ജമ്മു കശ്മീരിലെ അമര്‍നാഥില്‍ വെള്ളിയാഴ്ച വൈകിട്ട് പൊടുന്നനെയുണ്ടായ, ‘തികച്ചും ഒറ്റപ്പെട്ട മഴ’ വെള്ളപ്പൊക്കത്തിനു കാരണമായതോടെ 16 പേര്‍ക്കാണു ജീവന് നഷ്ടമായത്. സംഭവത്തില്‍ ഇരുപലധികം പേര്‍ക്ക് പരുക്കേറ്റു. തീര്‍ഥാടന കേന്ദ്രമായ അമര്‍നാഥ് ഗുഹയ്ക്കു സമീപത്തെ ക്യാമ്പിലുണ്ടായിരുന്നവരാണു മരിച്ചത്.
അനുശോചന സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്ത പല രാഷ്ട്രീയനേതാക്കളും, ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞതുപോലെയുള്ള മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തെ പരാമര്‍ശിച്ചു. എന്നാല്‍ മേഘവിസ്ഫോടനം ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) ഇന്ന് പറഞ്ഞത്.
മേഘവിസ്ഫോടനങ്ങള്‍ എന്താണെന്നും കനത്ത മഴയ്ക്കു കാരണമാകുന്ന മേഘവിസ്ഫോടനം ഉണ്ടാകുന്നതിന്റെ അടിസ്ഥാനം എന്താണെന്നും അവ എങ്ങനെ മാരകമായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലേക്കു നയിക്കുമെന്നും പരിശോധിക്കാം.
എന്താണ് മേഘവിസ്ഫോടനം?
മേഘവിസ്ഫോടനമെന്നത് ഒരു ചെറിയ കാലയളവില്‍ സംഭവിക്കുന്ന അതിതീവ്ര മഴയെ സൂചിപ്പിക്കുന്നു. ആലിപ്പഴ വര്ഷത്തോടൊപ്പവും ഇടിമിന്നലിനൊപ്പവുമാണ് ചിലപ്പോള്‍ മേഘവിസ്ഫോടനം സംഭവിക്കുക. ഇതിനു കൃത്യമായ നിര്‍വചനമുണ്ട്. ഏകദേശം 20 മുതല്‍ 30 ചതുരശ്ര കിലോമീറ്റര്‍ വരെയുള്ള പ്രദേശത്ത് മണിക്കൂറില്‍ 100 മി മീറ്ററില്‍ (അല്ലെങ്കില്‍ 10 സെ മീ) കൂടുതല്‍ പെയ്യുന്ന അപ്രതീക്ഷിത മഴ എന്നാണു മേഘവിസ്ഫോടനത്തെ കാലാവസ്ഥാ വകുപ്പ് നിര്‍വചിക്കുന്നത്. ഇത്തരം മഴ വെള്ളപ്പൊക്കത്തിനു കാരണമാകും.
അടിസ്ഥാനപരമായി, മേഘസ്ഫോടനത്തിന്റെ എല്ലാ സംഭവങ്ങളിലും ചെറിയ കാലയളവില്‍ കനത്ത മഴ ലഭിക്കുന്നു. എന്നാല്‍ ഈ മാനദണ്ഡത്തിന് അനുയോജ്യമല്ലെങ്കില്‍, ചെറിയ കാലയളവില്‍ കനത്ത മഴ പെയ്യുന്ന എല്ലാ സന്ദര്‍ഭങ്ങളും മേഘവിസ്ഫോടനങ്ങളല്ല.
വെള്ളിയാഴ്ച വൈകിട്ടു 4:30 നും 6:30 നും ഇടയില്‍ അമര്‍നാഥ് ക്ഷേത്ര പ്രദേശത്ത് 31 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചതെന്നാണു കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതു മേഘവിസ്ഫോടനം സംബന്ധിച്ച നിര്‍വചനത്തിന് അനുയോജ്യമല്ല. അമര്‍നാഥ് ഗുഹാക്ഷേത്രത്തിനു സമീപമുള്ള പര്‍വതനിരകളിലെ ഉയര്‍ന്ന മഴയാണു വെള്ളപ്പൊക്കത്തിനു കാരണമായതെന്ന് ഐ എം ഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.
എന്തുകൊണ്ടാണ് അമര്‍നാഥ് പോലുള്ള മേഖലകളില്‍ മേഘവിസ്ഫോടനമുണ്ടാകുന്നത്?
മേഘവിസ്ഫോടനം എപ്പോള്‍ സംഭവിക്കുമെന്നു പ്രവചിക്കാന്‍ പ്രയാസമാണെന്നാണു വിദഗ്ധര്‍ പറയുന്നത്. കൂടാതെ ഇന്ത്യയില്‍ സംഭവിക്കുന്ന മേഘവിസ്ഫോടനങ്ങളുടെ കൃത്യമായ എണ്ണത്തെക്കുറിച്ചുള്ള കൃത്യമായ ഡേറ്റ ഇല്ല. വളരെ ചെറിയ പ്രദേശം എന്നതു സംബന്ധിച്ച നിര്‍വചനം കാരണം, മേഘവിസ്ഫോടനങ്ങള്‍ പെട്ടെന്ന് പ്രവചിക്കാനും തിരിച്ചറിയാനും പ്രയാസമാണ്. എങ്കിലും, ഭൂപ്രകൃതിയും ഉയരവും കാരണം പര്‍വതപ്രദേശങ്ങളില്‍ പ്രധാനമായും മേഘവിസ്ഫോടനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കാരണം, മലയോര പ്രദേശങ്ങളില്‍ മഴയായി ഘനീഭവിക്കാന്‍ തയാറായ പൂരിത മേഘങ്ങള്‍ക്കു വളരെ ചൂടുള്ള വായു പ്രവാഹത്തിന്റെ മുകളിലേക്കുള്ള ചലനം കാരണം ചിലപ്പോള്‍ മഴ ഉത്പാദിപ്പിക്കാന്‍ കഴിയില്ല. മഴത്തുള്ളികള്‍ താഴേക്കു വീഴുന്നതിനു പകരം വായുപ്രവാഹം മുകളിലേക്കു കൊണ്ടുപോകുന്നു. പുതിയ തുള്ളികള്‍ രൂപപ്പെടുകയും നിലവിലുള്ള മഴത്തുള്ളികള്‍ക്കു വലുപ്പം കൂടുകയും ചെയ്യുന്നു. ഒരു ഘട്ടത്തിനുശേഷം, മേഘത്തിനു പിടിച്ചുനില്ക്കാന് കഴിയാത്തവിധം കനത്തതായി മഴത്തുള്ളികള്‍ മാറുന്നു. പെട്ടെന്നുള്ള മിന്നലില്‍ അവ ഒരുമിച്ച് താഴേക്കു പതിക്കുന്നു.
കേദാര്‍നാഥ് മേഖലയിലെ മേഘവിസ്ഫോടനത്തിനു പിന്നിലെ കാലാവസ്ഥാ ഘടകങ്ങള്‍ പരിശോധിച്ചുകൊണ്ടുള്ള പഠനം 2020-ല്‍ പ്രസിദ്ധീകരിച്ചിരുന്നു. 2013 ല്‍ കേദാര്‍നാഥിലുണ്ടായ മേഘവിസ്ഫോടനം വിനാശകരമായ വെള്ളപ്പൊക്കത്തിനു കാരണമായ സാഹചര്യത്തിലായിരുന്നു പഠനം.
മേഘസ്ഫോടന സമയത്ത്, ആപേക്ഷിക അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്ന തോതിലാണെന്നു കണ്ടെത്തി. ആകാശം പരമാവധി മേഘാവൃതമായിരുന്നു. കുറഞ്ഞ താപനിലയ്ക്കൊപ്പം മന്ദഗതിയിലുള്ള കാറ്റുമുണ്ടായിരുന്നു.”ഈ സാഹചര്യം കാരണം ഉയര്‍ന്ന അളവിലുള്ള മേഘങ്ങള്‍ വളരെ വേഗത്തില്‍ ഘനീഭവിക്കുകയും മേഘസ്ഫോടനത്തിനു കാരണമാവുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു,”റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അമര്‍നാഥ് മേഖലയില്‍ മേഘവിസ്ഫോടനമുണ്ടായിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യം കാരണം അമര്‍നാഥ് യാത്ര മുന്‍പേ തന്നെ റദ്ദാക്കിയിരുന്നതിനാല്‍ അവിടെ ജീവന് പൊലിയുന്ന സാഹചര്യമുണ്ടായില്ല.