പിഴത്തുകയും ശിക്ഷാ നടപടികളും വര്‍ധിപ്പിച്ചത് ഉള്‍പ്പെടെ മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ വലിയ മാറ്റങ്ങളാണ് സമീപകാലത്ത് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. 2019 ഏപ്രില്‍ ഒന്ന് മുതല്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ റജിസ്ട്രേഷന്‍ പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്‍.പി) നിര്‍ബന്ധമാക്കിയതാണ് ഇതിലൊന്ന്.
വാഹനങ്ങള്‍ വ്യാപകമായി ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുടെ പ്രാധാന്യം വളരെ വലുതാണ്. ഇളക്കിമാറ്റാന്‍ കഴിയാത്ത ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ വാഹനത്തോളം പ്രധാന്യമുള്ള ഭാഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇളക്കിമാറ്റാന്‍ ശ്രമിച്ചാല്‍ ഉപയോഗശൂന്യമാവുന്ന തരത്തിലാണ് ഇവയുടെ നിര്‍മാണം. ഇവ ഇളക്കി മാറ്റുന്നതു ഗുരുതര കുറ്റകൃത്യമാണെന്നു മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഏകീകൃത സ്വഭാവമുണ്ടാവുമെന്നതാണ് പുതിയ സംവിധാനത്തിന്റെ മറ്റെറാരു വശം. വാഹനം ഷോറൂമില്‍നിന്ന് ഇറക്കുമ്പോള്‍ തന്നെ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വേണം.അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചുനല്‍കേണ്ടത് ഡീലര്‍മാരുടെ ഉത്തരവാദിത്തമാണ്. ഇതിനു വാഹനവിലയ്ക്കു പുറമെയുള്ള നിരക്ക് ഈടാക്കാന്‍ പാടില്ല. 2019 ഏപ്രില്‍ ഒന്ന് മുതലുള്ള വാഹനങ്ങളില്‍ എച്ച്.എസ്.ആര്‍.പി. ഇല്ലെങ്കില്‍ 2000 മുതല്‍ 5000 വരെ പിഴ നല്‍കേണ്ടി വരും.
മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ
- 2019 ഏപ്രില്‍ ഒന്നു മുതലുള്ള എല്ലാ വാഹനങ്ങളിലും എച്ച്.എസ്.ആര്‍.പി. നിര്‍ബന്ധം
- എച്ച്.എസ്.ആര്‍.പി. വാഹന ഡീലര്‍ അധിക നിരക്ക് ഈടാക്കാതെ വാഹനത്തില്‍ ഘടിപ്പിച്ചു നല്‍കണം
- ഇരുചക്ര വാഹനങ്ങളില്‍ മുന്നിലും പിറകിലുമായി രണ്ട് എച്ച്.എസ്.ആര്‍.പി. നിര്‍ബന്ധമാണ്. കാറുകള്‍ മുതലുള്ള വാഹനങ്ങളില്‍ ഈ രണ്ടെണ്ണം കൂടാതെ വിന്‍ഡ് സ്‌ക്രീനില്‍ തേര്‍ഡ് നമ്പര്‍ പ്ലേറ്റ്/സ്റ്റിക്കര്‍ പതിപ്പിക്കണം
- മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകളുടെ സീരിയല്‍ നമ്പറുകള്‍ വാഹന്‍ വെബ്‌സൈറ്റില്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കും
- അഴിച്ചുമാറ്റാന്‍ കഴിയാത്ത വിധം റിവെട്ട് ഫിറ്റിങ് വഴിയാണ് എച്ച്.എസ്.ആര്‍.പി. വാഹനത്തില്‍ ഘടിപ്പിക്കുന്നത്
- എച്ച്.എസ്.ആര്‍.പി. ഇളക്കി മാറ്റാനോ മറ്റു വാഹനങ്ങളില്‍ ഘടിപ്പിക്കാനോ പാടില്ല
- അപകടങ്ങളോ മറ്റേതെങ്കിലും കാരണങ്ങളാലോ എച്ച്.എസ്.ആര്‍.പി. കേടുപാടുകളുണ്ടായാല്‍ അവ ഡീലര്‍ഷിപ്പില്‍ തിരികെ നല്‍കി പുതിയത് വിലയ്ക്കു വാങ്ങാം
- വീണ്ടും വാങ്ങുന്ന എച്ച്.എസ്.ആര്‍.പി. സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കേണ്ടതും വാഹന്‍ സൈറ്റില്‍ വിവരങ്ങള്‍ നല്‍കേണ്ടതും ഡീലറുടെ ഉത്തരവാദിത്തമാണ്
- ഇരുചക്ര വാഹനങ്ങളിലെ ഏതെങ്കിലും ഒരു എച്ച്.എസ്.ആര്‍.പിക്കു മാത്രമാണ് കേടുപറ്റിയതെങ്കില്‍ അതു മാത്രമായി മാറ്റി വാങ്ങാം
- കാര്‍ മുതലുള്ള വാഹനങ്ങള്‍ക്കും ഒരു എച്ച്.എസ്.ആര്‍.പി മാത്രമായി വാങ്ങാം. എന്നാല്‍, ഇതിനൊപ്പം വിന്‍ഡ് സിക്രീനില്‍ പതിപ്പിക്കേണ്ട തേര്‍ഡ് നമ്പര്‍ സ്റ്റിക്കറും വാങ്ങണം. തേര്‍ഡ് നമ്പര്‍ സ്റ്റിക്കര്‍ കേടായാല്‍ അത് മാത്രമായി മാറ്റി വാങ്ങാം.
- എച്ച്.എസ്.ആര്‍.പി നഷ്ടപ്പെട്ടാല്‍ ഉടന്‍ പൊലീസില്‍ അറിയിച്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണം. ഇതിന്റെ പകര്‍പ്പ് കൂടിനല്‍കിയാല്‍ മാത്രമേ പുതിയ നമ്പര്‍ പ്ലേറ്റ് നല്‍കുകയുള്ളൂ.
അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സവിശേഷതകള്‍
അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് അതിന്റെ വിവരം വാഹന്‍ സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ആര്‍.സി. പ്രിന്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ഒരു മില്ലിമീറ്റര്‍ കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ട് എഐഎസ്:159:2019 പ്രകാരം നിര്‍മിച്ചവയായിരിക്കണം എച്ച്.എസ്.ആര്‍.പി. ഇവ ടെസ്റ്റിങ് ഏജന്‍സി ടെസ്റ്റ് ചെയ്ത് പാസായതായിരിക്കണം. നാലു മൂലകളും റൗണ്ട് ചെയ്ത പ്ലേറ്റിന് എംബോസ്ഡ് ബോര്‍ഡറും ഉണ്ട്.
20X 20 എംഎം സൈസിലുള്ള ക്രോമിയം അധിഷ്ഠിത ഹോളോഗ്രാം പ്ലേറ്റിന്റെ ഇടത് ഭാഗത്ത് മുകളിലായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. വ്യാജ പ്ലേറ്റുകള്‍ നിര്‍മിക്കുന്നത് തടയാന്‍ ലക്ഷ്യമിടുന്ന ഹോളോഗ്രാമില്‍ നീല നിറത്തില്‍ അശോക ചക്രം പ്രിന്റ് ചെയ്തിട്ടുണ്ട്.
ഹോളോഗ്രാമിനു താഴെയായി IND എന്ന് നീലനിറത്തില്‍ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഇതിനു താഴെയായി 10 അക്ക ലേസര്‍ ബ്രാന്‍ഡ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉണ്ടാവും. വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളില്‍ INDIA എന്ന് 45° ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിങ് ഫിലിം ഉണ്ട്.
ഊരിമാറ്റാനാവാത്ത വിധവും എന്നാല്‍ ഊരിമാറ്റിയാല്‍ തുടര്‍ന്ന് ഉപയോഗിക്കാനാവാത്ത തരത്തിലുള്ളതുമായ സ്‌നാപ് ലോക്കിങ് സിസ്റ്റമാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളില്‍ ഉപയോഗിക്കുന്നത്. സ്‌ക്രൂവിനു പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റിവെറ്റ് ഉപയോഗിച്ചാണ് നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുക. അതേസമയം, പ്ലേറ്റ് അഞ്ചുവര്‍ഷത്തിനിടെ നശിച്ച് പോവാതിരിക്കാനുള്ള ഗ്യാരണ്ടിയുണ്ട്.
വിന്‍ഡ് സിക്രീനില്‍ പതിപ്പിക്കുന്ന തേര്‍ഡ് നമ്പര്‍ പ്ലേറ്റ് ക്രോമിയം അധിഷ്ഠിത ഹോളോഗ്രാം സ്റ്റിക്കറാണ്. 100X 60 എംഎം വലുപ്പത്തിലുള്ള ഇവ ഇളക്കി മാറ്റാന്‍ ശ്രമിച്ചാല്‍ നശിച്ചുപോവും.
മുന്‍പിലെ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസിന്റെ ഉള്ളില്‍ ഇടതു മൂലയിലാണ് സ്റ്റിക്കര്‍ ഒട്ടിക്കേണ്ടത്. വാഹന നമ്പര്‍, റജിസ്‌ട്രേഷന്‍ തിയതി, റജിസ്റ്ററിങ് അതോറിറ്റിയുടെ പേര്, ലേസര്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ എന്നിവയാണ് സ്റ്റിക്കറിലുണ്ടാവുക.
വിന്‍ഡ് ഷീല്‍ഡ് ഗ്ലാസിന്റെ വലത് താഴെ മൂലയില്‍ 10X 10 എംഎം വലുപ്പത്തില്‍ ക്രോമിയം അധിഷ്ഠിത ഹോളോഗ്രാം സ്റ്റിക്കര്‍ പതിക്കണം. വാഹനത്തില്‍ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നതെന്നു തിരിച്ചറിയാനാണ് ഈ സംവിധാനം. ഡീസല്‍ വാഹനങ്ങളില്‍ ഓറഞ്ച് സ്റ്റിക്കറാണ് പതിക്കേണ്ടത്. പെട്രോള്‍, സിഎന്‍ജി വാഹനങ്ങള്‍ക്ക് ഇളം നീല യും മറ്റുള്ളവയ്ക്ക് ചാരനിറത്തിലുള്ള സ്റ്റിക്കറുമാണ് പതിക്കേണ്ടത്.