Vostro Account: നവംബർ 15ന് രണ്ട് ഇന്ത്യൻ ബാങ്കുകളിൽ ഒമ്പത് പ്രത്യേക വോസ്ട്രോ അക്കൗണ്ടുകൾ ആരംഭിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. യുഎസ്, യൂറോപ്യൻ രാജ്യങ്ങളുടെ റഷ്യയ്ക്കെതിരായ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് രൂപയുടെ വ്യാപാരം സുഗമമാക്കുന്നതിന് ആർബിഐയുടെ അനുമതിക്ക് ശേഷം അക്കൗണ്ടുകൾ തുറന്നത്.
രണ്ട് തരം അക്കൗണ്ടുകളാണ് പരാമർശിക്കപ്പെടുന്നത്. നോസ്ട്രോയും വോസ്ട്രോയും. നോസ്ട്രോ എന്നാൽ ‘നമ്മുടേത്’ എന്നും വോസ്ട്രോ എന്നാൽ ‘നിങ്ങളുടേത്’ എന്നുമാണ് ലാറ്റിൻ ഭാഷയിൽ അർത്ഥമാക്കുന്നത്.
എന്താണ് വോസ്ട്രോ(vostro) അക്കൗണ്ട്?
ഒരു ഡോമസ്റ്റിക് ബാങ്ക് വിദേശ ബാങ്കിനായി സ്വന്തം കറൻസിയിൽ പെയ്മെന്റ് നടത്തുന്ന രീതിയാണ് വോസ്ട്രോ. ഉദാഹരണത്തിന് റഷ്യയിലെ ഒരു ബാങ്ക് ഇന്ത്യയിലെ ഒരു ബാങ്കിൽ അക്കൗണ്ട് തുറക്കുന്നു. അതിൽ ഇന്ത്യൻ കറൻസിയുടെ ഇടപാടാണ് നടത്തുക. ഇന്ത്യയുടെ കാര്യത്തിൽ ഈ കറൻസി രൂപയാണ്. ഇറക്കുമതി, കയറ്റുമതി ഇടപാടുകൾ രൂപയിലേക്ക് (Rupee) മാറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ ഒരുങ്ങിയിരുന്നു.
അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് ഇനി മുതൽ രൂപ ഉപയോഗിക്കാം എന്നാണ് ആർബിഐയുടെ പുതിയ നിലപാട്. ഉപരോധം നേരിടുന്ന റഷ്യയുമായുള്ള വ്യാപാരം സുഗമമാക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് വിദഗ്ധർ പറയുന്നു. വ്യാപാരം വർധിപ്പിക്കാൻ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയ്ക്ക് കൂടുതൽ ഊന്നൽ നൽകും. ഇൻവോയ്സിംഗ്, പേയ്മെന്റ്, സെറ്റിൽമെന്റ് തുടങ്ങിയവയ്ക്കായി രൂപ ഉപയോഗിക്കാം.
അനുമതി ഏത് ബാങ്കുകൾക്ക് ?
ഇൻഡസ്ഇൻഡ് ബാങ്കും യൂക്കോ ബാങ്കും ഉൾപ്പെടെ ഒമ്പത് അക്കൗണ്ടുകൾക്കാണ് ആർബിഐ അനുമതി നൽകിയത്.
(nostro)നോസ്ട്രോ അക്കൗണ്ട് എന്താണ് ?
രണ്ട് തരത്തിലുള്ള അക്കൗണ്ടുകളായ വോസ്ട്രോ, നോസ്ട്രോ എന്നിവ പലപ്പോഴും ഒരുമിച്ച് പരാമർശിക്കപ്പെടുന്നവയാണ്. വോസ്ട്രോയും നോസ്ട്രോയും സാങ്കേതികമായി ഒരേ തരത്തിലുള്ള അക്കൗണ്ടുകളാണ്. ആര്,എവിടെ അക്കൗണ്ട് തുറക്കുന്നു എന്നതാണ് വ്യത്യാസം.
ഉദാഹരണത്തിന്, ഇന്ത്യൻ ബാങ്കായ എസ്ബിഐയ്ക്ക് യുഎസിൽ ഒരു അക്കൗണ്ട് തുറക്കണമെങ്കിൽ അവർ യുഎസിലെ ഏതെങ്കിലും ബാങ്കുമായി ബന്ധപ്പെട്ട് അതിൽ നോസ്ട്രോ അക്കൗണ്ട് തുറക്കുന്നു. എസ്ബിഐ ഡോളറിൽ പേയ്മെന്റുകൾ സ്വീകരിക്കുകയും ചെയ്യും.
യുഎസിൽ ഇന്ത്യൻ ബാങ്ക് തുറക്കുന്ന അക്കൗണ്ട് ഇന്ത്യൻ ബാങ്കിന് നോസ്ട്രോ അക്കൗണ്ടായിരിക്കും അവർ വിദേശ കറൻസിയാണ് സ്വീകരിക്കുന്നത്. അതേസമയം യുഎസ് ബാങ്ക് അത് വോസ്ട്രോ അക്കൗണ്ടായി പരിഗണിക്കുന്നു.
അതിനാൽ, IndusInd, UCO എന്നിവർ തുറന്ന അക്കൗണ്ടുകൾ Vostro ആണ്, റഷ്യയുടെ Sberbank, VTB ബാങ്ക് എന്നിവ തുറന്നത് നോസ്ട്രോ അക്കൗണ്ടുകളും.
പ്രവർത്തനം എങ്ങനെ?
റഷ്യയുമായുള്ള വ്യാപാരത്തിന്റെ കാര്യത്തിൽ, ചരക്കുകളുടെ കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള പണം ഈ വോസ്ട്രോ അക്കൗണ്ടുകളിലേക്ക് പോകും. ഈ പണത്തിന്റെ ഗുണഭോക്താക്കൾ ഇരു രാജ്യങ്ങളിലെയും കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ആയിരിക്കും. കച്ചവടത്തിലെ പണം കൈമാറ്റം ചെയ്തതിന്റെ രേഖകൾ ബാങ്കുകൾ സൂക്ഷിക്കും.
രൂപയുടെ ഇടപാട് എങ്ങനെ?
കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ഏതു രാജ്യവുമായാണോ ഇടപാട് നടത്തുന്നത് അതിന്റെ കറസ്പോണ്ടന്റ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു പ്രത്യേക വോസ്ട്രോ അക്കൗണ്ട് വഴി പേയ്മെന്റുകൾക്ക് രൂപ ഉപയോഗിക്കാം.
റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരം ( കയറ്റുമതിയും ഇറക്കുമതിയും ഉൾപ്പെടെ) 1300 കോടി ഡോളർ ആണ്. അമേരിക്കൻ ഡോളറിലാണ് കച്ചവടം നടക്കുക. റഷ്യൻ ഉപരോധം നടക്കുന്നതിനാൽ അത് അത്ര എളുപ്പമാകില്ല.
ഇനി റഷ്യയിലെ കമ്പനികൾക്ക് അവിടുത്തെ ബാങ്കുകൾ വഴി അവരുടെ വിപണനത്തിനുള്ള ഇന്ത്യൻ രൂപയുടെ മൂല്യം കൈപ്പറ്റാം. റഷ്യൻ ബാങ്കുകൾക്ക് ഇന്ത്യയിൽ അക്കൗണ്ട് തുടങ്ങി (വോസ്ട്രോ അക്കൗണ്ട് ) ഇന്ത്യ-റഷ്യ കച്ചവടം ഇന്ത്യയുടെ കറൻസിയിൽ നടത്താം.
റഷ്യയ്ക്ക് രൂപയുടെ പ്രയോജനം എന്ത്?
റഷ്യയിലെ കയറ്റുമതിക്കാർ അവരുടെ വിൽപനയ്ക്കുള്ള മൂല്യം ഇന്ത്യൻ രൂപയിൽ വാങ്ങുന്നു. റഷ്യയുടെ കറൻസിയായ റുബിളുമായുള്ള (Ruble ) ഇന്ത്യൻ രൂപ നിരക്ക് ബാങ്കുകൾ നിജപ്പെടുത്തും. ഇറക്കുമതിയ്ക്ക് ഇന്ത്യ രൂപ നൽകുന്നു. അത് കയറ്റുമതി നടത്തുന്നയാളോ അല്ലെങ്കിൽ മറ്റ് റഷ്യൻ കമ്പനികൾക്കോ അവർ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ പേയ്മെന്റിന് ഉപയോഗിക്കാം. കാലക്രമേണ മറ്റു രാജ്യങ്ങളിലേയ്ക്കും ഇവ വ്യാപിപ്പിക്കാൻ സാധിക്കും.
വോസ്ട്രോ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചത് എന്താണ്?
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ ഊന്നൽ നൽകി ആഗോള വ്യാപാരത്തിന്റെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള വ്യാപാര സമൂഹത്തിന് രൂപയുടെ മൂല്യത്തിൽ വർധിച്ചുവരുന്ന താൽപര്യത്തെ പിന്തുണയ്ക്കുന്നതിനുമാണ് ജൂലൈ 11 ന്, ആർബിഐ അന്താരാഷ്ട്ര വ്യാപാരം രൂപയിൽ നടക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയത്.
റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിനും യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കറൻസിയിൽ സമ്മർദ്ദം വർധിച്ച സാഹചര്യത്തിലാണ് സെൻട്രൽ ബാങ്കിന്റെ നീക്കം. സെൻട്രൽ ബാങ്ക് പറയുന്നതനുസരിച്ച്, ഇന്ത്യയിലെ എഡി (അംഗീകൃത ഡീലർ) ബാങ്കുകൾക്ക് റുപേ വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാൻ അനുമതിയുണ്ട്.