1970-80 കാലഘട്ടത്തിൽ മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളിൽ ഒരാളായിരുന്നു അന്തരിച്ച നടി ജമീല മാലിക്ക്. തികച്ചും യാഥാസ്ഥികമായിരുന്ന സാമൂഹിക പശ്ചാത്തലത്തിൽനിന്ന് പൂനെ ഫിലിം ഇൻസ്റ്റിറ്റ‌്യൂട്ടിൽ ചേർന്ന് അഭിനയം പഠിച്ച ആദ്യ മലയാളിയെന്ന വിശേഷണം സ്വന്തമാക്കിയ നടി. മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലും തെലുങ്കിലും അവർ അഭിനയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയായിരുന്നു ജമീല മാലിക്ക് അന്തരിച്ചത്. 73 വയസായിരുന്നു. പ്രതിഭയുള്ള നടിയായിരുന്നെങ്കിലും വേണ്ടത്ര അവസരങ്ങൾ ജമീല മാലിക്കിന് ലഭിച്ചില്ല. വളരെ ദരിദ്രപൂർണമായ ജീവിതമായിരുന്നു അവസാന സമയത്ത്. പ്രതിഭയും സൗന്ദര്യവും ഒരുപോലെ ഉണ്ടായിരുന്നിട്ടും വെള്ളിത്തിരയിൽനിന്ന് മറവിയിലേക്ക് മറഞ്ഞ താരം ഇന്നലെ രാത്രി ജീവിതത്തോടും വിട പറഞ്ഞു.
ഗാന്ധിജി വർധയിൽ കൂട്ടികൊണ്ടുപോയി ഹിന്ദി പഠിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി തങ്കമ്മയുടെയും കോൺഗ്രസ് നേതാവ് മാലിക് മുഹമ്മദിന്റെയും മൂത്തമകളായി കൊല്ലം ജില്ലയിലാണ് ജമീല ജനിച്ചത്. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് സിനിമ പഠിക്കാനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ‌്യൂട്ടിൽ ചേർന്നത്. സിനിമയോട് അത്ര ആഴത്തിലുള്ള അഭിനിവേശമുണ്ടായിരുന്നു ജമീല മാലിക്കിന്. പിന്നീട് സിനിമയെന്ന വലിയ സ്വപ്‌നം നേടിയെടുക്കാൻ പതിനാറാം വയസിൽ ജമീല മദ്രാസിലേക്ക് വണ്ടികയറി. നടിയാക്കി മാറ്റിയത് അമ്മയുടെ പിന്തുണയായിരുന്നു.
Read Also: മലയാളി പ്രേക്ഷകരെ മാത്രം ലക്ഷ്യമാക്കി ആദ്യമായൊരു ഒ ടി ടി പ്ലാറ്റ്‌ഫോം
ആദ്യ സിനിമ ‘ആദ്യത്തെ കഥ’
1972 ൽ പുറത്തിറങ്ങിയ ‘ആദ്യത്തെ കഥ’ എന്ന സിനിമയിലാണ് ജമീല ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് റാഗിങ്, രാജഹംസം, നിറമാല, നീലക്കണ്ണുകൾ, ലഹരി…തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി. ഇതോടൊപ്പം തമിഴിലും ഹിന്ദിയിലും സിനിമകൾ ചെയ്‌തു. വായനയോടും സാഹിത്യത്തോടും വലിയ താൽപ്പര്യമുള്ള താരമായിരുന്നു ജമീല. മകൾക്ക് അഭിനയം പഠിക്കാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞപ്പോൾ മാതാപിതാക്കൾ പൂർണ പിന്തുണ നൽകി. ജി.എസ്.പണിക്കരുടെ പാണ്ഡവപുരത്തിൽ ജമീലയുടെ നായികവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സ്‌കൂളിൽ പഠിച്ചിരുന്നപ്പോൾ നാടകരംഗത്ത് സജീവമായിരുന്നു ജമീല. പൂനെ ഫിലിം ഇൻസ്റ്റിറ്റ‌്യൂട്ടിൽനിന്ന് ആദ്യമായി പഠിച്ചിറങ്ങിയ മലയാളിയായ രവി മേനോൻ ജമീലയുടെ സീനിയർ ആയിരുന്നു. ഫിലിം ഇൻസ്റ്റിറ്റ‌്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയ ജമീലക്ക് കഴിവിനൊത്ത് അവസരങ്ങൾ ലഭിച്ചില്ലെന്നു വേണം പറയാൻ. ചില ഹിന്ദി സിനിമകളിൽ അക്കാലത്ത് ജമീല അഭിനയിച്ചു. വിവിധ ഭാഷകളിലായി അറുപതോളം സിനിമകളിലാണ് ജമീല അഭിനയിച്ചത്.
Read Also: അശ്ലീല ചിത്രം കാണാൻ നിർബന്ധിച്ചു; നൃത്ത സംവിധായകനെതിരെ യുവതി
ഒപ്പം അഭിനയിച്ചവരിൽ ജയലളിതയും
അഭിനയത്തെ ഗൗരവത്തോടെ സമീപിച്ച അപൂർവം സ്ത്രീകളിലൊരാളാണ് ജമീല മാലിക്ക് എന്നാണ് സിനിമാ നിരൂപകർ അടക്കം വിലയിരുത്തുന്നത്. തമിഴ് സിനിമ ‘വെള്ളിരഥം’ ജമീലയുടെ അഭിനയ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ടതാണ്. വെള്ളിരഥത്തിലെ നായികാ കഥാപാത്രം കെ.ആർ.വിജയയാണ് ചെയ്‌തത്. എന്നാൽ, ജമീലയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയലളിതയുടെ കൂടെയും ജമീല അഭിനയിച്ചിട്ടുണ്ട്.
ഇത്രയൊക്കെ അഭിനയ പാരമ്പര്യമുണ്ടായിട്ടും ജമീലക്ക് വേണ്ടത്ര അവസരങ്ങൾ സിനിമയിൽ ലഭിച്ചില്ല. ഇപ്പോഴത്തെ പോലെ വേണ്ടത്ര അവസരങ്ങൾ സിനിമയിലുണ്ടായിരുന്നില്ല. ജോൺ എബ്രഹാമിന്റെ ‘അഗ്രഹാരത്തിലെ കഴുത’യിൽ അഭിനയിക്കാൻ ആദ്യം അവസരം ലഭിച്ചു, എന്നാൽ പിന്നീട് അതു നിഷേധിക്കപ്പെട്ടു.
രാമചന്ദ്രൻ സംവിധാനം ചെയ്‌ത ‘ലഹരി’ എന്ന സിനിമയിൽ നല്ലൊരു വേഷമായിരുന്നു ജമീലയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ, സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കേണ്ട നടി റാണിചന്ദ്ര വിമാനാപകടത്തിൽ മരിച്ചതോടെ അതും മുടങ്ങി. പിന്നീട് ഏതാനും സിനിമകളിലും നാടകങ്ങളിലും ജമീല സാന്നിധ്യമറിയിച്ചു. എന്നാൽ, അധികംനാൾ നീണ്ടുനിന്നില്ല അവരുടെ സിനിമാ ജീവിതം.
Read Also: ഉയർത്താൻ ഞാനുണ്ട്, വീഴുമ്പോൾ താങ്ങാവാനും; കൂട്ടുകാരിയ്ക്ക് മാളവികയുടെ ആശംസ
ഒരു ജീവിതം, പല വേഷങ്ങൾ
ഹിന്ദി ചിത്രങ്ങൾക്ക് ഡബ്ബിങ് ആര്‍ട്ടിസ്റ്റായി പ്രവർത്തിച്ച ജമീല ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങളും തയാറാക്കിയിട്ടുണ്ട്. ഇതിൽ ‘ദാസ്താനി റൂഫ്’, ‘കരിനിഴൽ’, ‘തൗബ’ തുടങ്ങിയ നാടകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒരു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം വിവാഹമോചനം. പിന്നീട് ജമീലയും ഏക മകനും മാത്രമായിരുന്നു ഒന്നിച്ചുണ്ടായിരുന്നത്. സിനിമ ലഭിക്കുന്നത് കുറഞ്ഞെങ്കിലും മകനെ വളർത്തുന്നതിനുവേണ്ടി ഒരു ജോലി അത്യാവശ്യമായിരുന്നു. ആ സമയത്ത് ദൂരദർശൻ സംപ്രേഷണം ചെയ്‌ത പല സീരിയലുകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ഹിന്ദി പഠിപ്പിച്ചും കുട്ടികൾക്ക് ട്യൂഷൻ എടുത്തുമാണ് ജമീല ജീവിതം മുന്നോട്ടുകൊണ്ടുപോയത്. അവസാന സമയത്തും തനിക്ക് ലഭിച്ച അവസരങ്ങളിൽ ജമീല തൃപ്തയായിരുന്നു.
ഏക മകൻ അൻസർ മാലിക്കിനൊപ്പം തിരുവനന്തപുരം പാലോടാണ് ജമീല താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്.