്മളമായ കൂടിക്കാഴ്ച” സഭ സ്വാഗതം ചെയ്തു.സർക്കാരും സമൂഹവും തമ്മിലുള്ള സംവാദത്തിനുള്ള പുതിയ അവസരമായി കൂടിക്കാഴ്ചയെ കാണുന്നതായി കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) യുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദ്ദിനാൽ ക്ലീമിസ് അഭിപ്രായപ്പെട്ടു. “ഇതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്,” ശനിയാഴ്ചത്തെ കൂടിക്കാഴ്ചയെക്കുറിച്ച് കർദിനാൽ ക്ലീമിസ് പറഞ്ഞു. 2014 ൽ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ മോദിയോട് കർദിനാൽ ക്ലീമിസ് അഭ്യർത്ഥിച്ചിരുന്നു.

Also Read: പെഗാസസ് അന്വേഷണം: വിദഗ്ധ സമിതി തലവന്‍ ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ ആരാണ്?

“ഈ കൂടിക്കാഴ്ചയെ രണ്ട് രാജ്യത്തലവന്മാർ തമ്മിലുള്ള ഒന്നായി മാത്രം കാണരുത്. മറിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെയും ലോകത്തിലെ ഒരു പുരാതന സംസ്കാരത്തിന്റെയും തലവൻ ത് ലോകത്തിലെ ഏറ്റവും വലിയ മതസമൂഹത്തിന്റെ തലവനെ കണ്ടുമുട്ടുന്നു. ഇത് മനുഷ്യ സാഹോദര്യം വർധിപ്പിക്കുന്നതിനും ദരിദ്രരെ പരിപാലിക്കുന്നതിനുമുള്ള പ്രത്യാശ നൽകുന്നു, കാരണം ക്രിസ്തുമതം നിലകൊള്ളുന്നത് അതിനാണ്. വ്യത്യസ്‌ത മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിനും സഹകരണത്തിനുമായി ഇത് ഇന്ത്യയിൽ നല്ല ശ്രമങ്ങൾ കൊണ്ടുവരും. ചർച്ചകളുടെ ആവശ്യകതയ്ക്കും ഇത് സംഭാവന നൽകും. മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനുള്ള വഴികൾ പ്രധാനമന്ത്രി തുറന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,” കർദ്ദിനാൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

കർദ്ദിനാൾ ക്ലീമിസ് ബാവയും നേരത്തെ കേരള കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് (കെസിബിസി) പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും കൂടിക്കാഴ്ചയെ സ്വാഗതം ചെയ്തത് പാർട്ടിക്ക് അനുകൂലമായി സമുദായത്തിൽ ആത്മവിശ്വാസം വളർത്തുന്നതിനുള്ള ബിജെപിയുടെ പ്രതീക്ഷകൾ വീണ്ടും ഉണർത്തുന്നതായി നേതാക്കൾ പറഞ്ഞു.

ഭാവിയിലെ പിന്തുണ

ബിജെപിയെ സംബന്ധിച്ചിടത്തോളം കൃസ്ത്യൻ സമുദായം “സാധാരണ പിന്തുണാ അടിത്തറയാണ്” എന്ന് ഒരു പാർട്ടി നേതാവ് പറഞ്ഞു. “കേരളത്തിലോ മണിപ്പൂരിലോ മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലോ ആകട്ടെ ഭൂരിപക്ഷം ഹിന്ദുക്കൾക്കും ഒരു വിഭാഗം ക്രിസ്ത്യാനികൾക്കും ഞങ്ങൾക്ക് ശക്തമായ വോട്ട് അടിത്തറ ഉണ്ടാക്കാൻ കഴിയുമെന്നാണ് ഗോവയിലെ അനുഭവം ബിജെപിയെ പഠിപ്പിച്ചത്,” നേതാവ് പറഞ്ഞു. ഈ സംസ്ഥാനങ്ങളിലെ ഒരു രാഷ്ട്രീയ ശക്തിയെന്ന നിലയിൽ കോൺഗ്രസിന്റെ ശിഥിലീകരണം, ഒരു തിരഞ്ഞെടുപ്പ് ശക്തിയെന്ന നിലയിൽ സമുദായത്തിന് ആ പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനാൽ ബിജെപിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻകാലങ്ങളിൽ ബിജെപി നടത്തിയ ശ്രമങ്ങൾ കേരളത്തിൽ കാര്യമായ ഫലം നൽകിയില്ല. എന്നാൽ ഇപ്പോൾ ക്രിസ്ത്യൻ നേതാക്കൾക്കിടയിൽ കോൺഗ്രസിനോട് വർദ്ധിച്ചുവരുന്ന അസംതൃപ്തി മുതലെടുക്കാൻ പാർട്ടി ഇപ്പോൾ ശ്രമിക്കുന്നു.

കോൺഗ്രസ് തകർച്ചയിൽ, സിപിഎം ശത്രുതയിൽ

“കോൺഗ്രസിന്റെ തകർച്ചയും സമുദായത്തിലെ പല വിഭാഗങ്ങളോടും, പ്രത്യേകിച്ച് ഓർത്തഡോക്‌സ് സഭകളോടുള്ള സിപിഐഎമ്മിന്റെ ശത്രുതാപരമായ സമീപനവും കേരളത്തിൽ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.ന്യൂനപക്ഷ സംവരണാനുകൂല്യങ്ങൾ പങ്കിടുന്നതിൽ സിപിഎം വ്യക്തമായ മുസ്‌ലിം അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്, ലൗ ജിഹാദ് വിഷയത്തിൽ കേരളത്തിലെ രാഷ്ട്രീയ നിര പാലാ ബിഷപ്പിനെ മൂലക്കിരുത്താൻ ശ്രമിച്ചതും ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. സമൂഹത്തിലെ വലിയ വിഭാഗങ്ങളിൽ ഒരു പുനർവിചിന്തനമുണ്ട്,” ബിജെപി നേതാവ് ആർ ബാലശങ്കർ പറഞ്ഞു.

“വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ ശക്തിയായ ഗോവയിലെ സമൂഹത്തിന്റെയും വടക്കുകിഴക്കൻ മേഖലയിലെ ക്രിസ്ത്യൻ ഭൂരിപക്ഷത്തിന്റെയും അനുഭവം, ക്രിസ്ത്യൻ അനുകൂല പ്രാദേശിക രാഷ്ട്രീയ ഗ്രൂപ്പുകളുമായി ബിജെപി അധികാരം പങ്കിടുന്നത് സമുദായത്തിൽ വലിയ ആത്മവിശ്വാസം സൃഷ്ടിച്ചു,” ബാലശങ്കർ പറഞ്ഞു.

വർദ്ധിച്ചുവരുന്ന മുസ്ലീം ലിഗ് സ്വാധീനത്തിൽ അസ്വസ്ഥത

ബിജെപിയിൽ കേരളത്തിലെ കൃസ്ത്യൻ സമുദായത്തിന്റെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദി വിവിധ സഭകളിൽപ്പെട്ട ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ ബിജെപി സംസ്ഥാന അധ്യക്ഷനും നിലവിലെ ഗോവ ഗവർണറുമായ പിഎസ് ശ്രീധരൻ പിള്ള സംഘടിപ്പിച്ച യോഗത്തിൽ, ന്യൂനപക്ഷ സ്‌കോളർഷിപ്പ് അടക്കമുള്ള വിഷയങ്ങൾ ചർച്ചയായിരുന്നു. “ലവ് ജിഹാദ്” വിഷയവും അന്ന് ചർച്ചയായിരുന്നു. ആലപ്പുഴ ജില്ലയിലെ ആയിരം വർഷം പഴക്കമുള്ള പള്ളി ദേശീയ പാത വീതികൂട്ടുന്നതിനായി പൊളിക്കാനുള്ള തീരുമാനം പിൻവലിക്കുന്നതിന് ബാലശങ്കർ ഇടപെട്ടത് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയിലുള്ളവർക്കിടയിൽ ബിജെപിയോട് അനുകൂല മനോഭാവം ശൃഷ്ടിച്ചിരുന്നു.

തങ്ങളുടെ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനോട് ഇതുവരെ മൃദുസമീപനം പുലർത്തിയിരുന്ന സഭയും കേരളത്തിലെ ഒരു വിഭാഗം സാമുദായിക നേതാക്കളും യുഡിഎഫിൽ മുസ്ലീം ലീഗിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിൽ അസ്വസ്ഥരാണ്. സംസ്ഥാനത്ത്. 2011ലെ സെൻസസ് പ്രകാരം ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിനുള്ള 80:20 (മുസ്ലിം: ക്രിസ്ത്യൻ) അനുപാതം കേരള ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്ന് അത് പുന ക്രമീകരിക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നിർബന്ധിതരായി. ജനസംഖ്യാനുപാതികമായി 40 ശതമാനം സ്‌കോളർഷിപ്പ് നൽകണമെന്ന് സഭാ നേതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇടപെടുന്നതിന് മുമ്പ് 20 ശതമാനമായിരുന്നു നൽകിയിരുന്നത്.

Also Read: ന്യൂനപക്ഷ സ്കോളർഷിപ്പ്: സാമുദായിക അനുപാതവും വസ്തുതകളും

ആശങ്കയുടെ സ്വരങ്ങൾ

നേതാക്കൾ പരസ്പരം സൗഹൃദത്തിലായപ്പോൾ സമുദായത്തിൽ നിന്ന് ആശങ്കയുടെ സ്വരമുയർന്നിട്ടുണ്ട്. റോമൻ കത്തോലിക്കർക്കിടയിൽ ഏറ്റവും സ്വാധീനമുള്ള ഗ്രൂപ്പായ സീറോ മലബാർ സഭയുടെ പ്രസിദ്ധീകരണമായ സത്യദീപമാണ് പുതിയ സംഭവവികാസങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സമുദായത്തിനെതിരായ ആക്രമണങ്ങൾ വർധിച്ചിട്ടും സഭാ നേതൃത്വം ബിജെപി-ആർഎസ്എസ് നേതൃത്വവുമായി “നിക്ഷിപ്ത താൽപ്പര്യങ്ങളാൽ” വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് ആരോപിച്ച വാരിക രാജ്യത്ത് ക്രിസ്ത്യൻ സമുദായത്തിനും അതിന്റെ സ്ഥാപനങ്ങൾക്കും എതിരായ ആക്രമണങ്ങളുടെ പ്രശ്നം ഉന്നയിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്ന് സഭാ നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചിരുന്നു.

ഒരു വസ്തുതാന്വേഷണ സംഘം അടുത്തിടെ ഉത്തർപ്രദേശും ഉത്തരാഖണ്ഡും സന്ദർശിച്ച ശേഷം തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ ഈ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികളും പള്ളികളും ആക്രമണങ്ങളുടെ പരമ്പര തന്നെ നേരിട്ടതായി ചൂണ്ടിക്കാട്ടുന്നു. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്, യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ്, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്നിവയുൾപ്പെടെ സർക്കാരിതര സംഘടനകളുടെ സംയുക്ത വസ്തുതാന്വേഷണ സംഘമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളെ സ്വാധീനമുള്ള കേരള സഭ അവഗണിക്കുകയാണെന്ന് ദേശീയ തലസ്ഥാനത്തെ കത്തോലിക്കാ സഭയുടെ വൃത്തങ്ങൾ പറഞ്ഞു.

‘നയതന്ത്രം ഉപേക്ഷിക്കേണ്ട സമയം’

2014-ൽ ബിജെപി അധികാരത്തിൽ വന്നതു മുതൽ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും മുസ്ലീങ്ങളും വലതുപക്ഷ ശക്തികളുടെ “സ്ഥിരമായ ആക്രമണങ്ങൾക്ക്” വിധേയരാണെന്ന് സഭയുടെ പ്രസിദ്ധീകരണമായ ഇന്ത്യൻ കറന്റ്സിന്റെ എഡിറ്റർ ഫാദർ സുരേഷ് മാത്യു പറഞ്ഞു. “ക്രിസ്ത്യാനികൾക്കെതിരായ എല്ലാ ആക്രമണങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെയും തടയാൻ ബിജെപി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല പലതിനെയും അവർ പിന്തുണക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളും ഭരണഘടനാ വിരുദ്ധമായ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. കർണാടകയിലെ ബിജെപി സർക്കാർ അടുത്തിടെ ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ ഭരണഘടനാ വിരുദ്ധ സർവേ ആരംഭിച്ചു (തൽക്കാലം നിർത്തിവച്ചിരിക്കുന്നു). അപകടകരമായ സാഹചര്യത്തെക്കുറിച്ച് ബിഷപ്പുമാരും വൈദികരും അല്മായ സംഘങ്ങളും ബോധവാന്മാരായിരിക്കണം. ഇന്ത്യയിലെ സഭാനേതൃത്വം നയതന്ത്രം വെടിഞ്ഞ് മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,” ഫാദർ മാത്യു പറഞ്ഞു.

കേരളത്തിൽ ക്രിസ്ത്യാനികൾ ജനസംഖ്യയുടെ 18.38 ശതമാനവും ഗോവയിൽ 25.1 ശതമാനവും മണിപ്പൂരിൽ 41.2 ശതമാനവുമാണ്. മണിപ്പൂരിലും ഗോവയിലും അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കഠിനമായ ശ്രമങ്ങൾക്കിടയിലും, ഈ വർഷം ഏപ്രിൽആറിന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം 15.53 ശതമാനത്തിൽ നിന്ന് (2019) 12.47 ശതമാനമായി കുറഞ്ഞു. ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥികൾക്ക് വലിയ പിന്തുണയില്ലെന്നാണ് വോട്ട് വിഹിതത്തിലെ ഇടിവ് സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What bjp sees pm modi meeting pope francis explained