scorecardresearch
Latest News

പശ്ചിമ ബംഗാളിലെ എട്ട് ഘട്ടമായുള്ള തിരഞ്ഞെടുപ്പ് അർത്ഥമാക്കുന്നതെന്ത്?

നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് സമയക്രമം കാരണം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്സിന് തിരിച്ചടി ലഭിക്കാൻ സാധ്യതയുണ്ട്. ബിജെപിയെ സംബന്ധിച്ചിടത്തോളം പാർട്ടി നേതാക്കൾക്ക് സംസ്ഥാനത്തുടനീളം പ്രചാരണം നടത്താൻ മതിയായ സമയം ലഭിക്കും

West Bengal elections, Bengal elections, Bengal polls, Mamata Banerjee, Narendra Modi, TMC BJP, TMC, BJP Bengal, Bengal news, പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്, ബംഗാൾ, തിരഞ്ഞെടുപ്പ്, ബംഗാൾ തിരഞ്ഞെടുപ്പ്, മമത ബാനർജി, നരേന്ദ്ര മോദി, ടിഎംസി ബിജെപി, ടിഎംസി, ബിജെപി ബംഗാൾ, ബംഗാൾ വാർത്ത,ie malayalam

294 സീറ്റുകളുള്ള പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് ഇത്തവണ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻപെ മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ് വോട്ടെടുപ്പ് തീയതികൾ. 7,32,94,980 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും, ആകെ 101,916 പോളിംഗ് ബൂത്തുകളാണ്.

ബംഗാളിന്റെ ചരിത്രത്തിലെ തന്നെ അപൂർവ പ്രതിഭാസമായിക്കൊണ്ട് ചില ജില്ലകളിൽ തന്നെ പല ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. സൗത്ത് 24 പർഗാനാസ്, നോർത്ത് 24 പർഗാനാസ്, ഈസ്റ്റ് മിഡ്‌നാപൂർ, വെസ്റ്റ് മിഡ്‌നാപൂർ തുടങ്ങി നിരവധി ജില്ലകളിൽ ഒന്നിലധികം ഘട്ടങ്ങളിലായി പോളിംഗ് നടക്കും.

ഉത്സവങ്ങൾ, സുരക്ഷാ സേനയുടെ വിന്യാസത്തിനുള്ള കാലതാമസങ്ങൾ, കോവിഡ് -19 പ്രോട്ടോക്കോളുകൾ കണക്കിലെടുത്ത് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിലുള്ളക്രമീകരണങ്ങൾ എന്നിവ കാരണം ഇത്തരമൊരു നീണ്ട തിരഞ്ഞെടുപ്പ് സമയം ആവശ്യമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.

Read More: പുതിയ സോഷ്യല്‍ മീഡിയ കോഡില്‍ എന്ത്? അറിയാം വിശദാംശങ്ങള്‍

എന്നിരുന്നാലും, വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചയുടനെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത് ഇത്രയും നീണ്ട വോട്ടെടുപ്പ് സമയക്രമം ബിജെപിക്ക് അനുകൂലമായി തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്നാണ്.

പശ്ചിമ ബംഗാളിൽ എട്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് വിശ്വസനീയമായ ന്യായീകരണം തിരഞ്ഞെടുപ്പ് കമ്മീഷൻ കൊണ്ടുവന്നിട്ടില്ലെന്ന് ഇടതുപാർട്ടികളും ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ബിജെപി, ബംഗാളിൽ സ്വതന്ത്രവും നീതിയുക്തവുമായ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും അവകാശപ്പെട്ടു.

എട്ട് ഘട്ട തിരഞ്ഞെടുപ്പ് ഷെഡ്യൂൾ

മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6, ഏപ്രിൽ 10, ഏപ്രിൽ 17, ഏപ്രിൽ 22, ഏപ്രിൽ 26, ഏപ്രിൽ 29 തീയതികളിലാണ് ബംഗാളിൽ വോട്ടടുപ്പ് നടക്കുക. പ്രഖ്യാപന തീയതി മുതൽ വോട്ടെണ്ണൽ തീയതി വരെയുള്ള മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയും 66 ദിവസ പരിധിയിൽ പൂർത്തിയാവും.

പശ്ചിമ ബംഗാളിലെ പോളിംഗ് ബൂത്തുകളുടെ എണ്ണം 2016 ൽ 77,413 ആയിരുന്നെങ്കിൽ ഇപ്പോഴത് 101,916 ആയി. 31.65 ശതമാനം ആണ് ഈ വർദ്ധനവ്. ഓരോ പോളിംഗ് സ്റ്റേഷനിലെയും വോട്ടർമാരുടെ എണ്ണം 1,500 ൽ നിന്ന് 1,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് ബൂത്തുകളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമായി.

2016 ൽ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് (ഒരു ഘട്ടം രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു) നടന്നതെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ 77 ദിവസമെടുത്തു. 77,000 പോളിംഗ് ബൂത്തുകളിൽ ഓരോ ഘട്ടത്തിലുമായി വീതം 11,000 ബൂത്തുകളിൽ വോട്ടെടുപ്പ് നടന്നു. ഇത്തവണ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം ഒരു ലക്ഷത്തിലധികമായി, അതിനാൽ ഓരോ ഘട്ടത്തിലും ശരാശരി 12,000 പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് നടക്കും.

തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് ഇത് എന്താണ് അർത്ഥമാക്കുന്നത്

സംസ്ഥാനത്ത് സമാധാനപരമായ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ് എന്നതിന്റെ വ്യക്തമായ സൂചനയായി നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് സമയക്രമം വിലയിരുത്തപ്പെടുന്നു. ക്രമസമാധാനനില നിലനിർത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി കേന്ദ്രശക്തികളുടെ മെച്ചപ്പെട്ടതും മതിയായതുമായ വിന്യാസത്തിനായി കൂടുതൽ സമയം വേണമെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

Read More: പുതുച്ചേരിയിൽ സംഭവിച്ചത്; ബിജെപി പ്രയോഗിച്ച രാഷ്ട്രീയ തന്ത്രങ്ങൾ ഇവയെല്ലാം

വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സി‌എ‌പി‌എഫിന്റെ 125 കമ്പനികളെ സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. അക്രമരഹിതമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനും വോട്ടർമാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ച നിർദേശങ്ങളെ തുടർന്നാണ് നടപടി.

മറുവശത്ത്, നിരവധി ജില്ലകളിലെ തിരഞ്ഞെടുപ്പ് രണ്ട് മൂന്ന് ഘട്ടങ്ങളായി നടക്കും. ഒരു പ്രത്യേക ജില്ലയിലെ പ്രശ്നസാധ്യതാ ഏരിയകളിലും വോട്ടെടുപ്പ് അക്രമം ഏറ്റവും കൂടുതൽ നടക്കുന്ന നിയോജകമണ്ഡലങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഇത് ചെയ്തിരിക്കുന്നത്. ഒരൊറ്റ ഘട്ടത്തിൽ അത്തരം ജില്ലകളിൽ വോട്ടെടുപ്പ് നടന്നാൽ അതേ ജില്ലയിൽ നിന്നുള്ള സാമൂഹ്യ വിരുദ്ധരുടെ സംഘങ്ങൾ തന്ത്രപ്രധാനമായ മേഖലകളിൽ സ്വതന്ത്ര വിഹാരം നടത്തുന്നത് തടയുക എന്നതാണ് അതിന്റെ ഉദ്ദേശ്യം.

ഉദാഹരണത്തിന്, സൗത്ത് 24 പർഗാനാല് ജില്ലയിൽ മൂന്ന് ഘട്ടങ്ങളായി പോളിംഗ് നടക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ സംഘം ആക്രമണം നിരിട്ടത് ആ ജില്ലയാണ്. ലോക്‌സഭയിൽ തൃണമൂൽ കോൺഗ്രസ് എംപിയും മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി പ്രതിനിധീകരിക്കുന്ന ജില്ലയും ഇതാണ്.

സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 26, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി പോളിംഗ് നടക്കും. സൗത്ത് 24 പർഗാനാസ് ജില്ലയിൽ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്തും കൊൽക്കത്ത പോലീസിന്റെ അധികാരപരിധിയിലും വരുന്ന നിയമസഭാ മണ്ഡലങ്ങളായ ബെഹാല പൂർബ, ബെഹാല പാസ്ചിം, കസ്ബ, ടോളിഗഞ്ച്, ജാദവ്പൂർ എന്നിവിടങ്ങളിഷ ഏപ്രിൽ 10 നാണ് വോട്ടെടുപ്പ്. അതിനാൽ കൊൽക്കത്തയിലെ വോട്ടർമാർ മൂന്ന് വ്യത്യസ്ത ദിവസങ്ങളിലായി വോട്ട് ചെയ്യേണ്ടി വരും. ഇത് മുൻപെങ്ങും നടക്കാത്ത ഒരു പ്രതിഭാസമാണ്.

രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് ഇത് എന്താണ് അർത്ഥമാക്കുന്നത്

ഈ നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് സമയക്രമം കാരണം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്സിന് തിരിച്ചടി ലഭിക്കാൻ സാധ്യതയുണ്ട്. പാർട്ടി ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തെ മുഴുവൻ പുനക്രമീകരിക്കുകയും പുതിയ പദ്ധതി തയ്യാറാക്കുകയും വേണം. വടക്കൻ ബംഗാൾ, തെക്കൻ ബംഗാൾ മേഖലകളിലെ ജില്ലകളിൽ ഒരേസമയത്ത് പോളിംഗ് നടക്കുമെന്നതിനാൽ സംസ്ഥാനത്തിന്റെ രണ്ട് ഭാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് കഠിനമായ കാര്യമാണ്.

മറുവശത്ത്, തൃണമൂൽ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന ജില്ലകളിൽ ഒന്നിലധികം ഭാഗങ്ങളിൽ പോളിംഗ് നടത്തുന്നത് പ്രതിപക്ഷത്തിന് അനുകൂലമായി തിരഞ്ഞെടുപ്പ് വേഗത ഉറപ്പാക്കാം. ബിജെപിയുടെ സംഘടനാ ശക്തി ദുർബലമായ മിക്ക തെക്കൻ ബംഗാൾ ജില്ലകളിലും ബിജെപിയെ സഹായിക്കാനാണ് ഇത് ചെയ്തതെന്ന് തൃണമൂൽ ആരോപിച്ചു.

ബിജെപിയെ സംബന്ധിച്ചിടത്തോളം എട്ട് ഘട്ട തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പാർട്ടി നേതാക്കൾക്ക് സംസ്ഥാനത്തുടനീളം പ്രചാരണം നടത്താൻ മതിയായ സമയം നൽകും. മറ്റ് മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആദ്യ മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാകുന്നതിനാൽ, ശേഷിക്കുന്ന ഘട്ടങ്ങളിൽ ബംഗാളിന് കൂടുതൽ സമയം നൽകാനും നിരവധി റാലികളും പൊതുയോഗങ്ങളും നടത്താനും ബിജെപി നേതാക്കൾക്ക് കഴിയും.

ആദ്യ മൂന്ന് ഘട്ടങ്ങളിൽ ബിജെപി ശക്തമായ നിലയിലുള്ള നിയമസഭാ മണ്ഡലങ്ങളിലേക്കാണ് പോളിംഗ് പ്രഖ്യാപിച്ചത്. ബിജെപിയും തൃണമൂൽ കോൺഗ്രസ്സും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന മണ്ഡസങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ അവസാന ഘട്ടങ്ങളിലാണ്. അതിനാൽ തന്നെ മറ്റു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടങ്ങളിൽ ശ്രദ്ധ പതിപ്പിക്കാനും അവസാന ഘട്ടത്തിൽ ബംഗാളിൽ ശ്രദ്ധ പതിപ്പിക്കാനും ബിജെപിക്ക് കഴിയും.

കമ്മീഷന് മുന്നിലെ വെല്ലുവിളികൾ

സമാധാനപരമായ അന്തരീക്ഷത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ഈ സമയക്രമം സഹായിക്കുമെങ്കിലും ചില വെല്ലുവിളികളും ഉണ്ട്.

പല ജില്ലകളിലും ഒന്നിലധികം ഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ, ജില്ലയ്ക്കതത്തെ അതിർത്തികൾ അടയ്ക്കുന്നത് കമ്മീഷന് ബുദ്ധിമുട്ടാണ്. സാധാരണയായി, ജില്ലാ അതിർത്തികളും അന്തർ സംസ്ഥാന അതിർത്തിയുമാണ് തിരഞ്ഞെടുപ്പ് സമയത്ത് അടയ്ക്കാറ്. വോട്ടെടുപ്പ് പ്രചരണം സംസ്ഥാനത്തിന്റെ ഒരു ഭാഗത്ത് നടക്കുകയും മറ്റൊരു ഭാഗത്ത് പോളിംഗ് നടക്കുകയും ചെയ്യുന്നതിനാൽ, അന്തർ സംസ്ഥാന, അന്തർ ജില്ലാ അതിർത്തികൾ തുറന്നിരിക്കും. മറ്റ് ജില്ലകളിൽ നിന്നുള്ള സാമൂഹ്യ വിരുദ്ധർ വോട്ടെടുപ്പ് നടത്തുന്ന ജില്ലയിലേക്ക് പ്രവേശിക്കുന്നതിനുള്ള അപകടസാധ്യത ഇത് സൃഷ്ടിക്കും.

മറുവശത്ത്, പശ്ചിമ ബംഗാളിൽ 30 ശതമാനം മുസ്ലീം ജനസംഖ്യയുണ്ട്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള ജില്ലകളായ മുർഷിദാബാദ്, മാൾഡ, നോർത്ത് ദിനാജ്പൂർ എന്നിവിടങ്ങളിൽ ഏപ്രിൽ 22 മുതൽ അവസാന മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടത്തുക. റംസാൻ മാസം ഏപ്രിൽ 12 മുതൽ ആരംഭിക്കുന്നതിനാൽ ഈ ജില്ലകളിലെ വോട്ടെടുപ്പ് മുസ്‌ലിം വോട്ടർമാർക്കും വോട്ടെടുപ്പ് ഉദ്യോഗസ്ഥർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും അസൗകര്യമുണ്ടാക്കും.

– തയ്യാറാക്കിയത്: ശന്തനു ചൗധരി

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: West bengal elections 2021 tmc bjp congress cpm election commission